Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൗസ് ഓഫ് ഇലസ്ട്രേഷനിൽ മറ്റൊരു നമ്പൂതിരിയെ കാണുംവിധം!

ഡോ. കവിത ബാലകൃഷ്ണൻ
Author Details
Follow Twitter
Follow Facebook
5House-of-Illustration--children-waiting

ആൻ ഹോസന്റെ വീട്ടിൽ നാലാം ദിനം. അന്നാണ് ഞാൻ റോയൽ കോളേജിൽ അവതരണം നടത്തേണ്ടത്. ‘Expanded practices’ എന്ന പേരിൽ ആൻ ഹോസൻ ഡിസൈൻ ചെയ്യുന്ന കോഴ്സിന്റെ  പഠിതാക്കൾക്കു മുന്നിലാണതു നടക്കുക. അവർക്ക് അത്ര പരിചയമില്ലാത്ത കേരളമെന്ന ഒരു ഇന്ത്യൻ പ്രദേശത്തെ സംസ്കാരത്തിൽ സാഹിത്യാധിഷ്ടിതമായ ഒരു മാധ്യമ പ്രവർത്തനത്തിൽ ചിത്രകാരന്മാർ ചെയ്ത ഡ്രോയിങ്ങുകൾ ഇലസ്ട്രേഷനായി എങ്ങനെ ചരിത്രപരമായി ഉപയോഗിക്കപ്പെട്ടു എന്നാണ് അവരോട് പറയേണ്ടത്. അതു പറയാം. പക്ഷേ ഈ ചെറുസന്ദർശനത്തിനുള്ളിൽ ലണ്ടനിലെ പ്രശസ്തമായ ‘ഹൗസ് ഓഫ് ഇലസ്ട്രേഷൻ’ കാണേണ്ടതുണ്ട്. അതാണെങ്കിൽ കിങ്സ് ക്രോസിലേക്കുള്ള വഴിയിൽത്തന്നെയാണ്. ഉച്ച വരെ അവിടെ കഴിയും, ഞാൻ പ്രഖ്യാപിച്ചു. 

‘എനിക്കിന്ന് രാവിലെത്തന്നെ പോയേ പറ്റൂ. അപ്പോൾ വൈറ്റ് സിറ്റിയിലുള്ള റോയൽ കോളേജ് ഓഫ് ആർട്ടിൽ ഉച്ചയ്ക്ക് നീയെങ്ങനെ തനിച്ച് വരും?’, ആനിന്റെ  ചോദ്യം.

അവർ ഏറ്റവും വ്യക്തമായി വഴിയെഴുതി ഒരു ചിട്ട് എന്നെ ഏൽപ്പിച്ചു. ട്യൂബിൽ ഹാമർസ്മിത്ത് ആൻഡ് സിറ്റി ലൈൻ പിടിച്ച് വുഡ് ലെയ്ൻ എന്ന സ്റ്റേഷനിൽ ഇറങ്ങണം. അവിടെനിന്നു നടക്കാവുന്ന ദൂരം മാത്രമേയുള്ളൂ. അപ്പോഴേക്കും എനിക്ക് ഒരു കാര്യം മനസ്സിലായിരുന്നു, നൂറായിരം മഹാത്മാഗാന്ധി റോഡുകളിൽക്കൂടി നടന്നുനടന്ന്‌ യഥാർഥ ഗാന്ധിറോട്ടിൽ എത്തുംവിധം ഇന്ത്യയിൽ വഴി കണ്ടുപിടിക്കുന്ന ഒരാൾക്ക് ഇംഗ്ലണ്ട് വിഷയമല്ല. ഞാൻ ആ കടലാസുകഷണം ഭദ്രമായി ബാഗിൽ വച്ചു.

ആൻ കിങഅസ് ക്രോസിൽ നിന്ന് അണ്ടർഗ്രൗണ്ടിലേക്ക് ട്രെയിൻ പിടിക്കാൻ പോകും വരെയും അവരെ ഞാൻ അനുഗമിച്ചു. പിന്നെ തിരികെ നടന്ന്‌ സെൻട്രൽ സെന്റ്‌ മാർട്ടിൻസ് കോളേജിന്റെ അതി വിശാലമായ അങ്കണത്തിൽ കൊച്ചു ബെഞ്ചുകളിൽ കുറച്ചു നേരം വിശ്രമിച്ചു. മുന്നിൽ ചതുരത്തിൽ പൂക്കളം വച്ചപോലെ വെള്ളം കൊണ്ടുള്ള കുഞ്ഞു ഫൗണ്ടനുകൾ. അവ ഏറിയാൽ ഒരടി ഉയരത്തിൽ ചാടിക്കൊണ്ടിരിക്കുന്നു. കൗതുകം തോന്നി. ഇതെന്തൊരു സംഘനൃത്തം ! ചെറുഫൗണ്ടൻ ഡ്രിൽ ! പഴയ സ്കൂൾ ഓർമ വന്നു. പണ്ട് കോൺവെന്റിൽ കൂടെപ്പഠിച്ച ഓരോ കൂട്ടുകാരികളെപ്പോലെയുണ്ടിവർ. നിരയായി നിൽക്കാറുള്ള ഞങ്ങൾ. ഓരോ ഫൗണ്ടനെയും ഉള്ളിൽ മങ്ങി മായുന്ന അവരുടെ പേരോർമിച്ചുകൊണ്ട് അത് ഒരൽപം ഉറക്കെ ഒരു രസത്തിനു ചൊല്ലിവിളിച്ചുകൊണ്ട് ഞാൻ നേരംപോക്കി. ഇന്ത്യയിലാണെങ്കിൽ നമ്മൾ ഇത്തരം ഒരു പൊതു ഇടത്ത് ഒരു ശ്രീകൃഷ്ണനെ, ഒരു ഗാന്ധിയെ, ഒരു ഗുപ്തശിൽപത്തെ, കുടം പിടിച്ചുനിൽക്കുന്ന സുന്ദരിയെ അങ്ങനെ ഏതെങ്കിലുമൊരു വിഗ്രഹത്തെ പ്രതിഷ്ഠിച്ചേനെ. 

അക്കാദമിക് പ്രാധാന്യമുള്ള ഒരു പൊതുവിടം പൊതുവേ നമ്മൾ ഇങ്ങനെ തുറസ്സായി, അമൂർത്തമായ ചിന്തകളുടെ സംഘനൃത്തങ്ങൾക്ക് വിട്ടുകൊടുത്ത്  ഇടാറില്ല.  

1HOI---Gerald-Scarfe---animation-drawings

പതുക്കെ എഴുന്നേറ്റ് ഒരൽപം നടന്ന്‌ ഹൗസ് ഓഫ് ഇലസ്ട്രേഷനിലെത്തി. അത് പത്തുമണിക്കേ തുറക്കൂ. ഏതോ വിദ്യാലയത്തിൽ നിന്നു കുറെ കുട്ടികളും നേരത്തെ എത്തിപ്പെട്ട്  എന്നെപ്പോലെത്തന്നെ കാത്തുനിൽക്കുന്നു. ഞാൻ അവരുടെ അധ്യാപികയുടെ പിന്നിൽപ്പോയി നിൽപ്പുറപ്പിച്ചു.

2014ൽ സർ ക്വെന്റിൻ ബ്ലെയ്ക്ക് ആണ് 2 ഗ്രാനറി ചത്വരത്തിൽ ഈ പൊതു ഗാലറി സ്ഥാപിച്ചത്. ചരിത്രപ്രാധാന്യമുള്ളതും സമകാലികവുമായ എല്ലാ തരം ഇലസ്ട്രേഷനും ഇവിടെ സംരക്ഷണത്തിനു പരിഗണിക്കപ്പെടുന്നു. പബ്ലിക് ഫണ്ടുപയോഗിച്ചല്ല ഇതിൻറെ പ്രവർത്തനം. സന്ദർശകരിൽ നിന്ന് ഈടാക്കുന്ന എട്ടു പൗണ്ട് അഡ്മിഷൻ ഫീയും ഉദാരമായ സംഭാവനകളുമാണ് ഈ മ്യൂസിയത്തെ നിലനിർത്തുന്നത്. 

നമ്മുടെ നാട്ടിൽ നമ്പൂതിരി പോലെയാണ് ഇവിടെ സർ. ക്വെന്റിൻ ബ്ലെയ്ക്ക് (Sir Quentin Blake). ഇരുപതാംനൂറ്റാണ്ടിന്റെ ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖരായ ഇലസ്ട്രെറ്റർമാറിൽ ഒരാൾ. പല തലമുറകൾ ഇഷ്ടപ്പെട്ടവൻ. എഴുത്തുകാരിൽ റോൾ ദാൽ (Roald Dahl) മായുള്ള സഹകരണമാണ് ഏറ്റവും പ്രശസ്തം. എഴുത്തുകാരനും ഇലസ്ട്രെറ്ററും തമ്മിലുള്ള ബന്ധം നമ്മളും ആഘോഷിക്കാറുണ്ടല്ലോ. എംടി യും നമ്പൂതിരിയും പോലെ, അല്ലെങ്കിൽ വികെഎൻ –നമ്പൂതിരി കൂട്ടുകെട്ട്.  സർ. ക്വെന്റിൻ ബ്ലെയ്ക്ക് കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വരയ്ക്കും. എന്തും വരയ്ക്കും. ഡ്രോയിങ്ങിലാണ് ഇദ്ദേഹത്തിൻറെ മാസ്റ്ററി. ശീഘ്രവരപ്പുകൾ. വരച്ച ശേഷം കളറുകൾ കൊണ്ട് അങ്ങുമിങ്ങും തേമ്പുമ്പോൾ ഒരു ലോകം തന്നെ ഉണ്ടായിവരുന്നു. അതാണ്‌ ശൈലി. 

ബ്ലെയ്ക്ക് കൂടാതെ കഥാപുസ്തകങ്ങളിൽ വരയ്ക്കുന്നതിനു പ്രശസ്തരായ ഇ.എച്ച് ഷെപ്പേഡ, ലോറൻ ചൈൽഡ്, പോളാ റീഗോ എന്നീ ഐതിഹാസിക പ്രാധാന്യമുള്ളവരും ഒപ്പംതന്നെ പുതിയ തലമുറയിലെ പലരും ചെയ്ത ഇലസ്ട്രെഷനുകൾ ഇവിടെ ഭംഗിയായി പ്രദർശിപ്പിച്ചിരിക്കുന്നു. പുതിയവരിൽ ഞാൻ കണ്ടതു കുറേ പത്രാധിപ ലേഖനങ്ങൾക്കായി ലൂസിൻഡാ റോജേഴ്സ് ചെയ്ത ഡ്രോയിങ്ങുകളാണ്. ഉദാഹരണത്തിന് ‘റിഡ്ലെ റോഡ്‌’ (Ridley Road) എന്നു പേരുള്ള ഒരു  മാർക്കെറ്റിന്റെ സ്വഭാവം മാറിവരുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ റോജേഴ്സ് ചിത്രം വരച്ചിരിക്കുന്നു. 

