എംഎം മണി
MM Mani

മുൻ വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും. 27 വർഷം സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽനിന്ന് 38,305 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തി.

ജീവിതം

കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടക്കൽ വീട്ടിൽ മാധവന്റെയും ജാനകിയുടേയും ഏഴു മക്കളിൽ ഒന്നാമനായി 1944 ഡിസംബർ 12ന് ജനനം. 14ാം വയസ്സിൽ പാർട്ടിപ്രവർത്തനം തുടങ്ങി.  1966ൽ പാർട്ടി അംഗത്വം ലഭിച്ചു.1970ൽ സിപിഎം ബൈസൺവാലി ലോക്കൽ കമ്മിറ്റി സെക്രട്ടറി. പിറ്റേവർഷം രാജാക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. 1974ൽ ജില്ലാ കമ്മിറ്റി അംഗം.

അടിയന്തരാവസ്‌ഥക്കാലത്ത് ദേവികുളം താലൂക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1977ൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി. 1985ൽ ജില്ലാ സെക്രട്ടറിയും. തുടർന്നു സംസ്‌ഥാന കമ്മിറ്റി അംഗവുമായി. ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.

1996 ൽ ഉടുമ്പൻചോല മണ്ഡലത്തിൽ മത്സരിച്ച മണി മൂവായിരത്തിൽപരം വോട്ടിന് കോൺഗ്രസിലെ ഇ എം അഗസ്തിയോട് തോറ്റു. 2016, 2021 തിരഞ്ഞെടുപ്പുകളിൽ ഉടുമ്പൻചോലയിൽ നിന്ന് വിജയിച്ചു. ഒന്നാം പിണറായി മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു.