Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസ്റ്റർ ബീനും പോളിഷ് രുചികളും ചങ്ങായിമാരും

ഡോ. കവിത ബാലകൃഷ്ണൻ
Author Details
Follow Twitter
Follow Facebook
british-Way-to-Royal-college-of-art

റോയൽ കോളേജ് ഓഫ് ആർട്  അതിന്റെ വൈറ്റ് സിറ്റി (White City) ബിൽഡിങ്ങിലേക്ക് മാറിയത് ഈയിടെയാണ്. സുപ്രധാന കെട്ടിടമുള്ളത് കെൻസിങ്ടൻ ക്യാംപസിലാണ്. മറ്റൊന്നുള്ളത് ബാറ്റർസീയിലും. ഏതറ്റം വരെയും പരീക്ഷണാത്മകമായ കോഴ്സുകൾ പഠിപ്പിക്കാൻ വേണ്ടി ഡിസൈൻ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും അധ്യാപകരുടെ മേൽ വലിയ സമ്മർദ്ദങ്ങളുണ്ട്. താൻ ഡിസൈൻ ചെയ്ത ആ കോഴ്സ് ലാഭകരമായി നടത്തിക്കൊണ്ടുപോകാൻ വേണ്ടത്ര വിദ്യാർഥികൾ ഉണ്ടാകണം എന്നത് ആ കോഴ്സിൻറെ നിലനിൽപ്പിന്റെ പ്രശ്നമാണ്. ഫീസാണെങ്കിലോ ക്രമാതീതമായി കൂട്ടിക്കഴിഞ്ഞു. പിന്നെ, കെൻസിങ്ടണിലെ (Kensington) ആ ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിൽ നിന്നു വാസ്തുവിദ്യാപരമായി പ്രത്യേകിച്ച് പറയത്തക്ക തനിമയില്ലാത്ത വൈറ്റ്സിറ്റി കെട്ടിടത്തിലേയ്ക്ക് വിഷ്വൽ റിസർച്ചു കോഴ്സുകളും മറ്റും മാറിയത് ആനിനു ഉള്ളിൽ അത്ര താൽപര്യമുള്ള കാര്യമല്ല. അവർ പറയുന്നു; ഇത് കണ്ടാൽ കൂടുതലും ഒരു ബിസിനസ് സ്ഥാപനത്തിൻറെ സ്വഭാവമാണ് തോന്നുക. ഒരു ആർട് സ്കൂളിന്റെയല്ല. ഒരർഥത്തിൽ അതു ശരിയാണെന്ന് എനിക്കും തോന്നി. 

british-Project-on-Pattern

എന്തായാലും ആൻ തന്ന ചിട്ട് നോക്കി ഞാൻ ട്രെയിനിൽ വുഡ് ലെയിനിൽ ഇറങ്ങി. പിന്നെ ആ ക്യാംപസിലേയ്ക്ക് നടത്തം തുടങ്ങി. പോകുന്ന വഴിയിൽ ഹയ്യട, ദേ ഉയർന്നു നിൽക്കുന്നു പ്രതാപിയായ ലണ്ടൻ ബിബിസി ഓഫിസ്. അവിടെ ആ മിസ്റ്റർ ബീൻ അഥവാ ഒന്നാന്തരം ഒരു ജനപ്രിയ നടനായ റോവാൻ ആറ്റ്ക്കിനസൻ ഏതെങ്കിലും ഷൂട്ടിനായി വന്നിട്ടുണ്ടാകുമോ ആവോ, എന്നൊരു ആഗ്രഹം നിറഞ്ഞ തോന്നൽ വന്നത്, ‘നീ പോടി മണ്ടീ’ എന്നും പറഞ്ഞ് അടക്കി വച്ചു. ‘മിസ്റ്റർ ബീൻ’ എന്ന ആ സീരീസ് തന്നെ ഇനി ഇല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞതോർത്തു. തനിക്കു വയസ്സായാലും ‘ബീനിനു’ വയസ്സാകുന്നത് ആറ്റ്ക്കിൻസൻ സഹിക്കില്ലത്രേ. ഈ ‘ബീൻ’ ടി വിയിൽ ഓരോ കുസൃതികൾ കാണിക്കുന്നത് കാരണം എന്റെ മോൻ എത്ര ഭക്ഷണം കൃത്യ സമയത്ത് കഴിച്ചിരിക്കുന്നു !

british-Jackowsky-at-the-opening-dinner4

ഇവിടെ നമ്മുടെ നാട്ടിലെ പോലെ ഒരു ഗ്യാപ്പും ആകാശത്തിനു പോലും കൊടുക്കാതെ പരസ്യഹോർഡിങ്ങുകൾ നിറഞ്ഞിരിക്കുന്നതായി ആ തെരുവിൽ കണ്ടില്ല. അതുകൊണ്ട്, നടക്കുമ്പോൾ അതുമിതും വായിച്ചു നേരം പോയില്ല. പക്ഷേ വലിയ അംബരചുംബികൾ പണിതു കയറ്റുന്നതു നോക്കി കുറച്ചു നേരം വഴിയോരത്തു നിന്നു. സുഖമാണ്, മഞ്ഞും പ്രശ്നങ്ങളും കടുക്കാൻ പോകുന്നേയുള്ളൂ. ഇപ്പോൾ നല്ല കാലാവസ്ഥ. ഇവർക്ക് സ്വസ്ഥമായി പണി ചെയ്യാനാകുന്നു. നല്ല സുരക്ഷാ സജ്ജീകരണങ്ങൾ അണിഞ്ഞ തൊഴിലാളികളും തൊഴിലിടവും. 

british-Purdy-hicks

ഈ അന്യരാജ്യത്ത് ഏകാന്തമായ നടത്തം, എന്തൊരുന്മേഷം ! സത്യത്തിൽ ഭൂമിയിൽ അതിരുകളില്ല, മനുഷ്യരുടെ അനുഭവങ്ങളുടെ അതിരില്ലായ്മ മാത്രമേയുള്ളൂ. എന്തുകൊണ്ടോ ഇങ്ങനെയൊക്കെ വിചാരിക്കാനാണ് തോന്നിയത്. പക്ഷേ ഞാൻ ഇങ്ങോട്ട് പുറപ്പെടുന്നതിനു ചില ആഴ്ചകൾ മുൻപാണ് ലണ്ടൻ നഗരത്തിൽ ഭീകരവാദ സംഘട്ടനം, വെടിവെപ്പ് എന്നൊക്കെ പത്രവാർത്ത കേട്ടത്. ലോകം മുഴുവൻ അസമാധാനം വാഴുന്നു. വാഴട്ടെ. പക്ഷെ കുറച്ച് സമാധാനം കൊണ്ടും ഭയരഹിതമായ മനസ്സുകൊണ്ടും കൂടി സാധാരണ മനുഷ്യർക്കും ചിലപ്പോഴെങ്കിലും വാഴണം. പരിപൂർണമായ അപരിചിതത്വത്തിൽനിന്നും അപ്രതീക്ഷിതത്വത്തിൽ നിന്നും സാധാരണത്വത്തിൽനിന്നും മനുഷ്യർ ഈ ഇരുണ്ട കാലത്തും പിടിച്ചെടുക്കുന്ന സ്വകാര്യമായ ചില അവകാശങ്ങളാണ് ഇവ. 

