ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത്
Gold Smuggling

2020 ജൂൺ 30ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം പിടിച്ചത്. ദുബായിൽ നിന്നു യുഎഇ കോൺസുലേറ്റിന്റെ പേരിലാണ് സ്വർണം എത്തിയത്. വൻ സ്വർണക്കടത്തുസംഘമാണു പിന്നിലെന്നു ആദ്യം തന്നെ സംശയമുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതായിരുന്നു പിന്നീടുണ്ടായ അന്വേഷണങ്ങൾ. സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകൾ കർശന പരിശോധന നടത്താറില്ല. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. 

കേസിൽ അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത് കുമാറിനെ കസ്റ്റംസ് ചോദ്യം ചെയ്തപ്പോഴാണ് മുഖ്യമന്ത്രി ചുമതല വഹിക്കുന്ന ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാ‍ർക്ക് ഓപ്പറേഷനൽ മാനേജരായിരുന്ന സ്വപ്ന സുരേഷിന്റെ പങ്ക് പുറത്തുവന്നത്.  

ഉന്നതബന്ധങ്ങൾ ഉപയോഗപ്പെടുത്തി വൻ കള്ളക്കടത്താണ് സരിത്–സ്വപ്ന-സന്ദീപ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. ഡിപ്ലോമാറ്റിക് ബാഗേജ് ഒരിക്കലും പരിശോധിക്കപ്പെടില്ലെന്ന ഉറപ്പിലായിരുന്നു കള്ളക്കടത്ത്.

സ്വർണക്കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതികളുമായുള്ള വഴിവിട്ട അടുപ്പത്തിന്റെ പേരിൽ വിവാദത്തിലായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കി. സ്വപ്ന സുരേഷ്, സരിത് എന്നിവരെ കൂടാതെ സന്ദീപ് നായർ, കെ.ടി. റമീസ് എന്നിവരും പിന്നീട് പിടിയിലായി. ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി നിരവധിപ്പേർ അറസ്റ്റിലായി. കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറേയും അന്വേഷണ സംഘം ജയിലിലടച്ചു. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കെതിരേയും ആരോപണങ്ങൾ ഉയർന്നു. സ്വർണക്കടത്തിലൂടെ ലഭിച്ച പണം ഭീകവാദത്തിന് ഉപയോഗിച്ചോ എന്ന് എൻഐഎ അന്വേഷിക്കുന്നുണ്ട്. എൻഐഎയെ കൂടാതെ കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളും കേസ് അന്വേഷിക്കുന്നുണ്ട്.