ആർത്രോ എന്നാൽ സന്ധി (ജോയിന്റ്). സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. സന്ധിവാതം എന്നു പറയുന്നത് ഒറ്റ രോഗമല്ല. പലതരം രോഗങ്ങളുണ്ട് ഈ വിഭാഗത്തിൽ. ചലനത്തെ സഹായിക്കുന്ന വിവിധ ശരീരഭാഗങ്ങളെ സന്ധിവാതം ബാധിക്കാം. അസ്ഥികൾ, തരുണാസ്ഥികൾ, സ്നായുക്കൾ, കശേരുക്കൾ, ചലനവള്ളികൾ, അനുബന്ധ പേശികൾ തുടങ്ങിയവയെ. വേദനയും നീർക്കെട്ടുമാണ് ആദ്യം ഉണ്ടാകുക. ക്രമേണ കാഠിന്യം കൂടി സന്ധികളെ കീഴ്പ്പെടുത്തും. ചലനത്തെ ബാധിക്കും, മറ്റു വൈകല്യങ്ങൾ വരും. ശരീരത്തിന്റെ കാവൽക്കാരായ പ്രതിരോധ വ്യവസ്ഥ ആന്റി ബോഡികൾ ഉണ്ടാക്കി സ്വന്തം ശരീരകോശങ്ങളെ തന്നെ ആക്രമിക്കുന്നതാണു രോഗകാരണം.