ജിഗ്നേഷ് മേവാനി | Jignesh Mevani

ദലിത് പ്രക്ഷോഭ നേതാവ്, ഗുജറാത്ത് എംഎൽഎ. നരേന്ദ്ര മോദിയുടെ ജില്ലയായ മേസാനയിൽ ജനിച്ച ജിഗ്നേഷ്, ചെറുപ്പത്തിൽ തന്നെ അഹമ്മദാബാദിലേക്കു ചേക്കേറി. നിയമബിരുദധാരി. കുറച്ചുകാലം പത്രപ്രവർത്തകനായിരുന്നു.

ജീവിതം

ഉനയിലെ ദലിത് പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയതോടെയാണ് ജിഗ്നേഷ് മേവാനിയുടെ പേര് ദേശീയതലത്തിൽ ഉയർന്നു കേൾക്കുന്നത്. ഉനയിൽ ചത്ത പശുക്കളുമായി ബന്ധപ്പെട്ടു ദലിത് യുവാക്കൾ പശുസംരക്ഷണവാദികളാൽ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. സംസ്ഥാനത്തെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ‘അസ്മിത യാത്ര’ക്ക് ജിഗ്നേഷ് മേവാനി നേതൃത്വം നൽകി. അഹമ്മദാബാദിൽ നിന്ന് തുടങ്ങിയ പദയാത്രയിൽ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് എണ്ണൂറോളം പേർ പങ്കെടുത്തു. 2016 ഓഗസ്റ്റ് 15ന് ഉനയിലായിരുന്നു യാത്രയുടെ സമാപനം.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനോട് അനുകൂല നിലപാടെടുത്ത ജിഗ്നേഷ് മേവാനി, ബനസ്കന്ത ജില്ലയിലെ വഡ്ഗാം മണ്ഡലത്തിൽനിന്നു സ്വതന്ത്രനായി മത്സരിച്ചു. 19,696 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ട്വീറ്റിന്റെ പേരിൽ അസം പൊലീസ് ജിഗ്നേഷിനെ 2022 ഏപ്രലി‍ൽ 20ന് ഗുജറാത്തിലെത്തി അറസ്റ്റ് ചെയ്തു. ഏപ്രിൽ 18നു കുറിച്ച ട്വീറ്റുകൾക്കെതിരെ അസമിലെ ബിജെപി നേതാവ് അരൂപ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 25ന് ഈ കേസിൽ ജാമ്യം കിട്ടിയതിനു പിന്നാലെ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചുവെന്ന കേസിൽ ജിഗ്നേഷിനെ വീണ്ടും അറസ്റ്റ് ചെയ്തു.

അസമിലെ കൊക്രജാർ മജിസ്ട്രേട്ട് കോടതി ജാമ്യം നൽകി മിനിറ്റുകൾക്കകം തൊട്ടടുത്തുള്ള ബർപേട്ടയിൽ നിന്നുള്ള പൊലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരന്നു. വനിതാ ഓഫിസറെ ആക്രമിച്ചു, ജോലി തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഈ കേസിൽ പൊലീസ് കസ്റ്റഡിയിലാണ് ജിഗ്നേഷിന്, ഏപ്രിൽ 29നു ജാമ്യം ലഭിച്ചു.