Activate your premium subscription today
ട്വന്റി 20 ലോകകപ്പ്, ലോക ചെസ് ചാംപ്യൻഷിപ്, പാരിസ് ഒളിംപിക്സ്... തുടങ്ങി കായിക രംഗത്ത് ഒട്ടേറെ ആവേശോജ്വല നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് 2024 കടന്നു പോയത്. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യയുടെ ഡി. ഗുകേഷും ഏറ്റവും പ്രായം കൂടിയ ഗ്രാൻസ്ലാം ചാംപ്യനായി ഇന്ത്യയുടെ തന്നെ രോഹൻ ബൊപ്പണ്ണയും ഒക്കെ തങ്ങളുടെ പ്രതിഭ തെളിയിച്ച വർഷംകൂടിയാണിത്. ഇത്തരത്തിൽ കായിക ലോകത്തിന് പ്രായം കേവലം ഒരു ‘നമ്പർ’ മാത്രമെന്ന് തെളിയിച്ച മറ്റ് രണ്ടുപേർ കൂടിയുണ്ട് 2024ൽ. 58 വയസ്സായ രണ്ട് കായിക താരങ്ങളാണ് അവർ. അതിൽ ആദ്യത്തെയാൾ മറ്റാരുമല്ല, ഹെവിവെയ്റ്റ് ഇതിഹാസം മൈക്ക് ടൈസൻ ആണ് ആ പ്രതിഭ. 27 വയസ്സുകാരനായ ജേക്ക് പോളിനെ നേരിട്ടുകൊണ്ടാണ് ടൈസൻ വീണ്ടും കളത്തിലിറങ്ങിയത്. അതും നീണ്ട 20 വർഷങ്ങൾക്ക് ശേഷം. വിജയം സ്വാഭാവികമായും യുവത്വത്തിനൊപ്പം നിന്നു. എന്നാൽ, ഇതിഹാസത്തിനൊപ്പം മത്സരിക്കാൻ സാധിച്ചതിനെ ജേക്ക് ഒരു ആദരമായാണ് വിശേഷിപ്പിച്ചത്. ടൈസൻ തന്റെ തോൽവിയെ വിശേഷിപ്പിച്ചത് ‘No Regrets’ എന്നും. 58 വയസ്സ് തികയാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അതൊന്നും ഒരു പ്രായമേയല്ല എന്ന് വിളിച്ചുപറഞ്ഞ മറ്റൊരാളുടെ മെയ്വഴക്കത്തിനുകൂടി 2024 സാക്ഷ്യം വഹിച്ചു. ജപ്പാന്റെ മുൻ ഫുട്ബോൾ ദേശീയ താരം കസുയോഷി മിയുറ. ഇപ്പോൾത്തന്നെ പ്രഫഷനൽ ഫുട്ബോളിലെ ഏറ്റവും പ്രായമേറിയ താരം എന്ന ഖ്യാതിയുള്ള മിയുറ അടുത്ത സീസണിലും കളി തുടരും എന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്. സുസുക ക്ലബ്ബുമായി ഈ ഫോർവേഡ് പുതിയ കരാർ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 1990 മുതൽ 2000 വരെ ജപ്പാനുവേണ്ടി ജഴ്സിയണിഞ്ഞ അദ്ദേഹം 1992ൽ ഏഷ്യൻ ഫുട്ബോളർ ഓഫ് ദ് ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. നാലു പതിറ്റാണ്ടിനിടെ 17 ക്ലബ്ബുകൾക്കുവേണ്ടി പന്തുതട്ടിയ
82 ദിവസം, ചെറുപ്പത്തിന്റെ കുതിപ്പും അനുഭവ സമ്പത്തിന്റെ തികവുമായി ലോക ക്രിക്കറ്റിന്റെ നെറുകയിൽ നിന്ന ‘ടീം ഇന്ത്യ’ തകർച്ചയുടെ പടുകുഴിയിലേക്ക് വീഴാൻ വേണ്ടിവന്ന കാലഘട്ടം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനു തുടക്കംകുറിച്ചതിന് ശേഷം ആദ്യമായി ടീം ഇന്ത്യയ്ക്കു മുന്നിൽ ഫൈനൽ ബെർത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ട കാലഘട്ടം. 2024 സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലായി ചെന്നൈയിലും കാൻപൂരിലുമായി നടന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി വിജയിച്ച്, ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ മറ്റ് ടീമുകളേക്കാൾ ബഹുദൂരം മുന്നിൽ നിന്ന ടീമിന്റെ ഇന്നത്തെ തകർച്ച വിശ്വസിക്കാവുന്നതിനും അപ്പുറമാണ്. ഈ 82 ദിവസങ്ങൾക്കിടയിൽ നടന്ന 8 ടെസ്റ്റുകളിൽ ഇന്ത്യയ്ക്ക് വിജയിക്കാനായത് ഒരേ ഒരു മത്സരത്തിൽ മാത്രമാണെന്ന് പറയുന്നിടത്താണ് ടീമിന്റെ പ്രകടനത്തിൽ വന്ന വീഴ്ച എത്രത്തോളമാണെന്ന് പൂർണമായി വ്യക്തമാകുന്നത്.
