കെ മുരളീധരൻ
K Muralidharan

കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവും വടകരയിൽ നിന്നുള്ള ലോക്സഭാംഗവും. മുൻ കെപിസിസി പ്രസിഡന്റ്. മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോണ‍ഗ്രസ് നേതാവും ആയിരുന്ന കെ. കരുണാകരന്റെ മകൻ.

ജീവിതം

കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മേയ് 14-ന് തൃശൂരിൽ ജനനം. തൃശൂർ പൂങ്കുന്നം ഗവ. ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും നേടി. 

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷകസംഘടനയായ സേവാദൾ പ്രവർത്തകനായി രാഷ്ട്രീയപ്രവേശനം. 1989ൽ കോഴിക്കോട് മണ്ഡലത്തിൽനിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. തുടർന്ന് 1991ലും കോഴിക്കോട് മണ്ഡലത്തിൽ നിന്നു ലോക്‌സഭയിലെത്തി. 1996ൽ കോഴിക്കോട്ടും 1998ൽ തൃശൂരിലും പരാജയപ്പെട്ടു. 1992ൽ കെപിസിസി ജനറൽ സെക്രട്ടറിയും 1999ൽ ഏക വൈസ് പ്രസിഡന്റുമായി. 2001ൽ കെപിസിസി പ്രസിഡന്റ്. 2003ൽ കോൺഗ്രസിന്റെ രാജ്യസഭാ സ്‌ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് രാജിവച്ചു. 2004ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ രാജിവയ്‌ക്കേണ്ടി വന്നു.

2005 മാർച്ചിൽ കോൺഗ്രസിൽ നിന്നു സസ്‌പെൻഡ് ചെയ്യപ്പെട്ടു. തുടർന്ന് ഡിഐസി(കെ) രൂപീകരിച്ചപ്പോൾ സംസ്‌ഥാന പ്രസിഡന്റായി. 2006ൽ കൊടുവള്ളിയിൽ ഡിഐസി സ്‌ഥാനാർഥിയായി മത്സരിച്ചു തോറ്റു. ആ വർഷം തന്നെ ഡിഐസി എൻസിപിയിൽ ലയിച്ചപ്പോൾ മുരളീധരൻ എൻസിപി സംസ്‌ഥാന പ്രസിഡന്റായി. എൻസിപി എൽഡിഎഫിൽ നിന്നു പുറത്തായപ്പോൾ 2009ൽ മുരളീധരൻ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചു മൂന്നാം സ്‌ഥാനത്തെത്തി.

2011, 2016 വർഷങ്ങളിൽ വട്ടിയൂർകാവിൽനിന്ന് നിയമസഭയിലെത്തി. 2019ൽ വടകരയിൽനിന്ന് സിപിഎമ്മിനെ പി. ജയരാജനെ പരാജയപ്പെടുത്തി ലോക്സഭയിലെത്തി. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.