Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ഭൂലോകപൗരനോടൊപ്പം

ഡോ. കവിത ബാലകൃഷ്ണൻ
Author Details
Follow Twitter
Follow Facebook
pic5

സാധാരണ നമ്മൾ യാത്രകൾ  നടത്തുന്നത് ഓരോരോ ഭൂപ്രദേശങ്ങളിലേക്കാണ് എന്നതുകൊണ്ട് അവയുടെ സ്വതവേയുള്ള വിവരണവും ആ പ്രദേശത്ത് ഒതുങ്ങിയുള്ള അദ്ഭുതങ്ങൾ തന്നെയാകണമല്ലോ. ഇംഗ്ലണ്ടിലെ മൂന്നു മുഖ്യനഗരങ്ങളും രണ്ടു യൂണിവേഴ്സിറ്റികളും ചില ഗ്രാമങ്ങളുമാണ് ഈ സന്ദർശനത്തിൽ ആകെ കടന്നുവരുന്ന പ്രദേശങ്ങൾ. ഞാൻ സ്കോട്ട്ലണ്ടിലേക്കും അയർലണ്ടിലേക്കും യാത്ര നടത്തിയിട്ടില്ല. അതുകൊണ്ട് ഈ യാത്രാവിവരണത്തിന് യഥാർഥത്തിൽ ‘ഇംഗ്ലീഷ് ഡയറി’ എന്ന പേരായിരിക്കും യോജിക്കുകയെന്ന് എന്റെ സ്നേഹിതൻ മുരളി വെട്ടത്ത് അഭിപ്രായപ്പെടുന്നു. വർഷങ്ങളായി ലണ്ടനിൽ സ്ഥിരതാമസമാക്കിയ, ഇരിഞ്ഞാലക്കുടയ്ക്കടുത്ത്  ചേലൂർക്കാരനും എന്റെ നാട്ടുകാരനുമായ ഒരു ഭൂലോകപൗരനും രാഷ്ട്രീയനിരീക്ഷകനുമാണ് മുരളിച്ചേട്ടൻ. ഈ യാത്രകളെല്ലാം കഴിഞ്ഞ് ഞാൻ തിരികെ ലണ്ടനിൽ ചെന്നുകയറിയതും, തിരികെ വീട്ടിലേക്കുള്ള യാത്രയ്ക്ക് പെട്ടിമുറുക്കിയതും മുരളിച്ചേട്ടന്റെ  വീട്ടിൽ ചെന്നിട്ടാണ്. അദ്ദേഹത്തിന്റെ  ഈ മറുചിന്ത കേട്ടപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ആദ്യമായി അന്വേഷിച്ചത്, അതും ഈ യാത്രക്കുറിപ്പ് എഴുതിത്തുടങ്ങിയ ശേഷം. 

എന്താണ് ‘ബ്രിട്ടീഷ്’, എന്താണ് ‘ഇംഗ്ലീഷ്’ ? ഇത് ഏറ്റവും ശരിയായി പറയാൻ കഴിയുക ഒരുപക്ഷേ ഒരു ഇംഗ്ലീഷുകാരിക്ക് തന്നെയാകും. അങ്ങനെ ഹിലാരി ഹോൾട്ട്നോട് ആരാഞ്ഞു, ഹിലാരിയായിരുന്നു പ്രസ്റ്റണിൽ ഇംഗ്ലിഷ് ഗ്രാമങ്ങളിൽ എന്റെ ആതിഥേയ. അതിലപ്പുറം കലയിലെ ചില സമാനമേഖലകളും ഞങ്ങൾക്കിടയിൽ ഉണ്ട്. 

എന്റെ  ഡയറി എന്താണ്, ബ്രിട്ടീഷ് ആണോ ഇംഗ്ലീഷ് ആണോ ? ഹിലരി പറഞ്ഞു, ‘ബ്രിട്ടീഷ് ഡയറി തെറ്റല്ല. പക്ഷേ ഇംഗ്ലീഷ് ആണ് കുറേക്കൂടി അടുപ്പം തോന്നിക്കുന്ന പദം. അതു  സംസാരിക്കുന്ന ഭാഷയുടെ ഒരു കാര്യം മാത്രമല്ല കേട്ടോ. ഇംഗ്ലണ്ടിൽ താമസിക്കുന്നു എന്നൊരൊറ്റ കാരണം കൊണ്ട് ഞങ്ങൾ ഞങ്ങളെ ഇംഗ്ലീഷ് ആയി കരുതുന്നു. പക്ഷേ രാഷ്ട്രീയമായി ഞങ്ങൾ ഞങ്ങളെക്കുറിച്ച് ബ്രിട്ടീഷ് എന്നു കരുതുന്നു.എന്റെ ദേശീയതയെക്കുറിച്ചാണു ചോദ്യമെങ്കിൽ രണ്ടുവാക്കും എനിക്ക് ഒന്നുതന്നെ സ്നേഹിതേ.’ 

അപ്പോൾ എനിക്ക് ഓർമ വന്നു, ആധുനികകലയുടെ മ്യൂസിയങ്ങൾ സംസാരിക്കുന്ന ദേശീയത നിശ്ചയമായും ‘ബ്രിട്ടീഷ്’ ആണ്, എന്നുവച്ചാൽ ഒരു ദേശം അതിന്റെ ഭൂഭാഗദേശീയതയ്ക്കപ്പുറം ലോകവുമായി രാഷ്ട്രീയമായി ബന്ധപ്പെടുന്നതെങ്ങനെയെന്ന കാര്യമാണത്. അതിനോട് ഹിലരി ഇങ്ങനെ പ്രതികരിച്ചു, ‘അതേ, മ്യൂസിയങ്ങളിൽ വെൽഷ്, സ്കോട്ടിഷ് ആർടിസ്റ്റുകളും പെടുമല്ലോ. പക്ഷേ നീ ചവിട്ടിയ ആ മണ്ണുണ്ടല്ലോ, അത് ഇംഗ്ലീഷ് തന്നെ. നമ്മൾ റോസൻഡെയ്ൽ ഗ്രാമത്തിലേക്ക് പോകുംവഴി നീ വഴിയരികിലിറങ്ങി വാരിക്കളിച്ച ആ മഞ്ഞുപാളികളും.’ 

