കെസി വേണുഗോപാൽ
KC Venugopal

രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ എംപിയായ കെ.സി.വേണുഗോപാൽ, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ്. രണ്ടാം യുപിഎ സർക്കാരിൽ സഹമന്ത്രിയായിരുന്നു. 1992 മുതൽ 2000 വരെ തുടർച്ചയായ എട്ടു വർഷം  യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റും 1987 മുതൽ ’92 വരെ കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റുമായിരുന്നു. സംസ്‌ഥാന മന്ത്രിയായും കോൺഗ്രസിന്റെ ചീഫ് വിപ്പായും പ്രവർത്തിച്ചു. 1996, 2001, 2006 വർഷങ്ങളിൽ ആലപ്പുഴയിൽനിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ആലപ്പുഴയിൽനിന്നു വിജയിച്ചു.

ജീവിതം

കണ്ണൂർ ജില്ലയിലെ കണ്ടോന്താർ കൊഴുമ്മൽ ചാറ്റടിയിൽ പരേതനായ കുഞ്ഞികൃഷ്‌ണൻ നമ്പിയുടെയും ജാനകിയമ്മയുടെയും മകൻ സ്‌കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ കെഎസ്‌യുവിലൂടെ സജീവ രാഷ്‌ട്രീയത്തിലെത്തി. പയ്യന്നൂർ മാതാപുരം ഹൈസ്‌കൂളിൽനിന്നു പയ്യന്നൂർ കോളജിൽ പ്രീഡിഗ്രിക്കു ചേരുമ്പോഴേ വേണുഗോപാൽ കെഎസ്‌യുവിന്റെ സജീവപ്രവർത്തകനായി മാറിയിരുന്നു.

 

പയ്യന്നൂർ കോളജിലെ പഠനകാലത്തു തുടർച്ചയായി അഞ്ചുവർഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. രാഷ്‌ട്രീയവും വോളിബോൾ കളിയും പഠനവും ഒരുപോലെ ഒക്കത്തുവച്ച വേണുഗോപാൽ ഗണിതശാസ്‌ത്രത്തിൽ എംഎസ്സി മികച്ച മാർക്കോടെ പാസായാണു കോളജ് വിട്ടത്. തുടർന്നു തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമപഠനം പൂർത്തിയാക്കി.

 

1987ൽ കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റായതോടെ കോൺഗ്രസ് രാഷ്‌ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അഞ്ചുവർഷം ഇതേ സ്‌ഥാനത്തു തുടർന്ന കെസിക്കു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 1992 മുതൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റായ വേണുഗോപാൽ 2000 വരെ തുടർച്ചയായി എട്ടുവർഷം ആ സ്‌ഥാനത്തു തുടർന്നു. കെഎസ്‌യു പ്രസിഡന്റായിരിക്കേ ലീഡർ കെ. കരുണാകരന്റെ വിശ്വസ്‌തനായി വളർന്ന കെ.സി. കാസർകോട്ടു നിന്നു ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും നേരിയ മാർജിനിൽ തോറ്റു. അവിടെനിന്ന് ആലപ്പുഴയിലെത്തിയ കെസിക്കു പിന്നെ വൻവളർച്ചയുടെ കാലമായിരുന്നു.

 

1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച മാർജിനിൽ വിജയിച്ച് നിയമസഭയിലേക്കു പോയപ്പോൾ 30 വർഷത്തിനു ശേഷമാണു കോൺഗ്രസിന് ആലപ്പുഴ മണ്ഡലത്തിൽ നിന്നു നിയമസഭാംഗമുണ്ടായത്. 2001ലും 2006ലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ഹാട്രിക് തികച്ചു. 2004ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ദേവസ്വം, ടൂറിസം മന്ത്രിയായി. 2009ൽ എംഎൽഎ സ്ഥാന രാജിവച്ച്, ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. 2011 മുതൽ 2014 വരെ കേന്ദ്ര സഹമന്ത്രി സ്ഥാനവും ലഭിച്ചു. 2014ൽ ജയം ആവർത്തിച്ചു. 2018ൽ എഐസിസി ജനറൽ സെക്രട്ടറിയായി. 2020ൽ രാജസ്ഥാനിൽനിന്നു രാജ്യസഭാംഗമായി.