പിഎസ്‌സിയുടെ പാളിച്ചകൾ മാറണം, ഇക്കൊല്ലമെങ്കിലും

Mail This Article
വിജ്ഞാപനം, വാർഷിക പരീക്ഷാ കലണ്ടർ, റാങ്ക് ലിസ്റ്റ് തുടങ്ങിയ മേഖലകളിൽ 2024ൽ പിഎസ്‌സി ഏറെ മുന്നേറിയെങ്കിലും ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നതിലെ കുറവ്, പരീക്ഷകളിൽനിന്ന് കണക്കിലധികം ചോദ്യങ്ങൾ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നല്ല പരിഷ്കാരങ്ങൾക്ക് കളങ്കമേൽപിച്ചു എന്നു പറയാതെ വയ്യ.
ഷോർട്/സാധ്യതാ ലിസ്റ്റുകളിൽ ആവശ്യത്തിന് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നില്ല എന്ന പരാതി മുൻപേയുണ്ടെങ്കിലും അടുത്തിടെ ഇതു വ്യാപകമായി. മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2 തസ്തികയുടെ ലിസ്റ്റിൽ ആളെ കുറച്ചതുമായി ബന്ധപ്പെട്ട് ഡിസംബർ 19നു സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പിഎസ്‌സിയുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. കൂടുതൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി ലിസ്റ്റ് വിപുലീകരിക്കണമെന്നു ചൂണ്ടിക്കാട്ടിയ കോടതി, സർക്കാരിനെ മറികടന്ന് ഇത്തരം കാര്യങ്ങളിൽ പിഎസ്‌സി തീരുമാനമെടുക്കുന്നതിനെ വിമർശിക്കുകയും ചെയ്തു. സർക്കാർ ആവശ്യപ്പെട്ടിട്ടും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് വിപുലപ്പെടുത്താതിരുന്നതാണ് കോടതിയുടെ വിമർശനത്തിനു വഴിവച്ചത്.
വകുപ്പുകളിൽ രണ്ടു വർഷത്തിനകം ഉണ്ടാകാനിടയുള്ള പ്രതീക്ഷിത ഒഴിവുകളുടെ 10% അധികം ഉദ്യോഗാർഥികളെ മാത്രം ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയാൽ മതിയെന്ന ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ലിസ്റ്റിൽ ആളെ ഉൾപ്പെടുത്താൻ ഇപ്പോഴേ പിശുക്കു കാട്ടുന്ന പിഎസ്‌സിയോട് ഈ ശുപാർശ നടപ്പാക്കാൻ സർക്കാർ നിർദേശിച്ചാൽ ഒരു റാങ്ക് ലിസ്റ്റും പൂർണ കാലാവധി പൂർത്തിയാക്കില്ല.
കണക്കിലധികം ചോദ്യങ്ങൾ ഒഴിവാക്കുന്നതുമൂലമുള്ളതും ഗുരുതര സാഹചര്യമാണ്. ചോദ്യകർത്താക്കളെ തിരഞ്ഞെടുക്കുന്നതിലുള്ള പാളിച്ചയാണ് ഇതിനു വഴിയൊരുക്കുന്നത്. പത്തിലേറെ ചോദ്യങ്ങൾ ഒഴിവാക്കിയ ഒട്ടേറെ പരീക്ഷകൾ 2024ൽ ഉണ്ടായി. പൊലീസ് (ഫോറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ സയന്റിഫിക് ഓഫിസർ (ഫിസിക്സ്) പരീക്ഷയുടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച അന്തിമ ഉത്തരസൂചികയിൽ പരീക്ഷയിലെ 12 ചോദ്യങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. 7 ചോദ്യങ്ങൾക്ക് പ്രാഥമിക ഉത്തരസൂചികയിൽ നൽകിയ ഉത്തരം തിരുത്തുകയും ചെയ്തു. 100 ചോദ്യങ്ങളിൽ 12 എണ്ണം ഒഴിവാക്കിയപ്പോൾ മൂല്യനിർണയം 88 മാർക്കിലേക്കു ചുരുങ്ങി. ഒഴിവാക്കുന്ന ചോദ്യങ്ങളിൽ പലതും ശരിയുത്തരമുള്ളവയാണ് എന്നതും ഉദ്യോഗാർഥികളോടുള്ള അവഹേളനമാണ്. തെറ്റായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാവാതെ വിലപ്പെട്ട സമയമാണ് പരീക്ഷാഹാളിൽ നഷ്ടമാകുന്നത്. ഇതുണ്ടാക്കുന്ന മാനസിക സംഘർഷവും ചെറുതല്ല.
തൊഴിലന്വേഷകരെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രതിസന്ധികൾക്കു പരിഹാരം കാണാനാവണം, പുതുവർഷത്തിൽ പിഎസ്‌സിയുടെ മുൻഗണന.