പക്ഷേ എന്റെ ഈ ഡയറി ഇംഗ്ലണ്ടിൽ ഞാൻ കണ്ട മണ്ണിനെക്കുറിച്ചും ആകാശത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും മാത്രമായിട്ടല്ല പദ്ധതിയിടുന്നതെന്നു ഞാൻ പരിഗണിക്കണമല്ലോ. അതിൽ ആർട് മ്യൂസിയങ്ങളും യൂണിവേഴ്സിറ്റികളും കടന്നുവരുന്നു. അതോടെ ഞാൻ കാണാത്ത ആളുകൾ, ഞാനേ ഇല്ലാതിരുന്ന കാലങ്ങൾ അങ്ങനെ എന്തെല്ലാം ഒരു ഇന്ദ്രജാലത്തിലെന്നപോൽ കടന്നുവരുന്നു ! കലയുടെ വഴിക്കുള്ള സന്ദർശനം തികച്ചും വ്യത്യസ്തമാണ്. അതിന്  മാനസഭൂപ്രദേശങ്ങളെക്കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതിന്റെ മൗലികമായ വഴി തന്നെ ദേശാന്തരമാണ്. അപ്പോൾ ഇംഗ്ലീഷ് എന്നു മാത്രമല്ല, ഒരു മണ്ണും അതു മാത്രമായി നിൽക്കുന്നില്ല എന്നൊരു വാസ്തവം തെളിഞ്ഞുവരുന്നു ! പല ദേശാനുഭവങ്ങൾ കൂടിക്കലരുന്ന ഒരിടത്ത് നമ്മൾ ഒരിടത്ത് ഉറയ്ക്കാതെ കൂടുതലും മനസ്സാൽ വ്യാപരിച്ചു നിന്നുപോകുന്നു ! 

pic4

അതിനാൽ ഈ ഡയറി ഞാൻ കണ്ട ഇംഗ്ലണ്ട് എന്ന ഇടം മാത്രമല്ല, ഫലത്തിൽ ആ ഇടം നിമിത്തമായി ഞാൻ കണ്ട ‘ബ്രിട്ടീഷ് കല’യുടെ മാനസലോകം കൂടി ഉൾപ്പെടുന്നതാകുന്നു. അതിലാകട്ടെ പല നാടുകളും കാലങ്ങളും കടന്നുംവരുന്നു. അങ്ങനെ ഒരു അന്വേഷണം ഇന്ത്യയിലുള്ള ചുരുക്കം ആർട് മ്യൂസിയങ്ങളിൽത്തന്നെ വിരളമാണ്.

അതുകൊണ്ട് ഇനി ഞാൻ ഇംഗ്ലണ്ടിൽ അനുഭവിച്ച ആ റഷ്യൻ കഥ പറയാം. കബക്കൊവ് (Ilya & Emilia Kabakov) ദമ്പതികളുടെ പ്രദർശനം. Not Everyone Will be Taken into the Future  എന്ന അദ്ദേഹത്തിന്റെ നീണ്ട ജീവിതകാല സൃഷ്ടികളുടെ ഒരു (Retrospective) പ്രദർശനം. (img00)

pic3

മുൻ സോവിയറ്റ് യൂണിയന്റെ ഭാഗവും ഇപ്പോൾ ഒരു സ്വതന്ത്രരാജ്യവുമായ ഉക്രെയ്ൻൽ 1933ലാണ് ഇല്യ കബക്കൊവ് ജനിച്ചത്. എമീലിയ 1945ലും. എമീലിയ സംഗീതജ്ഞയാണ്. വഴിയെ ഒരു ക്യൂറെറ്ററും കലാ ഉപദേഷ്ടാവും ആയിട്ട് ന്യൂയോർക്കിലേക്കു കുടിയേറി. പക്ഷേ ഇല്യ അങ്ങനെ പെട്ടെന്ന് ഇങ്ങോട്ടും കുടിയിറങ്ങിയില്ല. തന്റെ അൻപത്തിനാലാം വയസ്സ് വരെയും, പിറന്ന മണ്ണിൽത്തന്നെ, അതിനോടുള്ള എല്ലാ അഭിപ്രായവ്യത്യാസങ്ങളോടെയും  സോവിയറ്റ് യൂണിയനിൽത്തന്നെ ജീവിച്ചു. ഒടുവിൽ 1992ൽ ഇല്യയും കുടിയേറി. എന്നിട്ട് അവർ വിവാഹിതരായി. ഇപ്പോൾ വാർധക്യത്തിൽ  അമേരിക്കയിൽ കലാജീവിതം തുടരുന്നു. 1950 കളിലും 1960കളിലും ഉള്ള സ്റ്റാലിനു ശേഷമുള്ള സോവിയറ്റ് യൂണിയൻ, രാഷ്ട്ര പുനർ നിർമാണത്തിനുള്ള നികിത ക്രൂഷ്ചെവിന്റെ പരിശ്രമങ്ങളിലൂടെ കടന്നുപോകുന്ന സമയത്താണ് ഇല്യയും എമീലിയയും കലാകാര ജീവിതമുണ്ടാക്കുന്നത്. 

സോവിയറ്റ് റഷ്യയിൽ ഇല്യ നയിച്ചതു മുപ്പതുവർഷത്തെ കലാകാരജീവിതമാണ്. 1930കൾ മുതൽ പെരിസ്ട്രോയ്ക്കക്കാലം വരെയും റഷ്യയിൽ കലാഭാഷകൾ വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ കാര്യം ആയി കണക്കാക്കപ്പെട്ടു. തൊഴിലാളി-വിപ്ലവ-നേതൃത്വത്തെയും, രാഷ്ട്രീയ സംഘാടനങ്ങളെയും ആദർശവൽക്കരിക്കുന്ന രീതിയിലുള്ള റിയലിസം ആണ് ഔദ്യോഗികമായ കലാശൈലിയായി അറിയപ്പെട്ടിരുന്നത്. ഇതിൽനിന്നു ഭിന്നത കുറിക്കുന്നവിധം വിമർശാനാത്മകമായതോ വൈരുധ്യമുള്ളതോ ആയ ഒരു കല അംഗീകരിക്കപ്പെട്ടിരുന്നില്ല എന്ന് മാത്രമല്ല, അവ സംശയാസ്പദമായി നിരീക്ഷിക്കപ്പെടുകയും പിടിച്ചടക്കപ്പെടുകയും ചെയ്തു. പ്രത്യേകിച്ച് ഒക്ടോബർ വിപ്ലവത്തിനു മുൻപുള്ള റഷ്യൻ കലയിൽ യൂറോപ്യൻ

pic2

ആധുനികകലയുടെ അമൂർത്തഭാഷകളോട് (അവാങ്ങ്‌-ഗാർഡു പ്രസ്ഥാനങ്ങൾ, കാലത്തിനു മുന്നിൽ യുദ്ധോത്സുകമായി നടന്നവ എന്നർഥത്തിൽ) ഉണ്ടായിരുന്ന ചായ്‌വ് വിപ്ലവാനന്തര ഭരണകൂടം ശക്തമായി നിരുത്സാഹപ്പെടുത്തി. 

