രമേശ് ചെന്നിത്തല
Ramesh Chennithala

കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയും. നിലവിൽ പതിനഞ്ചാം കേരള നിയമസഭയിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാസാമാജികൻ.

ജീവിതം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെന്നിത്തലയിൽ വി.രാമകൃഷ്ണൻ നായരുടെയും ദേവകിയമ്മയുടെയും മകനായി 1956 മേയ് 25ന് ജനനം.1970ൽ ചെന്നിത്തല ഹൈസ്‌കൂളിൽ കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം 1980ൽ കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട്ടു നിന്നു സിപിഎം നേതാവ് അഡ്വ. പി.ജി. തമ്പിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. തൊട്ടടുത്ത വർഷം എൻഎസ്ഐ ദേശീയ പ്രസിഡന്റായി ഡൽഹിയിലേക്ക്. 1985ൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി. 1986ൽ 28 ാം വയസ്സിൽ കരുണാകരൻ മന്ത്രിസഭയിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ചുമതലയേറ്റു. അതേ കൊല്ലം തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായി. ’87 ൽ വീണ്ടും ഹരിപ്പാട്ടു നിന്നു നിയമസഭാംഗമായി. ’89ൽ കോട്ടയത്തു സിറ്റിങ് എംപി സുരേഷ് കുറുപ്പിനെ തോൽപിച്ചു പാർലമെന്റിലേക്ക്. 1990ൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയും ദക്ഷിണേന്ത്യക്കാരനുമായിരുന്നു രമേശ്.

1991ൽ കോട്ടയത്തു നിന്നു വീണ്ടും പാർലമെന്റിലേക്ക്. 1995ൽ എഐസിസി ജോയിന്റ് സെക്രട്ടറിയായി. 1996ൽ വീണ്ടും കോട്ടയം എംപി. 1998ൽ എഐസിസി സെക്രട്ടറിയായി. ’99ൽ മാവേലിക്കരയിൽ നിന്നു പാർലമെന്റംഗമായി. 2001ൽ അഞ്ചു സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള എഐസിസി സെക്രട്ടറിയായി. 2004ൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ അംഗത്വം.

2005ൽ രമേശ് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തി–കെപിസിസി പ്രസിഡന്റ് ആയി.  2011ൽ ഹരിപ്പാട്ടു നിന്നു വീണ്ടും നിയമസഭയിലേക്ക്. 2014ൽ ആഭ്യന്തര- വിജിലൻസ് വകുപ്പു മന്ത്രിയായി ചുമതലയേറ്റു. 2016, 2021 തിരഞ്ഞെടുപ്പുകളിലും ഹരിപ്പാട്ടു നിന്നു വിജയിച്ചു.