നിദ്രാടനം
Somnambulism

സുഖസുഷുപ്തിയെ തടസ്സപ്പെടുത്തുന്ന വിചിത്രമായ ഒരു നിദ്രാവൈകല്യമാണ് നിദ്രാടനം. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് നിദ്രാടനം കൂടുതലായി കണ്ടു വരുന്നത്. നാലിനും എട്ടിനുമിടയ്ക്ക് പ്രായമുള്ള കുട്ടികളിലാണ് നിദ്രാടനത്തിന് ഏറ്റവും കൂടുതൽ സാധ്യത. നിദ്രാടനം ഉണ്ടാകുന്നത് ഉറക്കത്തിലെ നേത്രദ്രുതചലനരഹിത നിദ്രയുടെ ഘട്ടത്തിലാണ്. ഉറക്കത്തിന്റെ ആദ്യ മണിക്കൂറുകളിൽത്തന്നെ ഇതു പ്രകടമാകാം. ഗാഢനിദ്ര ആരംഭിക്കുന്ന, നേത്രദ്രുതചലനരഹിതനിദ്രയുടെ മൂന്നാം ഘട്ടത്തിലാണ് നിദ്രാടനം ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. പലപ്പോഴും തുടർച്ചയായി ഉറക്കമിളയ്ക്കേണ്ട സാഹചര്യങ്ങൾക്കു ശേഷമായിരിക്കും നിദ്രാടനം പ്രകടമാകുന്നത്. ഉറക്കം ലഭിക്കാനായി ഉപയോഗിക്കുന്ന ചില മരുന്നുകളുടെ ഉപയോഗവും നിദ്രാടനത്തിനു കാരണമാകാറുണ്ട്. രോഗാണു ബാധയെത്തുടര്‍ന്നുണ്ടാകുന്ന പനിയും ചിലരിൽ നിദ്രാടനം ഉണ്ടാക്കാം.