എന്നാൽ ഏതു കാലത്തും, എവിടെയും മികച്ച ചിത്രഭാഷയ്ക്കുണ്ടാമോ ഭരണകൂടപ്പേടി ! അത് അനുഭവങ്ങളും ചിന്തകളുമാണ്. അനൌദ്യോഗികമായിരിക്കാൻ സഹായിക്കുന്ന ഏതു കലാഭാഷയും അതെവിടെനിന്നു വന്നാലും സ്വാധീനിക്കാവുന്ന വിധത്തിലായിരുന്നു ഇല്യ കബാക്കൊവും ചെറു രഹസ്യകലാസംഘങ്ങളും റഷ്യയിൽ ഒരു അധോജീവിതം നയിച്ചിരുന്നത്. 

ഇല്യ ഒരു പുറത്ത് ഔദ്യോഗികമായി ഒരു ബാലസാഹിത്യ ഇലസ്ട്രെറ്ററായി അവതരിച്ചു. ഗവണ്മെണ്ട് പ്രസാധനത്തിൽ ഒരു കലാകാര യൂണിയന്റെ അംഗമായി. മറ്റൊരു പുറത്ത് ‘മോസ്കോ കൺസെപ്ച്ച്വലിസം’ എന്ന ഒരു അധോലോക കലാപ്രസ്ഥാനത്തിന്റെ പ്രധാനിയുമായിരുന്നു. അധോലോകപ്രവർത്തനം പോലെ കലാപ്രവർത്തനം അനൗദ്യോഗികം ആയത് സ്വതന്ത്രമായി കലാകാരനായി പ്രവർത്തിക്കാൻ അവിടെ ഇടമില്ലാത്തതുകൊണ്ടായിരുന്നു. ഇല്യയും അതുപോലെത്തന്നെ പ്രവൃത്തിയിൽ ഏർപ്പെട്ട എറിക് ബുതലോവ്, ഓലേഗ് വാസിലെവ് തുടങ്ങിയ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളും ഒത്തുചേർന്നു. അവർ സ്വതന്ത്രമായി നിർമിച്ച കലയുടെ സ്രഷ്ടാക്കളും കാണികളും അവർതന്നെ പരസ്പരം ആയിത്തീർന്നു. 

അവരെല്ലാം തുടർന്നുവന്നിരുന്ന ഒരു മുഷിഞ്ഞ ജീവിതമാണ് അതിനെല്ലാം കാരണമായത്. പാർപ്പിടം, ഭക്ഷണം, സർഗാത്മകത എന്നുവേണ്ട തങ്ങളുടെ ജീവിതത്തെ ഉന്മേഷമുള്ളതാക്കുന്ന എന്ത് തന്നെയും തികച്ചും യാന്ത്രികമായി അനുവർത്തിക്കുന്ന ചിട്ടകൾക്കും അനുസരണകൾക്കും വിധേയമാക്കപ്പെട്ടതായ തോന്നലാണ് ഇവരെ സ്വന്തം രാജ്യത്തു തന്നെ അതിന്റെ വ്യവസ്ഥയിൽ പങ്കില്ലാത്ത വെറും കാണികൾ മാത്രമാക്കിയത്. ഇല്യ പറയുമ്പോലെ, അവർ നരവംശ ശാസ്ത്രജ്ഞരെപ്പോലെ മറ്റൊരു ക്ലബ്ബിലെ അംഗങ്ങളായി. ദൈനംദിന സോവിയറ്റ് ജീവിതത്തിൽ അന്യന്മാരും.

ഇല്യ പലതരം തൂലികാനാമത്തിലാണ് അനൌദ്യോഗിക കലയിൽ ഏർപ്പെട്ടത്. അതുകൊണ്ടുതന്നെ സെൽഫ് പോർട്രെയ്റ്റ് പതിവില്ല. 

ഇല്യയുടെ പ്രദർശനമുറികളിലേക്ക് ഇരുപതു പൌണ്ട് കൊടുത്ത് കടന്ന വഴി തന്നെ കണ്ടത് ഒരു സെൽഫ് പോർട്രെയ്റ്റ് ആണ്. (img1) ഫ്രഞ്ച് ഇമ്പ്രഷനിസത്തെ ഓർമ്മിപ്പിക്കുന്ന ശൈലി. വിപ്ലവത്തിന് മുൻപത്തെ റഷ്യയിൽ Jack of Diamonds എന്നൊരു ഗ്രൂപ്പുണ്ടായിരുന്നു. (1910-1917) അതിലെ മെമ്പർ ആയിരുന്ന റോബർട്ട് ഫോക്കിനെ 1956ൽ ഇല്യ സന്ദർശിച്ചിരുന്നു. ഫോക്ക് സോഷ്യലിസ്റ്റ് റിയലിസ്റ്റ് ശൈലിയിൽ വരയ്ക്കാൻ കൂട്ടാക്കിയിരുന്നില്ല. യൂറോപ്യൻ ആധുനികതയിൽ തങ്ങൾക്ക് വേണ്ടത് എന്തോ ഉണ്ടെന്ന് കരുതിയവരാണ് ആ കൂട്ടർ.

പിന്നീട് ‘world of Art’എന്ന ഗ്രൂപ്പായി പരുവപ്പെട്ടു. വളരെ വഴക്കമുള്ളതും, തത്ത്വാനുസാരിയല്ലാത്തതുമായ കലാഭാഷകൾ തന്നെ ഇവർ സ്വരൂപിച്ചു. വിപ്ലവാനന്തര സോവിയറ്റ് ജീവിതം ഈ യൂറോപ്യൻ ബന്ധത്തിന്റെ  പേരിൽത്തന്നെ ഇവരെയെല്ലാം പ്രതിഭകളല്ല, വെറും ‘പ്രതി’കളാക്കി. വ്യക്തിക്ക് വഴക്കമില്ലാത്ത വിധം പൊതുവായതും പ്രത്യയശാസ്ത്ര തത്ത്വാനുസാരിയുമായ ഒരു ജീവിതമാണല്ലോ സോവിയറ്റ് പരീക്ഷണമായിരുന്നത്. 1960കളോടെ ഇല്യയടക്കമുള്ള പുതുതലമുറ ഒരു പ്രതിരോധമെന്ന കണക്കേ ഈ വിപ്ലവപൂർവ കലാചരിത്രത്തിൽനിന്നു കടമെടുത്ത് തങ്ങളുടെ ഭാഷ സജീവമാക്കാൻ നോക്കി. അതിനാൽ ഇതിൽ കാണുന്ന ചായത്തേപ്പ്, ആ ഫ്രഞ്ച് ശൈലി, ആനുഷംഗികം മാത്രമാണ്.

