സുധീർ പറവൂർ
Sudheer Paravoor

എറണാകുളം നോർത്ത് പറവൂർ കുട്ടൻ തുരുത്ത് സ്വദേശിയായ സുധീർ പറവൂർ  നിരവധി ടെലിവിഷൻ പരിപാടികളോടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ്.  1976 മാർച്ച് 21 ന് സുകുമാരന്റെയും ഷൈലയുടെയും മകനായി ജനിച്ചു. കൈതാരം ഗവണ്മെന്റ് ഹൈസ്കൂൾ നോർത്ത് പറവൂരിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പഠനകാലത്തു തന്നെ കലാ രംഗത്തും സജീവമായിരുന്ന സുധീർ നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കി. ഏകദേശം ഇരുപതു വർഷത്തോളമായി മിമിക്രി രംഗത്ത് സജീവമാണ് സുധീർ.  കെടാമംഗലം സൈനൻ ആയിരുന്നു ഗുരു.  നാടോടിക്കാറ്റ് എന്ന ഹാസ്യ പരിപാടിയിൽ സ്കൂൾ കലോത്സവം ആസ്പദമാക്കി അവതരിപ്പിച്ച കോമഡി സ്കിറ്റിൽ സുധീർ സ്വന്തമായി എഴുതി ആലപിച്ച ലളിതഗാനം (ക്ളിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സുള്ള തത്തെ) വലിയൊരു തരംഗം തന്നെ സൃഷ്ടിച്ചു. അതേ പരിപാടിയിൽ അവതരിപ്പിച്ച സംഘഗാനവും (തുഞ്ചന്റെ തത്തെ..) സുധീർ തന്നെ ആയിരുന്നു ചിട്ടപ്പെടുത്തിയത്.  തുടർന്ന് കുറെയധികം പാരഡി പാട്ടുകൾ എഴുതി. സ്കിറ്റുകളിലൂടെയും പാരഡി ഗാനങ്ങളിലൂടെയും ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന സമയത്താണ് സുധീർ സിനിമയിൽ എത്തുന്നത്.  ഭാസ്കർ ദി റാസ്ക്കൽ, പുതിയ നിയമം, മോഹൻലാൽ, മാർഗംകളി തുടങ്ങിയ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. പിന്നീട് കട്ടപ്പനയിലെ ഋതിക്ക് റോഷൻ,  യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. കക്ഷി: അമ്മിണിപിള്ള എന്ന സിനിമയിൽ അഭിനയിച്ചു എന്നത് കൂടാതെ അതെ ചിത്രത്തിൽ ഒരു പാട്ട് എഴുതുകയും അദ്ദേഹം തന്നെ ആലപിക്കുകയും ചെയ്തു. സുമേഷ് ആൻഡ് രമേശ്, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ അഭിനയ രംഗത്ത് സജീവമാവുകയാണ് സുധീർ പറവൂർ. ഭാര്യ ഷിമിലി. മകൻ സിയോൺ.