കാനഡ റിക്രൂട്മെന്റ്: വ്യാജ അറിയിപ്പുകളിൽ പെടരുതെന്ന് നോർക്ക

Mail This Article
കേരളത്തിൽനിന്ന് കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലേക്കുള്ള നഴ്സിങ് റിക്രൂട്മെന്റിന് സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക റൂട്സ് അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസ് അറിയിച്ചു.
തൊഴിൽ വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജൻസികളും വ്യക്തികളും ഉദ്യോഗാർഥികളെ സമീപിക്കുന്നതും പണം ഈടാക്കുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു ജാഗ്രതാ നിർദേശം. കാനഡ റിക്രൂട്മെന്റിന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസോ നോർക്ക റൂട്സോ ഉദ്യോഗാർഥികളിൽനിന്നു ഫീസ് ഈടാക്കുന്നില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, അഭിമുഖം എന്നിവയുൾപ്പെടെ കർശന നടപടിക്രമങ്ങൾ പാലിച്ചാണു തിരഞ്ഞെടുപ്പ്.
അംഗീകാരമില്ലാത്ത റിക്രൂട്മെന്റ് ഏജൻസികളുടെയോ വ്യക്തികളുടെയോ അറിയിപ്പുകളിൽ വഞ്ചിതരാകരുത്.
അത്തരം വ്യാജ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ceonorkaroots@gmail.com എന്ന ഇ–മെയിലിലോ, സിഇഒ, നോർക്ക റൂട്സ്, തൈക്കാട്, തിരുവനന്തപുരം–695 014 (0471–2770500) എന്ന വിലാസത്തിലോ നോർക്ക റിക്രൂട്മെന്റ് മാനേജരുടെ ഫോൺ നമ്പറിലോ (0471–2770531) ഇ–മെയിലിലോ (rcrtment.norka@kerala.gov.in) അറിയിക്കണം.