പിന്നെക്കണ്ടത് ‘ക്യൂബ്സ്’ എന്ന ഒരു വർക്കാണ്. (img2) മെസോനൈറ്റ് പലകയിൽ പലതായി ഒട്ടിച്ചുവച്ച മരക്കഷണങ്ങൾ. ‘ഇതൊക്കെയോ ഒരു കലാവസ്തു’ എന്നു നമുക്ക് ഒരു പുച്ഛമോ പരിചയക്കേടോ വന്നേക്കും. പക്ഷേ ഇതൊക്കെ ഒരു കലാവസ്തുവാക്കി താഴ്ത്തിക്കെട്ടാൻ ഇല്യയും ഒരുക്കമാകില്ല അന്ന് ! അത് കേട്ടാൽ ‘എന്തൊരു ഔദ്ധത്യം’ എന്ന് അന്നത്തെ കലയുടെ ഔദ്യോഗികവ്യാപാരികൾ പറയും. കാരണം അവർക്ക് വിപ്ലവത്തെ ഉദാത്തമാക്കുന്ന ‘റിയലിസം’ മാത്രമേ ദഹിക്കൂ. നമുക്ക് ഒരു ‘സ്വപ്നം കാണുന്ന ഒരു രവിവർമസുന്ദരി’ കൂടുതൽ ദഹിക്കുംപോലെ. നമ്മുടെ ഭരണകൂടങ്ങൾ ഏറെയും ഇരുപതാംനൂറ്റാണ്ടിന്റെ കലാകാരരോട് നിർവികാരമാണ്. എന്നാലും ഗവൺമെന്റ് തലത്തിൽ ചിത്ര-ശിൽപകാരന്മാരുടെ യൂണിയനുണ്ടാക്കാനും അവർക്ക് ഒരു ഔദ്യോഗിക കലാഭാഷ നിശ്ചയിക്കാനും നമ്മുടെ ഭരണകൂടങ്ങൾക്ക് തോന്നിയില്ല ! അതു ഭാഗ്യമെന്നേ പറയേണ്ടൂ 

ഒരുപക്ഷേ അത്രമേൽ അസംസ്കൃതമായി കാണപ്പെട്ട ഇല്യയുടെ ആ പലകപോലെത്തന്നെയായിരുന്നു അവരുടെ ജീവിതവും. ആ പലകയിലെ ഒന്നു രണ്ടു ചെറിയ മരക്കഷണങ്ങളിൽ ചില പ്രകൃതിദൃശ്യങ്ങളുടെ റിയലിസ്റ്റ് ചിത്രോപമ സൗന്ദര്യം കാണാം. വസ്തുക്കൾ കാൻവാസിലോ പ്രതലത്തിലോ ഒട്ടിച്ചുവയ്ക്കൽ- ഒരു തരം അസംബ്ലാഷാണ്(Assemblage). പക്ഷേ ഇതും തന്റെ അന്നത്തെ 

മാനസികാവസ്ഥയും ജീവിതവും കാണിക്കാൻ ഇല്യ ആനുഷംഗികമായി ഉപയോഗിച്ച സൂത്രമാണ്. ആവർത്തിക്കാനുള്ള ഒരു കലാശൈലി അല്ല.  

ഇതാണ് ഞാൻ കാണാൻ ആഗ്രഹിച്ചതും. ഏതെങ്കിലും ശൈലിയിൽ ചെന്ന് സുരക്ഷിതമായി കെട്ടിക്കിടക്കാതെ, ഒരാൾ കലാഭാഷയുടെ ഉള്ളിലേക്ക് ജീവിതത്തെ കടത്തിവിടുന്നതു കാണുന്നത് എനിക്ക് വളരെ താൽപര്യജനകമാണ്. അയാൾ ജീവിതത്തിൽ അസ്വസ്ഥമായിട്ടോ മതിവരാതെയോ ഒന്നിൽ നിന്ന് ഒന്നിലേക്ക് യാത്രചെയ്യുന്നതുകൊണ്ട് അപ്രതീക്ഷിതമായിരിക്കും അയാളുടെ കല. അങ്ങനെ ചിതറുന്ന ജീവിതം എന്നത് ഒരു സമകാലികയഥാർഥ്യമാണല്ലോ. ഇത് കഴിഞ്ഞനൂറ്റാണ്ടിലെയും ഒരു യഥാർഥ്യം തന്നെ. അന്ന് ഈ ചിതറൽ സൈദ്ധാന്തികമായിട്ടില്ല, ഇന്നത്തെ പോലെ അനിവാര്യമെന്ന കണക്കേ സ്വീകാര്യമായിട്ടില്ല എന്നു മാത്രം. നമ്മുടെ വിപണികൾ, സംസ്കാര വിനിമയങ്ങൾ എന്നിവ ഇത്രമേൽ അവിശ്വസ്തവും അനിയന്ത്രിതവും സങ്കീർണവുമായിട്ടില്ല. ആധുനികകലയുടെ വിപണി കലാകാരനോട് മിക്കപ്പോഴും ഒരു ‘സിഗ്നെച്ചർ ശൈലി’ ആവശ്യപ്പെട്ടു. അതിനാൽ അയാൾക്ക് എപ്പോഴും സ്വയം ആവർത്തിക്കേണ്ടിവന്നു. ഭരണകൂടങ്ങൾ ഒന്നുകിൽ കലയോട് നിർവികാരമായി പെരുമാറി. നമ്മുടെ കൂട്ടരേപ്പോലെ. അല്ലെങ്കിൽ അവ ‘ഒരു ഔദ്യോഗിക ശൈലി’ പിൻതുടരാൻ തങ്ങളുടെ അധികാരം പ്രയോഗിച്ചും കലാകാരനെ നിർബന്ധിതമാക്കി. സ്വതന്ത്രചിന്ത ഞെരിഞ്ഞുപോയി.

അതുകൊണ്ട് കബാക്കൊവിന്റെ ചിതറിയ ലോകം ഇരുനൂറോളം പ്രദർശന(diplay)പരീക്ഷണങ്ങൾ തന്നെ ! അതു കണ്ടുകണ്ട്, ഇംഗ്ലണ്ടും മറന്ന് ഞാൻ ഇരുപതാംനൂറ്റാണ്ടിന്റെ റഷ്യയിൽ ദീർഘനേരം നടന്നു.  അല്ലെങ്കിലും മനുഷ്യൻ മറ്റൊരു മനുഷ്യനെ ഭാവനാത്മകമായി കണ്ടെത്തുന്ന ഏർപ്പാടാകുന്ന കലയിൽ ആയിരുന്നാൽ, ഇത്രേയുള്ളൂ രാഷ്ട്രങ്ങൾ തമ്മിലുള്ള ദൂരം. കാലങ്ങൾ തമ്മിലുള്ള ദൂരവും! 

