കോടിയേരി ബാലകൃഷ്ണൻ
Kodiyeri Balakrishnan

മുതിർന്ന സിപിഎം നേതാവ്. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം. മുൻ സംസ്ഥാന ആഭ്യന്തര മന്ത്രി. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി. വിദ്യാർഥി പ്രസ്‌ഥാനത്തിലൂടെ രാഷ്‌ട്രീയത്തിലെത്തി സിപിഎമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയിൽ വരെയെത്തിയ കോടിയേരി ബാലകൃഷ്‌ണൻ കമ്യൂണിസ്‌റ്റുകാരന്റെ ചിരിക്കുന്ന മുഖമാണ്.

 

സിപിഎം ഈങ്ങയിൽപീടിക ബ്രാഞ്ച് സെക്രട്ടറിയായി പാർട്ടിയിൽ സജീവമായ അദ്ദേഹം ബിരുദ വിദ്യാർഥിയായിരിക്കേ, 20–ാം വയസിൽ എസ്എഫ്െഎ സംസ്ഥാന സെക്രട്ടറിയായി. ആറുവർഷം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. രാഷ്‌ട്രീയ പ്രക്ഷോഭങ്ങളിലും പാർലമെന്ററി രംഗത്തും ഒരുപോലെ ശോഭിച്ച അദ്ദേഹം അഞ്ചു തവണ നിയമസഭാംഗമായി. 2006ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരമന്തിയായിരുന്നു. സിപിഎമ്മിന്റെ തീപ്പൊരി പ്രസംഗകരിൽ ഒരാളാണ്.

ജീവിതം

കല്ലറ തലായി എൽപി സ്‌കൂൾ റിട്ട. അധ്യാപകൻ പരേതനായ കോടിയേരി മൊട്ടമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും പരേതയായ നാരായണിയമ്മയുടെയും മകനായി 1953 നവംബർ 13നാണ് ജനനം. കോടിയേരി ഒണിയൻ ഹൈസ്കൂൾ, മാഹി മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവടങ്ങളിൽ വിദ്യാഭ്യാസം. ഓണിയൻ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിൽ പടിക്കുമ്പോൾ കെഎസ്‌എഫ് യൂണിറ്റ് സെക്രട്ടറിയായി. പിന്നീട് മാഹി കോളജിൽ യൂണിയൻ ചെയർമാനുമായി. എസ്‌എഫ്‌ഐ പ്രവർത്തനത്തോടൊപ്പം ട്രേഡ് യൂണിയൻ രംഗത്തും സജീവമായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലായിരുന്നു ബിരുദവിദ്യാഭ്യാസം.

 

അടിയന്തിരാവസ്‌ഥ കാലത്ത് മിസാ പ്രകാരം അറസ്‌റ്റ് ചെയ്യപ്പെട്ടു. 16 മാസം കഴിഞ്ഞ് അടിയന്തരാവസ്‌ഥ പിൻവലിച്ചതിനു ശേഷമാണ് ജയിൽ മോചിതനായത്. പിന്നീട് എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായി. ’94ൽ സംസ്‌ഥാന സെക്രട്ടേറിയറ്റിലും പിന്നീടു കേന്ദ്ര കമ്മിറ്റിയിലും എത്തി. 2008ൽ പൊളിറ്റ്ബ്യൂറോ അംഗം. കേരള കർഷക സംഘം സംസ്‌ഥാന ട്രഷറർ, അഖിലേന്ത്യാ കിസാൻസഭാ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2015ൽ സിപിഎം സംസ്‌ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018ൽ വീണ്ടും സെക്രട്ടറിയായെങ്കിലും 2020 നവംബറിൽ ആരോഗ്യകാരണങ്ങളാൽ താൽക്കാലികമായി ഒഴിവായി. 1982, 87, 2001, 2006, 2011 വർഷങ്ങളിൽ തലശേരിയിൽ ന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006, 2011 വർഷങ്ങളിൽ പ്രതിപക്ഷ ഉപനേതാവായിരുന്നു. ഭാര്യ: തലശേരി മുൻ എംഎൽഎ പരേതനായ എം.വി. രാജഗോപാലന്റെ മകൾ എസ്.ആർ. വിനോദിനി മക്കൾ: ബിനോയ്, ബിനീഷ്.