താരിഖ് അൻവർ
Tariq Anwar

കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി. ബിഹാർ കഠിഹാർ മണ്ഡലത്തിൽനിന്ന് അഞ്ച് തവണ ലോക്സഭാംഗവും രണ്ടു തവണ രാജ്യസഭാംഗവുമായി. എൻസിപി സ്ഥാപക നേതാക്കളിൽ ഒരാളായ താരിഖ് അൻവർ, രണ്ടാം മൻമോഹൻ സിങ് സർക്കാരിൽ 2012 മുതൽ 2014 വരെ എൻസിപിയുടെ പ്രതിനിധിയായി മന്ത്രിസ്ഥാനം വഹിച്ചു. 2018ലാണ് കോൺഗ്രിലേക്ക് തിരിച്ചെത്തിയത്.

ജീവിതം

ബിഹാറിലെ പട്നയിൽ 1951 ജനുവരി 16നാണ് താരിഖ് അൻവറിന്റെ ജനനം. 1972ൽ കോൺഗ്രസിൽ ചേർന്നു. 1980ൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന അൻവർ, ബിഹാർ കോൺഗ്രസ് ഘടകം അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കഠിഹാർ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിൽ പരാജയപ്പെട്ടു. പിന്നീട് 1980, 1984, 1996, 1998, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഇതേ മണ്ഡലത്തിൽനിന്നു വിജയിച്ചു.

 

1999ൽ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായതിൽ പ്രതിഷേധിച്ചു പാർട്ടിവിട്ട താരിഖ് അൻവർ ശരദ് പവാർ, പി.എ.സാങ്മ എന്നിവർക്കൊപ്പമാണ് എൻസിപിക്ക് രൂപം നൽകിയത്. പാർട്ടിവിടുമ്പോൾ അൻവർ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. എൻസിപിയുടെ ശക്തികേന്ദ്രം പ്രധാനമായും മഹാരാഷ്ട്രയായിരുന്നു. 15 വർഷം മഹാരാഷ്ട്രയിലെ കോൺഗ്രസ് സർക്കാരിൽ എൻസിപി സഖ്യകക്ഷിയായി; ഒരുദശകത്തോളം കേന്ദ്രത്തിൽ യുപിഎ സർക്കാരിന്റെ ഭാഗവും.

 

2018ൽ റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന താരിഖ് അൻവർ എൻസിപി വിട്ടത്.  പിന്നീട് കോൺഗ്രസിലെത്തിയ അദ്ദേഹത്തിന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും നൽകി.