3.23 ലക്ഷം വനിതകൾക്ക് തൊഴിൽ നൽകി കുടുംബശ്രീ

Mail This Article
സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അൻപതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ ആകെ 1,63,458 സംരംഭങ്ങൾ ഈ മേഖലയിൽ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്.
സൂക്ഷ്മസംരംഭ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംരംഭ രൂപീകരണം. ഫെബ്രുവരിയിൽ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാംപെയ്ൻ കെ-ലിഫ്റ്റ് വഴി രൂപീകരിച്ച 34,422 സംരംഭങ്ങളും ഇതിൽ ഉൾപ്പെടും. ഇതിലൂടെ മാത്രം 61158 പേർക്കാണ് തൊഴിൽ ലഭിച്ചത്.
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടു കുടുംബശ്രീ നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണ് സൂക്ഷ്മസംരംഭങ്ങൾ.
ഉൽപാദന മേഖലയിലാണ് ഏറ്റവും കൂടുതൽ വനിതകൾ. 69,484 സംരംഭങ്ങളാണ് ഈ മേഖലയിലുള്ളത്. അങ്കണവാടികളിലേക്കുള്ള അമൃതം ന്യൂട്രിമിക്സ് തയാറാക്കി നൽകുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241 യൂണിറ്റുകൾ മുഖേനയാണ്. 1680 വനിതകളാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നത്.