അങ്ങനെ, വലിയ യഥാർഥ്യബോധമൊന്നും ഇല്ലാത്ത ഇത്തരം ആത്മവിശ്വാസത്താൽ ലഭിച്ച അതീവ ലാഘവത്തിൽ നടന്നു പത്തു മിനിറ്റു കൊണ്ട് എത്തുന്ന ഇടത്തേക്ക് അര മണിക്കൂർ കൊണ്ട് എത്തിച്ചേർന്നു. Tesco Express എന്ന സൂപ്പർ മാർക്കറ്റിനു സമീപമാണ് ഈ ക്യാംപസ്. അപ്പോഴാണ് ഞാൻ എന്തിനിവിടെ വന്നു എന്നോർത്തുപോയത്. പറഞ്ഞപോലെ റോയൽ കോളേജിൽ വിദ്യാർഥികൾക്ക് മുന്നിൽ ഒരു അവതരണം ഉണ്ട്. അവരുമായി ആശയ വിനിമയവും. പക്ഷെ  വൈകിട്ടാണ് സംഭവം. അതുകൊണ്ടാണ്  ആസ്വാദനപൂർവം ഈ അടന്തനടത്തം. 

british-Polish-dinner

പറഞ്ഞുവന്നാൽ, Vernaculars, Distinctions and possible Dialogues: Illustrator's drawings  in Kerala(1950- 2015) എന്നാണ് എൻറെ അവതരണത്തിന്റെ ടൈറ്റിൽ. ഒരു സാംസ്ക്കാരികഭാവനാപ്രദേശമെന്ന നിലയിൽ ഞാൻ എൻറെ നാട്ടിലെ ഒരു കൂട്ടം ചിത്രണങ്ങൾ അഭിമാനത്തോടെ കൊണ്ടുവന്നിരിക്കയാണ്. 

പക്ഷെ ഉള്ളിൽ കുറേ ആശങ്കകൾ ഉണ്ട്. സാഹിത്യവും കഥയും ഒന്നും കൂട്ടിനുവരാതെത്തന്നെ, ഈ ചിത്രങ്ങൾ എല്ലാം കൂടി അവയുടെ നാടിനെയും അതിന്റെ ചിത്രീകരണ സംസ്ക്കാരത്തെയും മറ്റും ഇവിടത്തെ അപരിചിതരായ വിദ്യാർഥികൾക്കും ഫാക്കൽറ്റി അംഗങ്ങൾക്കും മുന്നിൽ പരിചയപ്പെടുത്തുമോ? ഇലസ്ട്രേഷൻ സ്വയം സംസാരിക്കുമോ? രാഷ്ട്ര നിർമിതിയുടെ സ്വതന്ത്രകാലത്ത് ഓരോ രാജ്യത്തിനും ഏതെങ്കിലും വിധത്തിൽ ആധുനികമായ കലാശീലങ്ങൾ സമാനമായിട്ട് ഉണ്ട്. അതിന്റെ ഭാഗമാണ് അച്ചടിച്ചിത്രമെന്ന നിലയ്ക്കുള്ള ചിത്രീകരണവും. പക്ഷെ അതു സംസ്ക്കാരത്തിന്റെ ഭാഗമായി വികസിക്കുന്ന കാര്യത്തിൽ ചരിത്രപരമായി വളരെയധികം വ്യത്യാസങ്ങളും ഉണ്ട്. അതെല്ലാം ഒരു 20  മിനിറ്റ് അവതരണത്തിൽ വ്യക്തമാക്കാൻ പറ്റുമോ ആവോ. സർഗാത്മകമായ ദൃശ്യവൽക്കരണത്തിന് ഏതു സംസ്ക്കാരത്തിലും ഉപയോഗപ്രദമാകുന്ന ഒരു പൊതുവായ ഭാഷ ഉണ്ടോ എന്നാണ് ഇവിടെ സാധ്യമായ അന്വേഷണം.   

ഇങ്ങനെ കുറച്ച് ആകാംക്ഷ അടക്കിപ്പിടിച്ച് ചെന്നു കയറിയതും ആൻ ഹോസൻ എന്നെ കാത്ത് കന്റീനിൽ ഇരിപ്പുണ്ട് എന്നു കണ്ടു. അവിടത്തെ പ്രോഗ്രാം കോ-ഓർഡിനെറ്ററും ദക്ഷിണേന്ത്യക്കാരിയുമായ  രത്ന, അന്നത്തെ അവരുടെ സന്ദർശക സെഷൻ അവതരിപ്പിക്കുന്ന ഈ ഇന്ത്യക്കാരിയെ സൽക്കരിക്കാൻ വാങ്ങിയ ഒരു പരിപ്പ് സൂപ്പു നല്ല കടുപ്പത്തിൽ എന്തൊക്കെയോ മസാല കലക്കിയതാണ്. അതും ബ്രഡും കഴിച്ചപ്പോൾ വയറിനകത്ത് നല്ല പഞ്ചാരിമേളം. എന്നാലും ഏറെ ദിവസങ്ങൾ കഴിഞ്ഞ്, നാവ് എന്നൊരു അവയവം അതിന്റെ സ്ഥാനത്ത് തന്നെ നല്ല ചൂടോടെ ഉണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടു. അത്രയും വളരെ നന്നായി. ആ ഉന്മേഷത്തിൽ ഞാൻ ആനിന്റെ അന്നത്തെ ക്ലാസ്റൂമിലെത്തി. 

നോക്കുമ്പോൾ ലോകത്തിന്റെ ഒരു പരിച്ഛേദമാണവിടെ! ജപ്പാനും പാക്കിസ്ഥാനും പോളണ്ടും ജർമനിയും ഒക്കെ അവർക്കിടയിലേക്ക് ‘ഒരു ഇന്ത്യ’ കടന്നുവരുന്നതു കണ്ടു ഹൃദയപൂർവം ചിരിച്ചു. ഇവരുടെയെല്ലാം ഇലസ്ട്രേഷൻ വ്യവഹാരം ഒന്നല്ല ! ഭാഷ, സാഹിത്യം ഇത്യാദികൾ കൊണ്ട് മാത്രം വേവുന്ന ഒന്നല്ല ഇലസ്ട്രേഷൻ എന്നു തന്നെയാണല്ലോ എവിടെ അതേക്കുറിച്ചു പറഞ്ഞാലും എന്റെ ഊന്നൽ എന്നങ്ങു പിന്നെ സമാധാനിച്ചു,. 

ആദ്യം അവരുടെ ദിനംദിനവ്യവഹാര ഭാഗമായ രണ്ടു പ്രോജക്റ്റ് ചർച്ചകൾ ആണ്. എനിക്കും അതിൽ ഇരിക്കാനും ഇടപെടാനും ആൻ അവസരം തന്നു. 

