നൊറോവൈറസ്
Norovirus

നോറോ വൈറസ് എന്ന അതിവ്യാപന ശേഷിയുളള വൈറസ് പ്രധാനമായും ഛർദ്ദിയും അതിസാരവുമാണ് രോഗികളിൽ ഉണ്ടാക്കുക. ഇതിനാൽ വൊമിറ്റിങ് ബഗ് എന്ന് കൂടി ഈ വൈറസ് അറിയപ്പെടുന്നു. ഛർദ്ദിക്കും അതിസാരത്തിനും പുറമേ മനംമറിച്ചിൽ, വയർ വേദന, ഉയർന്ന പനി, തലവേദന, കൈകാൽ വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ ധാരാളം പാനീയങ്ങൾ കുടിച്ച് ആവശ്യത്തിന് വിശ്രമിച്ചാൽ രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കെട്ടടങ്ങും. നോറോവൈറസിന് കൊറോണ വൈറസുമായി നിരവധി സമാനതകളുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കൊറോണ വൈറസിനെ പോലെ ചിലരിൽ രോഗലക്ഷണം ഇല്ലാതെ അസുഖം പരത്താൻ നോറോവൈറസിനും കഴിയും. അതിവേഗം ജനിതക വ്യതിയാനം സംഭവിക്കുന്ന നോറോ വൈറസിന്റെ നിരവധി വകഭേദങ്ങൾ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ പോലും കാണാനാകും. നോറോവൈറസിന് സംഭവിക്കുന്ന ഈ അതിവേഗ വ്യതിയാനം മൂലം പലപ്പോഴും പരിശോധന കിറ്റുകൾക്ക് ഇവയെ തിരിച്ചറിയാൻ പോലുമായെന്ന് വരില്ല. കോവിഡിനെ പോലെ വ്യക്തികളിൽനിന്ന് വ്യക്തികളിലേക്ക് ശ്വാസ കണികകളിൽ കൂടി പകരാൻ നോറോവൈറസിനും സാധിക്കും. രോഗിയിൽ നിന്നും പുറത്തുവരുന്ന വൈറസ് കണികകൾ മുറിയിലാകെ പരക്കുകയും പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും ചെയ്യും. ഇത് സ്പർശിക്കുന്നവരുടെ കൈകളിലേക്ക് വൈറസ് പടരും. വൈറസ് നിറഞ്ഞ ഭക്ഷണസാധനങ്ങളും പ്രതലങ്ങളും ഇത്തരത്തിൽ രോഗപ്പകർച്ചയ്ക്ക് കാരണമാകും.