ചെന്നൈ തേനാംപേട്ടിലെ പോയസ് ഗാർഡൻസ് എന്ന സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഗ്ലാമറുള്ള മേൽവിലാസത്തിൽനിന്ന് രണ്ടര കിലോമീറ്ററേയുള്ളൂ സെമ്മൊഴി പൂങ്ക എന്നറിയപ്പെടുന്ന ബോട്ടാണിക്കൽ ഗാർഡനിലേക്ക്. അതിനടുത്തുള്ള ഹോട്ടൽ ഹയാത്ത് റീജൻസിയിലേക്കു പതിനൊന്നു വർഷം മുൻപൊരു ഉച്ചയ്ക്ക്, അച്ഛന്റെ കൈപിടിച്ച്, ഒരു ഏഴു വയസ്സുകാരൻ വന്നു– വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസനുമായി നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ് കാണാൻ. ഇരിപ്പിടം കിട്ടാതെ, കളിക്കാരെയും കാണികളെയും വേർതിരിക്കുന്ന ചില്ലുമറയ്ക്കകലെ, പിന്നിൽനിന്ന് ആ കുട്ടി മധുരപലഹാരം കണ്ട കുട്ടിയെപ്പോലെ ചില്ലുകൂട്ടിലെ ചെസ് നുണഞ്ഞു. ‘വിശ്വം ജയിച്ചവൻ’ എന്നർഥമുള്ള ഗുകേഷ് എന്നായിരുന്നു അവന്റെ പേര്. തമിഴകത്തിന്റെ ഒരേയൊരു സൂപ്പർ സ്റ്റാറിന്റെ പേരു തന്നെയായിരുന്നു ആ അച്ഛനും–രജനീകാന്ത്. പതിനൊന്നു വർഷം കഴിഞ്ഞു പോയി. ആ അച്ഛൻ മകനെയും കൊണ്ടു വീണ്ടുമൊരു യാത്ര പോയി, സിംഗപ്പൂരിലേക്ക്. ആഡംബരങ്ങളുടെയും സാഹസിക വിനോദങ്ങളുടെയും വേദിയായ സെന്റോസ റിസോർട്സ് വേൾഡിലെ ഇക്വാരിയസ് ഹോട്ടലിലെ ലോക ചെസ് ചാംപ്യൻഷിപ് വേദി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈകുന്നേരത്തെ മഴയിലും ശീതീകരണ സംവിധാനങ്ങളാൽ ക്രമപ്പെടുത്തിയ 18 ഡിഗ്രി താപനിലയിലും മനസ്സുരുക്കുന്ന ഉഷ്ണം പേറി രണ്ടുപേർ ആ ചില്ലുകൂട്ടിൽ ഉണ്ടായിരുന്നു. പതിന്നാലു സംവത്സരം പോലെ തോന്നിച്ച 14 ദിനങ്ങൾ.