സാധാരണ ഗതിയിൽ ആധുനിക യുഗത്തിൽ ഫൈൻആർട്സ് കോളേജുകളിൽ പഠനം ചട്ടപ്പടി മാത്രമല്ല. അതു വളരെ സ്വതന്ത്രമാണ് എന്നും കരുതപ്പെടുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻറെ ഒരു പ്രമേയയമാണ് ആധുനിക മാതൃകയിലുള്ള മികച്ച കലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലായി ഉയർത്താറുള്ളത്. പലപ്പോഴും ചട്ടങ്ങൾ പഠിച്ചാലും അത് പൊളിച്ച് കടന്നുപോകുന്നവർക്കാന് ആധുനിക കലയുടെ മണ്ഡലത്തിൽ ആദരം. വലിയ നിയന്ത്രണങ്ങളും ‘ശരി, തെറ്റു മാർക്കിങ്ങുക’ളും ഒക്കെ തീരെക്കുറഞ്ഞിരിക്കുന ഒരു അലസ ലോകം ആഗ്രഹിച്ചുകൊണ്ട് കുറേ വിദ്യാർഥികളും ഇത്തരം സ്ഥലങ്ങളിൽ വരുന്നുണ്ട്. പൊതുവേ റിബലുകളെ സൃഷ്ടിക്കുന്ന ഇടം എന്ന പേരും ഫൈൻ ആർട്സ് കോളജുകൾ ഒരു പുറത്തു സമ്പാദിക്കുന്നു. എന്നാൽ ഒരു വിഷയവും ശരിക്കു പഠിക്കാൻ കഴിയാത്ത മക്കളെ ഒരു ബിരുദം നേടാൻ കഴിയുന്നവരാക്കാൻ ചില മാതാപിതാക്കൾ കണ്ടുപിടിക്കുന്ന ആശ്രയമായും ഫൈൻആർട്സ് കോളജുകൾ മാറാറുണ്ട് എന്ന വേറെ ഒരു പുറവുമുണ്ട്.

british-Andrzej-Jackowsky-painting---1 Andrzej-Jackowsky-painting

എന്തായാലും സമീപകാലത്ത് പ്രൊഫഷണലൈസ് ചെയ്യാത്ത ഒരു മനുഷ്യവ്യാപാരവുമില്ലെന്നു പറയുമ്പോലെ, ഫൈൻ ആർട്സ് വിദ്യാഭ്യാസവും വലിയ മാറ്റങ്ങളുടെ പാതയിലാണ്.  ഫൈൻ ആർട്സ് കോളജുകളും പൊതുവായ അക്കാദമിക് കേന്ദ്രമെന്ന നിലയിൽ തങ്ങളുടെ സാന്നിധ്യം കുറേക്കൂടി അളന്നുതൂക്കാവുന്ന വിധംതന്നെ പൊതുബോധത്തിൽ സാധൂകരിക്കേണ്ട അവസ്ഥയുണ്ട്. 

ഇതു ലോകത്തെമ്പാടും ഉള്ള മാറ്റം ആണോയെന്നറിയില്ല. കലയും സർഗാത്മകതയും സഹജമായി (ദൈവദത്തം എന്നും പറയപ്പെടുന്ന) ഉണ്ടാകുന്ന സിദ്ധികൾ ആണെന്ന ധാരണ കൊണ്ട് പലപ്പോഴും കലയിൽ ഒരാൾ നടത്തുന്ന ബോധപൂർവമുള്ള പരിചയത്തിന്റെയും പരിശീലനത്തിന്റെയും പരിശ്രമത്തിന്റെയും പങ്കിനെക്കുറിച്ച് നമ്മൾ ഉറക്കെ പറയാറില്ല. ചട്ടങ്ങളും സ്വതന്ത്രമേഖലകളുമായി തങ്ങൾ നടത്തുന്ന മിശ്രണങ്ങൾ എങ്ങനെയെന്ന കാര്യം വിശദമാക്കാനൊന്നും മെനക്കെടാതെ കലാകാരന്മാരും സൗകര്യപൂർവം മാറ്റിവയ്ക്കുകയാണു ചെയ്യാറുള്ളത്. 

സാധാരണ ഗതിയിലുള്ള ബോധന സമ്പ്രദായങ്ങളിൽ നിന്നും കലയുടെ ബോധനത്തിന് എന്തു വ്യത്യാസമാണുള്ളതെന്നു പൊതുസമൂഹത്തിനു തീരെ വ്യക്തമല്ല. പലപ്പോഴും പൊതുവായ വിദ്യാഭ്യാസകാര്യങ്ങൾ ചർച്ച ചെയ്യുമ്പോഴും മറ്റും ‘ഫൈൻ ആർട്സ്’ അവഗണിക്കപ്പെടുന്നു. അല്ലെങ്കിൽ ചട്ടരഹിതമോ നിയന്ത്രിക്കാനാവാതതോ ആയ വിചിത്രമായ ഒരു അഭ്യാസമെന്നു പരിഹസിക്കപ്പെടുകയാണ് നമ്മുടെ നാട്ടിലെ സന്ദർഭത്തിൽ ഞാൻ കണ്ടിട്ടുള്ള ഒരു അനന്തര ഫലം. തന്മൂലം ഫൈൻ ആർട്സ് വിദ്യാഭ്യാസം വളരെയധികം പാർശ്വവൽക്കരിക്കപ്പെട്ടതും, ഒരു ‘പ്രൊഫഷനൽ കോഴ്സ്’ എന്ന് അംഗീകരിക്കാൻ പൊതുസമൂഹം പലപ്പോഴും ഒന്ന് അറയ്ക്കുന്നതുമായി കണ്ടിട്ടുണ്ട്. ഇതിനു കാരണങ്ങൾ എന്തൊക്കെയായാലും അവ നമ്മൾ ഇക്കാലമത്രയും വേണ്ടവിധം പരിഗണിച്ചിട്ടില്ല. പക്ഷെ സമീപകാലത്ത് ഒരു പ്രവണതയുണ്ട്. സാധാരണ ഗതിയിലുള്ള ബോധനസമ്പ്രദായങ്ങളിൽ നിന്നു കലയുടെ ബോധനത്തിന് ഒരു വ്യത്യാസവുമില്ലെന്ന് വരുത്തിത്തീർത്താൽ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എളുപ്പത്തിൽ കടന്നിരിക്കാം. അതുകൊണ്ട് ഇപ്പോൾ കാര്യങ്ങളെ പല വഴിയിൽ സമീപിച്ച് കൂടുതൽ കുഴപ്പം പിടിച്ചതാക്കാതെ ഞങ്ങൾ പല അധ്യാപകരും അസസ്മെന്റുകൾ, പ്രോജക്ടുകൾ, ഹാജർ തുടങ്ങിയ ആചാരങ്ങൾ കൃത്യമാക്കാൻ ശ്രദ്ധിക്കുന്നു. വലിയ പരീക്ഷണങ്ങളൊന്നും പൊതുവേ നടക്കുന്നുമില്ല. 

