Activate your premium subscription today
22 ദിവസത്തെ സഭാ സമ്മേളനം തീരുന്ന ദിനത്തിലും ഒരു നാടകീയത കാത്തു വച്ചിരുന്നു. ഈ സമ്മേളനത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ സ്വകാര്യ സർവകലാശാലാ ബിൽ പാസാകുമെന്നതിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. വ്യവസ്ഥകളിൽ വിയോജിപ്പുണ്ടെങ്കിലും ആശയം തങ്ങളുടേതായിപ്പോയെന്ന തിരിച്ചറിവ് പ്രതിപക്ഷത്തെയും പൊതിഞ്ഞു. ഏകകണ്ഠമായി പാസാക്കി പുതു ചരിത്രം കുറിക്കാമെന്ന സർക്കാരിന്റെയും മന്ത്രി ആർ.ബിന്ദുവിന്റെയും പ്രതീക്ഷ, പക്ഷേ കെ.കെ.രമ എന്ന ഒറ്റയാൾ പട്ടാളം തകർത്തു. ‘പ്രതികൂലിക്കുന്നവർ’ എന്ന ചോദ്യം സ്പീക്കറിൽ നിന്ന് ഉണ്ടായപ്പോൾ 140 അംഗസഭയിൽ നിന്ന് ആ കൈ മാത്രം ഉയർന്നു.
∙ തുടർഭരണത്തിന്റെ വിളംബരമാണു നിയമസഭയിൽ കുറച്ചുദിവസമായി ഭരണപക്ഷം നടത്തുന്നത്. ബോധപൂർവമുള്ള രാഷ്ട്രീയനീക്കമാണ് അതെന്നു തിരിച്ചറിയാൻ പ്രതിപക്ഷം അൽപം വൈകിയോ എന്നു സംശയം. അതു തിരുത്താൻ ഉറപ്പിച്ചാണ് ഇന്നലെ അവർ സഭയിലെത്തിയത്. ഇപ്പോൾ തിരഞ്ഞെടുപ്പു നടത്തിയാൽ 100 സീറ്റുമായി യുഡിഎഫ് അധികാരത്തിലേറുമെന്ന പ്രഖ്യാപനത്തോടെ രമേശ് ചെന്നിത്തല പ്രത്യാക്രമണത്തിനു തുടക്കമിട്ടു.
പൊതുവിൽ തമാശക്കാരനായി കാണാറുള്ള കെ.ഡി.പ്രസേനൻ ജീവിതത്തെ തികച്ചും ഗൗരവത്തോടെ സമീപിക്കുന്നയാളാണെന്ന് ബോധ്യമായ മുഹൂർത്തത്തിന് ഇന്നലെ സഭ വേദിയായി. അനൗദ്യോഗിക ബില്ലുകളുടെ ‘വെള്ളിയാഴ്ച’ ആയിരുന്നു ഇന്നലെ. ‘മെഡിക്കൽ പഠനാവശ്യത്തിന് മൃതശരീരങ്ങൾ വിട്ടുനൽകലും പ്രോത്സാഹിപ്പിക്കലും’ ബില്ലുമായി മുഹമ്മദ് മുഹസിൻ എത്തിയപ്പോഴാണ് ‘വ്യത്യസ്തനായ പ്രസേനനെ’ സഭ തിരിച്ചറിഞ്ഞത്. വിദ്യാർഥികളുടെ ആവശ്യത്തിനായി ഭൗതിക ശരീരം വിട്ടുകൊടുക്കാൻ തയാറായ വ്യക്തിയായിരുന്നു തന്റെ പിതാവെന്നു പ്രസേനൻ പറഞ്ഞപ്പോൾ അഭിനന്ദന ശബ്ദം മുഴങ്ങി. കഴിഞ്ഞില്ല; അമ്മയും താനും ഭാര്യയും അതേ തീരുമാനം കൈക്കൊള്ളുകയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തവരാണെന്നു കൂട്ടിച്ചേർത്തതോടെ സഭ നിർന്നിമേഷമായി; മാതൃകാപരമായ ആ തീരുമാനത്തിന് അഭിനന്ദനങ്ങൾ ഒഴുകിയെത്തി..