1980ലെ ‘സോബാകിൻ’ എന്നൊരു ചിത്രം. റഷ്യൻ ഭാഷയിൽ ‘സോബാകിൻ’ എന്നൊരാളുടെ വിശേഷങ്ങൾ വൃത്തിയായി കാൻ വാസിൽ എഴുതിവച്ചിരിക്കുന്നു. ജനനം, മാതാപിതാക്കൾ, പഠനം, വിവാഹം, ജോലി എന്നിവയുടെ വിശദാംശം എഴുതിയിരിക്കുന്നു. ഈ സോബാക്കിൻ കണ്ടാൽ എങ്ങനെയിരിക്കും എന്നാണെങ്കിൽ, അയാളൊരു ‘പട്ടിയായിട്ടാണ്’ കാൻവാസിൻറെ മറ്റേ പകുതിയിൽ വരച്ച് കാണപ്പെടുന്നത് ! ബ്യൂറോക്രാറ്റിക്ക് കണക്കെടുപ്പ് പോലെ വാക്കുകൾ കൊണ്ട് ഒരു വശവും അതിന്റെ അക്ഷരാർഥത്തിലുള്ള കണ്ണാടിച്ചിത്രം പോലെ (‘സോബാക്’ എന്ന റഷ്യൻ പദത്തിന് അർഥം പട്ടി എന്നാണ്) തുച്ഛമായ അപരദൃശ്യാവിഷ്കാരവും. മേധാവിത്തപരമായ റഷ്യൻ സാഹിതീയതയെ കബാക്കൊവ് പ്രയോജനപ്പെടുത്തുന്നു. (img3)

കബാക്കൊവിന്റെ കലയിൽ വസ്തുക്കളും അവയുടെ ചെറുമാതൃകകളുമൊക്കെ പല രീതിയിൽ പ്രദർശനയോഗ്യമായി വരുന്നു. ഫലത്തിൽ അവയെല്ലാം ഓരോരോ മാനസികാവസ്ഥകൾ തന്നെയാണ്. പുറമേ പ്രകടിപ്പിക്കാത്ത അസ്വസ്ഥതയോടെ, മിണ്ടാതെ, എന്തിനെയോ പ്രതീക്ഷിക്കുന്ന വിധം! ഒരിടത്ത് കബാക്കൊവ് ഒരു ഈച്ചയുടെ യഥാതഥ പോർട്രെയ്റ്റ് ചെയ്ത് ഒരു ജീവിവംശത്തിൽ അതിന്റെ പദവിമൂല്യം പരിശോധിക്കുന്നു! അതെപ്പോഴും മൂളിപ്പറന്നു രോഗവും പരത്തി നടക്കുന്ന ചീത്ത ജീവിയാണ്. പക്ഷേ അതിന്റെ ആകൃതിയിൽ നിന്നു ചിത്രകാരൻ ഒരു അമൂർത്തരൂപം മെനഞ്ഞ് ഒരു ചിത്രത്തിനു നടുവിൽ മറ്റൊരു ഈച്ചരൂപം ചെയ്തിട്ടുണ്ട്. ഇരുവശത്തും രത്നഖചിതമായ രൂപം! (img4) 

അറുപതുകളിൽ ഭരണകൂട റഡാറിനുകീഴിൽ മാസ്ലോവ്ക എന്ന തെരുവിൽ പരിമിതമായും രഹസ്യമായും പ്രവർത്തിച്ച Bluebird Caféയിൽവച്ച് 1968ൽ ചെറിയൊരു കൂട്ടം സുഹൃത്തുക്കൾക്ക് മുന്നിൽ പ്രദർശിപ്പിച്ച ഒരു ചിത്രമുണ്ട്. ‘Answers of the Experimental Group at Pavlov’. ഇതിലും കാൻവാസിന്റെ  ഒരു പകുതിയിൽ ചില സംഭാഷണങ്ങൾ ഇങ്ങനെ എഴുതിയിരിക്കുന്നു. ഗാലറിയിലെ ലഘുലേഖയിൽ തപ്പി അതൊക്കെ ഞാൻ ഇംഗ്ലീഷിൽ വായിച്ചു. പിന്നെ മലയാളത്തിൽ ഇങ്ങനെയും ആലോചിച്ചു. (img5)

നിക്കോളായ് പാവ്ലോവിച്ച് മാൽശ്യെവ് :

ഞാൻ എന്റെ പുതിയ മഴക്കോട്ട് ഇവിടെ തൂക്കും

നിക്കോളായ് ആർക്കാഡിയെവിച്ച് ക്രിവോവ്:

ഞാൻ ഈ ആവിയന്ത്രം എന്റെ മകൻ വോളോദ്യയ്ക്കു വേണ്ടി വാങ്ങിയതാ

അലക്സാണ്ടർ അലെക്സീവിച് കോസ്::

എൻറെ ഭാര്യ, ബ്രുക്കൊവ്ന അന്ന അലക്സീവ്നയാണ് ഈ ആണി ഇവിടെ തറച്ചത് 

അന്ന ബോരിസോവ്ന ഗോരോഡോവിന: 

എനിക്കൊന്നും മനസ്സിലാകുന്നില്ല 

വോളോദ്യ മാൽഷ്യെവ് 

ഈ ആണി എളുപ്പം പറിച്ചെടുക്കാം 

എലിന മാർക്കൊവ്ന യമ്പോൾസ്കായ

ഞങ്ങൾക്ക് വിറകു കൊണ്ടുവരാൻ പോണം, ഇവിടെ ഒരു ചീളു വിറകുപോലുമില്ല ബാക്കി

ലെനോച്ക സിനിത്സ്യന 

ഈ വടി ഒരു വടിയാണെന്ന് തോന്നുന്നില്ല 

ചിത്രത്തിലെ മറുപാതിയിൽ ഒരു ഹാംഗർ, ഒരു വടി, ഒരു ആവിയന്ത്രം-കളിപ്പാട്ടം, തറച്ചു വച്ച ഒരു ആണി എന്നിവ കണ്ടു. പരസ്പരബന്ധമില്ലെങ്കിലും ഇടതുവശത്തെ ഈ സംഭാഷണശകലങ്ങൾ രൂപപ്പെടുത്തിയ,  അറിയാത്ത ആ ഭാഷയിലെ വിചിത്രമായ കൈപ്പട നോക്കുമ്പോൾ എഴുതപ്പെട്ട വാക്കുകൾക്ക് ജീവന്നുണ്ടെന്ന് തോന്നും. വാക്കുകളുടെ പെയിന്റിങ് കാണുകയാണ് ഞാൻ. അദൃശ്യരായ ആരൊക്കെയോ തിരക്കുപിടിച്ച് ചുറ്റും നടക്കും പോലെ തോന്നും. ഒരു മാജിക്ക് പോലെ. നമ്മൾ ഡയലോഗുകൾ വായിക്കവേ, അവ കേൾക്കുകയും ചെയ്ത പോലെ തോന്നുന്നു, പക്ഷേ പറഞ്ഞ ആളെ കാണുന്നില്ല. അശരീരികൾ. എനിക്ക് തോന്നി ഞാൻ കുറെ ആൾക്കാർക്കിടയിൽ ഒരു വരാന്തയിൽ ഇരിക്കുകയാണെന്ന്.

