ADVERTISEMENT

 ‘യുജിസി റെഗുലേഷൻസ് 2025’നെതിരെ സംസ്ഥാന സർക്കാരും അധ്യാപക സംഘടനകളും പോർമുഖം തുറന്നിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളോടെ യുജിസി അവതരിപ്പിച്ച കരടു നിർദേശങ്ങൾ അപ്രായോഗികമെന്ന വിമർശനം കേട്ടില്ലെന്നു നടിക്കരുത്.

സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് ബിരുദാനന്തര ബിരുദത്തിനു ശേഷം യുജിസി–നെറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കുന്നതാണ് നിർദേശങ്ങളിൽ പ്രധാനം. യുജി, പിജി ബിരുദങ്ങളുള്ള വിഷയത്തിൽനിന്ന് വ്യത്യസ്തമായ മേഖലയിൽ പിഎച്ച്ഡി ചെയ്യുന്നവർക്കും ഗവേഷണം ചെയ്ത വിഷയത്തിൽ അസിസ്റ്റന്റ് പ്രഫസറാകാം. 75% മാർക്കോടെ 4 വർഷ യുജിയോ 55% മാർക്കോടെ പിജിയോ അല്ലെങ്കിൽ പിഎച്ച്ഡിയോ ഉണ്ടായിരിക്കണം.

അധ്യാപക സ്ഥാനക്കയറ്റങ്ങൾക്കു മാനദണ്ഡമായി 2018ലെ ഭേദഗതിയിൽ നിർദേശിച്ച അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റർ (എപിഐ) ഒഴിവാക്കും. പകരം അധ്യാപനത്തിൽ നൂതന സംഭാവനകൾ, അധ്യാപന ലാബ്–ഗേവേഷണ വികസനങ്ങൾ, ഇന്ത്യൻ ഭാഷകൾ, ഇന്ത്യൻ വൈജ്ഞാനിക സമ്പ്രദായം തുടങ്ങിയവയിലെ അധ്യാപന സംഭാവനകൾ, വിദ്യാർഥി ഇന്റേൺഷിപ് അല്ലെങ്കിൽ പ്രൊജ്ക്ട് മേൽനോട്ടം, ഓപ്പൺ ഓൺലൈൻ കോഴ്സിനു ഡിജിറ്റൽ ഉള്ളടക്കം സൃഷ്ടിക്കൽ, വെർച്വൽ ഫണ്ടുകൾ ഉപയോഗിച്ചുള്ള സ്റ്റാർട്ടപ്പുകളുടെ മേൽനോട്ടം തുടങ്ങി 9 മേഖലയിൽ 4 എണ്ണത്തിലെങ്കിലും പ്രാഗൽഭ്യമുള്ളവർക്കായിരിക്കും മുൻഗണന. അസോഷ്യേറ്റ് പ്രഫസറാകാൻ അസിസ്റ്റന്റ് പ്രഫസർക്ക് 8 വർഷത്തെ പ്രവൃത്തിപരിചയം വേണം. 10 വർഷം പ്രവൃത്തിപരിചയമുള്ള അസോഷ്യേറ്റ് പ്രഫസറെയാണു പ്രഫസറായി പരിഗണിക്കുക എന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനു നെറ്റ് വേണ്ടെന്ന യുജിസി നിർദേശം അക്കാദമിക് യോഗ്യതകളുടെ പ്രാധാന്യം ഇല്ലാതാക്കുമെന്നും ഇക്കാര്യത്തിൽ പുനപരിശോധന വേണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര–സംസ്ഥാന പൊതുപട്ടികയിലുള്ള വിഷയമാണ് വിദ്യാഭ്യാസമെന്നിരിക്കെ ഉന്നതവിദ്യാഭ്യാസത്തിൽ അധികാരകേന്ദ്രീകരണത്തിനു വഴിയൊരുക്കുന്നതാണ് ഈ നിർദേശങ്ങളെന്നു സംസ്ഥാന സർക്കാരും ചൂണ്ടിക്കാട്ടുന്നു.

നിലവിൽ അധ്യാപക നിയമനത്തിലെ 70 ശതമാനത്തോളം മാർക്കും നിശ്ചയിക്കുന്നത് ഉദ്യോഗാർഥിയുടെ പഠനമികവ്, ഗവേഷണ പ്രബന്ധങ്ങൾ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇന്റർവ്യൂ ബോർഡിനു വളരെ കുറച്ചു മാർക്കു മാത്രമേ നിശ്ചയിക്കാനാവൂ. പുതിയ നിർദേശങ്ങളനുസരിച്ച് ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാകും നിയമനം. ഇത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിവയ്ക്കുമെന്ന് ആക്ഷേപമുണ്ട്.

കഴിവും കാര്യശേഷിയും ദീർഘവീക്ഷണവുമുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ ഉന്നതവിദ്യാഭ്യാസത്തിനും അധ്യാപകർക്കും പ്രധാന സ്ഥാനമാണുള്ളത്. അവിടെ നടപ്പാക്കുന്ന ഏതു പരിഷ്കാരവും ഏറ്റവും സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമായിരിക്കണം.

English Summary:

Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com