Activate your premium subscription today
ഭയം, ദുഃഖം, ആശങ്ക, ഉത്കണ്ഠ, പശ്ചാത്താപം, നൈരാശ്യം മുതലായവ ഏവരിലും ഉണ്ടായെന്നു വരാം. അനിഷ്ടസംഭവങ്ങൾ, മുന്നനുഭവങ്ങൾ, അന്യരുടെ പെരുമാറ്റം തുടങ്ങിയവ ഇവയ്ക്കു പിന്നിലുണ്ടാവാം. പക്ഷേ ഇവയ്ക്കു കീഴടങ്ങിയാൽ നമ്മുടെ കർമശേഷി തകരാറിലാകും. കാരണങ്ങൾ നമ്മുടെ നിയന്ത്രണത്തിലുള്ളവയോ അല്ലാത്തവയോ ആകാം. നിയന്ത്രണത്തിലല്ലാത്തവയെക്കുറിച്ച് ചിന്തിച്ചു മനസ്സു മലിനമാക്കാതിരിക്കുന്നതാണ് വിവേകത്തിന്റെ വഴി. പക്ഷേ, മിക്കവരും അത്തരം കാരണങ്ങളെക്കുറിച്ച് ആവർത്തിച്ചു ചിന്തിക്കുകയും പറയുകയും ചെയ്യുന്നതോടെ മനഃപ്രയാസം കൂടിവരും. അത്തരം ചിന്ത നിഷ്പ്രയോജനമെന്ന് യുക്തി ഉപയോഗിച്ചു മനസ്സിലാക്കി, അതിനെ ഉപേക്ഷിച്ചേ മതിയാകൂ. നിഷേധവികാരത്തിനു പിന്നിൽ നമ്മുടെ നിയന്ത്രണത്തിലുള്ള കാരണങ്ങളാണെങ്കിൽ, മനസ്സുവച്ചു പ്രയത്നിച്ചു വിജയിക്കാനാവും. ഉദാഹരണത്തിന് ‘എനിക്കിതിനു കഴിവില്ല’, ‘ഇതിൽ ഞാൻ പരാജയപ്പെടും’ തുടങ്ങിയ അടിസ്ഥാനരഹിതമായ ചിന്തകളെ യുക്തിയുപയോഗിച്ചു മറികടക്കാം. സ്വന്തം കഴിവുകൾക്കു യുക്തിരഹിതമായി പരിധി വരച്ചുവയ്ക്കേണ്ട. ജോലിക്കുള്ള ഇന്റർവ്യൂവിനു പോകുന്ന യുവാവ് ‘ഓ, എനിക്കിതു കിട്ടാൻ പോകുന്നില്ല’ എന്നു വിചാരിച്ചുകൊണ്ടു പോയാൽ, ജോലി കിട്ടാനുള്ള സാധ്യത കുറയും. ഇന്റർവ്യൂവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ, ചെയ്യേണ്ട ജോലിയുടെ ചുമതലകൾ, ഇന്റർവ്യൂവിൽ വിജയിക്കാനുള്ള ശരിയായ രീതികൾ, തെറ്റുകൾ ഒഴിവാക്കാനുള്ള
20 ലക്ഷം പേർക്കു തൊഴിൽ നൽകും. 2021ലെ എൽഡിഎഫ് പ്രകടനപത്രികയിലെ ഒന്നാമത്തെ വാഗ്ദാനം. മുഖ്യമന്ത്രി ഇപ്പോൾ 9 വർഷത്തെ കണക്കുകളാണ് അവതരിപ്പിക്കുന്നത്. ആ രീതിയിൽ പരിശോധിച്ചാൽ (പഴയവാഗ്ദാനങ്ങളടക്കം) 45 ലക്ഷം തൊഴിൽ എവിടെയെന്നാണ് ജനം ചോദിക്കേണ്ടത്. 2024 ജൂണിലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്സ്) പ്രകാരം കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 29.9% ആണ്. ദേശീയ ശരാശരി വെറും 10%. മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്കാകട്ടെ ദേശീയ ശരാശരി 3.2% ആയിരിക്കുമ്പോൾ കേരളത്തിൽ 7.5%. ഒരാഴ്ചയിൽ ഒരു മണിക്കൂർപോലും തൊഴിൽ ലഭിക്കാത്തവരുടെ സംഖ്യയാണിത്! കരച്ചിലടക്കാൻ പാടുപെട്ട വനിതാ സിപിഒ ഉദ്യോഗാർഥികളെ അഡ്വൈസ് മെമ്മോ ലഭിച്ചവർക്കെല്ലാം തൊഴിൽ ലഭിക്കുമോയെന്നു ചോദിച്ചാണ് കളിയാക്കിയത്. അഞ്ചര വർഷത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 82 പൊലീസ് ഉദ്യോഗസ്ഥർ. അതിൽ 20 പേർ കടുത്ത മാനസിക സമ്മർദവും ഏഴുപേർ തൊഴിൽഭാരവും കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നു കുറിപ്പെഴുതിയിരുന്നു. എന്നിട്ടും, 15,070 പുതിയ തസ്തികകൾ വേണമെന്ന
മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമജീവിതം തുടങ്ങിയിട്ട്. റിപ്പോർട്ടറായിരിക്കെ, പല തരത്തിലുള്ള വാർത്തകൾ എഴുതിയിട്ടുണ്ട്. ഇതുവരെ ചെയ്തതിൽ, ഇപ്പോഴും മനസ്സിൽ മായാതെനിൽക്കുന്ന ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറി ഏതാണെന്ന ചോദ്യം ജേണലിസം ക്ലാസുകളെടുക്കുമ്പോൾ പലപ്പോഴും കേട്ടിട്ടുണ്ട്. ഒരു കഥയിലൂടെ ആ ചോദ്യത്തിനു മറുപടി പറഞ്ഞിട്ടുമുണ്ട്. ആ മനുഷ്യകഥയോളം ആഴത്തിൽ മുറിവേൽപ്പിക്കുന്നതായി മറ്റൊന്നും ഞാൻ എഴുതിയിട്ടില്ല. അതു വായിച്ച എത്രയോ പേരെ അക്കഥ സങ്കടപ്പെടുത്തിയെന്നുമറിയാം. അതെഴുതിയിട്ടുതന്നെ മുപ്പതോളം വർഷമായി. അക്കാലത്ത് ഞാൻ തൃശൂരിൽ റിപ്പോർട്ടറാണ്; മലയാള മനോരമയിൽ. നഗരമധ്യത്തിലുള്ള തൃശൂർ പ്രസ് ക്ലബിൽ മിക്ക ദിവസവും പോകേണ്ടിവരും., പത്രസമ്മേളനം റിപ്പോർട്ട് ചെയ്യാൻ. ചാനൽ ക്യാമറകൾ എത്തിത്തുടങ്ങുന്നതിനു മുൻപുള്ള കാലം. പ്രസ് ക്ലബിലെത്തിയാൽ പത്രസമ്മേളനം കഴിഞ്ഞും കുറേ നേരം വാചകമടിച്ചുനിൽക്കാറുണ്ട്. അങ്ങനെ നിൽക്കുമ്പോഴാണ് മുന്നിലെ മതിലിനു ചാരെ രണ്ടു കുട്ടികളെ കാണുന്നത്. തെരുവു ബാല്യങ്ങളെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. പക്ഷേ, വളരെ ഗൗരവത്തോടെ ആ മതിലിൽ അവരെന്തോ ചെയ്യുകയാണ്. പുറംലോകത്തെയൊക്കെ മറന്ന് ആ കുട്ടികൾ ആ മതിലിൽ എന്താണു ചെയ്യുന്നത്? ദിവസങ്ങളായി അവരെ നിരീക്ഷിച്ചപ്പോൾ, പിന്നീട് അവരോടുതന്നെ സംസാരിച്ചപ്പോൾ കാര്യം മനസ്സിലായി. ആ മതിലിൽ അവരൊരു വീടു പണിയുകയാണ് ! ഒരു സങ്കൽപഭവനം!! ഭൂമിക്കും ആകാശത്തിനുമിടയിൽ അവരൊരു സ്വപ്നത്തിന്റെ വീടു പണിതു വീടും ഉടുപ്പും ഭക്ഷണവും കയ്യെത്താത്ത യാഥാർഥ്യങ്ങളാണെന്നറിഞ്ഞ്, പാതയോരത്തു ജീവിക്കുന്ന ആ ചേട്ടനും അനിയനും പക്ഷേ സ്വപ്നത്തിൽ സമ്പന്നരായിരുന്നു. വിശപ്പിലും ഏകാന്തതയിലും ‘വയറു നിറയെ’ സ്വപ്നം കാണുന്നതുകൊണ്ടാകണം ജയനും അനിയൻ ഉണ്ണിയും ഈ മതിലിനെ വീടെന്നു സങ്കൽപ്പിച്ചുതുടങ്ങി. സങ്കൽപത്തിൽ നിറം ചാർത്താൻ തുടങ്ങി. അരികിൽ നിരത്തിലൂടെ ഇരമ്പിയ നഗരമാകട്ടെ, ആ സ്വപ്നഭവനത്തെയും അതിന്റെ ഉടമകളെയും കണ്ടതുമില്ല. സ്വാഭാവികം. മനോരമയിൽ എല്ലാ എഡിഷനിലും ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ആ സ്റ്റോറി ഇങ്ങനെയാണ് ഞാൻ തുടങ്ങിയത്:
തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളുടെ വിഷയത്തിലെ വിധിയുടെ പേരിൽ സുപ്രീം കോടതിയോട് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പ്രകടിപ്പിച്ച രോഷത്തെ മര്യാദയുള്ള നാട്ടുഭാഷയിൽ ഏതാണ്ടിങ്ങനെ ചുരുക്കിയെഴുതാം: ‘എങ്കിൽപിന്നെ എല്ലാം നിങ്ങൾതന്നെ അങ്ങു ചെയ്യൂ.’ നിയമമുണ്ടാക്കലും ഭരണവുമൊക്കെ കോടതിതന്നെ ചെയ്യൂ, നിയമനിർമാണ സഭകളുടെയും സർക്കാരിന്റെയും ആവശ്യമില്ലല്ലോ എന്നാണ് ധൻകറിന്റെ വിമർശനം. പൂർണനീതി ഉറപ്പാക്കാൻ സുപ്രീം കോടതിക്കു ഭരണഘടനാപരമായുള്ള സവിശേഷ അധികാരത്തെ ജുഡീഷ്യറി ‘ജനാധിപത്യ ശക്തികൾക്കെതിരെ പ്രയോഗിക്കുന്ന ആണവ മിസൈൽ’ എന്നാണ് ധൻകർ വിശേഷിപ്പിച്ചത്. ധൻകറിന്റെ വാക്കുകൾ അതിരുകടന്നതെന്ന് പ്രതിപക്ഷപാർട്ടികളുൾപ്പെടെ വിമർശിച്ചു. അതൊന്നും കണക്കിലെടുക്കേണ്ടെന്നു സൂചിപ്പിക്കാനാണോയെന്നറിയില്ല, പിറ്റേന്ന് തമിഴ്നാട് ഗവർണർ ആർ.എൻ.രവി അദ്ദേഹത്തെ സന്ദർശിച്ച് റോസാപ്പൂക്കൾ സമ്മാനിച്ചു.
2025 മാര്‍ച്ച് 31. യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ വൻ ചലനമുണ്ടാക്കാവുന്ന ഒരു വിധി പാരിസിലെ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ചു. ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ കക്ഷിയായ നാഷനല്‍ റാലി (National Rally അഥവാ RN) എന്ന പാര്‍ട്ടിയുടെ നേതാവ് മരീൻ ലെ പെൻ 2004 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 41 ലക്ഷം യൂറോയോളം (ഏകദേശം 39 കോടി രൂപ) വരുന്ന പൊതുപണം ദുരുപയോഗം ചെയ്തെന്നു കോടതി കണ്ടെത്തി. ഇതിനുള്ള ശിക്ഷയായി നാലു വര്‍ഷത്തെ ജയില്‍വാസവും ഒരു ലക്ഷം യൂറോ (ഏകദേശം 97 ലക്ഷം രൂപ) പിഴയും ഒപ്പം അഞ്ചു കൊല്ലത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അയോഗ്യതയും കോടതി വിധിച്ചു. ഈ വിധി പ്രാബല്യത്തില്‍ വന്നാല്‍ 2027ല്‍ ഫ്രാന്‍സില്‍ നടക്കേണ്ട പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലെ പെനിന്നു മത്സരിക്കാന്‍ സാധിക്കില്ല. ഇത്രയും വലിയ കടുത്ത ശിക്ഷ ലഭിക്കാന്‍ തക്ക എന്തു കുറ്റമാണ് ലെ പെന്‍ ചെയ്തത്? 2004 മുതല്‍ 2016 വരെയുള്ള സമയം സ്വന്തം കക്ഷിയിലെ അംഗങ്ങള്‍ യൂറോപ്യൻ പാര്‍ലമെന്റില്‍ ജോലി ചെയ്യുകയാണെന്ന വ്യാജരേഖ സൃഷ്ടിക്കുകയും ഇവിടെ നിന്നുള്ള പണം സ്വന്തം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയെന്നുമാണ് ലെ പെന്നിന് എതിരായ ആരോപണം. കോടതി നടപടികള്‍ക്കു മേൽനോട്ടം വഹിച്ച ജഡ്ജ് ബെനഡിക്ട് ഡി പെര്‍ത്തൂസ് പുറപ്പെടുവിച്ച 152 പേജുള്ള വിധിന്യായത്തില്‍ ഈ ആരോപണം പൂര്‍ണമായും തെളിഞ്ഞെന്നു കണ്ടെത്തി. യൂറോപ്യൻ പാര്‍ലമെന്റില്‍ തന്റെ സഹായി ആയി പ്രവര്‍ത്തിച്ചെന്നു ലെ പെന്‍ സാക്ഷ്യപ്പെടുത്തിയ വ്യക്തികൾ
