ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 6 മാസത്തിനകം സംവരണം നൽകണം: ഹൈക്കോടതി

Mail This Article
ട്രാൻസ്ജെൻഡറുകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും 6 മാസത്തിനുള്ളിൽ സംവരണം ഏർപ്പെടുത്തണമെന്നു ഹൈക്കോടതി നിർദേശം നൽകി.
നാഷനൽ ലീഗൽ സർവീസസ് അതോറിറ്റി കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സംവരണത്തിനുള്ള ട്രാൻസ്ജെൻഡറുകളുടെ അവകാശം നടപ്പാക്കുന്നതു സർക്കാരിനു വൈകിപ്പിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു സി.കബീർ, അനീറ കബീർ എന്നിവർ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.
സർക്കാരിന്റെ നയരൂപീകരണ കാര്യത്തിൽ കോടതി ഇടപെടാറില്ലെങ്കിലും സുപ്രീം കോടതിയുടെ വ്യക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്ജെൻഡറുകളുടെ അവകാശം നടപ്പാക്കാൻ ഇടപെടേണ്ടത് അനിവാര്യമാണെന്നു കോടതി പറഞ്ഞു. നിയമപരമായ വ്യവസ്ഥകളും ഉത്തരവുകളും ഇല്ലെങ്കിൽ സംവരണം നടപ്പാക്കാനാകില്ല. അത് തുല്യാവകാശ നിഷേധമാകും.
സർക്കാർ ജോലി സംബന്ധിച്ച വിജ്ഞാപനങ്ങളിൽ ട്രാൻസ്ജെൻഡറുകൾക്കു സംവരണം പറയുന്നില്ല. ട്രാൻസ്ജെൻഡറുകൾ പാർശ്വവൽക്കരിക്കപ്പെട്ടവരാണ്. വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും അവരെ ഉൾപ്പെടുത്തുന്നത് വികസനത്തിന് അനിവാര്യമാണ്.
ജന്മനാ മനുഷ്യർക്കിടയിലുള്ള വ്യത്യാസങ്ങൾ സാംസ്കാരിക വളർച്ചയ്ക്കു വെല്ലുവിളിയാണ്. ജീവശാസ്ത്രപരവും സാമൂഹികവും ഘടനാപരവുമായ പ്രതികൂല അവസ്ഥകൾ പല വിഭാഗങ്ങളും നേരിടുന്നു. ഇത്തരം തടസ്സങ്ങൾ പരിഹരിച്ചു തുല്യ അവസരം ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു.