സുരേഷ് ഗോപി
Suresh Gopi

നടൻ, രാജ്യസഭാ എംപി. 1965ൽ ഓടയിൽനിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് സിനിമാരംഗത്തേയ്ക്ക് പ്രവേശനം. രാജാവിന്റെ മകൻ (1986) എന്ന ചിത്രത്തിൽ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. കമ്മിഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു. കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997ൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു. 

രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന ആറാമത്തെ മലയാളിയാണ് സുരേഷ് ഗോപി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദേശിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്നും 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽനിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ജീവിതം

1959 ജൂൺ 26ന് കൊല്ലം നഗരത്തിൽ ചലച്ചിത്ര വിതരണക്കാരനായിരുന്ന ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായാണ് സുരേഷ് ഗോപി ജനിച്ചത്. സുഭാഷ്, സുനിൽ, സനിൽ എന്നിവരാണ് സഹോദരങ്ങൾ. അഭിനേത്രിആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ. മൂത്ത മകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ അപകടത്തിൽ മരിച്ചു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ. 

സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ 2016ൽ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സുരേഷ് ഗോപിയെ രാജ്യസഭാംഗമായി 2016ൽ രാഷ്ട്രപതി നാമ നിർദേശം ചെയ്തു. രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന 12 അംഗങ്ങളിൽ കലാകാരന്മാരുടെ വിഭാഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് നിർദേശിച്ചത്. 2016 ഏപ്രിൽ 27ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി മുൻപാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.