പാർലമെന്റ് പാസാക്കിയ ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമം (ഡിപിഡിപി) 2023 ഓഗസ്റ്റ് 11ന് ആണ് ഗസറ്റിൽ വിജ്ഞാപനം ചെയ്തത്. എങ്കിലും, ഇനിയും പ്രാബല്യത്തിലായിട്ടില്ല. എന്നാൽ, നിയമത്തിലെ ഒരു വ്യവസ്ഥ ഇപ്പോൾ വലിയ ആശങ്കയ്ക്കു കാരണമായിരിക്കുന്നു. 2005ൽ പാസാക്കിയ വിവരാവകാശ നിയമത്തിലെ ‘വ്യക്തിഗത വിവരങ്ങൾ’ സംബന്ധിച്ച വ്യവസ്ഥയ്ക്ക് ഡിപിഡിപി നിയമത്തിലെ 44(3) വകുപ്പിലൂടെ കൊണ്ടുവന്ന ഭേദഗതിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ചതാണ് ഡിപിഡിപി നിയമം. വിവരങ്ങളെ ഡിജിറ്റൽ, ഡിജിറ്റൽ അല്ലാത്തത് എന്നിങ്ങനെ വേർതിരിച്ചുള്ളതല്ല വിവരാവകാശ നിയമം. അതുകൊണ്ടുതന്നെ, വിവരാവകാശ നിയമത്തിലെ പൊതുസ്വഭാവമുള്ള വ്യവസ്ഥയെ ഡിപിഡിപി നിയമത്തിലൂടെ ഭേദഗതി ചെയ്യുന്നതു ശരിയാണോ എന്ന ചോദ്യം പ്രസക്തം. ഏതൊക്കെ വിവരങ്ങൾ ‘വെളിപ്പെടുത്തേണ്ടാത്ത’ ഗണത്തിൽപെടുന്നുവെന്നതാണ് വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പ്. അതിലെ 8(1)(ജെ) ഉപവകുപ്പിലാണ് ‘വ്യക്തിഗത വിവരങ്ങൾ’ പരാമർശിക്കുന്നത്. അതനുസരിച്ച്, പൊതുതാൽപര്യവുമായോ പൊതുപ്രവർത്തനവുമായോ
70 വർഷം മുൻപ് ഒരു ഏപ്രിൽ 18. റോമിൽനിന്നു പാരിസിലേക്കു വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു, ലോകപ്രശസ്ത ചിന്തകനും നൊബേൽ സമ്മാനജേതാവുമായ ബർട്രൻഡ് റസ്സൽ. അപ്പോഴാണ് പൈലറ്റ് ഒരു മരണവാർത്ത യാത്രക്കാരെ അറിയിച്ചത്. നൊബേൽ സമ്മാനജേതാവും, പ്രശസ്ത ഭൗതികശാസ്ത്രജ്ഞനുമായ ആൽബർട് ഐൻസ്റ്റൈൻ മരിച്ചു. ആ വാർത്തകേട്ട് റസ്സൽ അക്ഷരാർഥത്തിൽ തകർന്നു. സ്വാതന്ത്ര്യത്തിലും, യുക്തിബോധത്തിലും, ജനാധിപത്യത്തിലും, മാനവികതയിലും വിശ്വസിച്ച ആത്മമിത്രം മാത്രമായിരുന്നില്ല റസ്സലിന് ഐൻസ്റ്റൈൻ. ലോകസമാധാനത്തിനുള്ള പ്രവർത്തനങ്ങളിലെ സഹയാത്രികൻ കൂടിയായിരുന്നു. ആണവായുധങ്ങളും ആയുധമത്സരങ്ങളും സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനായി ഒരു മഹാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ അന്ത്യഘട്ടത്തിലായിരുന്നു ഇരുവരും. 1954 ഡിസംബർ 23ന് ബിബിസിക്കായി ‘മാനവരാശിയുടെ സർവനാശം’ എന്ന വിഷയത്തിൽ റസ്സൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഈ ചിന്തയുടെ തുടക്കം. ആണവയുദ്ധത്തിനും ഹൈഡ്രജൻബോംബിനും എതിരെ ലോകത്തിലെ മുൻനിര ശാസ്ത്രജ്ഞരെ അണിനിരത്തി ഒരു മാനിഫെസ്റ്റോ തയാറാക്കി, അതിന്റെ അടിസ്ഥാനത്തിൽ പുതിയ സമാധാനപ്രസ്ഥാനം ഉയരേണ്ടതുണ്ടെന്ന് റസ്സൽ ചിന്തിച്ചു. ഈ ആശയം അദ്ദേഹം ആദ്യമായി പങ്കുവച്ചത് ഐൻസ്റ്റൈനോടാണ്.
