Activate your premium subscription today
ഫേൺഹിൽ ആശ്രമം. ലോകമെങ്ങും ഇന്ന് അറിയപ്പെടുന്ന പേര്. ഈ ഗുരുകുലത്തെപ്പറ്റി കേൾക്കുമ്പോൾ ആദ്യം ഒാർമയിലെത്തുക നിത്യചൈതന്യയതിയാണ്. ഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനും സാമൂഹിക പരിഷ്കർത്താവുമായ ഡോ.പൽപ്പുവിന്റെ മകൻ നടരാജഗുരുവാണ് 1923ൽ ഊട്ടിയിൽ നാരായണഗുരുകുലം ആരംഭിച്ചതെന്ന് അധികം പേർക്കും അറിയില്ല. അദ്ദേഹത്തിന്റെ ശിഷ്യനായ നിത്യചൈതന്യയതിയിലൂടെയാണ് പിന്നീട് അതു പ്രശസ്തമായതെന്നു മാത്രം. പിന്നീട്, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കേന്ദ്രമായി മാറിയ ഈസ്റ്റ് യൂണിവേഴ്സിറ്റി ഒാഫ് ബ്രഹ്മവിദ്യയുടെ തുടക്കവും ഇവിടെനിന്നാണ്. വിദ്യഭ്യാസവിചക്ഷണൻ കൂടിയായ നടരാജഗുരു ഇവിടെയാണ് ഏകലോക ഗവൺമെന്റ് എന്ന ആശയം അവതരിപ്പിച്ചതെന്നും മനസ്സിലാക്കാൻ കഴിയും. അതിർത്തികളും കാവൽക്കാരും സൈന്യവുമല്ല, സ്നേഹവും പരസ്പരവിശ്വാസവും മാനവികതയും സുരക്ഷിതമാക്കുന്ന ലോകമെന്ന ആശയമായിരുന്നു അത്. 1895 ഫെബ്രുവരി 11ന് മൈസൂരിൽ ജനിച്ച പി.നടരാജൻ കുട്ടിക്കാലത്ത് പലവിധത്തിൽ കടുത്ത ജാതിവിവേചനത്തിന് ഇരയായി. പക്ഷേ അങ്ങേയറ്റം കഠിനമായ സാഹചര്യങ്ങളിലും ഗുരുവചനത്തിൽ ഉറച്ചുനിന്ന് പരമാവധി വിദ്യഭ്യാസം നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമംവിജയിച്ചു. കുട്ടിയായിരിക്കെ, ശ്രീനാരായണഗുരുവിനെ തിരുവനന്തപുരത്തുവച്ചാണു നടരാജൻ ആദ്യം കാണുന്നത്. ഫേൺഹില്ലിന്റെ ചരിത്രം അവിടെനിന്നു തുടങ്ങുന്നു.
മുഖത്തോട് മുഖം നോക്കി ഗുരുവും ശിഷ്യനും! ശിവഗിരിക്കുന്നിൽ നാരായണഗുരുകുലത്തിന്റെ ബ്രഹ്മവിദ്യാമന്ദിരത്തിലുള്ള നടരാജഗുരുവിന്റെ സമാധിയിൽ നിന്ന് നേരേ കാണുന്നത് ശിവഗിരിയിലെ ശ്രീനാരായണഗുരു ദേവന്റെ മഹാസമാധി! ഗുരുവിനെ അറിഞ്ഞ ഉത്തമ ശിഷ്യനായിരുന്ന ‘നടരാജന്’ ഇതിൽപ്പരമെന്തു ധന്യത! ഗുരുവിന്റെ ഇച്ഛകൾ ഹൃദയത്തിലേറ്റി പ്രവർത്തിച്ച ശിഷ്യനായിരുന്നു പി.നടരാജൻ എന്ന നടരാജഗുരു.
Results 1-2