3Lucinda-Rogers-on-London-Economy

ആ വരപ്പിനെക്കുറിച്ച് ഗാലറിച്ചുവരിൽ അവർ എഴുതുന്നു: “എന്റെ സ്വതവേയുള്ള രീതി, ജീവിതത്തിൽ നിന്ന് നേരിട്ടു നോക്കി വരയ്ക്കലാണ്. അധികം മഴയും വെയിലും കൊള്ളാത്ത ഒരിടത്തിരുന്ന് മുന്നിൽ നടപ്പിലിരിക്കുന്ന ഒരു ലോകത്തെ വരച്ചെടുക്കുക, അഞ്ചെട്ടു മണിക്കൂറുകളോളം ഒരേ ഇരിപ്പിൽ ഞാൻ വര തുടരും പലപ്പോഴും. ലോകമാകട്ടെ എന്നെ വരയ്ക്കൂ വരയ്ക്കൂ എന്ന് ആംഗ്യം കാണിച്ചു നിൽക്കുംപോലെയുണ്ട്. പലപ്പോഴും ഞാൻ പണി തുടങ്ങുന്നത് ഒരു വിഷയത്തെ അവതരിപ്പിക്കാൻ ഏറ്റവും മികച്ച ഒരു കാഴ്ചക്കോൺ കണ്ടെത്തി, അവിടെ ഇരുന്നാണ്. ഞാനീ കിഴക്കൻ ലണ്ടനിൽ ഇരുപതു വർഷമായി ജീവിക്കാൻ തുടങ്ങിയിട്ട്. ഇവിടത്തെ പണിയിടങ്ങൾ, ചെറുകിട കച്ചോടങ്ങൾ, ചന്തകൾ പാർക്കുകൾ തുടങ്ങിയവ അപ്രത്യക്ഷമാകുന്നത് ഞാൻ ശ്രദ്ധിക്കുന്നു.

അവരൊക്കെ ഇരിക്കും ഭൂമിക്കു വില ഇരട്ടിയിലധികമായിരിക്കുന്നു. അവിടങ്ങളിൽ ആഡംബര ഭവനങ്ങൾ പണിതുയരുന്നു. അപ്പോൾ അതിൽനിന്നുള്ള വരുമാനവും അത്രയ്ക്ക് വേണമല്ലോ. വികസനത്തിൻറെ ഭ്രാന്തു പിടിച്ച ലണ്ടനു പരിക്ഷീണമായ ഒരു അനിവാര്യതയെ നേരിടേണ്ടി വരുന്നു. എന്തെങ്കിലും പുതിയത് പണിയണമെങ്കിൽ പഴയതിനെയൊക്കെ ഇടിച്ചുനിരത്തി നഷ്ടപ്പെടുത്തുന്നതെന്തിന്?

കഴിഞ്ഞ 150 വർഷമായി റിഡ്ലെ റോഡിൽ ഒരു ചന്തയുണ്ട്‌. ദീർഘകാലമായി ഞാൻ ഈ ചന്തയെ വരയ്ക്കുന്നു. ഇവിടെ ഒരു പ്രത്യേക അന്തരീക്ഷമാണ്. ഒരു തനിമയുണ്ടിതിന്. ഈ പ്രദേശത്തിന്റെ ജീവിതത്തിൽ ഈ ചന്തയ്ക്കൊരു പങ്കുണ്ട്. പക്ഷേ ഇതിനോടു ചേർന്ന ഡാൽസ്റ്റൺ പ്രദേശത്തിന്റെ  വികസനമോഹങ്ങൾ വളരുകയാണ്. പുതിയ ഒരു തലമുറയോട് താൻ ആ ചന്തയെക്കാൾ കൂടുതൽ ആകർഷകമാണെന്നു സ്വയം പരസ്യപ്പെടുത്തുന്നതുകൊണ്ട്, ഈ തനിമയാർന്ന ചന്ത പതിയെ അപ്രത്യക്ഷമാകുന്നു. അജ്ഞാതമായ പദ്ധതികൾ വരുന്നു. ധനാഢൃർക്കായി മനുഷ്യർ അവരുടെ ദീർഘകാലമായുള്ള താവളങ്ങൾ ഒഴിഞ്ഞുപോകേണ്ടിവരുന്നു. സത്യം പറഞ്ഞാൽ മനുഷ്യരെ ഒരിടത്ത് നേരിട്ടുള്ള ഇടപാടുകാരായി കൊണ്ടുവരുന്നത് ചന്തകളാണ്. അവ ഇല്ലെങ്കിൽ നഗരജീവിതം ഏകാന്തവും വിളറിയതും മുഷിഞ്ഞതുമാകും. ഞാൻ റിഡ്ലി റോഡിന്റെ ഏതാനും കാഴ്ചകൾ ചെയ്തിരിക്കുന്നു. 

ഞാൻ ഇത്രമാത്രം കാണിക്കാനുദ്ദേശിക്കുന്നു. ‘ഈ സ്ഥലം പ്രധാനമാണ്. ഓരോ സംഗതിയുടെയും അതാതുകാലത്തെ നിലനിൽപങ്ങനെയാണെന്നു കാണിക്കുന്ന കാഴ്ച എന്ന നിലയ്ക്കുള്ള രേഖകൾ ഇല്ലാതെ വരുമ്പോൾ ആ സംഗതികളെ അടിച്ചുകോരി മാറ്റിക്കളയാൻ എളുപ്പമാണ്.”