ഇന്ത്യൻ ക്രിക്കറ്റ് എന്നും അങ്ങനെയാണ്; ദീർഘകാലം നെഞ്ചേറ്റി നടന്ന സൂപ്പർതാരങ്ങൾ കളമൊഴിയുന്ന ഘട്ടത്തിൽ അനിശ്ചിതത്വത്തിന്റെ ഒരു കാർമേഘം വന്ന് ഇന്ത്യൻ ക്രിക്കറ്റിനെ ആകെയങ്ങു മൂടും. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലാകാത്ത ഒരു ‘ഇരുണ്ട കാല’മാകും പിന്നീട് കുറച്ചുനാൾ. ആ ഇരുണ്ട കാലത്തിന്റെ മറവിൽ പല കഥകളും ഉപകഥകളും രൂപം കൊള്ളും. അത് ഇന്ത്യൻ ക്രിക്കറ്റിന് ആരാധകരുള്ളിടങ്ങളിലേക്കെല്ലാം വ്യാപിക്കും. ഇന്ത്യ കണ്ട മികച്ച ഏറ്റവും ക്രിക്കറ്റ് താരങ്ങളുടെയെല്ലാം വിടപറച്ചിലിനൊപ്പം ഇത്തരമൊരു അനിശ്ചിതത്വത്തിന്റെ കാർമേഘവും ഒന്നും വ്യക്തമാകാത്ത ഇരുണ്ട കാലവുമുണ്ടായിരുന്നുവെന്നതിന് ചരിത്രം സാക്ഷി. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ തീർത്തും അപ്രതീക്ഷിതമായി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമ്പോഴും ആ ‘ഇരുണ്ട’ ക്ലൈമാക്സിനു മാറ്റമില്ല. നാടകീയ നിമിഷങ്ങൾകൊണ്ട് സമ്പന്നമായിരുന്ന ബ്രിസ്ബെയ്ൻ ക്രിക്കറ്റ് ടെസ്റ്റിന് ‘സമനില’യുടെ ക്ലൈമാക്സ് പോരെന്നു തോന്നിയതുകൊണ്ടാണോ എന്നറിയില്ല, തീർത്തും അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനവുമായി അശ്വിൻ മറ്റൊരു ട്വിസ്റ്റ് കൂടി സമ്മാനിച്ചത്. ഓസ്ട്രേലിയൻ പര്യടനം പാതിവഴിയിൽ നിൽക്കേ അശ്വിൻ കളമൊഴിഞ്ഞ് മടങ്ങുമ്പോൾ, പതിവുപോലെ ഒട്ടേറെ ചോദ്യങ്ങളും ഉപചോദ്യങ്ങളും ബാക്കിയാണ്. ഇന്ത്യയ്ക്കു മുന്നിൽ ഇനിയുള്ള
ബാറ്റർമാർക്ക് പിടികൊടുക്കാതെ അപ്രതീക്ഷിതമായി കുത്തിത്തിരിയുന്ന പന്തുകളാണ് ആർ. അശ്വിന്റെ വജ്രായുധം. 14 വർഷം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ ഉടനീളവും അതിന് മുൻപും അശ്വിനെ അശ്വിനാക്കി നിലനിർത്തിയതും ഈ അപ്രതീക്ഷിത നീക്കങ്ങൾ തന്നെയാണ്. ഇപ്പോഴിതാ ഗ്രൗണ്ടിൽ പുറത്തെടുത്തതിലും ചടുലവും അപ്രതീക്ഷിതവുമായ നീക്കത്തിലൂടെ അദ്ദേഹം തന്റെ രാജ്യാന്തര കരിയറും അവസാനിപ്പിച്ചിരിക്കുന്നു. ‘രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ എന്റെ അവസാന ദിനമാണ് ഇന്ന്’. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ വാർത്താ സമ്മേളനത്തിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം എത്തിയ അശ്വിൻ ഇങ്ങനെ പറയുമ്പോള് ലോകം മുഴുവനുമുള്ള ക്രിക്കറ്റ് ആരാധകർക്ക് അത് വിശ്വസിക്കാനാകുന്നതിനും അപ്പുറമായിരുന്നു. ഇത്തവണത്തെ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടിട്ടും അതിൽ ഒന്നിൽ മാത്രമായിരുന്നു അശ്വിൻ കളത്തിലിറങ്ങിയത്. പരമ്പരയിൽ ഇനിയും രണ്ട് മത്സരങ്ങൾ അവശേഷിക്കുകയും 2024–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ പ്രവേശനത്തിന് ടീം ഇന്ത്യയുടെ സാധ്യതകൾ ഇപ്പോഴും സജീവമായി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അശ്വിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല.
ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ഓസീസിനോട് സമനിലയെങ്കിലും നേടാൻ മഴ ദൈവങ്ങൾ കനിയണമെന്ന ദയനീയ അവസ്ഥയിൽ പതറുന്ന ടീം ഇന്ത്യയെ കാണുന്ന ക്രിക്കറ്റ് ആരാധകർ ഇപ്പോൾ ഏറ്റവും ചർച്ചചെയ്യുന്നത് 3 മുതിർന്ന താരങ്ങളെപ്പറ്റിയാണ്. ഒരു വശത്ത് ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ക്രീസിൽ പിടിച്ചുനിൽക്കാൻ പോലും കഴിയാതെ പതറുന്ന രോഹിത്തും കോലിയും. മറുവശത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, 8 ഇന്നിങ്സുകളിൽനിന്ന് 5 അർധസെഞ്ചറികൾ ഉൾപ്പെടെ 469 റൺസ് തല്ലിക്കൂട്ടി ടൂർണമെന്റിലെ ടോപ് സ്കോററായ അജിൻക്യ രഹാനെയും. രണ്ട് ചിത്രങ്ങൾ പരിശോധിച്ചാൽ ഈ ചർച്ചകളുടെ തീവ്രത കൂടുതൽ വ്യക്തമാകും. ആദ്യത്തേത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയും കയ്യിലേന്തി നിറചിരിയോടെ നിൽക്കുന്ന അജിൻക്യ രഹാനെയുടേതാണെങ്കിൽ മറ്റൊന്ന് ഓസ്ട്രേലിയയ്ക്കെതിരായ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഇന്ത്യ ഫോളോഓണിൽനിന്ന് രക്ഷപ്പെട്ടപ്പോൾ, ഡ്രസിങ് റൂമിൽ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും നേതൃത്വത്തിൽ നടന്ന ‘വൻ ആഘോഷത്തിന്റെ’ ചിത്രമാണ്. ഓസീസ് ബോളിങ്ങിനും ബാറ്റിങ്ങിനും മുന്നിൽ സകല അടവുകളും പാളിയ ഇന്ത്യയുടെ ‘സൂപ്പർ താരങ്ങളുടെ’ ദയനീയത തോന്നുന്ന ആഘോഷത്തിന് നേരെ
ഇന്ത്യൻ ക്രിക്കറ്റിലെ ചീത്തക്കുട്ടി എന്ന ‘വിശേഷണം’ സമൂഹമാധ്യമങ്ങളിൽ ഉള്പ്പെടെ വിനോദ് കാംബ്ലിക്ക് ചാർത്തി നൽകിയിട്ട് കാലമേറെയായി. എന്നാൽ വിനോദ് ഗണപത് കാംബ്ലി എന്ന ഇന്ത്യൻ ക്രിക്കറ്റർ സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്ത ചില റെക്കോർഡുകൾ എല്ലാവരും മറന്നുപോകുകയാണോ? ആഭ്യന്തര ക്രിക്കറ്റിൽ ഒരു പിടി റെക്കോർഡുകളും സ്വന്തം പേരിൽ എഴുതിച്ചേർത്ത് ഇന്ത്യൻ ക്രിക്കറ്റിൽ അവതരിച്ച കാംബ്ലിക്ക് രാജ്യാന്തര ക്രിക്കറ്റിൽ മറ്റൊരു സച്ചിൻ ആകാന് കഴിഞ്ഞില്ലെന്നത് സത്യമാണ്. എന്നാൽ അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോർഡുകൾക്കു നേരെ ആർക്കും കണ്ണടയ്ക്കാനാകില്ല. അവശ്യസമയത്ത് തന്നെ സഹായിച്ചില്ലെന്നു പറഞ്ഞ് സച്ചിനെ ചീത്ത പറയുന്ന, പിന്നീട് അത് മാറ്റിപ്പറയുന്ന കാംബ്ലിയെയാണ് പുതുതലമുറ കണ്ടിട്ടുള്ളത്. എന്നാൽ 16 വയസ്സു മുതല് തുടരെത്തുടരെ റെക്കോർഡുകൾ അടിച്ചുകൂട്ടിയ കാംബ്ലിയുടെ കഥ വ്യത്യസ്തമാണ്.
