സെക്രട്ടേറിയറ്റിലേക്ക് സ്വപ്നപാത

Mail This Article
പിഎസ്‌സി പരീക്ഷയെഴുതുന്ന ബിരുദധാരികളുടെ സ്വപ്ന ജോലിയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്. ഈ തസ്തികയ്ക്കുള്ള പുതിയ വിജ്ഞാപനം വന്നുകഴിഞ്ഞു. നല്ല തയാറെടുപ്പോടെ പരീക്ഷ എഴുതിയാൽ മികച്ച റാങ്കോടെ ജോലിക്കുള്ള അവസരം.
ഒറ്റനോട്ടത്തിൽ;
നിലവിലെ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി 2026 ഏപ്രിൽ 12നു തീരും. അതിനു മുൻപ് പുതിയ ലിസ്റ്റ് തയാറാക്കാനാണു പിഎസ്‍സിയുടെ ശ്രമം. മേയ്–ജൂലൈ കാലയളവിൽ പ്രിലിമിനറി പരീക്ഷയും ഓഗസ്റ്റ്–ഡിസംബർ കാലയളവിൽ മെയിൻ പരീക്ഷയും നടക്കും.
∙അപേക്ഷ: ഈമാസം 29 വരെ
∙പ്രായപരിധി: 18–36
∙അടിസ്ഥാന ശമ്പളം: 39,000– 83,000 രൂപ
∙നിയമനം ലഭിക്കുന്ന വകുപ്പുകൾ: ഗവ. സെക്രട്ടേറിയറ്റ്, കേരള പിഎസ്‌സി, അഡ്വക്കറ്റ് ജനറൽ ഓഫിസ്, സംസ്ഥാന ഓഡിറ്റ് വകുപ്പ്, വിജിലൻസ് ട്രൈബ്യൂണൽ, എൻക്വയറി കമ്മിഷണർ ആൻഡ് ജഡ്ജസ് ഓഫിസ്
തിരഞ്ഞെടുപ്പ് ഇങ്ങനെ;
മൂന്നു ഘട്ടം: പ്രിലിമിനറി, മെയിൻ പരീക്ഷകളും തുടർന്ന് ഇന്റർവ്യൂവും.
∙പ്രിലിമിനറി: ബിരുദം യോഗ്യതയായുള്ള മറ്റു തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷകൾക്കൊപ്പമാണിത്. 100 മാർക്കിന്റെ 100 ചോദ്യം. സമയം 75 മിനിറ്റ്.
∙മെയിൻ: 100 മാർക്കിന്റെ 100 ചോദ്യങ്ങളുമായി രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പേപ്പറുകൾ. സമയം 90 മിനിറ്റ് വീതം.
∙ഇന്റർവ്യൂ: 20 മാർക്ക്.
പരീക്ഷകൾ മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ. ശരിയുത്തരത്തിന് ഒരു മാർക്ക്. തെറ്റിന് 1/3 മാർക്ക് കുറയും.
സ്റ്റഡി മെറ്റീരിയലുകൾ
ബിരുദതല പരീക്ഷകൾക്ക് ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയുടെ സ്റ്റഡി മെറ്റീരിയലുകളിൽനിന്നു കൂടുതൽ ചോദ്യങ്ങൾ വരുന്നതായി കാണുന്നുണ്ട്. ഇവ കൂടുതൽ ശ്രദ്ധിക്കണം.
ഇന്ത്യൻ ഹിസ്റ്ററി– ബിപൻ ചന്ദ്ര, കേരള ഹിസ്റ്ററി– എ. ശ്രീധരമേനോൻ, ഇന്ത്യൻ പൊളിറ്റി– ലക്ഷ്മീകാന്ത്, ഇന്ത്യൻ ഇക്കോണമി– ശങ്കർ ഗണേഷ് കറുപ്പയ്യ, വേൾഡ് ഹിസ്റ്ററി– കൃഷ്ണ റെഡ്ഡി എന്നിവ റഫറൻസ് പുസ്തകങ്ങളായി ഉപയോഗിക്കാവുന്നതാണ്.
സ്റ്റഡി പ്ലാൻ
പ്രിലിംസ് + മെയിൻ ഒന്നാം പേപ്പർ
ബിരുദധാരികൾക്കുള്ള പിഎസ്‌സി പരീക്ഷകൾ എപ്പോഴും ഉയർന്ന നിലവാരം പുലർത്തുന്നവയായിരിക്കും.
∙മത്സരം കടുക്കുമ്പോൾ മാർക്ക് സ്കോർ ചെയ്യാൻ സഹായിക്കുക മലയാളം, ഇംഗ്ലിഷ്, കണക്ക് വിഷയങ്ങളാണ്. അവിടെ പരമാവധി സ്കോർ ചെയ്യാൻ കഴിഞ്ഞാൽ കട്ട്ഓഫ് മാർക്ക് കടക്കുന്നതിൽ പാതി ജയിച്ചു.
∙പ്രിലിമിനറിയുടെയും മെയിൻ ഒന്നാം പേപ്പറിന്റെയും സിലബസുകൾ ഏതാണ്ട് ഒരേപോലെയാണ്. പ്രിലിമിനറിക്കു മെയിൻ പരീക്ഷ കൂടി മുന്നിൽ കണ്ടു പഠിക്കുക.
ഉദാഹരണത്തിന് ഇംഗ്ലിഷ്, കണക്ക്, മലയാളം എന്നിവയ്ക്ക് പ്രിലിമിനറി പരീക്ഷയിൽ 10 മാർക്ക് വീതം 30 മാർക്കുണ്ട്; മെയിൻ പരീക്ഷയിൽ യഥാക്രമം 15, 13, 13 എന്നിങ്ങനെ 41 മാർക്കും.
പ്രിലിമിനറിക്ക് സയൻസ് & ടെക്നോളജി 10 മാർക്കിനാണെങ്കിൽ മെയിൻ ഒന്നാം പേപ്പറിൽ ലൈഫ് സയൻസ്, ഫിസിക്സ്, കെമിസ്ട്രി എന്നിങ്ങനെ മൂന്നു വിഷയത്തിനും 7 മാർക്ക് വീതം ആകെ 21 മാർക്ക് വരുന്നുണ്ട്. മെയിൻസിനു സയൻസ് കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതുണ്ട്.
∙പ്രയാസമുള്ള വിഷയങ്ങൾക്കു കൂടുതൽ സമയം നൽകാം. പ്രധാന വിഷയങ്ങൾക്ക് ദിവസവും നിശ്ചിത സമയം മാറ്റിവയ്ക്കണം.
രണ്ടാം പേപ്പർ രണ്ടാം ഘട്ടത്തിൽ
മെയിൻ രണ്ടാം പേപ്പർ ഉയർന്ന നിലവാരത്തിലുള്ളതായതിനാൽ കടുത്ത പരിശീലനം വേണം. പ്രിലിംസ് പാസായ ശേഷം മാത്രം പഠനം തുടങ്ങിയാൽ മതി. പ്രിലിമിനറിക്കും ഭരണഘടന പഠിക്കാനുണ്ടെങ്കിലും മെയിൻ രണ്ടാം പേപ്പറിൽ കൂടുതൽ ആഴത്തിൽ പഠിക്കണം. മാനേജ്മെന്റ് (10 മാർക്ക്), അഡ്മിനിസ്ട്രേഷൻ (10), കേരള സമ്പദ്‌വ്യവസ്ഥ (15), പരിസ്ഥിതി (10), കേരള മോഡൽ വികസനം (15), ദുരന്തനിവാരണം (10) എന്നീ അധിക വിഷയങ്ങൾ പ്രിലിമിനറിക്കു ശേഷം ആഴത്തിൽ പഠിക്കേണ്ടവയാണ്.