ഷി ചിൻപിങ്
Xi Jinping

ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയിലെ അഞ്ചാം തലമുറയിൽപ്പെട്ട ഏറ്റവും കരുത്തനായ നേതാവാണ് ഫൂജിയാൻ പ്രവിശ്യയിൽ പാർട്ടി പ്രവർത്തനം തുടങ്ങിയ ഷി ചിൻപിങ് (Xi Jinping, ചൈനീസ് ഉച്ചാരണം-സീ പിൻയിൻ). വിപ്ലവാനന്തര ചൈനയിൽ (1949നു ശേഷം) ജനിച്ച ആദ്യ പ്രസിഡന്റും പാർട്ടി ജനറൽ സെക്രട്ടറിയുമാണ്. വിപ്ലവാനന്തര ചൈനയുടെ ആദ്യ ഉപപ്രധാനമന്ത്രി ആയിരുന്ന ഷി ഴോങ്സുന്റെ മകനാണു ഷി.

ജീവിതം

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാക്കളിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ഷി ഴോങ്സുന്റെ മകനായി ബെയ്ജിങ്ങിലാണു 1953 ജൂൺ 15നാണു ഷി ചിൻപിങ്ങിന്റെ ജനനം. രണ്ടു സഹോദരിമാരുണ്ട്. ബെയ്ജിങ് നം.25 സ്കൂള്‍, ബെയ്ജിങ് ബായി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. എൻജിനീയറിങ് ബിരുദധാരിയാണ്.

1962ലെ സാംസ്കാരിക വിപ്ലവത്തിനു മുന്നോടിയായി പിതാവ് ജയിലിലടയ്ക്കപ്പെട്ടതോടെ ജീവിതവഴിത്തിരിവ്. പതിനഞ്ചാം വയസ്സിൽ വിദൂരഗ്രാമത്തിലെ ലേബർക്യാംപിലെത്തി. ഏഴുവർഷത്തെ ഈ കഠിനകാലമാണ് ഷിയുടെ ഔദ്യോഗിക ജീവിതത്തിനു മാർഗരേഖയായത്. 1974ൽ പാർട്ടിയിലേക്ക് തിരികെ. ഹെബെയ് പ്രവിശ്യയിലെ ലോക്കൽ സെക്രട്ടറിയായി തുടക്കം.

2007ൽ ചൈനീസ് വൈസ് പ്രസിഡന്റായ ഷി, 2012ല്‍ പാർട്ടി ജനറൽ സെക്രട്ടറിയായി. സ്‌ഥാനമൊഴിഞ്ഞ ഹു ജിന്റാവോയ്‌ക്കു പകരമായി 2013 മാർച്ചിൽ ചൈനയുടെ പ്രസിഡന്റും സൈനിക തലവനുമായി അധികാരമേറ്റു. 2016 ഏപ്രിലില്‍ മൂന്നു സേനാവിഭാഗങ്ങളുടെയും സംയുക്ത കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിന്റെ കമാൻഡർ ഇൻ ചീഫായി അവരോധിതനായി. 2016 ഒക്ടോബറിൽ ‘മുഖ്യനേതാവ്’ എന്ന പദവി പാർട്ടി ഷി ചിൻപിങിന് നൽകി. 2018ൽ ഒരാൾക്ക് രണ്ടു തവണ മാത്രം പ്രസിഡന്റ് പദവിയെന്ന നിബന്ധന ഭരണഘടനയിൽ എടുത്തുകളഞ്ഞു. ഷി ചിൻപിങ് ആഗ്രഹിക്കുന്നത്ര കാലം പ്രസിഡന്റ് പദവിയിൽ തുടരാൻ ഇത് അനുവദിക്കുന്നു.

തന്നെക്കാൾ പ്രശസ്‌തയായ ഭാര്യയുടെ ഭർത്താവ് എന്ന അത്യപൂർവമായ വിശേഷണം കൂടിയുണ്ട് ഷീക്ക്. ചൈനയിൽ അറിയപ്പെടുന്ന ഗായികയാണ് അദ്ദേഹത്തിന്റെ ഭാര്യ പെങ് ലിയുവാൻ. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സംഗീത ട്രൂപ്പിലെ അംഗമായിരുന്നു. ഇപ്പോൾ വേദികളിൽ പ്രത്യക്ഷപ്പെടാറില്ല. മകൾ: ഷി മിങ്സെ.