ചിമ്പു
Simbu

ഇന്ത്യൻ ചലച്ചിത്രനടനും സംവിധായകനുമാണ് ചിമ്പു എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സിലമ്പരസൻ.  വിജയ രാജേന്ദറിന്റേയും ഉഷ രാജേന്ദറിന്റേയും മകനായി തമിഴ്നാട്ടിലെ ചെന്നൈയിലാണ് ചിമ്പു ജനിച്ചത്. കുരലരസൻ എന്ന ഒരു സഹോദരനും ഇലക്കിയ എന്ന ഒരു സഹോദരിയുമുണ്ട്. ചെന്നൈയിലെ ഡോൺബോസ്കോ മട്രികുലേഷൻ ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ആശ്രം സ്കൂളിൽ നിന്നും ഓഡിയോ എൻജിനീയറിങ്ങ് കരസ്ഥമാക്കി. പിതാവ് സംവിധാനം ചെയ്ത സിനിമകളിൽ ബാലതാരമായി കടന്നുവന്ന സിലമ്പരസൻ ഒട്ടേറെ തമിഴ് ചലച്ചിത്രങ്ങളിലഭിനയിക്കുകയും നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.  

അച്ഛൻ സംവിധാനം ചെയ്ത കാതൽ അഴിവാതില്ലൈ (2002) എന്ന ചിത്രത്തിലാണ് സിലംബരശൻ തന്റെ ആദ്യ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. തമിഴിലും തെലുങ്കിലും കന്നഡത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ചിമ്പു ജ്യോതികയ്‌ക്കൊപ്പം അഭിനയിച്ച മന്മദനിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയത്. കാലൈ, സിലമ്പാട്ടം, വിണ്ണൈത്താണ്ടി വരുവായ എന്നിവ ഷിബുവിന് പ്രശസ്തി നേടിക്കൊടുത്ത ചിത്രങ്ങളാണ്.  ഗൗതം വാസുദേവ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത വിണ്ണൈത്താണ്ടി വരുവായ ഒരു തമിഴ് 'കൾട്ട് ക്ലാസിക്' ചിത്രമായി മാറി. സംവിധായകൻ കെ. ബാലചന്ദർ ഒരു തുറന്ന കത്തിൽ സിലംബരശന്റെ പ്രകടനം തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണെന്ന് വിശേഷിപ്പിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി (2006) സിലമ്പാട്ടം- ഇസൈയരുവി തമിഴ് സംഗീത പുരസ്കാരം (2009) വിണ്ണയ്താണ്ടി വരുവായ- എഡിസൺ അവാർഡ് മികച്ച നടൻ (2010) എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കാക്കാ മുട്ടൈ, ചെക്ക ചിവന്ത വാനം, കാറ്റിൻ മൊഴി,  ഈശ്വരൻ, മഹ തുടങ്ങിയവയാണ് സിലമ്പരസന്റെ പ്രധാന ചിത്രങ്ങൾ.  

തമിഴ് പിന്നണി ഗാന രംഗത്തും സിലംബരശൻ തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. സൊണ്ണാൽ താൻ കാദലയിൽ ആദ്യമായി പാടിയ അദ്ദേഹം വിവിധ സംഗീതസംവിധായകർക്കായി 90-ലധികം ഗാനങ്ങൾ ആലപിച്ചു. അദ്ദേഹം പ്രധാനമായും സ്വന്തം സിനിമകളിൽ പാടുകയും തന്റെ സുഹൃത്തും സഹ സംഗീതസംവിധായകനുമായ യുവശങ്കർ രാജയുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ സിനിമകളിലെ നിരവധി ഗാനങ്ങൾക്ക് വരികൾ എഴുതിയതും സിലംബരശനാണ്.  2011 ഡിസംബർ 27-ന് ലോകസമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി സിലംബരശൻ ചലച്ചിത്രേതര സിംഗിൾ "ലവ് ആന്തം ഫോർ വേൾഡ് പീസ് ആൻഡ് ലവ്" പുറത്തിറക്കി.  2013-ൽ, ജൂനിയർ എൻടിആറും കാജൽ അഗർവാളും അഭിനയിച്ച ശ്രീനു വൈറ്റ്‌ല സംവിധാനം ചെയ്ത ടോളിവുഡ് ചിത്രമായ ബാദ്ഷായിൽ അദ്ദേഹം ''ഡയമണ്ട് ഗേൾ'' പാടി. തെലുങ്ക് സംഗീതത്തിലെ അദ്ദേഹത്തിന്റെ ആദ്യ സംരംഭമായിരുന്നു ഇത്.  സന്താനം പ്രധാന വേഷത്തിൽ അഭിനയിച്ച സക്ക പോട് പോട് രാജ എന്ന ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.