ആൻ ഹോസനും ഇത്തരം പൊതുവായ കാര്യങ്ങളിൽ ആശങ്കയുള്ള ഒരു വിദ്യാഭ്യാസ പ്രവർത്തകയാണ്. ഇംഗ്ലണ്ടിൽ ഇവിടത്തെക്കാൾ വളരെയധികം അക്കാദമിക് പരീക്ഷണങ്ങൾ നടത്താവുന്ന ഒരു തുറന്ന ഘടന ഈ രംഗത്തിനുണ്ട് എന്നെനിക്ക് തോന്നി. പക്ഷേ മുൻപത്തേക്കാൾ കൂടുതൽ കൃത്യനിഷ്ഠയും വ്യക്തതയുമുള്ള ബോധനമാർഗങ്ങൾ വേണമെന്ന ഒരു ശാഠൃം അവിടെ ഈ രംഗത്തുണ്ട്. നമ്മുടെ നാട്ടിലെ പോലെ സാമൂഹികമായി അവിടെ കലാ വിദ്യാഭ്യാസ രംഗം അരികിലാക്കപ്പെടുന്നതൊന്നുമല്ല, അതിനൊരു വലിയ പരിധി വരെ കാരണം. അവിടെ പ്രശ്നം ഇപ്പോൾ ഏറെയും സാമ്പത്തികമാണ്; കുറേക്കൂടി കൃത്യമായി പറഞ്ഞാൽ വിദ്യാഭ്യാസരംഗത്തിന്റെ അമിതമായ ഉപഭോഗമാതൃകാ രീതിയാണ്, എന്ന് അവിടെ പല അധ്യാപകരും രഹസ്യമായി സൂചിപ്പിക്കുന്നു. വിദ്യാർഥി, കല പഠിക്കാൻ വരുമ്പോഴും, അടിസ്ഥാനപരമായി ഒരു ഉപഭോക്താവാണ്. ഇത്, തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം വാങ്ങുന്ന പണത്തിനൊത്ത് മൂല്യം വർധിപ്പിച്ചതായി ഉപഭോക്താവിനെ / വിദ്യാർഥിയെ ബോധ്യപ്പെടുത്താൻ കഴിയുന്ന ഒരു പാഠ്യപദ്ധതി ഉണ്ടാക്കാൻ അധ്യാപകരെ നിർബന്ധിക്കുന്നുവെങ്കിലും, അതനുസരിച്ച്  ഈ വിധങ്ങളെല്ലാം മികച്ച സർഗാത്മകതയുടെ ഉൽപാദനം നടത്തുന്നുണ്ടോയെന്നു സംശയമാണെന്ന് ആൻ പറയുന്നു. 

british-attending-the-Project-discussion-on-Pattern

എന്തായാലും ഒരാഴ്ച മുനപ്  ചെറുപ്പക്കാരനായ ഒരു ഗസ്റ്റ് ഫാക്കൽറ്റി ഈ വിദ്യാർഥികൾക്ക് കൊടുത്ത ഒരു അഭ്യാസം കൗതുകകരമാണ്. ‘പാറ്റേൺ’ പഠനം ആണ് പരിപാടി. അവർ ചുറ്റുപാടിലേക്ക് ഇറങ്ങുക. പ്രകൃതിയിൽ നിന്നുള്ള എന്തെങ്കിലും ഒരു സഹജമായ പാറ്റേൺ ഉള്ള രൂപം / വസ്തു കണ്ടെത്തുക. പിന്നെ ആ പാറ്റേൺ സൂക്ഷ്മമായി വിശകലനം ചെയ്ത്, സമാനമായതോ അതിൽ നിന്ന് ഭേദഗതി ഉള്ളതോ ആയ പാറ്റേണുകൾ സ്വന്തമായി നിർമിക്കുക. അങ്ങനെ വരുമ്പോൾ അതുമായി എന്തെങ്കിലും ദൃശ്യയുക്തിയിൽ വരുന്ന മറ്റു വസ്തുക്കളെ കണ്ടാൽ അതിനെയും ഡിസ്പ്ലേ ചെയ്യുക. അങ്ങനെ ആ ‘പാറ്റേൺ’ എന്തെന്ന് കുറേക്കൂടി വിശദവും ചിന്തോദ്ദീപകവുമാക്കുക ! ഇത് വളരെ ബൗദ്ധികമായ ഒരു അഭ്യാസമാണ്. പക്ഷെ ഇത്തരം ബോധപൂർവമുള്ള ചില പരിശീലനങ്ങൾ കൊണ്ടു കണ്ണും ചിന്തയും തമ്മിൽ ബന്ധപ്പെടുത്താൻ സ്വാഭാവികമായി കഴിയുംവിധം Visual Thought ഒരു ജീവിത ശൈലിയാക്കാൻ ഒരാൾക്കു ശീലം കൊണ്ടെന്നപോലെ പ്രേരണയാകാതിരിക്കുമോ? അതോ ഇതെല്ലാം ചിന്തയുടെ യാന്ത്രികതയെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിൽ അവസാനിക്കുമോ? എന്തായാലും ഏതു വിധത്തിലുള്ളവർക്കും വിഷ്വൽ കമ്യുണിക്കേഷൻ വ്യവസായത്തിൽ ഇന്നു വലിയ ഡിമാന്റ് ഉണ്ട്. 

രണ്ടാഴ്ച സമയം കൊടുത്ത ആ സെഷൻ തീരുന്ന ദിനമായ അന്ന്, ആ വിദ്യാർഥികളെ കേട്ടിരുന്നപ്പോൾ വലിയ അപൂർവതകൾ ഒന്നും ആരും പകർന്നിട്ടില്ലെന്നെനിക്കു തോന്നി. എങ്കിലും ഈ പരിശീലനത്തോടു വിദ്യാർഥികൾ വളരെ നന്നായി പ്രതികരിച്ചിരിക്കുന്നുവെന്ന് ആരും പറയും. തങ്ങളുടെ ‘പാറ്റേൺ കണ്ടെത്തലുകൾ’ ചുവരുകളിൽ ഒന്നൊന്നായി ഗംഭീരമായി പ്രദർശിപ്പിച്ച് അവർ ഞങ്ങളെ കാത്തിരിക്കുന്നു ! 

പാറ്റേൺ അന്വേഷിച്ചുള്ള തങ്ങളുടെ അനുഭവങ്ങൾ ഓരോരുത്തരായി വിശദീകരിക്കുകയും ചെയ്തു. എത്രയോ അമൂർത്തമായ സന്ദർഭങ്ങൾ ഇവർ ലളിതമായി വാക്കുകളിൽ ബന്ധിപ്പിക്കുന്നു ! കൊറിയയിൽ ഇരുപത്തഞ്ചാം നിലയിലെ വീട്ടിൽ താമസിക്കുന്ന ഒരു പെൺകുട്ടി ചതുരങ്ങളുടെ കനത്ത പാറ്റേൺപഠനം തന്നെ നടത്തിയിരിക്കുന്നു ! വേറൊരുവൻ ശാഖാചംക്രമണം നടത്തുന്ന ചുള്ളിക്കമ്പുകൾ അടിസ്ഥാനമാക്കി ചിന്തിച്ച് അതിന്മേൽ പേപ്പർ അമർത്തി ഇംപ്രിൻറ് വരുത്തി ഫലത്തിൽ ‘വസ്തുവില്ലായ്മ’യിലൂടെ വസ്തുവിന്റെ രൂപം അഥവാ അടയാളം പേപ്പറിൽ വരുത്തിയിരിക്കുന്നു. അവന് പാറ്റേൺ ഒരു നേർത്ത ഇല്ലായ്മ മാത്രം!

എല്ലാവരുടെയും ചർച്ച ചെയ്തു കഴിഞ്ഞപ്പോൾ ആന്ദ്രെ ക്ലിമോവ്സ്കിയുടെ ഊഴമായി, അടുത്ത ആഴ്ചയിലേക്കുള്ള വർക്ക് കുട്ടികളുടെ മുന്നിൽ ആദ്യമായി അവതരിപ്പിക്കുകയാണ് അദ്ദേഹം. ഈ പദ്ധതിയുടെ പേര് ROOM എന്നാണ്. 

അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: ‘ഈ ആഴ്ചയിലെ വിഷ്വൽ റിസർച്ച് പരിശീലനം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നത് ഒരു വാസ്തുവിദ്യാപരമായ ഇടത്തിന്റെ (Architectural space) ത്രീ-ഡയമെൻഷൻ മാതൃക അവതരിപ്പിക്കാനാണ്. നമുക്കതിനെ പൊതുവിൽ ‘മുറി’ എന്നു വിളിക്കാം. വരച്ചതോ, മറ്റേതെങ്കിലും വിധത്തിൽ കാണിക്കാവുന്നതോ ആയ അതിൻറെ മാതൃകയാണ് വേണ്ടത്. പെട്ടെന്ന് ചെയ്യാൻ നിങ്ങൾക്ക് വേണമെങ്കില് Foam Board ഉം, തയ്യൽക്കാരന്റെ പിന്നുകളും ഉപയോഗിക്കാം. ഇത് ഉപയോഗിച്ചാൽ നിങ്ങൾക്ക് ചുവരുകൾ പുനഃക്രമീകരിക്കാൻ എളുപ്പമുണ്ട്. നിങ്ങൾ സൃഷ്ടിച്ച ഇടങ്ങളിൽ വെളിച്ചക്രമീകരണമൊക്കെ ചെയ്യാവുന്നതാണ് കേട്ടോ. വാതിലുകളും ജനലുകളും ഒക്കെ കാണിക്കാം.Tin Foil അല്ലെങ്കിൽ കണ്ണാടി ഉപയോഗിച്ച് പ്രതിബിംബങ്ങൾ സൃഷ്ടിക്കാവുന്ന ഇടങ്ങൾ നിർമിക്കാം.

british Andrzej-Jackowsky-painting

ഉദാഹരണത്തിന്, നിങ്ങൾ ഉണ്ടാക്കുന്ന വീടിന്റെ മാതൃകയ്ക്ക് പിറകിൽ ഒരു സ്വിമ്മിംഗ് പൂൾ ഉണ്ടെന്നിരിക്കട്ടെ. അത് കാണുന്നില്ല. എന്നാൽ അതുണ്ടെന്നറിയിക്കയും വേണം.അതിന് ഈ പ്രതിബിംബങ്ങളുടെ അനങ്ങുന്ന തിളക്കം സഹായിക്കും. നിങ്ങൾ നിർമിക്കുന്ന ഇടം കുറച്ചൊക്കെ അമൂർത്തമാകാം. അല്ലെങ്കിൽ യഥാർത്തിലുള്ള മുറികളും ഗോവണികളും, ഇടനാഴികളും ഉണ്ടാകാം. അവ ഒരു വീടിന്റെയോ ടവറിന്റെയോ ഗോവണിക്കിണറിന്റെയോ പാതി ദർശനം ആകാം. വലുപ്പത്തിന്റെ ആപേക്ഷികത തിരിച്ചറിയിക്കാൻ ഒരു മനുഷ്യരൂപം വലിപ്പമനുസരിച്ച് വെട്ടി അതിനുള്ളിൽ എവിടെയെങ്കിലും പ്രതിഷ്ഠിക്കാം. നിങ്ങൾക്ക് മേൽക്കൂരയോ ചില ചുവരുകളോ, നിലങ്ങളോ തന്നെ എടുത്തുമാറ്റുകയോ വിചിത്രമായ നോട്ടക്കോണുകൾ സൃഷ്ടിക്കുകയോ ഒക്കെ ചെയ്യാം. ആ ഇടത്തിന്റെ ഒരു അന്തരീക്ഷം, അതിൻറെ നാടകീയത, പ്രതീതികൾ ഒക്കെയാണ് നിങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.”

അങ്ങനെ ഭാവനയിലെ ഒരിടം, ചെറുമാതൃകയായി നിർമിക്കാനുള്ള പദ്ധതി വിശദീകരിച്ച് ക്ലിമോവ്സ്കി പിൻമാറി. വിദ്യാർഥികൾ പ്രതീക്ഷയോടെ ചില നോട്ടുകൾ കുറിച്ചു. ചിലർ ചിന്തയിലാണ്ടു. ചിലർ എന്തോ ക്ഷീണത്തിലും. 

ഒരു കാര്യം എനിക്കിഷ്ടമായി. ഇത് കസേരകൾ ഒരു നിശ്ചിത ദിശയിൽ ഇട്ട ഏകപക്ഷീയമായ ക്ലാസ്മുറിയല്ല. നടുവിലെ മേശയ്ക്കു ചുറ്റും എല്ലാരും കൂടിയിരിക്കുന്ന ഒരിടമാണ്. അതുകൊണ്ട് ഒരു പങ്കുവയ്പ്പിന്റെ സുഖമുണ്ട്. സെഷൻ തീർന്നതും, നൊടിയിടയിൽ ചുവരുകളിലെ ഡിസ്പ്ലേകൾ അവർ നീക്കം ചെയ്തു. ഇന്ദ്രജാലം പോലെ ആ മുറി വീണ്ടും മറ്റൊരു സെഷന് വേണ്ടി വൃത്തിയായി ഒരുങ്ങി ! വളരെ കൃത്യമായ ശീലങ്ങളുള്ളവർ! കലയുടെ കാര്യത്തിൽ നമ്മൾ അത്രയ്ക്ക് ഔപചാരികർ അല്ലല്ലോ എന്നോർത്തപ്പോൾ ചിരിയും കരച്ചിലും ഒന്നിച്ചങ്ങു വന്നു. രണ്ടു വര്ഷം വർഷത്തെ ഒരു പ്രോജെക്റ്റ്‌ അവതരണത്തിന് ചുവരിൽ ഒട്ടിച്ച ചിത്രം ഈ വർഷവും അവശേഷിക്കുന്ന എന്റെ  കോളേജിലെ സ്റ്റുഡിയോകൾ ഞാൻ ഓർത്തു. എന്തിനധികം, വർഷങ്ങൾക്ക് മുൻപ് പഠിച്ച ഒരാൾ ചെയ്ത ഒരു രതിശിൽപ്പം ഇപ്പോഴും തൃശൂർ ഫൈൻ ആർട്സിന്റെ മുന്നിലെ പ്ലാവിൻ ചോട്ടിൽ ഉണ്ട്. ആ വിദ്യാർഥിയാകട്ടെ ഇപ്പോൾ തൃശൂർ ചന്തയിൽ നല്ലൊരു അരിക്കച്ചവടക്കാരനാണെന്നു കേട്ടു. 