pic1

ഇത് എഴുതിയിരിക്കുന്ന കൈപ്പട റഷ്യൻ നഗരങ്ങളിലെ കമ്യുണിറ്റി അപ്പാർട്മെന്റുകളിൽ കരം പിരിക്കാൻ വരുന്നവർ എഴുതുന്ന രശീതുകളുടെ മാത്രുകയത്രേ. നമുക്ക് കാണാവാത്തതും നമ്മൾ കൃത്യം കേൾക്കുന്നതുമായ ആൾ എന്ന പ്രതീതി, ആ ആൾക്ക് പകരം നിൽക്കുംവണ്ണം ടെക്സ്റ്റ്നെ മാറ്റുന്നു. പറയപ്പെടുന്ന വാക്കുകൾക്ക് ഈ ഗുണമുണ്ട്. അവയ്ക്ക് ശരീരമില്ലല്ലോ. വാക്കുകൾ സൂചിപ്പിക്കുന്ന ആളും സന്ദർഭവും കഥാപാത്രമായി വരയ്ക്കണമെങ്കിൽ കുറെ കാൻവാസ് ഇടം വേണം. വളരെയേറെ ഒഴിഞ്ഞ ഇടം ഉണ്ടാക്കും വാക്കുകൾ. പല വാക്കുകൾ കൊണ്ടുള്ള കടലിലാണ് നമ്മുടെ ദൈനംദിന ജീവിതവും. പറയാൻ വേഗം പറ്റും. വരച്ചെടുക്കാൻ നേരം വേണം. പക്ഷേ വാക്ക് പകരുന്ന ശൂന്യത, അവ്യക്തത ഭീകരമാണ്. ഈ ചിത്രത്തിലെ പോലെ ആളുകൾ അത് നികത്താൻ വെറുതെ ശ്രമിച്ചുകൊണ്ടിരിക്കും.   

അമിതമായി ആളുകളെ പാർപ്പിച്ച കമ്മ്യുണിറ്റി അപ്പാർട്മെന്റുകൾ ഉണ്ടായിരുന്നു റഷ്യയിൽ. ‘New Collective Vision of the Future’ എന്ന വിപ്ലവാനന്തര ലെനിന്റെ റഷ്യ വിശേഷിപ്പിച്ച ഒരു നഗരപാർപ്പിട പ്രശ്ന പരിഹാരം. സ്വകാര്യ അവകാശത്തിൽ ഉണ്ടായിരുന്ന അപ്പാർട്മെന്റുകൾ സ്റ്റേറ്റ് ഏറ്റെടുത്ത് ഉണ്ടാക്കിയ വിപ്ലവകരമായ ഭൂമിവിന്യാസം. പല സാമൂഹ്യ സാമ്പത്തിക വർഗങ്ങളും ഒരേ കൂരയ്ക്കടിയിൽ. ഓരോ കുടുംബത്തിനും നിശ്ചിത അടി ഇടം മാത്രം കിട്ടി. ജനങ്ങൾക്കിടയിൽ പടർന്ന ശൂന്യതയും അവ്യക്തതയും അസംതൃപ്തിയും പരിഹരിക്കാനാകാം,  ക്രൂഷ്ചെവിന്റെ കാലത്ത് ചില കണ്ണിൽപൊടിയിടൽ നടന്നു. സ്വകാര്യതയുള്ള അപ്പാർട്മെന്റുകൾ ഭേദപ്പെട്ട ജീവിത സാഹചര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് പണിയാൻ സ്റ്റേറ്റ് തന്നെ മുൻകൈ എടുത്തു. പക്ഷേ എണ്ണത്തിൽ കൂടുതലും ഗുണനിലവാരത്തിൽ കുറവുമുള്ള കുറെ നിർമാണങ്ങളായി അവ. 

ആൾത്തിരക്കുകൊണ്ട് തിക്കുമുട്ടുന്ന ഇടുങ്ങിയ ഇടങ്ങളിലെ ജീവിതം എല്ലാവർക്കും പാകമാകണമെന്നില്ല.പലപ്പോഴും മനുഷ്യർ അതിജീവനത്തിനു ഭാവനകളെയും ഭ്രാന്തമായ തോന്നലുകളേയും ആശ്രയിച്ചിട്ടുണ്ടാകണം. The Incident in the Corridor’ എന്നൊരു വർക്ക് 1989ൽ ഇല്യ ചെയ്തിട്ടുണ്ട്. ഒരു ഇൻസ്റ്റലേഷൻ ആണത്. ഇവിടെയും എഴുത്തുപാഠം ഉണ്ട്. അത് ഒരു സംഗീതജ്ഞനു സംവിധാനം ചെയ്യാൻ വേണ്ടിയെന്ന പോലെ പ്രദർശിപ്പിച്ചിരിക്കുന്നു.  ഒരു ഗ്രാമീണ ഭൂഭാഗ ചിത്രത്തിനു മേൽ ഉറപ്പിച്ച പോലെയും അത് കാണാൻ കടന്നു ചെല്ലുന്ന കാണിയുടെ തല തട്ടും വിധം മുൻപിലങ്ങനെ തൂങ്ങിയാടിയും കുറേ പിഞ്ഞാണങ്ങൾ, ചട്ടികൾ, കപ്പുകൾ, അങ്ങനെ വീട്ടുപാത്രങ്ങളുടെ ഒരു സംഘനൃത്തം ! എന്തോ സംഭവിച്ച പോലെ ! (img6)

‘പ്രഭാതത്തിൽ സമൂഹജീവനത്തിന്റെ ആ ഇരുട്ട് മാറാത്ത ഇടനാഴിയിൽ ഓൾഗ യാക്കോവ്ലേന വെള്ളമെടുക്കാൻ പോയപ്പോൾ, കുറെ കുടങ്ങൾ, ചീനച്ചട്ടികൾ, കപ്പുകൾ തുടങ്ങിയവ പക്ഷികളെപ്പോലെ പറന്നു നടക്കുന്നതു കണ്ടു. പറ പറക്കുന്ന ഒരു പുത്തൻ ചട്ടിയിൽ ചില വെളുത്ത മനുഷ്യർ മിണ്ടാതെ നിൽപ്പുണ്ട്. അങ്ങു മൂലയ്ക്കുള്ള മുറിയിലെ ഇഗോർ സബോർദിനിൻറെ ചട്ടിയാണത്”

