ജോ ബൈഡൻ
Joe Biden

അമേരിക്കൻ ഐക്യനാടുകളുടെ 47–ാമത്തെ വൈസ്പ്രസിഡന്റും 46–ാമത്തെ പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ജോസഫ് റോബിനെറ്റ ജോ ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ. ബറാക് ഒബാമയുടെ കീഴിൽ രണ്ടു തവണ അദ്ദേഹം ഉപരാഷ്ട്രപതി ആയിരുന്നു. 2009 ജനുവരി 20-നാണ്‌ വൈസ് പ്രസിഡന്റായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു. 1973 മുതൽ 2009ൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത് വരെ ഡെലവെയറിനെ പ്രതിനിധീകരിച്ച്‌ അമേരിക്കൻ സെനറ്റിൽ അംഗമായിരുന്നു. അമേരിക്കൻ ഡമോക്രാറ്റിക് പാർട്ടി അംഗമാണ്. തുടർച്ചയായി രണ്ടു തവണ അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്നു.

ജീവിതം

1942 നവംബർ 20നു പെൻസിൽവേനിയയിലെ സ്ക്രാന്റനിൽ ജനനം. പഠിച്ചു വളർന്നത് ഡെലവെയറിലെ ന്യൂ കാസിലിൽ. ഡെലവെയർ സർവകലാശാലയിലും സിറക്യൂസ് സർവകലാശാലയിലും പഠനം. ന്യൂ കാസിൽ കൗണ്ടി കൗൺസിൽ അംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങി, 1972 മുതൽ 2009 വരെ സെനറ്റർ. സെനറ്റ് ജുഡീഷ്യറി സമിതിയുടെയും വിദേശകാര്യ സമിതിയുടെയും അധ്യക്ഷനായി സേവനം. 8 വർഷം ബറാക് ഒബാമയുടെ വിശ്വസ്തനായ വൈസ് പ്രസിഡന്റായിരുന്നു.

അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകുന്ന ജോ ബൈഡനു വരുന്ന 20ന് 78 വയസ്സു തികയും. അര നൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിന്റെ അനുഭവ സമ്പത്താണ് ബൈഡന്റെ ഏറ്റവും വലിയ ശക്തി.

പ്രതിസന്ധികളും ദുരന്തങ്ങളും പിന്നിട്ടതാണു ബൈഡന്റെ ജീവിതം. കുട്ടിക്കാലത്തു സംസാരതടസ്സമായിരുന്നു പ്രശ്നം. ബൈഡൻ അത് അതിജീവിച്ചു. 1972 ൽ ഭാര്യ നെലിയയും ഒരു വയസ്സുള്ള മകൾ നവ്മിയും കാറപകടത്തിൽ മരിച്ചു. 2 ആൺമക്കൾക്കും ഗുരുതരമായി പരുക്കേറ്റു. അതേ വർഷം ബൈഡൻ ആദ്യവട്ടം സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു.

ആദ്യ ഭാര്യ അപകടത്തിൽ മരിച്ച് 5 വർഷത്തിനുശേഷം ജിൽ എന്ന കോളജ് അധ്യാപികയെ വിവാഹം ചെയ്തു. നവ്മിക്കു പകരമെന്ന പോലെ അവർക്ക് ആഷ്ലി എന്ന മകൾ പിറന്നു.

1988 ൽ 46–ാം വയസ്സിൽ പ്രസിഡന്റ് പദവിയിലേക്കുള്ള ഡമോക്രാറ്റ് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ പ്രചാരണം നടത്തുന്നതിനിടെ, ബൈഡനെതിരെ പ്രസംഗ കോപ്പിയടി വിവാദങ്ങളുണ്ടായി. ഇതോടെ അദ്ദേഹം പിൻവാങ്ങി. അർബുദം ബാധിച്ച് 2015 ൽ മകൻ ബോ മരിച്ചതായിരുന്നു പിൽക്കാലത്തുണ്ടായ മറ്റൊരു ആഘാതം. തൊട്ടടുത്ത വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ബൈഡനെ പലരും നിർബന്ധിച്ചു. പകരം ഹിലറി ക്ലിന്റനു വേണ്ടി പ്രചാരണം നടത്തി. അന്ന് ഹിലറിയെ തോൽപ്പിച്ച ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം പുതിയ കാലത്തിനു തുടക്കമിടുന്നത്.