ADVERTISEMENT

പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തുന്നവർക്ക് കൈത്താങ്ങാകുന്ന സ്ഥാപനങ്ങൾക്ക് ഇനി സർക്കാർ ശമ്പളം നൽകും. പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് അവർക്ക് നൽകുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതിയാണ് നിലവിൽ വന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവാ നെയിം (NAME) എന്നാണ് പുതിയ പദ്ധതിയുടെ പേര്.

100 ദിവസത്തെ വേതനം സർക്കാർ നൽകും

നോർക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്നു തിരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് പ്രതിവർഷം പരമാവധി 100 തൊഴിൽദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോംപൻസേഷൻ) സർക്കാർ നൽകും. പ്രതിദിനം പരമാവധി 400 രൂപയാണ് നൽകുക. ഒരു സ്ഥാപനത്തിൽ പരമാവധി 50 തൊഴിലാളികൾക്കാണ് വേജ് കോംപൻസേഷൻ.

ആനുകൂല്യം ആർക്കൊക്കെ?

സഹകരണ സ്ഥാപനങ്ങൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ), എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം, റജിസ്ട്രേഷനുള്ള സ്വകാര്യ/ പബ്ലിക് ലിമിറ്റഡ്/ എൽഎൽപി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കാണ് അർഹത. ഓട്ടമൊബീൽ, കൺസ്ട്രക്‌ഷൻ, ഹോസ്‌പിറ്റാലിറ്റി മേഖലകളിലെ സംരംഭങ്ങൾക്കാണ് പദ്ധതിയുടെ തുടക്കത്തിൽ ആനുകൂല്യം ലഭ്യമാക്കുക.

റജിസ്ട്രേഷൻ എങ്ങനെ?

ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ആദ്യം തൊഴിൽ ദാതാവ് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി റജിസ്ട്രേഷൻ എടുക്കണം. തുടർന്ന് മേൽപറഞ്ഞ നിബന്ധനകൾ പൂർത്തിയാക്കി ത്രൈമാസമായി ക്ലെയിം സമർപ്പിക്കാം. ഓരോ മൂന്നുമാസത്തിലും 25 ദിവസം എന്ന രീതിയിലായിരിക്കും വേജ് കോംപൻസേഷൻ വിതരണം ചെയ്യുക.

അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും: www.norkaroots.org, 0471-2770523.

തൊഴിലാളികളുടെ യോഗ്യതകൾ

∙കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ അധികരിക്കരുത്

∙നോർക്ക റൂട്ട്സിന്റെ അംഗീകാരം ലഭിക്കുന്ന സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

∙ആനുകൂല്യം, ജീവനക്കാരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് വേതനം കൈമാറുന്ന തൊഴിൽ ഉടമകൾക്കു മാത്രം

∙രണ്ടു വർഷത്തെ പ്രവാസ ജീവനം ഉണ്ടായിരിക്കണം.

∙ തൊഴിൽ വീസയില്ലാത്ത അല്ലെങ്കിൽ തിരികെ എത്തിയിട്ട് ആറുമാസം കഴിഞ്ഞവരെയാണ് തിരികെ വരുന്ന പ്രവാസികളായി കണക്കാക്കുന്നത്

∙പ്രായം 25നും 70നും മധ്യേ

∙വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങൾ ബാധകമല്ല. എങ്കിലും തൊഴിലിൻ്റെ സ്വഭാവം അനുസരിച്ച് യോഗ്യത ഉണ്ടായിരിക്കണം.

∙പ്രവാസികളുടെ സഹകരണ സംഘങ്ങൾ നടത്തുന്ന സ്ഥാപനങ്ങളാണെങ്കിൽ അത്തരം സ്ഥാപനങ്ങളിൽ 90% അംഗങ്ങൾ പ്രവാസി മലയാളികൾ ആയിരിക്കണം.

English Summary:

Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com