സമൂഹത്തിൽ പാകമാകാത്ത മനുഷ്യർ അവരുടെ ഭാഷയിൽ ജീവിതം കാണുന്നു, കാണിക്കുന്നു. ആദർശസമൂഹത്തിൻറെ  നിയന്താക്കൾക്കത് മനസ്സിലാകില്ല. അവർ പുകഞ്ഞ കൊള്ളിയെ അകത്തിരുത്താതെയും പുറത്തുവിടാതെയും പുകയ്ക്കുമെങ്കിലും, അവിടെ പൊതുവിൽ പ്രതി ചേർക്കപ്പെടുന്ന ഒരു പണിയാണ് കല. അതിലാകട്ടെ മനുഷ്യർക്ക് പറന്നുരക്ഷപ്പെടാൻ ഭാവനയുടെ ഇടമുണ്ട്. അതാണ്‌, അത് മാത്രമാണ് കബാക്കൊവിന്റെ ഈ പ്രദർശന വസ്തുക്കളെ കലയാക്കുന്നത്. പക്ഷേ അത് അസാധാരണമാണ്. ഞാൻ ഇപ്പോൾ കാണുന്നത് കബാക്കൊവ് നമ്മുടെ കൂടി അനുഭവമാക്കും വിധം ഈ പറക്കലിനെയും രക്ഷ നേടലിനെയും ഒരു മ്യൂസിയം സ്പേസ് ആയി ഉപയോഗിക്കുന്നതാണ്.      

‘Man who flew in to space from his Appartment’ എന്നൊരു വർക്ക് 1985ൽ കബാക്കൊവ് തന്റെ ഇടുങ്ങിയ മോസ്ക്കോ സ്റ്റുഡിയോയിൽ ചെയ്തിട്ടുണ്ട്. (img7) ന്യൂയോർക്കിലെ Ronald Feldman gallery ആദ്യം അത് പ്രദർശിപ്പിച്ചു. അതിൽ നാടകീയമായ ഒരു അന്ത്യ രംഗമാണ്. എന്തോ അക്രമം നടന്ന സ്ഥലം പോലെ നമ്മൾ ഗാലറിയിൽ കാണുന്നു ഒരു മുറിയിടം. യാരോ ഒരാൾ ജീവിച്ചിരുന്നതിന് തെളിവുള്ള മുറി. പക്ഷേ അയാൾ രക്ഷപ്പെട്ടിരിക്കുന്നു. മേൽക്കൂര പൊളിഞ്ഞുപോകും വിധം ഇടിച്ചിറങ്ങിവന്ന ഒരു യുദ്ധോപകരണം പോലുള്ളതു കാണാം. മറ്റൊരു രക്ഷപ്പെടലിനോ ആക്രമണത്തിനോ വേണ്ടി വിമാനങ്ങളെയും മറ്റും ഇറക്കിത്തയാറാക്കുന്നതിനുള്ള ഒന്ന്, ഇവിടെയും ഇറങ്ങി നിൽക്കുന്നു. യുദ്ധം നടക്കുകയാണ്. ആരോ രക്ഷപ്പെട്ടിരിക്കുന്നു. എന്നു തോന്നുന്ന രംഗസജ്ജീകരണം. ഇടനാഴിയിൽ ഇവിടെയും ചില ടെക്സ്റ്റ് ഉണ്ട്. ആ രക്ഷപ്പെട്ടിരിക്കാവുന്ന ആളെപ്പറ്റി അയൽക്കാരുടെ വിവരണമാണ്. ആരും അയാളോട് അടുപ്പം പുലർത്തിയിരുന്നില്ലത്രേ. 

സോവിയറ്റ് യുട്ടോപ്പിയയുടെ രണ്ടുവശങ്ങൾ അതിൽക്കൂടി കടന്നുപോയിരുന്ന മനുഷ്യരിലും അവരുടെ ഘടനകളിലും  ഉണ്ടായിരുന്നതായി ഈ ഇൻസ്റ്റലെഷനിലൂടെ കബാക്കൊവ് സൂചന തരുന്നു. പൊതുസ്വത്ത്തിന്റെ പങ്കുപറ്റിക്കഴിയുന്ന, വ്യക്തിക്ക് ഒന്നിനുവേണ്ടിയും സ്വന്തം നിയന്ത്രണത്തിലും തീരുമാനത്തിലും മോഹിക്കാനില്ലാത്ത സമൂഹജീവനത്തിന്റെ അസഹ്യമായ കൃത്രിമത്വവും അതുണ്ടാക്കുന്ന രഹസ്യമായ രക്ഷാമോഹങ്ങളുടെ കാൽപനികതയും ഒരുഭാഗത്ത്. മറുഭാഗത്ത്, മനുഷ്യരുടെ രഹസ്യസമ്മർദ്ദമായ ആ കാൽപനികതയ്ക്ക് സമാന്തരമായി ആ ഭരണകൂടത്തിനും ഉണ്ടായിരുന്നുവോ ഏതെങ്കിലും ബഹിരാകാശത്തേയ്ക്ക് രക്ഷപ്പെടാനുള്ള രഹസ്യ സമ്മർദ്ദങ്ങൾ ? ഏറ്റവും വലിയ ബഹിരാകാശ ഗവേഷണകേന്ദ്രങ്ങൾ വികസിപ്പിച്ച ഒരു രാജ്യമായിരുന്നു സോവിയറ്റ് യൂണിയൻ എന്നോർക്കാം! 

എല്ലാം കണ്ടുതീർന്നപ്പോൾ എനിക്കാകെയൊരു ക്ഷീണം തോന്നി. കുറെ സമയം മിണ്ടാതെ അവിടേക്കണ്ട കസേരയിൽ ഇരുന്നു. 