മറ്റു പൊതുവായ കലാമ്യൂസിയങ്ങളിൽ ഉള്ളതിൽനിന്നു വ്യത്യസ്തമായി ഞാൻ ‘ഹൗസ് ഓഫ് ഇലസ്ട്രെഷനിൽ’ കണ്ട ഒരു കാര്യമുണ്ട്. ഇലസ്ട്രേഷന് വേണ്ടി ഒരു മ്യൂസിയം ഒരുക്കുമ്പോൾ, ഒരു ഇലസ്ട്രെറ്റർ എങ്ങനെ ഒരു സമൂഹജീവിതത്തിലെ സഹകാരി (Collaborator) ആകുന്നുവെന്ന് കാണിക്കുന്ന ചെറു കുറിപ്പുകൾ ചുവരിൽ സ്റ്റെൻസിൽ ചെയ്തു വച്ചിരിക്കുന്നു. അവ, കലാവസ്തുവിന്റെ വിശദാംശമല്ല. കലാകാരൻ എന്ന നിലയിൽ ഇലസ്ട്രെറ്റർ സാമൂഹികഭാവനയുടെ സഹകാരിയാണ്. സ്വന്തം മികവു മാത്രം ഓർത്ത് പായുന്ന ഒരാളല്ല.  അങ്ങനെ സഹകാരിയെന്ന നിലയിൽ താൻ സ്വയം എന്തെന്ന് ഇല്ലസ്റ്റേറ്റർ പ്രഖ്യാപിക്കുന്ന അനുഭവക്കുറിപ്പുകളാണ് ഇവിടെ കാണുന്നത്. അദ്ദേഹം തന്റെ ആസ്വാദകരുമായുള്ള ബന്ധത്തെക്കുറിച്ച് വളരെ തുറന്ന അനുഭവ വിവരണം മടികൂടാതെ ഡിസ്പ്ലേ ചെയ്തിരിക്കുന്നു. 

ആസ്വാദകർ എന്നാൽ ഇലസ്ട്രെറ്ററെ സംബന്ധിച്ച് തൻറെ കലാപ്രവൃത്തിയുടെ വിഷയവും (subject matter) അന്തരീക്ഷവുമാണ്. കഥകളായും നേർചിത്രണമായും തെളിവുകളായുമൊക്കെ സമൂഹം അയാളിൽ പലപ്പോഴും തുറന്നിരിക്കുന്നു. 

കണ്ടതിന്റെ സചിത്രദൃഷ്ടാന്തമായി ‘രേഖകൾ’ ഉണ്ടാക്കുകയെന്നത് എക്കാലത്തും ഇലസ്ട്രെറ്റർമാരുടെ പല ജോലികളിൽ ഒന്നായിരുന്നു. എനിക്ക് പെട്ടെന്ന് നമ്മുടെ ഭാഷാപോഷിണി മാസികയിൽ ‘കേരളം രേഖകൾ’ വരച്ചുകൊണ്ടിരുന്ന ബാര ഭാസ്കരന്റെ പരിശ്രമം ഓർമ വന്നു. ഓരോ ആളെയും കെട്ടിടത്തെയും വരയ്ക്കുമ്പോൾ ‘കേരളം രേഖകൾ’ക്കു പിറകിലുള്ളത്, എന്തെങ്കിലും അക്ഷരപാഠമായി ഡയറിക്കുറിപ്പ്‌ പോലെ കണ്ടതിൽ നിന്ന് കാണാത്തത് എടുക്കുന്ന ഒരു ചരിത്രനിർമാണശ്രമം ആണ്. അത് സർഗാത്മകമായ രേഖയാണ്. നേരിട്ട് ഒരു ഭരണകൂടനയവുമായി ഇടപാടിലൊന്നും വരുന്നില്ല. എങ്കിലും അത് മലയാളി വായനക്കാരന്റെ  ഉള്ളിലെ കേരളീയതയെ സസൂക്ഷ്മം പൊളിച്ച് പലതാക്കുകയാണ്. 

2Gerald-Scarfe-on-success-of-his-work-in-film-

ഇങ്ങനെ ലോകത്തെവിടെയായാലും സാധാരണ ഒരു കലാകാരന്റെ പോലെ തന്റെ നിത്യജീവിതത്തെയും സ്റ്റുഡിയോയെയും മാനസലോകത്തെയും തന്റെ തന്നെ ജീവിതക്കൊടിയാളം പാറിക്കാൻവേണ്ട വിഷയമാക്കുകയല്ല ഇലസ്ട്രെറ്റർ ചെയ്യുന്നത്. ഏതൊരു സാധാരണ പൗരനെയും പോലെ പലരുമായും  കൂട്ടുപ്രയത്നത്തിൽ ഏർപ്പെടുന്നതാണ് ഒരാളെ ഇലസ്ട്രെറ്റർ ആക്കുന്നത്. പൊതുവിടങ്ങളുമായും പത്രാധിപരുമായും തന്റെ തന്നെ കലാഭാഷയുമായും ഏറ്റവും ലളിതവും നേരിട്ടുള്ളതുമായ ബന്ധം സ്ഥാപിക്കുന്നതാണ് ഇലസ്ട്രെറ്റർ നേരിടുന്ന വെല്ലുവിളി. ഇംഗ്ലണ്ടിൽ ‘നഗരങ്ങളെ സ്കെച്ച് ചെയ്യുക എന്നത് ധാരാളം ചിത്രകാരന്മാരുടെ ഒരു വിദഗ്ദ്ധ മേഖല പോലെയാണ്. ചിലപ്പോൾ അതു വളരെ സമകാലികമായ രാഷ്ട്രീയ ബന്ധവും തിടുക്കവും ഉള്ളതാകും.

ഉദാഹരണത്തിന് അവിടെ പ്രദർശിപ്പിച്ച ലൂസിൻഡാ റോജേഴ്സിൻറെ ഒരു പ്രോജക്ട് തന്നെ.  ഇംഗ്ലണ്ടിൽ അമിതമായ റിയൽ എസ്റ്റേറ്റ് വികസനം ജനങ്ങളുടെ ജീവിതവൈവിധ്യത്തെ നശിപ്പിക്കുന്നതിനെക്കുറിച്ച് ഒരു പൊതുബോധം നിർമിക്കുന്ന പത്രക്കാരനൊപ്പം നിൽക്കുകയാണ് താൻ എന്ന രാഷ്ട്രീയബോധം ഒരു ഇലസ്ട്രെറ്ററെ വ്യത്യസ്തമാക്കുന്നതിന് ഒരുദാഹരണമാണ് ലൂസിൻഡാ റോജേഴ്സിൻറെ ഈ സ്കെച്ചുകൾ. 

