Activate your premium subscription today
പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചതോടെ അദ്ദേഹത്തിന്റെ മണ്ഡലമായിരുന്ന നിലമ്പൂർ കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. ആര്യാടൻ മുഹമ്മദിന്റെ ഈ തട്ടകത്തിൽ അദ്ദേഹത്തിന്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന ചർച്ചകളും സജീവമായി. ആര്യാടന്റെയും ഷൗക്കത്തിന്റെയും ബദ്ധവൈരിയായ അൻവറിന് ആ പ്രചാരണം ഇഷ്ടപ്പെട്ടില്ലെന്ന് ഷൗക്കത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കി. ആര്യാടൻ ഷൗക്കത്തിനെ കേരളം ആദ്യം അറിയുന്നത് ആര്യാടൻ മുഹമ്മദിന്റെ മകൻ എന്ന നിലയിൽ മാത്രമായിരുന്നില്ല. ശ്രദ്ധേയനായ തിരക്കഥാകൃത്തും നിർമാതാവുമായിട്ടാണ്. സിനിമയിൽനിന്ന് ഇടവേള എടുത്ത് പൂർണമായും രാഷ്ട്രീയത്തിൽ മുഴുകുന്ന ആര്യാടൻ ഷൗക്കത്ത് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. നിലമ്പൂരിലേക്ക് കേരളം ഉറ്റുനോക്കുമ്പോൾ ഷൗക്കത്തിന് പറയാനുള്ളത് എന്താണ്? മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി അദ്ദേഹം സംസാരിക്കുന്നു.
സിപിഎമ്മിന്റെ പ്രസാദാത്മകമായ മുഖമാണ് കെ.സുരേഷ് കുറുപ്പ്. മുൻ എംപിയും മുൻ എംഎൽഎയുമായ ഈ നേതാവ് പാർട്ടി പദവികളിൽ നിന്നു പടിയിറങ്ങാനുള്ള തീരുമാനം കഴിഞ്ഞ ദിവസം എടുത്തു. ആ താൽപര്യം അറിയിച്ച് പാർട്ടിയെ അദ്ദേഹം തന്നെ സമീപിക്കുകയായിരുന്നു. പ്രതിഷേധവും അമർഷവും വേദനയും ആ തീരുമാനത്തിനു പിന്നിൽ ദർശിക്കുന്നവരുണ്ട്. മധ്യതിരുവിതാംകൂറിലെ സിപിഎമ്മിന്റെ ഏറ്റവും സുപരിചിതനായ നേതാവായിട്ടും സുരേഷ് കുറുപ്പ് ഒരിക്കൽ പോലും മന്ത്രിയായില്ല. 30 വർഷത്തോളം ജില്ലാ കമ്മിറ്റി അംഗമായിട്ടും തൊട്ടു മുകളിലുള്ള ഘടകമായ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെട്ടുമില്ല. പാർലമെന്ററി–സംഘടനാ മേഖലകളിൽ അവസരം കിട്ടി എന്നതു ശരിയാണെങ്കിലും രണ്ടു രംഗത്തും ഉദ്ദേശിച്ച ഉയരങ്ങളിലേക്ക് കുറുപ്പ് എത്തുന്നത് തടയപ്പെട്ടോ? അദ്ദേഹത്തിന്റെ വൃത്തിയും വെടിപ്പും തെറ്റിദ്ധരിക്കപ്പെട്ടോ? വിഎസ് പക്ഷക്കാരനായി മുദ്രകുത്തപ്പെട്ടോ? കോട്ടയം ജില്ലാ കമ്മിറ്റി എന്ന സ്വന്തം ഘടകത്തിൽ നിന്നു മാറി സിപിഎമ്മിന്റെ ഒരു സാധാരണ അംഗമായി മാത്രം തുടരാനുള്ള തീരുമാനത്തിലേക്ക് തന്നെ നയിച്ചതിന്റെ കാരണങ്ങൾ ഈ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ കെ.സുരേഷ് കുറുപ്പ് സംസാരിക്കുന്നു.