പിന്നെയാണ് എന്റെ അവതരണം. നമ്മുടെ ഇലസ്ട്രേഷനിലെ, പ്രത്യേകിച്ചും രണ്ടായിരത്തിനു ശേഷമുള്ളതിലെ ഭാവഗീതാത്മകത ആ ചിത്രങ്ങൾ കൊണ്ടുതന്നെ വളരെ വിദഗ്ദ്ധമായി അവരിലേക്ക് എത്തി. നമ്മുടെ ഷെരീഫിന്റെയും ദേവപ്രകാശിന്റെയും സുനിൽ അശോകപുരത്തിന്റെയും ഭാഗ്യനാഥന്റെയും കബിത മുഖോപാധ്യായയുടെയും ടോം വട്ടക്കുഴിയുടെയും ചിത്രങ്ങൾ അവിടെ   സ്വയം സംസാരിച്ചു. ഞാൻ അവയുടെ ചില ചരിത്രപരതയും കാലവും മറ്റും ചൂണ്ടിക്കാട്ടിയെന്നെയുള്ളൂ. അതിനായി ഇരുപതാംനൂറ്റാണ്ടിന്റെ ചില ആർക്കൈവൽ അച്ചടിചിത്രവസ്തുക്കളും ഞാനവരെ കാണിച്ചുവെന്നു മാത്രം. ഇവ വിശദമായി കണ്ടപാടെ ഓരോരുത്തരും അവരവരുടെ നാട്ടിലെ ഇലസ്ട്രേഷൻ പ്രാക്ടീസുകളെപ്പറ്റി എന്നോടു പറഞ്ഞു. ഒന്നര മണിക്കൂർ നീണ്ട ആ ചർച്ചയിൽ അവർ പറഞ്ഞതു വേറൊരു പുസ്തകത്തിനു സ്കോപ്പുള്ളത്രയും കാര്യങ്ങൾ. തൽക്കാലം അതിവിടെ വിടുന്നു. നമ്മൾ വിഷയം മാറിപ്പോകും. ആ പങ്കുവയ്പ്പിന് എനിക്ക് അവരോടു വലിയ കടപ്പാടുണ്ട്. 

സുനിൽ അശോകപുരത്തിന്റെയും ഷെരീഫിന്റെയും ഒക്കെ വളരെ പ്രയത്നരഹിതമെന്നു തോന്നുന്ന കളർസ്കേപ്പുകളും ഭാവാത്മകതയെ മുന്നോട്ടുനിർത്തുന്ന ബ്രഷ്സ്ട്രോക്ക്കൊണ്ടുള്ള ചുരുക്കെഴുത്ത് പോലെ കാണുന്ന രൂപങ്ങളുമാണ്. അവ കണ്ടപ്പോൾ അന്ന് വൈകിട്ട് കാണാനിരുന്ന പോളിഷ് വേരുകളുള്ള ഒരു മുതിർന്ന ബ്രിട്ടീഷ് കലാകാരന്റെ ചിത്രങ്ങളിലേക്ക് അതെന്തോ ഒരു തിരി നീട്ടുന്നുവെന്ന് ഒരു വിദ്യാർഥി ചൂണ്ടിക്കാട്ടി. അതോടെ അന്നു രാത്രി കെൻസിങ്ടണിലെ Purdy Hicks എന്ന ഗാലറിയിൽ  ആന്ദ്രേ ജക്കൊവ്സ്കിയുടെ പ്രദർശനം കാണാൻ പോകാൻ ധൃതിയായി.   

അടുത്ത സുഹൃത്തുക്കൾക്കു വിരുന്നൊരുക്കിക്കൊണ്ട് ജക്കൊവ്സ്കി അദ്ദേഹത്തിൻറെ സുഹൃത്തായ ആൻ വഴി എന്നെയും ക്ഷണിച്ചിരിക്കുന്നു. അതുകൊണ്ട് ഇംഗ്ലണ്ടിലെ ഒരു പോളിഷ് തീന്മേശയിലും ആ ദിനാന്ത്യത്തിൽ ഞാൻ എത്തിപ്പെട്ടു.   

പലതരം ദേശീയതകളുള്ളതെങ്കിലും, തായ് വേര് പോളിഷ് ആയിരിക്കുന്ന ഒരാളുടെ അഭയാർഥിലോകം ജക്കൊവ്സ്കിയുടെ ചിത്രങ്ങളിൽ കണ്ട കഥ പറയാം. 

രണ്ടാംലോക മഹായുദ്ധകാലത്തു റെഡ് ക്രോസിൽ പ്രവർത്തിക്കവേ കണ്ടുമുട്ടിയ ഒരു യുവാവിൻറെയും യുവതിയുടെയും മകനായി വടക്കൻ വെയിൽസിലെ അഭയാർഥിക്യാംപിലെ ഒരു പോളിഷ് ആശുപത്രിയിൽ ജനിച്ചുവീണതാണ് ജക്കൊവ്സ്കി. ജനിക്കുമ്പോൾ തന്നെ ജന്മനാടായ മഞ്ഞു മൂടിയ ബാൾട്ടിക് തീരം നഷ്ടപ്പെട്ടു. പിന്നീടാണ് പടിഞ്ഞാറൻ ലണ്ടനിൽ കുടുംബം താമസിക്കാൻ തുടങ്ങിയത്. ടാർ കൊണ്ട് മൂടിയ മരക്കുടിലുകളിൽ ശൈശവം കഴിച്ചുകൂട്ടി. പതിനാലാം വയസിൽ അച്ഛനമ്മമാർ വേർപിരിഞ്ഞു. അന്ന് ഒരു സെൽഫ് പോർട്രെയ്റ്റ് ചെയ്തതോടെ ഒരു ചിത്രകാരൻറെ ജീവിതം മതി തനിക്കെന്നു ജക്കൊവ്സ്കി തീരുമാനിച്ചത്രേ. ഈ ശിഥിലജീവിതത്തിൽ പിന്നീടിങ്ങോട്ട്‌ കടുത്ത വരകൾ കൊണ്ട് പല തരം വൈകാരിക രൂപങ്ങളും വർണമേഖലകളും കൊണ്ട് ആ ജീവിതശൂന്യത ഇന്നോളം നേരിടപ്പെട്ടുകൊണ്ടിരിക്കുന്നു. 

ഫാൾമൗത്ത് സ്കൂളിൽ 1967ൽ ജക്കൊവ്സ്കി പഠിക്കാൻ ചേരുമ്പോൾ അമേരിക്കൻ കളർ ഫീൽഡ് അമൂർത്തചിത്രങ്ങളുടെ ഭരണകാലമായിരുന്നു. പെയിന്റിങ്ങുകൾ മനുഷ്യ കഥാനുഗായികൾ ആകുന്നതിനെ പൊതുവേ ബ്രിട്ടീഷ് ആർട് സ്കൂളുകൾ പൊതുവേ നിരുത്സാഹപ്പെടുത്തിയ കാലമാണത്. അപ്പോൾ ജക്കൊവ്സ്കി അരണ്ട വെളിച്ചത്തിൽ വസ്തുക്കളെ കാണുന്ന വീഡിയോകൾ എടുക്കാൻ തുടങ്ങി. പെയിന്റിങ് ചെയ്യാതെ നടന്നതിനാൽ പെയിന്റിങ് കോഴ്സിൽ നിന്ന് ഇദ്ദേഹം പുറത്താക്കപ്പെട്ടു. ഇന്നതത്ര inter-disciplinary ആയിക്കഴിഞ്ഞിരുന്നില്ല യൂറോപ്പിലും കലാവിദ്യാഭ്യാസം. ഫാൾമൗത്തിൽ നിന്നു പുറത്താക്കപ്പെട്ടപ്പോൾ എന്തേ താൻ ഇങ്ങനെ രൂപങ്ങൾ ചെയ്യുന്നത് എന്ന് ജക്കൊവ്സ്കി ഗൗരവമായി ആലോചിച്ചു. പീറ്റർ റെഡ്ഗ്രോവ് എന്ന ഒരു കവിസുഹൃത്ത് കടുത്ത നിരാശയിലും അദ്ദേഹത്തെ ഉന്മേഷത്തിലാക്കിയിരുന്നു. രൂപങ്ങൾ കവിതകളാണ്. ഒരാളുടെ സ്വത്വത്തെ പിടിതരുന്നത് കവിതയാണ്; പെയിന്റിങ്ങിൽ അത്, നമുക്ക് കാണാനാകുന്ന, കവിതയുള്ള രൂപവുമാണ്. എഴുപതുകളിൽ യൂറോപ്പിൽ എമ്പാടും ആധുനികരെ ലൈംഗികത രൂപപരത ശുശ്രൂഷ എന്നീ ഗുണങ്ങൾ കൊണ്ട് ആകർഷിച്ച ‘താന്ത്രിക് കല’യുടെ പ്രദർശനം ജക്കൊവ്സ്കിയെയും സ്വാധീനിച്ചു. 