ലൂസിൻഡാ പറയുന്നു : “തെരുവിലിരുന്നു വരയ്ക്കുമ്പോൾ നിങ്ങളൊരു പൊതു സ്വത്താകുന്നു.ആളുകൾക്ക് നമ്മുടെ പുസ്തകത്തിൽ എത്തിച്ചുനോക്കാം. നമ്മെത്തന്നെ നോക്കാം. അവർക്ക് തോന്നിയത് പറയുകേം ചെയ്യാം. ചെറുകിടവ്യാപാരികളുമായുള്ള സംഭാഷണങ്ങൾ പല കാര്യങ്ങളും വെളിപ്പെടുത്തും. എങ്ങനെയാണ് വലിയ സുപ്പർ മാർക്കറ്റുകളായ പ്രിമാർക്ക് (Primark) പോലുള്ളവ മൊത്തവ്യാപാരവിലയ്ക്ക് തന്നെ ചരക്കുകൾ വിൽക്കുന്നത്, അതുവഴി ഈ ചെറു വ്യാപാരികളുടെ ലാഭം വൻ തോതിൽ തട്ടിയെടുക്കുന്നത്. ഒപ്പം തന്നെ ഓൺലൈൻ ഷോപ്പിങ് കാരണം പല ചന്തകളും അപ്രസക്തമാകുന്നത് എന്നും. ഒരു വഴിയാത്രക്കാരൻ അലക്ഷ്യമായി നടത്തിയ നിരീക്ഷണം ഞാൻ ഒരിക്കൽ സ്കെച്ച്ബുക്കിൽ കുറിച്ചിട്ടതിങ്ങനെ, “Gentrification is coming here. Out-pricing the poor people.Poor people who are struggling.Its just a matter of time.”

ഇങ്ങനെ ഇലസ്ട്രെറ്റർ പലപ്പോഴും ദൈനം ദിന ജീവിതത്തിന്റെയും സാധാരണത്വങ്ങളുടെയും വിനീത മിശിഹാ ആകുന്നു. അയാൾ വരയ്ക്കുക മാത്രമല്ല, താൻ വരയ്ക്കുകയാണെന്നത്, ഒരു കച്ചവടക്കാരൻ കച്ചവടം ചെയ്യുംപോലെയും, ഡ്രൈവർ വണ്ടിയോടിക്കുംപോലെയും ഒരു സാമാന്യ പ്രവൃത്തിയാണെന്ന ധാരണയാണയാൾക്ക്. ലോകത്തിന് ലോകത്തെത്തന്നെ അറിയാനുള്ള ഫീൽഡ് വർക്കർ ആണ് ഇലസ്ട്രെറ്റർ. ഒരു മാധ്യമം ആണത്. ലക്ഷ്യം അല്ല.  

പലപ്പോഴും വാഴ്ത്തപ്പെട്ട ആർട്  ഗാലറി കലാപ്രദർശനങ്ങളിൽ , ഇത്തരം വിശദാംശങ്ങൾ നമുക്ക് കാണാനാകില്ല. കാരണം കലയാകണമെങ്കിൽ ഒരു വസ്തു അതിന്റെ തന്നെ ലക്ഷ്യവും മാർഗവും മാധ്യമവുമാണെന്നു നടിക്കണം. മറ്റൊന്നുമായും ബന്ധമില്ലാത്ത, ഉണ്ടെങ്കിൽ തന്നെ വളരെ വിദഗ്ധമായി ഉള്ളടക്കം ചെയ്ത ഒന്നാകണമത്. കലാസൃഷ്ടി ഒരു വാഗ്ദത്ത മേഖലയാണ് അപ്പോൾ. A field of Utopia in the art gallery. കലാകാരനെന്നു ആധുനികാർത്ഥത്തിൽ സംശയലേശമേന്യേ സ്വയം അവതരിക്കണമെങ്കിൽ ഈ യുട്ടോപ്പിയയിൽ നിൽക്കണം. പക്ഷേ ഇല്യാ കബാക്കൊവ് പറയുമ്പോലെ, ജീവിതം അങ്ങനെയൊരു യുട്ടോപ്പിയ്ക്കുള്ള അർഹത എല്ലാർക്കും കൊടുക്കുന്നില്ല. എന്നാൽ അതിനു പുറത്തുള്ളവർ വിശദാംശങ്ങൾ കാണുന്നു. അവരുടെ ജീവിതം കഥകളാൽ നിറയുന്നു, കാഴ്ചകളാൽ നിറയുന്നു. യുട്ടോപ്പിയക്കു പുറത്തുള്ള കലാകാരന്റെ ലോകവും പല ജനുസ്സുകളാൽ നിറയുന്നു. ഒരാൾ ‘ഇലസ്ട്രെറ്ററും’ ആകുന്നത് അപ്പോഴാണ്‌.   

കഴിഞ്ഞ അധ്യായത്തിൽ ചർച്ച ചെയ്ത കബാക്കൊവിന്റെ പ്രദർശനത്തിൽ അദ്ദേഹം ഒരുകാലത്ത് ഇലസ്ട്രെറ്റർ ആയി പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ ഉണ്ടായിരുന്നു. ആ പ്രവർത്തനം ചെയ്യുമ്പോൾ അത് ഒരു തൊഴിൽ പോലെ ഔദ്യോഗികജീവിത മായിരുന്നെങ്കിലും, പിന്നീട് അദ്ദേഹം അതിനെ തന്റെ അനൗദ്യോഗിക കലാകാരജീവിതത്തിലേക്ക് റീ-വർക്ക് ചെയ്യുന്നുണ്ട്, ആൽബങ്ങളുടെ ഭാഷയിലാണത്. പതിവനുസരിച്ച് ആദ്യം ചെയ്ത ചിത്രത്തിൽ, പിന്നീട് മറ്റു ചിലതു കൂട്ടിച്ചേർത്തപ്പോൾ അത് ആ പതിവിനോടുതന്നെയുള്ള ഒരു പ്രതിരോധം പോലെയാകുന്നു. കലയുടെ യുട്ടോപ്പിയൻ സംരക്ഷണവലയത്തിനു പുറത്തു നിൽക്കുമ്പോൾ കലാകാരനും ഇലസ്ട്രെറ്ററും ഒക്കെ പലതരം സംഘർഷഭരിതമായ ജീവിതകഥാലോകത്ത് വിഹരിക്കുന്നു. പരസ്പരം കയറിക്കിടക്കുന്ന പല ഭാഷകളിൽ വർക്കുകൾ ചെയ്യുന്നു.  