സഭയെയും സഭാനാഥനായ സ്പീക്കറെയും അല്ലാതെ സഭാമന്ദിരത്തെ ഒരു എംഎൽഎ വണങ്ങിയതായി ഇന്നേവരെ കെട്ടിട്ടില്ല. ആ പുതുചരിത്രം കെ.ഡി.പ്രസേനൻ രചിച്ചു. ‘നട്ടാൽ കുരുക്കാത്ത നുണ ബോംബുകൾ ഓരോ നിമിഷവും പ്രതിപക്ഷം വർഷിച്ചിട്ടും കുലുങ്ങാതെ പിടിച്ചു നിൽക്കുന്ന സഭാ മന്ദിരത്തിനു നമോവാകം’ അർപ്പിച്ചാണ് പ്രസേനൻ പ്രസംഗം തുടങ്ങിയത്. ഈ പരിഹാസത്തിൽ പക്ഷേ പ്രതിപക്ഷമുണ്ടോ പിന്മാറുന്നു. അവർ പ്രതിഷേധം കൂടുതൽ കടുപ്പിക്കുക തന്നെ ചെയ്തു. അടിയന്തരപ്രമേയ നോട്ടിസിന്മേൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ഭരണപക്ഷം ശ്രമിച്ചതാണു പ്രകോപനം. ഇങ്ങനെയെങ്കിൽ മന്ത്രിമാർ പ്രസംഗിക്കുമ്പോൾ തിരിച്ചും കൈകാര്യം ചെയ്യുമെന്നു സതീശൻ മുന്നറിയിപ്പു നൽകി. ധനാഭ്യർഥന ചർച്ചയ്ക്കു മന്ത്രിമാർ മറുപടി നൽകാൻ തുനിഞ്ഞപ്പോൾ ആ പ്രതിഷേധ രീതിയിലേക്കു കടന്നില്ല; പകരം സഭ ബഹിഷ്കരിച്ചു. ആശാവർക്കർമാർക്ക് ഐക്യദാർഢ്യം തീർത്ത് ആ സമരപ്പന്തലിലേക്കു പോകുകയാണെന്നും സതീശൻ പ്രഖ്യാപിച്ചു. മന്ത്രിമാർക്കു പറയാനുള്ളതു കൂടി കേൾക്കാതെ ഇറങ്ങിപ്പോകുന്നതിലെ അനൗചിത്യം സ്പീക്കർ ചൂണ്ടിക്കാട്ടിയെങ്കിലും പ്രതിപക്ഷം പിൻവാങ്ങിയില്ല.
സിപിഎമ്മിന്റെ പുതിയ ബഹുനില ആസ്ഥാനമന്ദിരം തലസ്ഥാനത്തു വൈകാതെ ഉദ്ഘാടനം ചെയ്യാൻ പോകുന്നത് ‘മലയാള മനോരമ’യിൽ വായിച്ചാണ് കോവളം എംഎൽഎ എം.വിൻസന്റ് അറിഞ്ഞത്. പടുകൂറ്റൻ 9 നില കെട്ടിടം വെറും 2 വർഷം കൊണ്ടു പൂർത്തിയാക്കിയതിന് സിപിഎമ്മിനെ അദ്ദേഹം അഭിനന്ദിച്ചു. പാര, പിന്നാലെ വന്നു. ഈ ശുഷ്കാന്തി വികസനകാര്യത്തിൽ കൂടി ഉണ്ടായിരുന്നെങ്കിൽ!
ചർച്ച സാംസ്കാരിക, വിദ്യാഭ്യാസ വകുപ്പുകളെക്കുറിച്ച്. പക്ഷേ സംസ്കാരത്തിനു ചേരുന്ന പ്രയോഗങ്ങളും ആരോപണങ്ങളുമല്ല കേട്ടത്. ഇന്നലെ കൂടുതൽ കേട്ടതിതാണ്– ‘ആ പറഞ്ഞത് സഭാ രേഖകളിൽനിന്നു നീക്കണം സർ.’എസ്എഫ്ഐക്കെതിരെ കലിപൂണ്ട് പി.കെ.ബഷീർ പ്രസംഗിച്ചപ്പോഴും ആ ആവശ്യമുയരുകയും പരിശോധിക്കുമെന്നു സ്പീക്കർ പറയുകയും ചെയ്തു. ‘പറയാനുള്ളതു പറഞ്ഞു, നാട്ടുകാർ കേൾക്കുകയും ചെയ്തു, ഇനി എന്തു വേണേൽ ആയിക്കോളിൻ’ എന്നായിരുന്നു ബഷീറിന്റെ പ്രതികരണം.
