ജല അതോറിറ്റി എൽഡിസി: ഉയർന്ന യോഗ്യതക്കാരില്ലാതെ പുതിയ സാധ്യതാ ലിസ്റ്റ്

Mail This Article
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി എൽഡി ക്ലാർക്ക് സാധ്യതാ ലിസ്റ്റ് പിഎസ്‌സി പുനഃക്രമീകരിച്ചു.
വിജ്ഞാപന പ്രകാരമുള്ള നിശ്ചിത യോഗ്യത നേടിയവരെ മാത്രം ഉൾപ്പെടുത്തി പുനഃക്രമീകരിച്ച ലിസ്റ്റ് ജനുവരി 8നാണു പ്രസിദ്ധീകരിച്ചത്. മെയിൻ ലിസ്റ്റിൽ 355, സപ്ലിമെന്ററി ലിസ്റ്റിൽ 1, ഭിന്നശേഷി ലിസ്റ്റിൽ 1 എന്നിങ്ങനെ 357 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതുവരെ 145 ഒഴിവ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2023 ജൂൺ 3നു പ്രസിദ്ധീകരിച്ച സാധ്യതാ ലിസ്റ്റിൽ 798 പേരെയാണ് (മെയിൻ ലിസ്റ്റിൽ 435, സപ്ലിമെന്ററി ലിസ്റ്റിൽ 355, ഭിന്നശേഷി ലിസ്റ്റിൽ 8) ഉൾപ്പെടുത്തിയിരുന്നത്. 40 മാർക്കായിരുന്നു അന്നത്തെ കട്ട് ഓഫ് മാർക്ക്. വിജ്ഞാപന പ്രകാരമുള്ള യോഗ്യതയുള്ളവരെ മാത്രം ഉൾപ്പെടുത്തിയപ്പോൾ മുൻ ലിസ്റ്റിലെ 441 പേർ പുറത്തായി.
ഈ തസ്തികയിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചത് 2012ജൂലൈ 16നായിരുന്നു. ബിരുദവും 3 മാസത്തെ സർട്ടിഫിക്കറ്റ് ഇൻ ഡേറ്റ എൻട്രിയും ഓഫിസ് ഓട്ടമേഷനുമായിരുന്നു യോഗ്യത. എന്നാൽ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) ഉൾപ്പെടെ ഉയർന്ന യോഗ്യതയുള്ളവർ ഇത് ഉയർന്ന/സമാന യോഗ്യതയാണെന്ന് അവകാശപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചു. കേസിൽ പിഎസ്‌സിക്ക് അനുകൂലമായി വിധി വന്നെങ്കിലും ഉയർന്ന യോഗ്യതയുള്ളവരെക്കൂടി ഉൾപ്പെടുത്തിയാണു പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അടിസ്ഥാന യോഗ്യതയുള്ളവർ ഇതു ചോദ്യം ചെയ്യുകയും കേസ് പരിശോധിച്ച കോടതി റാങ്ക് ലിസ്റ്റ് പുതുക്കാൻ പിഎസ്‌സിയോട് ആവശ്യപ്പെടുകയുമായിരുന്നു.
ഉയർന്ന യോഗ്യതയുള്ളവർ അപ്പീൽ നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് അതു തള്ളി. സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. തുടർന്നാണ് വിജ്ഞാപന പ്രകാരമുള്ള നിശ്ചിത യോഗ്യത നേടിയവരെ മാത്രം ഉൾപ്പെടുത്തി പിഎസ്‌സി സാധ്യതാ ലിസ്റ്റ് പുനഃക്രമീകരിച്ചത്.