1982-4 കാലഘട്ടത്തിൽ താൻ ചെയ്തുവന്നതെന്തെന്ന് കബാക്കൊവ് ഇങ്ങനെ പറയുന്നു: “ഒന്നിന് പിറകെ ഒന്നായി ഞാൻ ഡ്രോയിങ്ങുകൾ ചെയ്യാൻ തുടങ്ങി. അവയെല്ലാം ഒന്നിനുമേൽ ഒന്നായി വച്ചു. അപ്പോൾ ഒരു കഥ നിർമിക്കപ്പെടുകയായി. അഞ്ചാമത്തേതിനും ആറാമത്തേതിനും ഇടയിൽ വേണമെങ്കിൽ രണ്ടെണ്ണം അധികം ചേർക്കാമെന്നു പിന്നെ തോന്നി. കഥയൊന്നു വലിച്ചു നീട്ടാം. ഏറ്റവുമാദ്യത്തെതിന് മുന്നേ ഒരെണ്ണം വക്കാം. ആ ആഴ്ചകളിൽ എന്റെ മുന്നിൽ ആൽബങ്ങളുടെ പോലുള്ള ‘അനുഭവം’ ഉയർന്നു വന്നുനിന്നു. ആ കാലഘട്ടത്തിൽ എനിക്ക് മുന്നിൽ ആൽബങ്ങളുടെ ടെക്നിക്ക് ഒരു ജനുസ്സായി (genre) ജനിച്ചുവന്നു.”

കബാക്കൊവിന്റെ ആ ആൽബങ്ങളുടെ പ്രദർശനമുറിയിൽ ഏറെ നേരം എനിക്ക് ചെലവഴിക്കേണ്ടി വന്നു. കാരണം ഓരോ കഥയും എത്ര ഭാവാത്മകമാണ്! കണ്ടിരിക്കാൻ, വായിക്കാൻ, എത്രയാണ് ! റഷ്യൻ ഇംഗ്ലീഷ് ആയും ഇംഗ്ലീഷ് എന്റെ ഉള്ളിലേക്ക് മലയാളമായും കൂടിക്കുഴഞ്ഞു വരികയായിരുന്നു. അതിനിടെ ചിത്രം പലതവണ നോക്കണം. ഒരു പാതി മനുഷ്യന്റെയത്ര  നീളമുള്ള വലിയ ആൽബങ്ങളാണ്. ലാമിനേറ്റ് ചെയ്ത ഇലസ്ട്രെറ്റഡ് പേജുകൾ. സൂക്ഷിച്ച് പേജു മറിക്കണം. 

ഒരു വലിയ വൈക്കോൽത്തുറു കെട്ടിയുർത്തുന്നതിൽ വ്യാപൃതരായ കൃഷിക്കാരുടെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യമാണു കബാക്കൊവ് ഒരു ചിത്രത്തിൽ  വരച്ചും എഴുതിയും വയ്ക്കുന്നത്. കർഷകർ കഠിനമായി പണിയെടുക്കവേ, ഭൂമിയിൽ അവർ ഉണ്ടാക്കുന്ന തുറു പോലെത്തന്നെയുള്ള മറ്റൊന്ന് തലകീഴായി അവർക്കു മീതെ ആകാശത്തു നിന്ന് ഇറങ്ങി വരുന്നുണ്ടായിരുന്നു. ഒരു കല്ലു വീഴും പോലെ തോന്നും. അതാണു പുതിയ കൂട്ടിച്ചേർപ്പ്. പക്ഷേ അതവരുടെ മേൽ വീണ് അവർ മരിച്ചതൊന്നുമില്ലത്രെ. നല്ല സുഗന്ധമുള്ള മൃദുവായ വൈക്കോൽ അവരുടെ മേൽ പറന്നുവന്നു പതിക്കുകയാണ് ഉണ്ടായത്! 

എന്തൊരു കല്ലു വെച്ച നുണ / കഥ ! അല്ലേ? ഇതുപോലെ എത്രെണ്ണം വായിച്ചു / കണ്ടു തലേന്ന് ഞാൻ ആ ഗാലറിയിൽ ! 

ഒടുവിൽ റഷ്യ എന്ന മറ്റൊരു കാലത്തുനിന്നും എന്റെ കോട്ട് മാറ്റിയിട്ട് ഇംഗ്ലണ്ടിലെ ടെയ്റ്റ് മോഡേണിൽ നിന്നും ഒരുവിധം ഞാൻ ഇറങ്ങി വരികയായിരുന്നു! എവിടെ നിന്നു വന്നു, എവിടെ നിൽക്കുന്നു, ഉള്ളിൽ എവിടമാണ് തെളിയുന്നത് !! യാത്രയുടെ ശരീരം ഒരിടത്ത്, കാറ്റു മറ്റൊരിടത്ത്, പുറപ്പെട്ടത് മറ്റെങ്ങോ നിന്നും !    

‘ഇലസ്ട്രേഷനും’ ഇങ്ങനെ യാത്ര പോകുന്ന ഒരു ജനുസ്സാണ്. 

