അസിസ്റ്റന്റ് സെയിൽസ്മാൻ: എന്തിനാണീ റാങ്ക് ലിസ്റ്റ്?

Mail This Article
സിവിൽ സപ്ലൈസ് കോർപറേഷനിലെ അസിസ്റ്റന്റ് സെയിൽസ്മാൻ നിയമനത്തിൽ വന്ന കുറവ് ഗൗരവമായി പരിശോധിക്കേണ്ടതാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചു നിയമനങ്ങളേ ഇത്തവണത്തെ റാങ്ക് ലിസ്റ്റിൽനിന്നു നടന്നിട്ടുള്ളൂ. നിലവിലുള്ളതും ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ പ്രതീക്ഷിക്കുന്നതുമായ ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്ത് നിയമനത്തിലെ കുറവു പരിഹരിക്കാൻ സിവിൽ സപ്ലൈസ് കോർപറേഷനും സർക്കാരും മുൻകൈയെടുക്കണം.
വിവിധ ജില്ലകളിലെ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധി പിന്നിട്ടു കഴിഞ്ഞു. 2023 ഫെബ്രുവരി 27 മുതൽ മേയ് 30 വരെ വിവിധ തീയതികളിലാണ് ഈ ലിസ്റ്റുകൾ നിലവിൽ വന്നത്. എല്ലാ ജില്ലയിലുമായി ഇതുവരെ നടന്നത് 1,246 നിയമന ശുപാർശ മാത്രം. തിരുവനന്തപുരം ജില്ലയിലെ 267 നിയമന ശുപാർശ ഒഴിച്ചു നിർത്തിയാൽ ബാക്കി 13 ജില്ലകളിലും വളരെ പരിതാപകരമാണ് നിയമനനില. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ മാത്രമേ നിയമന ശുപാർശ 100 കടന്നിട്ടുള്ളൂ. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ 50 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല.
മെയിൻ ലിസ്റ്റിൽ 8,792, സപ്ലിമെന്ററി ലിസ്റ്റിൽ 7,924 എന്നിങ്ങനെ 16,716 പേരാണ് 14 ജില്ലകളിലുമായി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഒന്നര വർഷം കഴിഞ്ഞിരിക്കെ, ഇതുവരെ നടന്നത് 7% നിയമന ശുപാർശ മാത്രം. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് മൂവായിരത്തോളം പേർക്കു നിയമനം ലഭിച്ചിരുന്നു.
ഒഴിവുകൾ കുറവുള്ളതുകൊണ്ടല്ല, താൽക്കാലിക ജീവനക്കാരെ നിലനിർത്തി ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാത്തതാണ് ഈ റാങ്ക് ലിസ്റ്റിന്റെ പ്രതിസന്ധിക്കു കാരണം. നൂറുകണക്കിനു താൽക്കാലിക ജീവനക്കാർ ഈ തസ്തികയിൽ ജോലി ചെയ്യുന്നുണ്ടെന്ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. പായ്ക്കിങ് സ്റ്റാഫ്, ഡിസ്പ്ലേ സ്റ്റാഫ്, ഹെൽപർ തുടങ്ങിയ തസ്തികകളിലെല്ലാം താൽക്കാലികമായി നിയമിക്കപ്പെട്ടവർ ചെയ്യുന്നത് അസിസ്റ്റന്റ് സെയിൽസ്മാന്റെ ജോലിതന്നെ.
പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താൽക്കാലിക നിയമനം പാടില്ലെന്നാണു വ്യവസ്ഥയെങ്കിലും പലപ്പോഴും ഇതു ബാധകമല്ലാത്തതുപോലെയാണു കാര്യങ്ങൾ നീങ്ങുന്നത്. ഇത്തരം നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പരിഹാസ്യരാകും. അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലെ താൽക്കാലിക നിയമനം അവസാനിപ്പിച്ച് പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്നുതന്നെ അതിവേഗം നിയമനം നടത്താനുള്ള ശ്രമങ്ങൾ ഇനിയും വൈകരുത്.