പെട്ടെന്നതാ ആൻ ഹോസൻ ഓടിക്കോണ്ടു വരുന്നു. എന്നെ ഉണർത്താൻ കിട്ടിയ തുരുപ്പുശീട്ടും കൊണ്ടാണ് വരവ്. ‘കവിതാ നീ പണ്ട് സോവിയറ്റ് ലാൻഡ് അവാർഡ് നേടിയത്തിന്റെ ഭാഗമായി പോയ ആർത്തേക്ക് എന്ന ആ കുട്ടികൾക്കുള്ള യങ് പയനിയർ ക്യാംപില്ലേ, അതെക്കുറിച്ച് കബാക്കൊവ് ഒരു ടെക്സ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നു!’ ഇതു കേട്ട പാതി എന്റെ ക്ഷീണം പമ്പ കടന്നു. ഞാൻ അടുത്ത ഇടനാഴിയിലേക്ക് കടന്നു. ‘On Labyrinth’(My Mother’s Album) എന്ന പേരിൽ കുറേ പഴയ ഫോട്ടോഗ്രാഫുകളും അതോടു ചേർന്നു കുറെ എഴുത്തുപാഠങ്ങളും ഒരേപോലെ പ്രദർശിപ്പിച്ചിരിക്കുന്നു. ജീവിതകഥകൾ തുടങ്ങിയാൽ പലർക്കും ഒടുങ്ങില്ലല്ലോ. അമ്പതു മീറ്ററോളം വളഞ്ഞുപുളഞ്ഞുപോകുന്ന ഇടനാഴിച്ചുവരുകളിൽ ഒരേ പോലെ ഫ്രെയിമിട്ട് അച്ചടിച്ച കഥകളും ബന്ധപ്പെട്ട പഴയ  ഫോട്ടോകളും ചേർന്ന് ഒരേപോലെ ഡിസൈൻ ചെയ്ത ചതുരങ്ങളുടെ ഈ ജീവിതനാടകശാല നീളുന്നു. ആ നെടുങ്കൻ ബയോഗ്രഫിയിൽ തന്റെ സ്വതേയുള്ള ഫാന്റസിപ്പറക്കലുകൾക്ക് വിധേയമാക്കാൻ കബാക്കൊവ് ഒരിക്കലും തുനിയാത്ത ഒരേയൊരു യഥാർഥ കഥാപാത്രം അദ്ദേഹത്തിന്റെ അമ്മ ബർത്ത യുറിയേവന സോലോദുഖിന ആയിരുന്നിരിക്കും. 

സോവിയറ്റ് യൂണിയനിലെ സമത്വപരീക്ഷണങ്ങളിൽ ‘തെറ്റിപ്പോയ എല്ലാത്തിന്റെയും ഒരു പ്രതീകമായി’ സ്വന്തം അമ്മയെ കബക്കൊവ് പ്രതിനിധീകരിക്കുന്നു.നാൽപ്പതു വാട്ട് ബൾബിൽ പ്രകാശിക്കുന്ന മുഷിഞ്ഞതും നരച്ചതുമായ ചുവരുകളും അതിലെ ഓർമകളുടെ വർണനകളും ഇടുങ്ങിയ ഇടങ്ങളുമാണ് ആ പ്രദർശനത്തിൽ. 

ആൻ എന്നെയും കൊണ്ട് ആ ഫ്രെയിമിട്ട കഥനങ്ങളുടെ ഇടനാഴിയിൽ തിരിച്ചെത്തിയപ്പോൾ പക്ഷേ, എനിക്ക് ഉന്മേഷമുണ്ടാക്കിയ ആ വാക്ക്, എന്റെ ബാല്യകാല ഓർമകളുമായി ബന്ധപ്പെട്ടത്, ഇതിൽ ഏതു ഫ്രെയിമിലാണ് വായിച്ചതെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും  കണ്ടുപിടിക്കാനാകുന്നുമില്ല ! അത്രമാത്രം കുനുകുനാ എഴുതപ്പെട്ട ജീവിതവിവരണങ്ങൾ, റഷ്യനിലും ഇംഗ്ലീഷിലും ! 

ശരിക്കും ആൻ കണ്ടോ ആ വാക്ക് ? ഒരൊറ്റ സോവിയറ്റ് കുട്ടിയും ഏതെങ്കിലും വിധത്തിൽ ആർത്തേക്ക് ഇൻറർനാഷണൽ യങ്ങ് പയനിയർ ക്യാമ്പ് തങ്ങളുടെ ജീവിതത്തിൽ അവതരിക്കാത്തവരോ അങ്ങനെ വേണമെന്ന് മോഹിക്കാത്തവരോ ആയി ഉണ്ടാകില്ല എന്നു പണ്ട് ഉക്രെയിനിലെ ആ കരിങ്കടൽ തീരത്ത് ഞാനതിൽ പങ്കെടുത്തപ്പോൾ ഇൻറർപ്രറ്റർ ആയിരുന്ന ഗ്രീഷ പറഞ്ഞത് എനിക്കോർമയുണ്ട്. അപ്പോൾ ആൻ ആ വാക്ക് കബാക്കൊവിന്റെ ഈ ബാല്യകഥയിലും കണ്ടെടുത്തിട്ടുണ്ടാകണം. പക്ഷേ ആ ജീവിതകഥയുടെ ബാഹുല്യവും ഒരേപോലെ ആവർത്തിക്കുന്ന കഥകളുടെ എഴുത്തുരീതിയും കാരണം പിന്നെ അത് കണ്ടു പിടിക്കാൻ ആനിന് തന്നെ പ്രയാസമായി.

ഇപ്പോൾ ഞാനല്ല, എനിക്ക് പ്രതീക്ഷ തന്നതിന്റെ പേരിൽ ആൻ ആണ് ദുഖിതയായത്. 

മനുഷ്യരുടെ ഒരു കാര്യം !

സ്കോൾക്ക  മാൾച്ചിക്കൊവ് തൂത്, റാസ്‌, ദ്വാ ത്രീ....

സ്കോൾക്ക  ജെവ്യോച്ചക്ക് തൂത്, റാസ്‌, ദ്വാ ത്രീ....

എത്രയെത്ര ആൺകുട്ടികളാ......

എത്രയെത്ര പെൺകുട്ടികളാ......എന്നാണ്....

ഞാൻ പണ്ട് പഠിച്ച ഒരു റഷ്യൻ കുട്ടിപ്പാട്ടാണ്. അത് വീണ്ടും ഓർത്തുപറഞ്ഞ് ഞാൻ ആനുമൊത്ത് ടെയ്റ്റ് മോഡേൺ വിട്ടിറങ്ങി. 

തിരികെ 99,ക്ലൌഡസ്ലി ഭവനത്തിൽ എത്തിയപ്പോൾ മുകൾനിലയിലെ തന്റെ ബാരിസ്റ്റർ ഓഫിസിൽനിന്നു സൈമൺ തന്റെ കഷണ്ടി നീട്ടി നോക്കിച്ചിരിച്ചു. ഉപ്പ് മാത്രം ഇട്ട നേരിയ എരിവുള്ള ഇറച്ചിക്കറി കൂട്ടി ഞങ്ങൾ അന്നത്തെ രാത്രിഭക്ഷണം ഒരുമിച്ചുണ്ടാക്കി കഴിച്ചു.