ഷാഫി പറമ്പിൽ
Shafi Parambil

തുടർച്ചയായ മൂന്നു തവണ പാലക്കാട് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. കെഎസ്‌യു മുൻ സംസ്‌ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 

ജീവിതം

പട്ടാമ്പി കൊണ്ടൂർക്കര പറമ്പിൽ ഷാനവാസിന്റെയും മൈമുനയുടെയും മകനായ ഷാഫി പട്ടാമ്പി ഗവ. സംസ്‌കൃത കോളജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായാണ് സജീവ പ്രവർത്തനം തുടങ്ങിയത്. രണ്ടു പതിറ്റാണ്ടിനു ശേഷം കോളജിലെ ജനറൽ സെക്രട്ടറി സ്‌ഥാനം പിടിച്ചെടുത്താണ് ഷാഫിയുടെ രാഷ്‌ട്രീയ ഇന്നിങ്‌സിന്റെ തുടക്കം.

കെഎസ്‌യു പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. എംബിഎ ബിരുദം നേടിയ ചെറുപ്പക്കാരനെ എഐസിസി ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയും ശ്രദ്ധിച്ചതോടെ ഷാഫിയുടെ പുതിയ ഇന്നിങ്‌സ് പിറന്നു. ഏറെക്കാലത്തെ ഇടവേളയ്‌ക്കു ശേഷം കെഎസ്‌യുവിന്റെ തിരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാന പ്രസിഡന്റായി. ഇടതുപക്ഷ സർക്കാരിന്റെ വിദ്യാഭ്യാസമേഖലയിലെ നയങ്ങൾക്കെതിരെ ഷാഫി നടത്തിയ പോരാട്ടങ്ങളും ശ്രദ്ധേയമായിരുന്നു. 2011ൽ ഇരുപത്തിയെട്ടാം വയസ്സിലാണ് ഷാഫി നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2016, 2021 തിരഞ്ഞെടുപ്പുകളിലും ജയം ആവർത്തിച്ചു. 2021ൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മെട്രോമാൻ ഇ.ശ്രീധരനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ഷാഫി പരാജയപ്പെടുത്തിയത്.