ആറളം ഫാമിൽ ആദിവാസി ലേബർ ബാങ്ക്; ഒരുങ്ങുന്നു പുതിയ തൊഴിൽ സാധ്യതകൾ

Mail This Article
ഇരിട്ടി പുനരധിവാസ മേഖലയിലെ ആദിവാസി വിഭാഗങ്ങൾക്കായി ആറളം ഫാമിൽ ലേബർ ബാങ്ക് ഒരുങ്ങുന്നു. ആദിവാസി വിഭാഗക്കാർക്ക് തൊഴിൽ ഉറപ്പു വരുത്തുന്നതിനായി ടിആർഡിഎമ്മിന്റെ സഹകരണത്തോടെയുള്ള പദ്ധതിയാണിത്.
പുനരധിവസിപ്പിക്കപ്പെട്ട ആദിവാസി വിഭാഗങ്ങൾക്ക് ജീവനോപാധി ഉറപ്പുവരുത്തുക എന്നതാണ് ആറളം ഫാമിന്റെ പ്രധാന ലക്ഷ്യം. വർഷങ്ങളായി ആറളം ഫാമിൽ പുതുതായി തൊഴിലവസരം സൃഷ്ടിക്കപ്പെട്ടിട്ടില്ല.
നിലവിൽ ആറളം ഫാമിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പങ്കാളിത്തക്കൃഷി പദ്ധതി യിലൂടെ മുന്നൂറോളം പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താൻ കഴിയും. ഈ പദ്ധതി നടപ്പിലാക്കുവാൻ ആവശ്യമായ തൊഴിലാളികളെ കണ്ടെത്തുന്നത് ലേബർ ബാങ്കിലൂടെയാണ്.
ഓരോ തൊഴിലാളികളുടെയും നൈപുണ്യം മനസ്സിലാക്കി അനുയോജ്യമായ തൊഴിൽ നൽകാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെ ആദിവാസി പുനരധിവാസമിഷൻ വഴി നിലവിൽ 343 പേർ ലേബർ ബാങ്കിൽ റജിസ്റ്റർ ചെയ്തു. ഇവർക്ക് അനുയോജ്യമായ തൊഴിൽ നൽകും. അതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകും. പങ്കാളിത്ത പദ്ധതി നടപ്പിലാക്കുമ്പോൾ തൊഴിലാളികളുടെ ആനുകൂല്യങ്ങളും ക്ഷേമവും നേരിട്ട് അവലോകനം ചെയ്യുന്നതിനും കൃത്യമായ ഗുണഭോക്താക്കളെ കണ്ടെത്തി തൊഴിലുടമയ്ക്കു നൽകുന്നതിനും ലേബർ ബാങ്ക് വഴി കഴിയും. അതോടൊപ്പം സാമുദായിക അടിസ്ഥാനത്തിലുള്ള പങ്കാളിത്തവും ഇതിലൂടെ ഉറപ്പുവരുത്താനാകും. പിന്നാക്കക്കാർക്ക് പരിഗണന നൽകിയായിരിക്കും തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുക.
ആറളം ഫാം മാനേജിങ് ഡയറക്ടർ ലേബർ ബാങ്കിന്റെ ചെയർമാനും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അംഗങ്ങളും ആയിരിക്കും. തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികളോ അവകാശലംഘനമോ ഉണ്ടായാൽ ലേബർ ബാങ്കിലൂടെ പരിഹരിക്കാനാകും. അതോടൊപ്പം തൊഴിലുടമയ്ക്കു ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ലേബർ ബാങ്ക് ഇടപെടും. ആറളം പുനരധിവാസ മേഖലയിലെ ജനങ്ങളുടെ തൊഴിൽ ഉറപ്പുവരുത്തുന്നതിന് സംരംഭക പദ്ധതികളുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.