ദിശ രവി
Disha Ravi

കര്‍ഷകരായ മുത്തശ്ശനും മുത്തശ്ശിയും കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതു നേരിട്ടു കണ്ടതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു പരിസ്ഥിതി പ്രവര്‍ത്തകയായ പെൺകുട്ടിയാണ് ദിശ രവി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ശക്തമായ നിലപാടുകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ഇരുപത്തിരണ്ടുകാരിയായ ദിശ. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.

പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും വനനശീകരണത്തിനും ഇടയാക്കുന്ന പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും എതിരെ ദിശയുടെ സംഘടന ശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു. ബെംഗളൂരുവില്‍ പല പ്രതിഷേധ പരിപാടികള്‍ക്കും നേതൃത്വം നല്‍കിയ ദിശ വിവിധ മാധ്യമങ്ങളില്‍ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ ആരോപണത്തില്‍ 2021 ഫെബ്രുവരി 14ന് ഡല്‍ഹി പൊലീസ് ദിശയെ അറസ്റ്റ് ചെയ്തു.

ജീവിതം

ബെംഗളൂരു മൗണ്ട് കാര്‍മല്‍ കോളജില്‍ ബിബിഎ പൂര്‍ത്തിയാക്കിയ ദിശ ഭക്ഷ്യോല്‍പന്ന കമ്പനിയില്‍ കളിനറി എക്‌സ്പീരിയന്‍സ് മാനേജരായി ജോലി ചെയ്യുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ ഗ്രേറ്റ ട്യുന്‍ബെര്‍ഗ് 2018-ല്‍ ആരംഭിച്ച 'ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍' (എഫ്എഫ്എഫ്) എന്ന പരിസ്ഥിതി കൂട്ടായ്മയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ സ്ഥാപകയാണ് ദിശ. 2019-ലാണ് സംഘടന ഇന്ത്യയില്‍ ആരംഭിച്ചത്.  

പ്രതിഷേധങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് ഉറച്ചു വിശ്വസിക്കുന്നയാളാണ് ദിശ. സ്വതന്ത്ര്യസമരം മുതല്‍ തന്നെ സമാധാനപരമായ പ്രതിഷേധങ്ങള്‍ ഇന്ത്യയിലെ പൊതുജീവിതത്തിന്റെ ഭാഗമാണെന്ന് ദിശ ഒരു അഭിമുഖത്തില്‍ പറഞ്ഞു. മനുഷ്യത്വപരവും മതപരവുമായി പ്രശ്‌നങ്ങളില്‍ നിരന്തരം പ്രതിഷേധങ്ങള്‍ നടക്കാറുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമാണ് ഇത്തരം പ്രതിഷേധങ്ങള്‍. സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ അതിനെ സഹായിക്കുന്നുമുണ്ട്്' - ദിശ പറയുന്നു

സമൂഹമാധ്യമങ്ങളിലൂടെ സമാനമനസ്‌കരായ സുഹൃത്തുക്കളെ കണ്ടെത്തിയാണ് ദിശ തന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഇവരില്‍ പലരെയും നേരിട്ടു കണ്ടിട്ടുപോലുമില്ലെന്ന് ദിശ പറഞ്ഞു. ഒരു നഗരത്തില്‍ മാത്രമായി പ്രവര്‍ത്തനം ഒതുക്കിനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരത്തില്‍ പ്രവര്‍ത്തനം ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കു വ്യാപിപ്പിക്കുന്നതെന്നും ദിശ പറഞ്ഞു.

 

'ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ ഇന്ത്യ' എന്ന കൂട്ടായ്മയില്‍ 150 പ്രവര്‍ത്തകരാണുള്ളത്. ഇതില്‍ മുപ്പതോളം പേര്‍ ബെംഗളൂരുവിലാണ്. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഗവേഷണം, പൊതു സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍, പരിസ്ഥിതിക്കു ദോഷകരമായ പദ്ധതികളെക്കുറിച്ച് ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍, സ്‌കൂളുകളില്‍ ഉള്‍പ്പെടെ ബോധവല്‍ക്കരണം എന്നിവയാണ് ദിശയുടെ സംഘടന നടത്തുന്നത്. 

കരട് ഇഐഎ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിനു ഇമെയിലുകളാണ് സംഘടന പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്ക് അയച്ചത്. തുടര്‍ന്ന് സംഘടനയുടെ വെബ്‌െൈസറ്റ് ബ്ലോക്ക് ചെയ്തിരുന്നു. 2020 ജൂലൈയില്‍ യുഎപിഎ കേസ് എടുക്കുമെന്നുള്ള ഭീഷണിയും ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ദിശയെയും കൂട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. രാജ്യമെമ്പാടും പരിസ്ഥിതിക്കു വിനാശകരമാകാവുന്ന പല പദ്ധതികള്‍ക്കെതിരെയും സംഘടന ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്നുണ്ട്.