ബിജെപി വിട്ട് കോൺഗ്രസിന്റെ ഭാഗമായ സന്ദീപ് വാര്യർ ഇന്ന് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. ബിജെപി സംസ്ഥാന സമിതി അംഗവും പാർട്ടി വക്താവുമായി പ്രവർത്തിച്ചിട്ടുള്ള സന്ദീപ് ആ പാർട്ടിയുടെ പരിചിതമായ മുഖങ്ങളിലൊന്നായിരുന്നു. ചാനൽ ചർച്ചകളിൽ ബിജെപിയുടെ ശക്തമായ നാവും. പൊടുന്നനെ ബിജെപിക്കെതിരെയാണ് സന്ദീപ് ഇന്ന് ശബ്ദിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതൃത്വത്തോടുളള തന്റെ അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞ അദ്ദേഹത്തെ കോൺഗ്രസ് റാഞ്ചിയത് തിരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിച്ച രാഷ്ട്രീയ നീക്കമായി. വെറുപ്പിന്റെ പാളയം വിട്ട് സ്നേഹത്തിന്റെ കടയുടെ ഭാഗമായെന്ന് അവകാശപ്പെട്ട സന്ദീപ് തന്നെ ആ തീരുമാനത്തിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ച് തുറന്നു പറയുന്ന അഭിമുഖം. ബിജെപിയിൽ കണ്ട കാഴ്ചകളും കോൺഗ്രസിൽ കണ്ടു തുടങ്ങിയ കാഴ്ചകളും തമ്മിലെ വ്യത്യാസം ‘ക്രോസ് ഫയറിൽ’ സന്ദീപ് വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സന്ദീപ് വാര്യർ സംസാരിക്കുന്നു.
കേരളം ഉറ്റുനോക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായ സി.കൃഷ്ണകുമാറാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാർ കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാർഥിയായിരുന്നു. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു മികച്ച വോട്ടു നേടിയാണ് കൃഷ്ണകുമാർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പാലക്കാട്ടും മലമ്പുഴയിലും പാർട്ടിയുടെ വോട്ട് ഉയർത്തിയ സ്ഥാനാർഥി എന്ന നിലയിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് ബിജെപി കൃഷ്ണകുമാറിനെ അവതരിപ്പിച്ചതും. എന്നാൽ സ്ഥാനാർഥിത്വം തൊട്ട് ഒരു പിടി വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. ബിജെപിയുടെ പ്രമുഖ നേതാവായ ശോഭ സുരേന്ദ്രൻ സ്ഥാനാർഥിത്വത്തിനായി സൃഷ്ടിച്ച സമ്മർദം തൊട്ട് കുഴൽപ്പണക്കേസും കടന്ന് സന്ദീപ് വാര്യരുടെ കലാപം വരെ അത് എത്തിനിൽക്കുന്നു. ഈ വിവാദങ്ങളിൽ തനിക്കു പറയാനുള്ളത് എന്തെന്ന് ആദ്യമായി സി.കൃഷ്ണകുമാർ പങ്കുവയ്ക്കുന്നു. മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ (തിരുവനന്തപുരം) സുജിത് നായരുമായി നടത്തിയ സംഭാഷണം.
കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ അമരത്ത് നിന്ന് നേരെ സിപിഎമ്മിന്റെ സ്ഥാനാർഥിത്വത്തിലേക്ക്! പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി ഡോ.പി.സരിനെ സിപിഎം തീരുമാനിച്ചതോടെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായി സരിനും അദ്ദേഹത്തിന്റെ കൂടുവിട്ട് കൂടു മാറലും മാറി.സിവിൽ സർവീസിൽ നിന്ന് രാജിവച്ച് രാഷ്ട്രീയ പ്രവർത്തകനാകുകയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെടുകയും ചെയ്ത സരിനെ സഖാവ് സരിൻ ആയി പാർട്ടി ഏറ്റെടുത്തത് കോൺഗ്രസിലും സിപിഎമ്മിലും സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചു. അസുഖകരമായ ചോദ്യങ്ങളുടെ കൂടി നടുവിലാണ് പി.സരിൻ.ചുറ്റും ഉയരുന്ന ആ ചോദ്യങ്ങളോട് മലയാള മനോരമ മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ ഡോ.പി.സരിൻ പ്രതികരിക്കുന്നു. കേരളം ഉറ്റുനോക്കുന്ന പാലക്കാട്ടെ ത്രികോണ മത്സരത്തിന്റെ സ്ഥാനാർഥികളുമായുള്ള അഭിമുഖ പരമ്പരയിലെ ആദ്യത്തേതു കൂടിയാണ് ഈ സംഭാഷണം. കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത ലക്കം ക്രോസ് ഫയറിൽ സംസാരിക്കും. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി പി.സരിൻ നടത്തിയ സംഭാഷണത്തിൽ നിന്ന്. കോൺഗ്രസിന്റെ സൈബർ പടനായകൻ. പാർട്ടിക്കു വേണ്ടി സിപിഎമ്മിനെ നിരന്തരം പ്രഹരിച്ചിരുന്നയാൾ. നിന്ന നിൽപ്പിൽ ആ പാർട്ടിയുടെ ഭാഗമാകുന്നു. മനസാക്ഷിക്കുത്ത് തോന്നുന്നില്ലേ? നിന്ന നിൽപ്പിൽ എന്ന പ്രയോഗത്തെ നിരാകരിക്കുന്നു. കോൺഗ്രസിന്റെ നിലനിൽപ്പിനുവേണ്ടിയും ആ പാർട്ടിക്കു വേണ്ട നല്ല മാറ്റങ്ങൾക്കു വേണ്ടിയും കുറേക്കാലമായി ഉള്ളിൽ നിന്നു പോരാടുന്ന ഒരു പാട് പേരുണ്ട്. ഇതു ഗതിപിടിക്കാൻ സാധ്യതയില്ലെന്ന് ഞങ്ങൾക്കെല്ലാം തോന്നിയിരുന്നു. അവനവിനിസത്തിലേക്കാണ് കോൺഗ്രസ് ചുരുങ്ങിയത്.
കേരളത്തിൽ നിന്നുള്ള സിപിഐയുടെ ദേശീയ നിർവാഹകസമിതി അംഗം എന്ന നിലയിൽ സംസ്ഥാനത്തെ സിപിഐ ശ്രേണിയിൽ രണ്ടാമനാണ് കെ.പ്രകാശ് ബാബു. എന്നാൽ പദവി കൊണ്ട് ശക്തനെങ്കിലും രാജ്യസഭയിലേക്കും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിലേക്കും ഒഴിവുകൾ ഉണ്ടായപ്പോൾ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ പ്രകാശ് ബാബു തഴയപ്പെട്ടു. സംഘടനയിലും അതിന്റെ രാഷ്ട്രീയത്തിലും സ്വാധീനശക്തിയായി തുടരുമ്പോഴും അവസരങ്ങൾ വരുമ്പോൾ അദ്ദേഹത്തിന് കാര്യങ്ങൾ ഭദ്രമല്ല. ഒരു ഘട്ടത്തിൽ കാനം രാജേന്ദ്രനു പിൻഗാമിയായി അദ്ദേഹം വരുമെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും സിപിഐയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ യോജിപ്പോടെ തീരുമാനിച്ചത് ബിനോയ് വിശ്വത്തിന്റെ പേരാണ്. സമീപകാല സംഭവവികാസങ്ങൾ ഇരുവരുടെയും ബന്ധത്തിൽ വിളളലുകൾ സൃഷ്ടിച്ചെന്നു കരുതുന്നവരുണ്ട്. സിപിഐയുടെ രാഷ്ട്രീയ നിലപാടുകൾ ആർജവത്തോടെ വ്യക്തമാക്കാറുള്ള കെ.