ജെപി നഡ്ഡ
JP Nadda

2020 ജനുവരിയിൽ ബിജെപിയുടെ ദേശീയ പ്രസിഡൻറായി ജെ.പി.നഡ്ഡ സ്ഥാനമേറ്റു. 2019ൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനെ തുടർന്ന് പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി നദ്ദയെ നിയമിച്ചു. 2020ൽ അമിത് ഷാ സ്ഥാനം ഒഴിഞ്ഞതോടെയാണ് നഡ്ഡ ബിജെപിയുടെ പ്രസിഡന്റ് ആയത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിയുടെ പ്രവർത്തന ചുമതല നഡ്ഡയ്ക്കായിരുന്നു. പ്രതിപക്ഷ മഹാസഖ്യത്തെ തകർത്ത് ബിജെപിക്ക് യുപിയിൽ വൻ വിജയം നേടാനായത് നഡ്ഡയുടെ സംഘാടക മികവാണെന്നാണ് പാർട്ടി വിലയിരുത്തൽ. 

ജീവിതം

1960 ഡിസംബർ രണ്ടിന് ജഗത് പ്രകാശ് നഡ്ഡ എന്ന ജെ.പി.നഡ്ഡ ബിഹാറിലെ പട്‌നയിൽ ഡോ. നരേൻ ലാൽ നഡ്ഡയുടെയും കൃഷ്ണ നഡ്ഡയുടെയും മകനായി ജനിച്ചു. പട്‌നയിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലാണ് വിദ്യാഭ്യാസം. അതിനുശേഷം പട്‌ന കോളജ്, പട്‌ന യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് കോളജ് വിദ്യാഭ്യാസവും ഷിംലയിലെ ഹിമാചൽ പ്രദേശ് സർവകലാശാലയിൽനിന്ന് എൽഎൽബിയും കരസ്ഥമാക്കി. ഹിമാചൽ പ്രദേശ് യൂണിവേഴ്സിറ്റിയിലെ ഹിസ്റ്ററി അധ്യാപികയായിരുന്ന ഡോ. മല്ലിക നദ്ദയെ 1991 ഡിസംബർ 11 ന് വിവാഹം കഴിച്ചു. രണ്ട് ആൺമക്കളുണ്ട്. 

രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെയാണ് പൊതുജീവിതത്തിന് തുടക്കം. പട്ന സെൻറ് സേവ്യേഴ്സ് കോളജ് പഠനശേഷം ഹിമാചൽ സർവകലാശാലയിൽ നിയമബിരുദ പഠനത്തിന് ചേർന്നപ്പോൾ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി. അടിയന്തരാവസ്ഥക്കാലത്ത് സമര രംഗത്തിറങ്ങിയ നദ്ദ പിന്നീട് എബിവിപിയുടേയും യുവമോർച്ചയുടേയും നേതൃസ്ഥാനത്ത് എത്തി.

1993-ൽ ഹിമാചൽ നിയമസഭാംഗമായതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായി. തുടർന്ന് 1998-2003, 2007-2012 നിയമസഭകളിലും അംഗമായി. പ്രേം കുമാർ ധൂമൽ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചു. 2010ൽ ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ നദ്ദ 2012ൽ ഹിമാചൽ പ്രദേശിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2014ലെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായിരുന്നു. 2018ൽ രണ്ടാം തവണയും രാജ്യസഭാംഗമായി. നിശബ്ദനായ സംഘാടകൻ എന്നാണ് ബിജെപിയിലേയും സംഘപരിവാറിലെയും പ്രവർത്തകർക്കിടയിൽ ജെ.പി. നഡ്ഡ അറിയപ്പെടുന്നത്.