കാനം രാജേന്ദ്രൻ
Kanam Rajendran

സിപിഐ സംസ്ഥാന സെക്രട്ടറി. എഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസി‍ഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. രണ്ടുവട്ടം എംഎൽഎയായി. എഴുപതുകളിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാജേന്ദ്രൻ രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്.

ജീവിതം

കോട്ടയം ജില്ലയിലെ കാനം എന്ന സ്ഥലത്ത് കൊച്ചുപുരയിടത്തിൽ വി.കെ.പരമേശ്വരൻ നായരുടേയും ടി.കെ. ചെല്ലമ്മയുടേയും മകനായി 1950 നവംബർ 10ന് ജനിച്ചു. പൊതുപ്രവർത്തകനായപ്പോൾ പേരിനൊപ്പം നാടിന്റെ പേരുകൂടി ചേർത്തു. ഇരുപതാം വയസ്സിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയും ഇരുപത്തിയഞ്ചാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിലുമെത്തിയ കാനം 40 വർഷം കഴിഞ്ഞാണ് സംസ്ഥാന സെക്രട്ടറിയാകുന്നത്. എം.എൻ.ഗോവിന്ദൻനായർ, എൻ.ഇ.ബലറാം, സി.അച്യുതമേനോൻ, ടി.വി.തോമസ്, വെളിയം ഭാർഗവൻ എന്നിവരോടൊപ്പമുള്ള പ്രവർത്തനം വലിയ അനുഭവസമ്പത്തായി.

1982ലും 1987ലും വാഴൂരിൽനിന്ന് എംഎൽഎയായി. മികച്ച നിയമസഭാ സാമാജികനെന്ന നിലയിൽ രാഷ്ട്രീയ കേരളത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാൽ പിന്നീടുള്ള മൽസരങ്ങളിൽ വാഴൂരിൽ പരാജയപ്പെട്ടു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചത് ട്രേഡ് യൂണിയൻ രംഗത്ത് അതുല്യ സംഘാടകനാണെന്നും തെളിയിച്ചിട്ടുണ്ട്. വനജയാണ് ഭാര്യ. മക്കൾ: സന്ദീപ്, സ്മിത.