പ്രകാശ് ബാബു ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കൂടി പശ്ചാത്തലത്തിൽ ഈ വിവാദങ്ങളെക്കുറിച്ച് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ ക്രെഡിറ്റ് ആ സമയത്ത് കെപിസിസി പ്രസിഡന്റിന്റെ ചുമതലയും യുഡിഎഫ് കൺവീനർ പദവിയും ഒരേ സമയം വഹിച്ച മുതിർന്ന നേതാവ് എ.എം.ഹസന് കൂടി അവകാശപ്പെടാം. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ചുമതല തിരിച്ചേൽക്കാനുള്ള കെ.സുധാകരന്റെ തീരുമാനത്തിന്റെയും തുടർ വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ആ കാലഘട്ടത്തെക്കുറിച്ചു പ്രതികരിക്കാനേ അന്ന് എം.എം.ഹസൻ തയാറായില്ല. ഇപ്പോൾ അന്നത്തെ ഐക്യാന്തരീക്ഷത്തിന്റെ കാരണങ്ങളും വീണ്ടും പാർട്ടിക്കകത്ത് തർക്കങ്ങൾ ഉടലെടുത്തതും വിലയിരുത്തി എം.എം.ഹസൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. പാർട്ടിയിലെ പുതിയ സർക്കുലർ വിവാദത്തിന്റെ പൊരുൾ എന്തെന്ന് ഇതിൽ അദ്ദേഹം മനസ്സ് തുറക്കുന്നു. പ്രിയപ്പെട്ട നേതാവ് ഉമ്മൻചാണ്ടിയുടെ ഓർമദിനം കെപിസിസി വേണ്ട വിധം ആചരിക്കാക്കാത്തതിൽ പാർട്ടിക്കുള്ളിലുള്ള അസംതൃപ്തി വെളിപ്പെടുത്തുന്നു. ഒപ്പം തദ്ദേശ തിരഞ്ഞെടുപ്പ് തയാറെടുപ്പുകളും വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എം.എം.ഹസൻ സംസാരിക്കുന്നു.
ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി നേടിയ അപ്രതീക്ഷിത അട്ടിമറി വിജയത്തോടെ തൃശൂർ ഇന്നു ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. ബിജെപി ആദ്യമായി കേരളത്തിൽ താമര വിരിയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആദ്യം കഴിയുന്ന ഒരാൾ സുരേഷ് ഗോപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ എൽഡിഎഫിന്റെ സ്ഥാനാർഥിതന്നെ: സിപിഐയുടെ വി.എസ്.സുനിൽകുമാർ. സുരേഷ് ഗോപിയും കെ.മുരളീധരനും സുനിൽകുമാറും ഒപ്പത്തിനൊപ്പം പോരാടുന്ന പ്രതീതിയാണ് തൃശൂരിൽ ആദ്യന്തം ഉണ്ടായത്. പക്ഷേ ഫലം വന്നപ്പോൾ എഴുപതിനായിരത്തിലേറെ വോട്ടിന്റെ വൻഭൂരിപക്ഷത്തിന് ബിജെപി ജയിച്ചു. തന്നെ ഞെട്ടിച്ച ആ തോൽവിയുടെ കാരണങ്ങൾ സുനിൽ ഈ അഭിമുഖത്തിൽ തുറന്നു പറയുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂർധന്യത്തിൽ പൂരം പ്രേമികളെ മുഴുവൻ രോഷത്തിലാക്കിയ പ്രശ്നങ്ങളുടെ ഉറവിടത്തെക്കുറിച്ചു വെളിപ്പെടുത്തുന്നു. എൽഡിഎഫിന്റെ മേയറടക്കം ബിജെപി പ്രചാരണത്തിന്റെ ഭാഗമായെന്നും സുനിൽ ആരോപിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വി.എസ്.സുനിൽകുമാർ മനസ്സു തുറക്കുന്നു.