ബ്രിട്ടീഷ് ഇലസ്ട്രേഷൻ രംഗത്തെ അതികായനായ ക്വെന്റിൻ ബ്ലെയ്ക്കിന്റെ കാര്യം പറയുകയാണെങ്കിൽ, തികച്ചും സാധാരണമായ ജീവിതമുള്ള ഒരു ഐതിഹാസികജന്മമാണ്. വിപ്ലവജീവിയല്ല. അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലാത്ത, വിവാദങ്ങൾ സൃഷ്ടിച്ച ജീവിതാനുഭവങ്ങളുടെ ഓർമകൾ പോലും പറയാനില്ലാത്ത ഒരാൾ. അദ്ദേഹത്തിന്റെ അർമാദം മുഴുവൻ വരപ്പിലാണ്, ജീവിതകഥയാകട്ടെ ഏകതാനം. ബ്ലെയ്ക്കിന്റെ ചില രീതികൾ, നമ്മുടെ ഇലസ്ട്രേഷൻ പ്രയോഗങ്ങളുമായി വളരെ അടുത്തുനിൽക്കുന്നു. അതായത്, ലൈൻ ഡ്രോയിങ്ങുകൾക്ക് കൊടുക്കുന്ന വലിയ പ്രാധാന്യം. സാഹിത്യകാരന്മാരുമായുള്ള സവിശേഷ ബന്ധങ്ങൾ, തന്നെ നിർവചിക്കുന്നവയും കൂടിയാണെന്നുള്ള ബോധം. കാരിക്കെച്ചർ രൂപത്തിൽ കഥാപാത്രങ്ങളെ ഫിഗറെറ്റീവ് (ശരീര ചിത്രണം) ആയി അവതരിപ്പിക്കൽ. ഇതെല്ലാം നമ്മുടെ 1930 കൾ മുതൽ രണ്ടായിരം വരെയുള്ള എം.വി.ദേവൻ, എഎസ്, നമ്പൂതിരി, ചൻസ്, മദനൻ, ഗോപാലൻ, ദിനകർ തുടങ്ങിയ ആളുകളുമായുള്ള മലയാളി വായനക്കാരുടെ പരിചയത്തിലും അനുഭവമാണ്. 

കബാക്കൊവോ ലൂസിൻഡാ റോജെഴ്സോ അവരുടേതായവിധത്തിൽ പൊതു സമൂഹവുമായി ബോധപൂർവ്വം തുറന്ന സമകാലിക വിനിമയം നടത്തുന്നു. കബാക്കൊവ് ആകട്ടെ ഭരണകൂടവിരുദ്ധതയ്ക്കായി തന്റെ അനൗപചാരിക അധോജീവിതത്തിലേക്ക് ഒരു ഇലസ്ട്രെറ്റീവ് ജനുസ്സ് പരിഷ്ക്കരിച്ച് കൊണ്ടുവരുന്നു. അപ്പോൾ ‘ഇലസ്ട്രേഷൻ’ ഒരു ഭാഷ പോലെ പ്രവർത്തിക്കുന്നു. ഇലസ്ട്രേഷൻറെ ഇത്തരമൊരു വൈവിധ്യം, കലയിൽ നമുക്കിടയിൽ ബോധപൂർവം ഉണ്ടായിട്ടില്ല. 

7

ഇനി ഈ ഹൗസ് ഓഫ് ഇലസ്ട്രെഷനിൽ കാണുന്ന വേറൊരാളാണ്  ജെറാൾഡ സ്കാർഫ്. പ്രശസ്തനായ രാഷ്ട്രീയ കാർട്ടൂണിസ്റ്റും കാർട്ടൂൺ കാരക്ടർ ഡിസൈനറും ബാലേയ്ക്കും ഓപ്പെറകൾക്കും പപ്പെറ്റ് മെയ്ക്കറും അനിമേറ്ററുമാണ്. അങ്ങനെ കണക്കാക്കാവുന്ന ഒരാളും നമുക്കിടയിൽ ഇല്ല. അങ്ങനെ കേരളത്തിലെ കുട്ടികൾക്കോ മുതിർന്നവർക്കോ സ്വയം ഇടപെടാവുന്ന ഒരു മേഖലയാണെന്ന ചോയ്സ് കൊടുക്കുംവിധം അനിമേഷനുമായി നമുക്ക് പറയത്തക്ക ജനപ്രിയ ബന്ധവുമില്ല. നമുക്ക് അനിമേഷൻ പുറം നാടുകളിൽ നിന്നുള്ള ഇറക്കുമതിയാണ്. ഇന്ത്യൻ അനിമേഷൻ വ്യവസായത്തിലെ കഥകളും ഇലസ്ട്രെഷനുമാണെങ്കിൽ പുരാണകഥകളിൽ കിടന്നു വട്ടം കറങ്ങുന്നു. ഇതെല്ലാമോർത്ത് ഞാൻ ചുറ്റും നോക്കുമ്പോൾ അവിടെ പുറത്ത് എന്റെ കൂടെ ക്യൂ നിന്നിരുന്ന കുട്ടികൾ ആ മ്യൂസിയം നിറയെ പടർന്നു പറന്നു നടക്കുകയാണ്. നിലത്തു കിടന്നും ചാഞ്ഞും ചെരിഞ്ഞും അവർ അവരുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെ ചിത്രമായിട്ടും, പപ്പെറ്റുകൾ ആയിട്ടും ഉള്ളിൽ ഏറ്റെടുക്കുന്നു. അവരുടെ അധ്യാപകർ, കുസൃതി കാട്ടി നിലത്തു കിടക്കുന്ന ചിലരോടു അവർക്കു കേൾക്കുംവിധം വളരെയേറെ കുനിഞ്ഞു നിന്ന് ഓരോന്ന് പറയുന്നു. 

