പത്മനാഭപുരം കൊട്ടാരത്തിൽ കൂട്ടപ്പിരിച്ചുവിടലെന്ന് പരാതി; 16 വർഷംവരെ സർവീസുള്ളവരും പടിക്കു പുറത്തേക്ക്

Mail This Article
തക്കല പത്മനാഭപുരം കൊട്ടാരത്തിൽ മലയാളികൾ ഉൾപ്പെടെ 46 താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതായി പരാതി. കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കൊട്ടാരത്തിലെ നിയമനങ്ങളിൽ ഉന്നതരുടെ ഒത്താശയോടെ വൻ അഴിമതിക്കാണ് കളമൊരുങ്ങുന്നതെന്ന് ജീവനക്കാർ ആരോപിച്ചു. എന്നാൽ, സുതാര്യമായും വ്യവസ്ഥകൾ പാലിച്ചും നിയമനം നടത്തണമെന്നുള്ള സർക്കാർ നിർദേശപ്രകാരമാണ് ജീവനക്കാരെ ഒഴിവാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
‘16 വർഷംവരെ സർവീസുള്ളവരെ പിരിച്ചുവിടുന്നു’
ഗാർഡ്, ഗാലറി അറ്റൻഡന്റ്, ഗാർഡനർ, സ്വീപ്പർ തസ്തികകളിൽ 8 മുതൽ 16 വർഷംവരെ സർവീസുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. ദിവസം 675 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ഈ മാസം 14ന് ഇവരുടെ സേവന കാലാവധി അവസാനിക്കും. ജോലി നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾ വഴിയാധാരമാകുന്ന സാഹചര്യമാണ്. ഈയിടെ കൊട്ടാരത്തിലെത്തിയ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപള്ളിയോടു നേരിട്ടു പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. കേരളത്തിലെയും തമിഴ്നാട്ടിലെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ നൽകുന്ന പട്ടിക പ്രകാരം പുതുതായി 59 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ചിലർക്ക് താൽക്കാലിക നിയമനം നൽകി പിന്നീട് സ്ഥിരമാക്കാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. താൽക്കാലിക ജീവനക്കാരെ കേരളത്തിൽ ഈ രീതിയിൽ പിരിച്ചുവിടാറില്ല. കൊട്ടാരത്തിലെ ജീവനക്കാരെ ഒഴിവാക്കാൻ ഗൂഢനീക്കങ്ങൾ നടക്കുകയാണ്. ഈയിടെ താൽക്കാലിക ജീവനക്കാരായി നിയമിച്ച തമിഴ്നാട്ടുകാരായ 6 പേരെ സ്ഥിരമാക്കി. പുതിയ നിയമനങ്ങളിലും അഴിമതി നടത്താനാണ് നീക്കം– പരാതിക്കാർ പറയുന്നു
നിയമനങ്ങളിൽ നടപടിക്രമം പാലിച്ചില്ല: അധികൃതർ
ജോലിയിൽ നിന്ന് ഒഴിവാക്കിയ 46 പേരും നിയമനങ്ങളിലെ നടപടിക്രമം പാലിച്ച് ജോലിക്കു കയറിയവരല്ല. ഇവരുടെ കാലാവധി നീട്ടിനൽകുന്നതിന് ഓരോ പ്രാവശ്യവും 179 ദിവസങ്ങൾക്കു ശേഷം ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കണം. ഇതുകാരണം പലപ്പോഴും ശമ്പളം മുടങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. തുടർന്ന് നിയമനങ്ങളിൽ സുതാര്യത വേണമെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പിഎസ്എസി എന്നിവയിലൂടെ നിയമനം നടത്തണമെന്നും ധനകാര്യ വകുപ്പ് നിർദേശിച്ചു.
ഇതിനാലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താൻ തീരുമാനിച്ചത്. കൊട്ടാരം നിലകൊള്ളുന്നത് തമിഴ്നാട്ടിലായതിനാൽ നിയമനങ്ങളിൽ നിശ്ചിത ശതമാനം പ്രദേശവാസികൾക്ക് നീക്കിവയ്ക്കണം. തിരുവനന്തപുരം, നാഗർകോവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ നൽകിയ പട്ടികയിൽ നിന്ന് അഭിമുഖം നടത്തിയാണ് 6 മാസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നത്. ഇവരുടെ കാലാവധി കഴിയുമ്പോൾ ഇതേ രീതിയിൽ വീണ്ടും നിയമനം നടത്തും. ഇതുസംബന്ധിച്ച് പിരിച്ചുവിടപ്പെട്ട ജീവനക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയല്ല.