പന്തയക്കുതിരയുടെ തിരോധാനവും പരിശീലകന്റെ മരണവും അന്വേഷിക്കുകയായിരുന്നു ഡിറ്റക്ടീവ് ഷെർലക് ഹോംസ്. കാവൽനായ എന്തുകൊണ്ട് കുരച്ചില്ല എന്നായിരുന്നു ഹോംസിന്റെ സംശയം. സ്കോട്ലൻഡ് യാർഡ് ഡിറ്റക്ടീവ് ഗ്രിഗറിക്കു സംശയമേതുമുണ്ടായില്ല. ‘അസാധാരണമായി ഒന്നും സംഭവിച്ചില്ല. പട്ടിപോലും കുരച്ചില്ല’.-ഗ്രിഗറി പറഞ്ഞു. ‘അതുവളരെ അസാധാരണമാണല്ലോ’ എന്നായിരുന്നു ഹോംസിന്റെ മറുപടി. വെള്ളക്കരുക്കളുമായിറങ്ങുമ്പോൾ കറുത്ത കരുക്കളുമായി പ്രചാരത്തിലുള്ള ഓപ്പണിങ് പരീക്ഷിച്ചും തന്റെ ടീം സൃഷ്ടിച്ച അടുക്കളയിലെ തന്ത്രങ്ങൾ പ്രയോഗിച്ചും ലോക ചെസ്ചാംപ്യൻ ഡിങ് ലിറൻ നടത്തിയ നീക്കങ്ങളെ സർ ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച കഥാപാത്രം ഷെർലക് ഹോംസിനെപ്പോലെ ഇഴകീറിപ്പരിശോധിച്ചു ആ പതിനെട്ടുകാരൻ. ചൈന വൻമതിൽ പോലെ പ്രതിരോധമുയർത്തിയ ലോക ചാംപ്യനെ സ്വന്തം കരുനില അവഗണിച്ചും അവസാനം വരെ പോരാടാൻ വെല്ലുവിളിച്ചു ആ ചെന്നൈ പയ്യൻ. പതിനാലു നേർക്കുനേർ പോരാട്ടങ്ങൾക്കൊടുവിൽ, അഞ്ചാം മണിക്കൂറിൽ, അതുവരെ കളിച്ചതൊക്കെയും മറന്ന് സമനിലപ്പൂട്ടു തകർക്കാൻ ടൈബ്രേക്കർ എന്ന അതിവേഗ പോരാട്ടങ്ങളിലേക്കു സമയവും ലോകവും നടന്നടുക്കുമ്പോൾ ആ സമയമെത്തി - പതിനെട്ടാം ലോക ചാംപ്യൻ ഉദയം ചെയ്യുന്ന സമയം. ആന്ധ്രയിലെ ഗോദാവരീ തടങ്ങളിൽ വേരുകളുള്ള മാതാപിതാക്കളുടെ മകൻ, ചെന്നൈ സ്വദേശിയായ ഇന്ത്യക്കാരൻ സിംഗപ്പൂർ സെന്റോസ വേൾഡ് റിസോർട്സ് വേദിയിൽ ലോകത്തിന്റെ ചെസ് രാജാവായി ഉദയം ചെയ്യുന്ന സമയം. 139 വർഷം പഴക്കമുള്ള ലോക ചെസ് പോരാട്ടങ്ങളിൽ 17 പേരെയേ ലോകജേതാവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളൂ. ആ നിരയിലെ പതിനെട്ടാമനായി ദൊമ്മരാജു ഗുകേഷ് എന്ന ഡി. ഗുകേഷ്.
