ശ്രീറാം വെങ്കിട്ടരാമൻ
Sriram Venkitaraman

ആലപ്പുഴ ജില്ലയുടെ പുതിയ കലക്ടർ. നേരത്തേ ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറും മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയുമായിരുന്നു. മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിലെ പ്രതിയാണ്. ഏറെക്കാലം സസ്‌പെൻഷനിലായിരുന്ന ശ്രീറാമിനെ സർവീസിൽ തിരിച്ചെടുത്തതു വിവാദമായി. എംബിബിഎസ് പഠനം കഴിഞ്ഞു 2013ൽ രണ്ടാം റാങ്കോടെയാണു ശ്രീറാം സിവിൽ സർവീസിൽ പ്രവേശിച്ചത്. ദേവികുളം സബ് കലക്ടർ പദവിയിലിരുന്നു കയ്യേറ്റമൊഴിപ്പിക്കലിലൂടെ ശ്രദ്ധനേടി. കരിയർ കൺസൽറ്റന്റ് ഡോ.പി.ആർ.വെങ്കിട്ടരാമന്റെയും രാജത്തിന്റെയും മകനാണ്. ഐഎഎസ് ഉദ്യോഗസ്ഥയായ ഡോ. രേണുരാജാണ് ഭാര്യ.