സുരേഷ് ഗോപി
Suresh Gopi

മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ താരമാണ് സുരേഷ്‌ഗോപി. ജൂണ്‍ 26, 1957-ൽ ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥൻ പിള്ളയുടെയും മകനായി കൊല്ലത്ത് ജനിച്ചു. 1965-ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോൾ ബാലതാരമായാണ്‌ സുരേഷ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് 1986-ൽ മമ്മൂട്ടി നായനായ 'പൂവിനു പുതിയ പൂന്തെന്നൽ' എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. തുടർന്ന് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. അതിൽ ശ്രദ്ധേയമായത് മോഹൻലാൽ നായനായ ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളാണ്. 

1994-ൽ കമ്മിഷണർ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതോടെ അദ്ദേഹം സൂപ്പർ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ലേലം എന്ന സിനിമയിലെ സ്റ്റീഫൻ ചാക്കോച്ചി എന്ന വേഷം പേരെടുത്തു പറയാവുന്നതാണ്. പിന്നീട് വന്ന വാഴുന്നോർ, പത്രം എന്നീ സിനിമകളും വൻ വിജയമായിരുന്നു. 1997-ൽ പുറത്തിറങ്ങിയ കളിയാട്ടം എന്ന സിനിമ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു.   2005-ൽ ഭരത്ചന്ദ്രൻ ഐപിഎസ് എന്ന പേരിൽ കമ്മിഷണറിന്റെ രണ്ടാം പതിപ്പിൽ അഭിനയിച്ചു.  തമിഴിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. .

2016 ഒക്ടോബറിൽ സുരേഷ് ഗോപി ഔദ്യോഗികമായി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു.  2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി അദ്ദേഹം കേരളത്തിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.  ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു അദ്ദേഹം . 

സുരേഷ്‌ഗോപിക്ക് നാല് മക്കൾ ഉണ്ട്.  ലക്ഷ്മി (മരണപ്പെട്ടു), ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ്. രാധികയാണ് ഭാര്യ. ഇപ്പോൾ തിരുവനന്തപുരം നഗരത്തിലുള്ള ശാസ്തമംഗലത്ത് കുടുംബസമേതം താമസിക്കുന്നു.