കേരള ബാങ്ക് അസി. മാനേജർ: അന്തിമ ഉത്തരസൂചികയിൽ തെറ്റുത്തരത്തിനും മാർക്ക്!
Mail This Article
കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒക്ടോബർ 29നു നടത്തിയ മെയിൻ പരീക്ഷയുടെ അന്തിമ ഉത്തരസൂചികയിൽ തെറ്റായ ഉത്തരത്തിനു മാർക്ക് നൽകിയതായി പരാതി. ചോദ്യ കോഡ് എ പ്രകാരം 25–ാം ചോദ്യത്തിനാണ് തെറ്റുത്തരം എഴുതിയവർക്കു മാർക്ക് നൽകുന്നത്.
2011ലെ സെൻസസ് പ്രകാരമുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് എന്ന ചോദ്യത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും സ്ത്രീകളുടെ എണ്ണമാണ് പുരുഷന്മാരേക്കാൾ കൂടുതൽ എന്നിരിക്കെ മലപ്പുറം ജില്ലയിൽ പുരുഷന്മാരുടെ എണ്ണമാണ് സ്ത്രീകളേക്കാൾ കൂടുതൽ എന്ന തെറ്റായ ഉത്തരത്തിനാണു മാർക്ക് നൽകുന്നത്.
പ്രാഥമിക ഉത്തരസൂചിക പ്രകാരം ഡി ഓപ്ഷൻ ആയിരുന്നു ശരിയുത്തരം. എന്നാൽ, അന്തിമ ഉത്തരസൂചികയിൽ ബി ഓപ്ഷൻ എഴുതിയവർക്കാണ് പിഎസ്‍സി മാർക്ക് നൽകിയിരിക്കുന്നത്. അന്തിമ ഉത്തരസൂചിക പ്രകാരം മൂല്യനിർണയം പൂർത്തിയാക്കിയാൽ 25–ാം ചോദ്യത്തിന് തെറ്റുത്തരമെഴുതിയവർക്ക് 1 മാർക്ക് അനധികൃതമായി ലഭിക്കുകയും ശരിയുത്തരം രേഖപ്പെടുത്തിയവർക്ക് മൈനസ് മാർക്ക് ഉൾപ്പെടെ 1.33 മാർക്ക് കുറയുകയും ചെയ്യും. ഉദ്യോഗാർഥികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി പിഎസ്‌സി പരീക്ഷാ കൺട്രോളർക്കു പരാതി നൽകിയെങ്കിലും പരിഗണിച്ചിട്ടില്ല.
7 ചോദ്യം ഒഴിവാക്കി
ശരിയുത്തരമെഴുതിയവർക്കു മാർക്ക് നിഷേധിച്ചെന്ന പരാതിയെത്തുടർന്ന് മെയിൻ പരീക്ഷയിലെ 7 ചോദ്യങ്ങൾ പിഎസ്‌സി ഒഴിവാക്കി. ചോദ്യ കോഡ് എ പ്രകാരം 3, 13, 34, 35, 65, 77, 87 എന്നീ ചോദ്യങ്ങളാണ് ഒഴിവാക്കിയത്. ഇതോടെ പരീക്ഷയിലെ ആകെ മാർക്ക് 93 ആയി. എന്നാൽ ഒഴിവാക്കിയ പല ചോദ്യങ്ങൾക്കും ഓപ്ഷനിൽ ശരിയുത്തരമുണ്ടെന്നാണ് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്.
ഒഴിവാക്കിയ ചോദ്യങ്ങൾ
3. താഴെ പറയുന്നവയിൽ ഏതാണ് തുടക്കത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആവശ്യപ്പെടാത്തത്?
13. ഇന്ത്യയിലെ ആസൂത്രണ കമ്മിഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?
34. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005 (MGNREGA) ഇനി പറയുന്നവയിൽ ഏതാണു നിർബന്ധമാക്കുന്നത്?
35. കൊച്ചി വാട്ടർ മെട്രോ പദ്ധതിയെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
65. ഏത് പ്രസ്താവനകളാണ് ശരിയെന്നു കണ്ടെത്തുക.
77. ഒരു സങ്കീർണ സംവിധാനത്തെ അടിസ്ഥാനമാക്കി ഒരു കമ്പനി ജീവനക്കാരുടെ തിരിച്ചറിയൽ നമ്പറുകൾ നൽകുന്നു. ആദ്യ അക്കം വകുപ്പിനെ പ്രതിനിധീകരിക്കുന്നു. (1–സെയിൽസ്, 2–മാർക്കറ്റിങ്, 3–ഐടി മുതലായവ). രണ്ടാമത്തെ അക്കം ജീവനക്കാരന്റെ സീനിയോറിറ്റി ലെവലിനെ സൂചിപ്പിക്കുന്നു (1–ജൂനിയർ, 2–മിഡ് ലെവൽ, 3–സീനിയർ). അവസാനത്തെ രണ്ട് അക്കങ്ങൾ ഓരോ ഡിപ്പാർട്മെന്റിനും സീനിയോറിറ്റി ലെവൽ കോംബിനേഷനും 01 മുതൽ ആരംഭിക്കുന്ന ഒരു സീക്വൻഷ്യൽ സംഖ്യയാണ്. ഇനി പറയുന്ന ഐഡികൾ നിരീക്ഷിക്കുകയാണെങ്കിൽ ഏറ്റവും അനുഭവപരിചയമുള്ള ജീവനക്കാരനെ തിരിച്ചറിയുക.
87. What does the term Id est mean?