2001ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ച വി.വി.എസ് ലക്ഷ്മൺ – രാഹുൽ ദ്രാവിഡ് സഖ്യത്തിന്റെ പ്രകടനം ലോക ടെസ്റ്റ് ചരിത്രത്തിലെ അപൂർവമായ തിരിച്ചുവരവിന്റെ കഥയാണ്. മൂന്നു ടെസ്റ്റുകളടങ്ങിയ 2000–01 പരമ്പരയിലെ ആദ്യ മത്സരം മുംബൈയിൽ 10 വിക്കറ്റ് ജയത്തോടെ ഓസീസ് നേടി. രണ്ടാം ടെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്കയായ ഈഡനിൽ. തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങളെന്ന ലോക റെക്കോർഡ് പതിനേഴിലേക്കു നീളാതെ ഇന്ത്യ പിടിച്ചുകെട്ടിയ മത്സരമെന്നാകും ഇന്ത്യ – ഓസ്ട്രേലിയ 2000 – 2001 പരമ്പരയിലെ 2–ാം ടെസ്റ്റ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ അതൊരു തിരിച്ചുവരവിന്റെയും പോരാട്ടവീര്യത്തിന്റെയും ഓർമപ്പെടുത്തലായി. അതുല്യമായ ആ വിജയത്തിനു ഇന്ത്യ നന്ദി പറയുന്നത് ബാറ്റർമാരായ വി.വി.എസ്. ലക്ഷ്മണിനോടും രാഹുൽ ദ്രാവിഡിനോടും. ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജന്മനാട്ടിൽ 90,000 കാണികൾ കളി കാണാൻ ഒഴുകിയെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ്, ക്യാപ്റ്റൻ സ്റ്റീവ് വോയുടെ ഉജ്വല സെഞ്ചറിയുടെ കരുത്തിൽ (110 റൺസ്) കുറിച്ചത് 445 റൺസ്. 97 റൺസ് നേടിയ മാത്യു ഹെയ്ഡനും മികച്ച സംഭാവന നൽകി. ഏഴു വിക്കറ്റ് പിഴുത ഹർഭജൻ സിങ് ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായതു മാത്രം ആതിഥേയർക്ക്
ആഷസ് കഴിഞ്ഞാൽ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന മത്സരങ്ങളാണ്. ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ജന്മമെടുത്ത അനശ്വര നിമിഷങ്ങൾക്ക് പല വർണങ്ങൾ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടങ്ങൾക്ക് ഏഴര പതിറ്റാണ്ടുകളിലേറെ ചരിത്രമുണ്ട്. സർ ഡോണൾഡ് ബ്രാഡ്മാനും ഡെന്നിസ് ലിലിയും സുനിൽ ഗാവസ്കറും കപിൽദേവും സച്ചിൻ തെൻഡുൽക്കറും അലൻ ബോഡറുമൊക്കെ ആ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യ – ഓസീസ് ടെസ്റ്റ് പരമ്പര 1947 നവംബർ 28ന് തുടക്കമായെങ്കിലും 1996 മുതൽ ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ജേതാക്കൾക്ക് സമ്മാനിക്കുന്ന കിരീടം ഇതിഹാസ താരങ്ങളായ സുനിൽ ഗാവസ്കറുടെയും അലൻ ബോർഡറിന്റെ പേരിലാണ് അറിയപ്പെടുന്നത്: ബോർഡർ – ഗാവസ്കർ ട്രോഫി. പോരാട്ടച്ചൂടിന്റെ കാര്യത്തിൽ ഇന്ത്യ – ഓസ്ട്രേലിയ മത്സരങ്ങൾക്ക് ലോകക്രിക്കറ്റിൽ വ്യത്യസ്തമായ സ്ഥാനമാണുള്ളത്. ആവേശംകൊണ്ടും വേറിട്ട സംഭവങ്ങൾകൊണ്ടും വിവാദങ്ങൾക്കൊണ്ടും ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റുകൾ കായിക ചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു. ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങളിലെ അനശ്വരനിമിഷങ്ങളിലൂടെ.........
Results 1-10 of 267