ഡിസിസി പ്രസിഡന്റുമാർക്കു കൂടുതൽ അധികാരവും പ്രവർത്തനസ്വാതന്ത്ര്യവും കൊടുക്കാനുള്ള അഹമ്മദാബാദ് എഐസിസി സമ്മേളനത്തിന്റെ തീരുമാനം കേരളത്തിലെ കോൺഗ്രസിലടക്കം സമ്മിശ്രചർച്ചയ്ക്കാണ് കാരണമാകുന്നത്. പാർട്ടിയിൽ എല്ലാം ഇതുവരെ തീരുമാനിച്ചിരുന്ന ഹൈക്കമാൻഡിന് പഴയ ‘കമാൻഡ്’ ഇല്ലെന്ന തിരിച്ചറിവും അധികാരം താഴേക്കു കൈമാറാനുള്ള ഈ തീരുമാനത്തിനു പിന്നിലുണ്ട്. മറിച്ചൊരു ചർച്ചയ്ക്കും ഇതു കാരണമായിട്ടുണ്ട്. അധികാരമെല്ലാം ഡിസിസികൾ കവർന്നാൽ പിസിസികളുടെ വിലയെന്താകും? പ്രഖ്യാപനം അഹമ്മദാബാദിലായിരുന്നെങ്കിലും ഡിസംബറിൽ ബെളഗാവിയിൽ ചേർന്ന വിശാല പ്രവർത്തകസമിതി യോഗത്തിലാണ് ആശയം രൂപപ്പെട്ടത്. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അതു മുൻനിർത്തി റിപ്പോർട്ട് തയാറാക്കി; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ചേർന്ന് ഈ തീരുമാനത്തിലേക്കു പാർട്ടിയെ നയിച്ചു. ബെളഗാവിക്കും അഹമ്മദാബാദിനും ഇടയിൽ മാർച്ച് 27, ഏപ്രിൽ മൂന്ന്, നാല് തീയതികളിലായി രാജ്യത്തെ മുഴുവൻ
ചെങ്ങന്നൂർ സ്റ്റേഷനിലേക്ക് പതിവിലും താമസിച്ചാണ് പരശുറാം എക്സ്പ്രസ് അന്നെത്തിയത്. പൊതുവേ തിരക്കും കുറവ്. ശരൺ പതിവിലും അസ്വസ്ഥനായിട്ടാണ് ട്രെയിനിലേക്ക് കയറിയത്. ഫോണിൽ ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു. ഒഴിഞ്ഞ സീറ്റിലേക്ക് ഇരുന്ന അയാൾ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ ഫോണിൽ സംസാരിച്ചുകൊണ്ടേ ഇരുന്നു, അതും ഉച്ചത്തിൽ. അല്ലെങ്കിലും ട്രെയിൻ യാത്രയിൽ ചിലർ അങ്ങനെയാണല്ലോ. ഫോൺ വിളിക്കുമ്പോൾ പരിസരം മറക്കും. അതേസമയം സഹയാത്രികർ ആകാംക്ഷയോടെ ഇതൊക്കെ കേട്ടിരിക്കുകയും ചെയ്യും. ‘‘ഞാനും അങ്ങേരുടെ മകൻതന്നെ അല്ലേ. അച്ഛനാണത്രേ അച്ഛൻ’’– ഇതും പറഞ്ഞു ദേഷ്യത്തിൽ ഫോൺ കട്ടു ചെയ്തപ്പോഴാണ് ശരൺ ചുറ്റുമുള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കിയത്. എന്തോ പ്രശ്നമുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി. അതിനിടയിലാണ് യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മധ്യവയസ്കനായ ആൾ ശരണിനോടു സംസാരിക്കാൻ ആഗ്രഹിച്ചുകൊണ്ടു കൈ കൊടുത്തത്. ശരൺ ഫോണിൽ സംസാരിച്ച കാര്യങ്ങൾ അയാൾക്കു പരിചിതമായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ പദ്മാനാഭൻ സ്വയം പരിചയപ്പെടുത്തിയ ശേഷം, എന്താണ് പ്രശ്നമെന്ന് ശരണിനോടു ചോദിച്ചു. കുടുംബപ്രശ്നമായതിനാൽ അപരിചിതനോടു പറയാൻ ആദ്യം മടികാട്ടിയെങ്കിലും പിന്നീട് ശരൺ തന്റെ വിഷമം സഹയാത്രികനോടു പങ്കുവച്ചു.
വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം മുതലായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ദുരിതബാധിത പ്രദേശത്തെ ജനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ആ പ്രതികൂല സാഹചര്യത്തെ നേരിടുവാന്‍ ഒരുമിക്കുന്ന കാഴ്ചയാണ് ലോകമെമ്പാടും സാധാരണ കണ്ടുവരാറുള്ളത്. എന്നാല്‍ ഇതിന് അപവാദമായി ഒരു സംഭവം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചു. മാര്‍ച്ച് 28നു മ്യാന്മറിലെ മാൻഡലേ പ്രദേശത്തിലെ സാഗായിങ് പട്ടണം പ്രഭവകേന്ദ്രമായി രൂപപ്പെട്ട, 7 .7 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ വിതച്ചു. ഇതിന്റെ തീവ്രത മൂലം ആയിരത്തില്‍പരം മൈലുകള്‍ ദൂരെ സ്ഥിതി ചെയ്യുന്ന ബാങ്കോക്കില്‍ പോലും കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ കാഴ്ചകള്‍ ലോകം മുഴുവന്‍ കണ്ടതാണ്. ബാങ്കോക്കില്‍ ഇത്രയ്ക്കധികം നാശം സംഭവിച്ചെങ്കില്‍ ഈ ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനത്തിന്റെ അടുത്തു കിടക്കുന്ന പ്രദേശങ്ങളില്‍ ഉണ്ടായ കെടുതികള്‍ എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 1912നു ശേഷം മ്യാന്മറിന്റെ ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നാണ് പ്രാരംഭ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മരണസംഖ്യ എത്രയെന്ന് കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും അയ്യായിരത്തിനും പതിനായിരത്തിനുമിടയ്ക്കാകാം മരിച്ചവരുടെ എണ്ണമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ഭൂകമ്പം വരുത്തിവച്ച നാശനഷ്ടങ്ങള്‍ നേരിടുന്ന മ്യാന്മര് ജനതയെ സഹായിക്കാന്‍ മറ്റു രാഷ്ട്രങ്ങളും ലോകത്തിലെ പ്രമുഖ സന്നദ്ധസേവന സംഘടനകളും മുന്പോട്ട് വന്നിട്ടുണ്ട്. ഇവര്‍ നല്കുന്ന വസ്തുവകകള്‍ സ്വീകരിച്ച് അവ ദുരിതബാധിതര്‍ക്ക് കഴിയുന്നതും വേഗം എത്തിക്കുക എന്നത് മ്യാന്മര് സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മേല്‍ നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. എന്നാല്‍ ഈ ആപത്ഘട്ടത്തില്‍ ജനങ്ങളുടെ സഹായത്തിനെത്തുന്നതിനു പകരം മ്യാന്മറിലെ പട്ടാളം ചെയ്തത് ഭൂകമ്പത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരുടെ മേല്‍ ബോംബുകള്‍ വര്‍ഷിക്കുകയാണ്. ഇങ്ങനെ ഒരു ദുര്യോഗം അനുഭവിക്കുവാന്‍ മാത്രം എന്തു തെറ്റാണ് മ്യാന്മറിലെ ജനത ചെയ്തതെന്ന ചോദ്യം ലോകമെമ്പാടുമുള്ള നിരീക്ഷകര്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്ന അവസരത്തില്‍ ഈ വിഷയത്തിന്റെ മൂല കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒരു പരിശോധന ആവശ്യമാണ്.
Results 1-10 of 197