രൂപങ്ങളിൽ ഉള്ള ധ്യാനത്തെ ജ്ഞാനത്തിലേക്കുള്ള വഴിയായി അദ്ദേഹം കണ്ടു. പിന്നീട് റോയൽ കോളേജിൽ പഠിക്കാൻ ചേർന്നപ്പോൾ അദ്ദേഹത്തിന് പീറ്റർ ഡി ഫ്രാന്ഷ്യ, ആർ.ബി.കിറ്റാജ്, ഫിലിപ്പ് റോസൻ തുടങ്ങിയ കുറേക്കൂടി പിൻതുണയ്ക്കുന്ന അധ്യാപകരെ കിട്ടി. ആത്മാവിൻറെ ദുരൂഹമായ പ്രചോദനങ്ങൾ എന്ന ആ അവസ്ഥയെക്കാൾ, എന്തെങ്കിലും സംവദിക്കാനുള്ള കൃത്യമായ ആഗ്രഹം പ്രകടമാക്കുന്ന അവസ്ഥ പിന്നീടുണ്ടായി. ചിന്തയുടെ ഭാവാത്മകമായ അവസ്ഥയുണ്ടല്ലോ, നമ്മൾ ‘മൂഡ്‌’ എന്നൊക്കെ പറയുന്നത്, അതിനെ മനസ്സിന്റെ ദുരൂഹതയിൽ നിന്നെന്നതെക്കാൾ, യഥാർഥവും വ്യക്തവുമായ ബാഹ്യ ബിംബങ്ങളിൽ നിന്നു തന്നെ കണ്ടെടുക്കാൻ കഴിഞ്ഞപ്പോൾ ജക്കൊവ്സ്കി ‘ജാഗരൂകമായ ഒരു സ്വപ്നാടകത്വം’ നേടുകയായി. ഇന്നോളം അതു തുടരുന്നു എന്നാണ് എനിക്കു മനസ്സിലായത്‌. 

british-Display-of-project-on-pattern3

എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്, നമ്മൾ വലിയ ദേശീയവാദികളും പലതരം സ്വത്വവാദികളും ഒക്കെയായി ഇടയ്ക്കിടെ നമുക്കിടയിൽ തന്നെ കലഹങ്ങൾ ഉണ്ടാക്കുന്നത്, കനത്ത നാശം വിതച്ച ഒരു ലോകമഹായുദ്ധമെന്തെന്ന് അറിയാതെ പോയതുകൊണ്ടാണ്, അല്ലെങ്കിൽ ചിത്രങ്ങളിലും ഡോക്യുമെന്റെറി സിനിമയിലും മാത്രം നോക്കിപ്പോയതുകൊണ്ടാണ്. മരണം, നഷ്ടപ്പെടൽ, സ്വന്തമെന്ന ഒന്ന് ഇല്ലാതാകൽ, ശൂന്യത ഇതൊക്കെ പച്ചയ്ക്ക് അനുഭവിക്കുന്ന മനുഷ്യരുടെ തലച്ചോറിൽ കയറി ഒന്നു നോക്കണം, ആ നേരത്ത് !  ശൈശവം, കുടുംബം, ദേശം, എന്നുവേണ്ട ശക്തമായ തന്റെ ചെന്നിക്കുത്ത് പോലും ജക്കൊവ്സ്കിയിൽ തീരാത്ത പരിക്കുകൾ ഏൽപ്പിക്കുന്നു. പക്ഷെ ഇദ്ദേഹത്തിന് തന്റെ ചിത്രങ്ങൾ എന്നാൽ, താൻ സ്വയം നൽകുന്ന ഒരു ശുശ്രൂഷയത്രേ. പരിപൂർണതയ്ക്ക് വേണ്ടിയുള്ള എന്തോ തരം ആഗ്രഹം കൊണ്ട് ബിംബങ്ങളെ ധ്യാനിച്ചെടുത്ത് കൊണ്ടുവന്ന് നിർത്തുകയാണീ മനുഷ്യൻ! 

ഇന്ത്യൻ ആർട്ടിസ്റ്റ് ആയ ഭൂപൻ ഖക്കർ അടക്കമുള്ളവരുടെ  ഇരുപതാംനൂറ്റാണ്ടിന്റെ ഫിഗറെറ്റീവ് പെയിന്റിങ്ങിനെപ്പറ്റി വിശദമായി പഠിച്ച് എഴുതിയിട്ടുള്ള തിമോത്തി ഹൈമൻ (Timothy Hymen) എന്ന കലാനിരൂപകൻ ജക്കൊവ്സ്കിയെപ്പറ്റിയും ഗംഭീരമായി എഴുതിയിട്ടുണ്ട്. സത്യത്തിൽ താൻ വളർന്ന ഒരു ഇംഗ്ലീഷ് സംസ്ക്കാരത്തിനു പുറത്താണ് ജക്കൊവ്സ്കി തന്റെ ആഴത്തിലുള്ള സ്വാധീനങ്ങൾ കണ്ടെത്തിയത് എന്നദ്ദേഹം പറയുന്നു. ആധുനിക കലയുമായി ഇടപെടാൻ ഭൂതാവിഷ്ടവൈദ്യന്മാരുടെ (Shamanist)ഭാഷ എടുത്ത ജർമനിയിലെ ജോസഫ് ബെയസ് (Joseph Beuys), ഓർമകൾ കൊണ്ട് പ്രതിഷ്ഠാപനങ്ങൾ നടത്തിയ ലൂയി ബൂർഷ്വാ (Louise Bourgeois), ആവിഷ്ടനർത്തകിയായ പിനാ ബോഷ് (Pina Bausch) തുടങ്ങിയവരുമായാണ് ജക്കൊവ്സ്കിയുടെ കലാഭാഷയ്ക്ക് ബന്ധം.   യുദ്ധം കൊണ്ട് നശിപ്പിക്കപ്പെട്ട ബാല്യവും അതിൻറെ പരിക്കുകളും മറികടക്കാൻ വേണ്ടിയുള്ള തീരാത്ത ശ്രമങ്ങൾ. 