കേരളം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എന്താകും? ‘ക്രോസ് ഫയറിൽ’ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുകയാണ് രാഷ്ട്രതന്ത്ര– തിരഞ്ഞെടുപ്പ് പഠന വിദഗ്ധനായ ഡോ.ജി.ഗോപകുമാർ. കാസർകോട് കേന്ദ്ര സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ കൂടിയായ ഡോ. ഗോപകുമാർ മൂന്നു പതിറ്റാണ്ടായി കേരളത്തിലെയും ഇന്ത്യയിലെയും തിരഞ്ഞെടുപ്പുകളും അടിയൊഴുക്കുകയും സസൂക്ഷ്മം വീക്ഷിച്ചും വിലയിരുത്തിയും പ്രവചന സ്വഭാവമുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. കേരള സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയായിരിക്കെ ഇരുപത്തിയഞ്ചിലേറെ തിരഞ്ഞെടുപ്പ് സർവേകൾക്കു നേതൃത്വം നൽകി. ഡൽഹിയിലെ പ്രശസ്തമായ സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപിങ് സ്റ്റഡീസിൽ (സിഎസ്ഡിഎസ്) നിന്നു തിരഞ്ഞെടുപ്പ് പഠനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചർച്ചകളിലെ ആധികാരിക ശബ്ദങ്ങളിലൊന്ന്. ലോക്സഭാ ഫലവുമായി ബന്ധപ്പെട്ട് എവർക്കും ആകാംക്ഷയുള്ള ചോദ്യങ്ങൾക്കുള്ള മറുപടികളാണ് ഈ അഭിമുഖത്തിൽ. ജനവിധി ഉണ്ടാക്കാനിടയുള്ള ചലനങ്ങളും ഒപ്പം വിശകലനം ചെയ്യുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ഡോ.ജി. ഗോപകുമാർ സംസാരിക്കുന്നു.
സിപിഎമ്മും മുഖ്യമന്ത്രിയും ഒരു പ്രശ്നത്തിൽ പെടുമ്പോൾ ഇപ്പോൾ ആദ്യം പ്രതികരണങ്ങൾക്കായി സമീപിക്കുന്നത് എ.കെ.ബാലനെയാണ്. അവരെ അദ്ദേഹം ഒരിക്കലും നിരാശരാക്കാറുമില്ല. ഉപമയും ഉത്പ്രേക്ഷയും ഒക്കെ ചേർത്ത് ബാലൻ പാർട്ടി നിലപാട് വ്യക്തമാക്കും. അതിന് ആരെങ്കിലും ബാലനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ? അദ്ദേഹം പാർട്ടിയുടെ ഔദ്യോഗിക വക്താവായോ? രാഷ്ട്രീയകേന്ദ്രങ്ങളിൽ ഈ ചോദ്യങ്ങൾ ഇല്ലാതില്ല. പാർട്ടിയുടെ മാധ്യമമുഖമായി എങ്ങനെയാണ് മാറിയെതന്ന് ഈ അഭിമുഖത്തിൽ എ.കെ.ബാലൻ വിശദീകരിക്കുന്നു. രസകരമായ പ്രയോഗങ്ങളുടെ പിന്നിൽ എന്തെന്ന് വെളിപ്പെടുത്തുന്നു. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ബാലൻ സിപിഎമ്മിന്റെ സംസ്ഥാന നേതൃനിരയിലെ പ്രമുഖരിൽ ഒരാളാണ്. പാർലമെന്ററി– സംഘടനാ രംഗങ്ങളിലെ ദീർഘകാലത്തെ അനുഭവ സമ്പത്തു കൈമുതലാക്കിത്തന്നെയാണ് പാർട്ടിക്കു ബാലൻ പരിച തീർക്കുന്നത്. ഇനി പാർലമെന്ററി രംഗത്തേയ്ക്കുണ്ടോ എന്ന ചോദ്യത്തിനും ബാലൻ ഈ അഭിമുഖത്തിൽ മറുപടി നൽകുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ എ.കെ.ബാലൻ സംസാരിക്കുന്നു.
Results 1-10 of 121