എയർബാഗ്
Airbag

അപകടമുണ്ടായാൽ സ്വയം പ്രവർത്തിച്ച് യാത്രക്കാരെ സുരക്ഷിതരാക്കുന്ന സംവിധാനമാണ് എയർബാഗ്. പേര് സൂചിപ്പിക്കുന്നതുപോലെ വായു നിറച്ച ബലൂൺ പോലുള്ള എയർബാഗ് യാത്രക്കാർക്ക് നേരിട്ട് ആഘാതമേൽക്കാത്ത തരത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ ഇടിയുടെ ആഘാതം കഴിഞ്ഞാലുടൻ എയർബാഗ് ചുരുങ്ങി പോകുന്നതാണ്. കാറിന്റെ വിവിധ ഭാഗങ്ങളിലായി ഉറപ്പിച്ചിരിക്കുന്ന നേർത്ത നൈലോൺ നിർമിത ബാഗിൽ അപകട സമയത്ത് നൈട്രജൻ വാതകമാണ് നിറയുക. മുന്നിലെ എയർബാഗുകൾ കൂടാതെ സീറ്റുകളിൽ ഘടിപ്പിക്കുന്ന സൈഡ് എയർ ബാഗുകൾ, ഡോറിനു മുകളിൽ ഘടിപ്പിക്കുന്ന കർട്ടൻ എയർ ബാഗുകൾ എന്നിവയും ഇപ്പോൾ പ്രചാരത്തിലുണ്ട്. ആഘാതം തിരിച്ചറിയുന്ന സെൻസറുകളിൽ നിന്നുള്ള സിഗ്‌നലുകൾ വിലയിരുത്തുന്ന ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റാണ് എയർബാഗിന്റെ പ്രവർത്തനം കൈകാര്യം ചെയ്യുന്നത്. മണിക്കൂറിൽ 322 കിമീ വരെ വേഗത്തിലാണ് എയർബാഗിന്റെ വികാസം.