തിമോത്തി ഹൈമൻ എഴുതുന്നു : ‘ ഏതാനും മാസങ്ങൾ മുൻപ് ഞാൻ ജക്കൊവ്സ്കിയോട് ചോദിച്ചു, ആ അഭിശപ്ത ബാല്യം നിങ്ങളിൽ മങ്ങിത്തുടങ്ങിയോ എന്ന്. അപ്പോൾ ഇല്ലെന്നായിരുന്നു ഉത്തരം. മാത്രമല്ല, അത് തൊട്ടടുത്ത മുറിയിൽ ഇപ്പോഴും ഉണ്ട് എന്നും! 

എൻറെ അവതരണത്തിനു ശേഷം, ആനും ക്ലിമോവ്സ്കിയും ഞാനും കുറച്ചു വിദ്യാർഥികളും കൂടി Purdy Hicks ലേക്ക് ചെന്നു. അവിടെ അപരിചിതരായ കുറേ മനുഷ്യർ. ഏതൊരു പ്രദർശന 

ത്തുടക്കത്തിലും ഇന്ത്യയിലും കാണാറുള്ള പതിവുപോലെ ചില അടുത്ത കലാലോക ചങ്ങാതിമാർ വന്ന് പരസ്പരം കുശലം പറയുന്നു, മദ്യം കഴിക്കുന്നു. ആവേശപൂർവം ചർച്ചകളിൽ ഏർപ്പെടുന്നു. ഞാനും ജക്കൊവ്സ്കിയെ കണ്ടു കൈ പിടിച്ചു. ജീവിതത്തിന്റെ ഒട്ടേറെ വടുക്കൾ ഉള്ള ക്ഷീണിതനായ മനുഷ്യൻ ! തിളങ്ങുന്ന കണ്ണുകളും കരുണാനിർഭരമായ നോട്ടവും. ഞാൻ ആ പ്രദർശനത്തിനും വിരുന്നിനും ലഭിച്ച ക്ഷണത്തിനു നന്ദി പറഞ്ഞു. പക്ഷേ പറയാതെ വിട്ടതായിരുന്നു ഏറെ, എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ ! 

സമീപ കാലത്ത് ഗാലറികളിൽ കുറേ ആശയങ്ങളും, അതിലേറെ കനത്ത കെട്ടുകാഴ്ചകളും കൊണ്ടുള്ള സമകാലിക പ്രദർശന പരീക്ഷണങ്ങൾ കണ്ടു മടുത്ത ഒരാളുടെ കണ്ണിനു ജക്കൊവ്സ്കി കലാകാരൻറെ ആർജ്ജവമുള്ള ഒരു പഴയ കാലത്തിന്റെ തുടർച്ചയായി അനുഭവപ്പെട്ടേക്കാം. പെയിന്റ്ങ് എന്ന ജീവിത തത്വശാസ്ത്രത്തിൻറെ തന്നെ ഭാവാത്മകതയിൽ ഇന്നും തുടരുന്ന ഒരാൾ ! അങ്ങനെ ഒരു ചിത്രകാരജീവിതത്തിൻറെ അർഥപൂർണതയെങ്കിലും ഈ മനുഷ്യന് ബാക്കി ഉണ്ടായിരിക്കട്ടെ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു. 

ഈ ജക്കൊവ്സ്കിയുടെ ചിത്രങ്ങളിൽ കാണുന്നത് അക്കാദമിക് വൈദഗ്ധ്യത്തെ നിഷ്കാസനം ചെയ്ത് ബ്രഷ് സ്ട്രോക്ക്  കൊണ്ടും വർണരൂപങ്ങൾ കൊണ്ടും പരിണമിപ്പിച്ചെടുക്കുന്ന ഭാവാത്മകതയാണ്. ഇത് നമ്മുടെ ഇലസ്ട്രെറ്റർമാരിൽ പ്രഭാകരൻ, വത്സരാജ്, സുനിൽ അശോകപുരം, കബിത മുഖോപാധ്യായ തുടങ്ങിയവരിൽ കാണുന്നു. റോയൽ കോളേജിലെ ‘ദൃശ്യഗവേഷണ’വകുപ്പിൽ   

ആ വിദ്യാർഥികൾക്ക് മുന്നിൽ ഞാൻ കാണിച്ച ഇലസ്ട്രെറ്റർമാർ ഏറെയും വ്യക്തിപരമായി അപരിചിതരായിരിക്കാം. പക്ഷെ എങ്ങനെ ഇവരുടെ ചിത്രങ്ങൾ അസ്സലായി സ്വയം പരിചയപ്പെടുത്തി ? മലയാളത്തിലെ  സാഹിത്യപാഠത്തിന്റെയോ, സംസ്ക്കാരസവിശേഷതകളുടെയോ സഹായമില്ലാതെ എങ്ങനെ ചിത്രഭാഷയുടെ ചില സവിശേഷതകൾ ഇത് സാധിക്കുന്നു? ഇതിന് ലോക ചിത്രകലയുടെ വ്യാപക ചരിത്രത്തിൽത്തന്നെയാണ് ഉത്തരം. നമ്പൂതിരിക്ക് ശേഷം നമ്മുടെ ഇലസ്ട്രെറ്റർമാർ ലോക കലാചരിത്രവുമായി ബന്ധപ്പെടാൻ ശേഷിയുള്ള ഒരു ഭാഷയിൽ നമ്മോടു സംവദിച്ചിട്ടുണ്ട് എന്നത് ഒരു സത്യമാണ്. നമ്മൾ അവരെ അങ്ങനെ തിരിച്ചറിയുന്നുണ്ടോ എന്നത് സംശയവുമാണ്. ഇവരുടെ ഭാഷയുടെ കാരണങ്ങൾ ലോക മഹായുദ്ധത്തിലായിരിക്കില്ല, നമ്മുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള അധികാര വിരുദ്ധ, പ്രതിഷേധഭാഷകളുടെയും ഇന്ത്യയിലെ ബഹുജന സംസ്ക്കാരത്തിലെ കാവ്യാത്മകതയിലുമായിരിക്കാം നിക്ഷിപ്തമായത്.

ചിന്താനിർഭരമായ ആ നീണ്ട ദിനം അങ്ങനെ ആ വിഭവസമൃദ്ധമായ പോളിഷ് തീൻമേശമേൽ അവസാനിച്ചപ്പോൾ, ഉറക്കം വന്നു തൂങ്ങുന്ന കൺപോളകളിൽ ഞാൻ ഈർക്കിൽ കുത്തിനിർത്തുകയായിരുന്നു. നാവിലൂടെ അപരിചിതമായ അനവധി രുചികൾ കടന്നുപോയി. എല്ലാത്തിനും ഞാൻ ഇരുന്നുകൊടുത്തു എന്നു മാത്രമേ ഇപ്പോൾ ഓർത്തെടുക്കാൻ ആകുന്നുള്ളൂ ! അരണ്ട വെളിച്ചത്തിൽ എടുത്ത ഫോട്ടോകളിൽ ഇപ്പോൾ നോക്കുമ്പോൾ നാവ് എന്തൊക്കെയോ ഓർമകളിലും ഗന്ധങ്ങളിലും ഉലർന്നു വീണ്ടും ഉണരുന്നു.