∙ സിപിഎമ്മും മുസ്ലിം ലീഗും തമ്മിൽ ഇടയ്ക്ക് മൊട്ടിട്ട പ്രേമം തകർന്നതോടെ ഇരുകൂട്ടരും ബദ്ധശത്രുക്കളായതു നേര്. പക്ഷേ സിപിഎമ്മിനു കട്ടൻകാപ്പി എന്താണോ അതാണു ലീഗിനു ബിരിയാണി എന്ന ആമാശയബന്ധം സഭയിൽ വെളിപ്പെടുത്തിയത് എൻ.എ.നെല്ലിക്കുന്നാണ്. രണ്ടും ആ പാർട്ടിക്കാർക്കു പെരുത്തിഷ്ടം എന്നാണു വിചാരിച്ചതെങ്കിൽ തെറ്റി. കട്ടനും വടയും സിപിഎം ഉപേക്ഷിച്ചതു പോലെ ലീഗുകാർക്ക് ബിരിയാണിയും മടുത്തു! പകരം ലീഗ് യോഗങ്ങളിൽ അതിലും മുന്തിയ വിഭവങ്ങളാണു നിരക്കുന്നത്. അവയുടെ പേരു കൂടി പറഞ്ഞാൽ നിയന്ത്രണം വിട്ട് അടുത്ത നിമിഷം ട്രെയിൻ പിടിച്ച് പാണക്കാട്ടെത്തി എച്ച്.സലാം ലീഗ് മെംബർഷിപ്പെടുക്കുമെന്ന് നെല്ലിക്കുന്ന്. ബിരിയാണിയോ കുഴിമന്തിയോ എന്ന ചർച്ചയ്ക്കൊടുവിൽ ആ തീരുമാനവും തങ്ങൾക്ക് വിടുന്നതാണു ലീഗിൽ ആകെ നടക്കുന്നതെന്ന സലാമിന്റെ ആക്ഷേപത്തിനായിരുന്നു ഈ മറുപടി.
നവകേരള രചനയ്ക്ക് തുടക്കംകുറിച്ചെന്ന് സിപിഎം അവകാശപ്പെടുകയും എംഎൽഎമാർ നിയമസഭയിൽ വാഴ്ത്തിത്തുടങ്ങുകയും ചെയ്ത സംസ്ഥാന സമ്മേളനത്തെ ‘കൊള്ളസംഘക്കാരുടെ സമ്മേളന’മായി രാഹുൽ മാങ്കൂട്ടത്തിൽ വിശേഷിപ്പിച്ചാൽ ഭരണപക്ഷം വെറുതേയിരിക്കുമോ ? ആ ബഹളത്തിനിടയിൽ വിയർത്തുപോയത് താൽക്കാലിക അധ്യക്ഷനായ സി.കെ.ഹരീന്ദ്രനാണ്. അതു മനസ്സിലാക്കിയ സ്പീക്കർ എ.എൻ. ഷംസീറിനു തിരക്കിട്ട് തിരിച്ചെത്തേണ്ടിവന്നു.
കേരളത്തെ ലഹരി വിഴുങ്ങുന്നോ എന്ന ചോദ്യവും അതിന്റെ ആധിയും നിയമസഭയെ പൊതിഞ്ഞു. ആ മാരക വിപത്തിനെതിരെ കൈകോർത്തുനീങ്ങണമെന്ന വികാരമാണു സഭയെ നയിച്ചത്. പി.സി.വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ നോട്ടിസ് സഭ നിർത്തിവച്ചു ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാകുകയായിരുന്നു. ലഹരിക്കുടത്തിലെ ഭൂതം കേരളത്തെ വിഴുങ്ങാൻ ശ്രമിക്കുന്നതിന്റെ വ്യാപ്തി ഗൗരവത്തോടെ വിഷ്ണുനാഥ് അവതരിപ്പിച്ചു.
ബജറ്റിനെക്കുറിച്ച് പ്രതിപക്ഷത്തിനു മതിപ്പു തീരെയില്ലെങ്കിലും അവതരിപ്പിച്ച മന്ത്രിയോടു നീരസമില്ല. അതു കെ.എൻ.ബാലഗോപാലിന്റെ മിടുക്ക്. ആളു ധനമന്ത്രിയാണ്, മണ്ഡലത്തിൽ വല്ലതും നടക്കണമെങ്കിൽ അദ്ദേഹം കനിയുകയും വേണം. അതുകൊണ്ട് ബാലഗോപാൽ നിഷ്കളങ്കനാണെന്നുവരെ വച്ചുകാച്ചി പി.ഉബൈദുല്ല. വെറും നിഷ്കളങ്കനല്ല, തന്നെപ്പോലെ നിഷ്കളങ്കനാണെന്നും കൂട്ടിച്ചേർത്തു. ലേശം കളങ്കം ഉണ്ടായിരുന്നെങ്കിൽ കൊട്ടാരക്കരയും തളിപ്പറമ്പും ധർമടവും ആവർത്തിച്ച് ബജറ്റിൽ കടന്നുവരില്ലായിരുന്നു.
Results 1-10 of 125