ഇലസ്ട്രെറ്റർക്ക് എത്രമേൽ വിചിത്രവാനുമാകാം. അതാണ്‌ വലിയ ഒരു സാധ്യത എന്നറിയുന്ന ഒരാളാണ് ജെറാൾഡ സ്കാർഫ്. നാടക കഥാപാത്രങ്ങൾ വരച്ചുകൊടുക്കുക മാത്രമല്ല, അവർക്ക് കൊസ്ട്യും ഡിസൈൻ ചെയ്യലും, കഥകൾക്ക് ചേർന്ന ഇടങ്ങൾ സൃഷ്ടിക്കലും സെറ്റ് ഉണ്ടാക്കലും ഒക്കെ ഭാവനാത്മക പ്രവൃത്തിയാണ്‌. ഇവിടെയും സാധാരണ ഗാലറി കലാസൃഷ്ടികളിൽ ആർടിസ്റ്റ് അന്തർമുഖനായി കാണുംപോലെയല്ല, എന്താണോ തനിക്ക് ജനങ്ങളുമായുള്ള ബന്ധം, അതെപ്പറ്റി ഏറ്റവും ആർജ്ജവത്തോടെ സംസാരിക്കുന്നതിൽ മടിയില്ലാത്ത ഒരാളാണ് ഇലസ്ട്രെറ്റർ / അനിമേറ്റർ / പപ്പെറ്റ്മേയ്ക്കർ. 

സ്റ്റേജിലും സ്ക്രീനിലും പ്രശസ്തമായ  സ്കാര്ഫിന്റെ ചില പ്രോജക്ട്കൾ ആണ് ഹൗസ് ഓഫ് ഇലസ്ട്രേഷനിൽ ഉള്ളത്. മൊസാർട്ടിന്റെ The Magic Flute പുനർഭാവന ചെയ്തിരിക്കുന്നു, Long Drawn Out trip എന്ന ഭ്രമജനകക്കാഴ്ചയുണർത്തുന്ന ഇദ്ദേഹത്തിന്റെ ആദ്യ അനിമേഷൻ ഫിലിം, ഇതിന്റെയൊക്കെ നിർമാണ ഘട്ടങ്ങൾ, ഇതൊക്കെ കാണാം.1972ൽ ബി ബി സി.യാണ് അദ്ദെഹത്തെ ഒരു അനിമേറ്റഡ ഫിലിം നിർമിക്കാനായി ലോസാഞ്ചലസിൽ പറഞ്ഞയച്ചത്. ഒരു ചൈനഗ്രാഫ് പെൻസിൽ കൊണ്ട് എഴുപത് എം എം ഫിലിമിൽ ആറാഴ്ചയോളം നിർത്താതെ വരച്ചുകൊണ്ട് Long Drawn Out trip തീർത്തത്തെപ്പറ്റി അദ്ദേഹം പറയുന്നു. അന്നത്തെ അമേരിക്കൻജീവിതം എന്നു തിരിച്ചറിയാവുന്ന സകലത്തിന്റെയും ഒരു വിഭ്രാമകക്കലർപ്പാണ് അത്. 

അച്ചടിചിത്രം പോലെയല്ല, ഫിലിം വ്യവസായത്തിൽ അനിമേഷന് വേണ്ടി ശീഘ്രം വരയ്ക്കുന്ന ഒരു ചെറു ഡ്രോയിങആ പോലും വൻ സാമ്പത്തികമൂല്യം നേടുന്നഥഉകാണാം. “It was quite frightening sometimes to see a scribble or a drawing I’d done suddenly become a One lakh pounds set at Pinewood and I’d think did I really mean that’?” സ്കൊര്ഫ് അദ്ഭുതപ്പെടുന്നു ! 

അങ്ങനെ ജനങ്ങൾക്കിടയിലെ ഇലസ്ട്രഏഷന്റെ വ്യത്യസ്ത പ്രയോഗമേഖലകളും, ജോലിക്ക് കൂലി എന്ന കണക്ക് വളരെ ചെറുത് മുതൽ അങ്ങേയറ്റം വരെ കുതിച്ചുചാടാവുന്ന ഇലസ്ട്രേഷന്റെ വ്യാവസായിക മൂല്യവും, ഇതൊക്കെ ഉണ്ടാക്കുന്ന ഭാഷാപരമായ അതിന്റെ സങ്കീർണതയും ആലോചിച്ച് ഞാൻ പുറത്തിറങ്ങി. 

വിചാരിച്ച പോലെയല്ല, സാധാരണ മിക്ക ട്യൂബ് ലെയ്നിലും വണ്ടികൾ ഒരേ ദിശയിലേക്കാണ് ഓടുന്ന കണ്ടത്. ഹാമർസ്മിത്ത് ആന്‍ൻഡ്  സിറ്റി ലെയ്നിൽ ട്രെയിനുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്. ഏതിൽ കേറണം എന്ന് ആകെ സംശയമായി. പിന്നെ കുറച്ചുനേരം അവിടെയുള്ള സൈനെജ് ബോർഡുകൾ വായിച്ച് മനസ്സിലാക്കി നിന്നു. കുറെ ട്രെയിനുകൾ വിട്ടുകളഞ്ഞു. ഒരുവിധത്തിൽ ശരിയായ ഒന്നിൽ കയറിപ്പറ്റി. 

ഏതൊരു യൂറോപ്യൻ രാജ്യത്തെക്കാൾ നമുക്ക് കറങ്ങാൻ ഒരുപക്ഷെ എളുപ്പം തോന്നിയേക്കാമെങ്കിലും, ആർട് മ്യൂസിയങ്ങളുടെ തുറന്നതും ആഴത്തിലുള്ളതുമായ ഇടപെടലിന്റെ കാര്യത്തിൽ ഇംഗ്ലണ്ട് ഒരു വിഷയം തന്നെയാണേ.....! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.