അമിത് ഷാ
Amit Shah

കേന്ദ്ര ആഭ്യന്തര മന്ത്രിയും ഭാരതീയ ജനതാ പാർട്ടി (ബിജെപി) യുടെ മുതിർന്ന നേതാവുമാണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ. 2019 മേയ് 30നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായി അദ്ദേഹം ചുമതലയേറ്റത്.

ജീവിതം

1964 ഒക്ടോബർ 22 നു ബോംബെയിലെ ഗുജറാത്തി-ബനിയ കുടുംബത്തിലാണ് അമിത് ഷായുടെ ജനനം. പിതാവ് അനിൽചന്ദ്ര ഷാ വ്യാപാരിയായിരുന്നു. ബോംബെയിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിനായി ഗുജറാത്തിലേക്കു പോയി. അഹമ്മദാബാദിലെ സിയു ഷാ കോളജിൽ ബയോകെമിസ്ട്രിയിൽ ബിരുദം നേടിയ ശേഷം, പിതാവിന്റെ വ്യാപാരത്തിൽ സഹായിയായി. അഹമ്മദാബാദിലെ സഹകരണ സംഘങ്ങളിൽ ഓഹരി ദല്ലാളായും ജോലി ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) വിദ്യാർഥി സംഘടനയായ അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന്റെ (എബിവിപി) നേതാവായാണ് അമിത് ഷാ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1986 ൽ ബിജെപി അംഗമായി. 1991 ലെ പൊതു തിരഞ്ഞെടുപ്പിൽ എൽ.കെ. അഡ്വാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ചത് ഷാ ആയിരുന്നു.

1997 (ഉപതിരഞ്ഞെടുപ്പ്), 1998, 2002, 2007 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ സാകേജ് നിയോജകമണ്ഡലത്തിൽനിന്നു ജയിച്ച് നിയമസഭാംഗമായി. 2012 ലെ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ നാരാൺപുര മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു. വീണ്ടും ഗുജറാത്ത് നിയമസഭയിലെത്തി. 

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതല അമിത് ഷായ്ക്കായിരുന്നു. മത്സരിച്ച 80 സീറ്റുകളിൽ 73 സീറ്റുകളിലും വിജയിച്ച് ഉത്തർപ്രദേശിൽ ബിജെപി അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി. ഈ വിജയത്തോടെ, അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2014 മുതൽ 2020 വരെ ബിജെപി ദേശീയ അധ്യക്ഷനായി പ്രവർത്തിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹപ്രവർത്തകരിൽ ഒരാൾ കൂടിയാണ് അമിത് ഷാ. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ പല നിർണായക തീരുമാനങ്ങളും എടുത്തിരുന്നത് അമിത്  ഷാ ആയിരുന്നു.