Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീപ്പെട്ടിയില്‍ ഒളിച്ചുകടത്തിയ കവിതകള്‍

ഡോ. കവിത ബാലകൃഷ്ണൻ
Author Details
Follow Facebook
1@-Merzbarn-UK-(2)

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ  ഒരു നോൺ-മെട്രോപൊളിറ്റൻ കൗണ്ടിയാണു  ലാങ്കഷയർ. അവിടെ റിബ്ൾ നദിയുടെ തീരത്തുള്ള പട്ടണമായ പ്രസ്റ്റണിലേക്കുള്ള യാത്രയാണ്. നാഷനൽ ബസ് സർവീസാണ് യാത്രയ്ക്ക് പ്രയോജനപ്പെടുത്തുന്നത്. 

ആനും സൈമനും അർധരാത്രി തന്നെ ഇറ്റലിയിലേക്ക് പോയി. രാവിലെ ഞാൻ തനിയെ ആ വീട് പൂട്ടി പോസ്റ്റ്‌ ബോക്സ് പോലെ കാണുന്ന ദ്വാരത്തിലൂടെ താക്കോൽ ഉള്ളിലേക്കിട്ട് ഇറങ്ങണം. ആനിന്റെ സ്നേഹിതൻ ലോട്ടിക്ക് ഭക്ഷണം കൊടുക്കാൻ പത്തരയ്ക്ക് വരും.  

രാവിലെ വിക്ടോറിയയിലേക്കുള്ള യാത്ര. ഇരുട്ടിലേക്ക് പെട്ടിയുമായി ഞാനിറങ്ങി. ദൂരെ ഒരാൾ കാറ് കഴുകുന്നു. ചുറ്റിനും ആരുമില്ല. ചെനുചെനെ മഴ തൂളുന്നു. അന്തരീക്ഷം തെളിഞ്ഞിട്ടില്ല. അതിവേഗം നടന്നു. അധികം ദൂരെയല്ലാത്ത എയ്ഞ്ചൽ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും Euston സ്റ്റേഷനിൽ ഇറങ്ങി വിക്ടോറിയ ലെയ്ൻ പിടിച്ചു. 

പ്രസ്റ്റനിൽ ചാർലിയും ഹിലരിയും കാത്തുനിൽക്കും. ഇപ്പോൾ എന്റെ  ആതിഥേയർ ആകാൻ പോകുന്നത് പ്രസ്റ്റനിലെ ക്രോസ്ട്ടനിൽ താമസിക്കുന്ന ഈ കലാകാര ദമ്പതികളാണ്. അവരെ 2014 മുതലുള്ള പരിചയമാണ്. അതിലേറെ എന്റെ ചില കലാപ്രദർശന പരിശ്രമങ്ങളുടെ സഹയാത്രികരാണ്. കലയുടെ സമകാലികത നഗരങ്ങളിലും വൻ മ്യൂസിയങ്ങളിലും പ്രദർശനങ്ങളിലും മാത്രം സംഭവിക്കുന്ന ഒന്നല്ല. അതു കാലത്തെ സജീവമായ ഒരു മുഹൂർത്തം ആയിത്തന്നെ നേരിടുന്ന മനുഷ്യരുടെ യാദൃശ്ചികമായ അന്വേഷണങ്ങളിലും അതിനേക്കാൾ നൈമിഷികമായ ചില സാധ്യതകളിലും മനുഷ്യർ നടത്തുന്ന ഇടപാടുകളുടെ സമാനതകൾക്ക് നമ്മൾ ഇടുന്ന പേരാണ് എന്നു കാണാനാണ് എനിക്കിഷ്ടം. രണ്ടാമത് കൊച്ചി ബിനാലെ കാലത്ത് കേരളം സന്ദർശിച്ച പലരിൽ പെടും ചാർലിയും ഹിലരിയും. തുറന്ന കണ്ണുകളോടെ മുൻവിധികൾ ഏറ്റവും കുറച്ച് അവർ ഇടപെട്ടപ്പോൾ സ്വതവേ ടൂറിസ്റ്റുകൾ കാണാത്ത പലതും ഇവിടെ അവർ കണ്ടു. ചാർലിയുടെ ക്യാമറ എന്തും കാണും. ഫോട്ടോജെനിക് ആയവ മാത്രമല്ല. സാംസ്ക്കാരികപ്രാധാന്യമുള്ള കാര്യങ്ങൾ ടൂറിസ്റ്റ് കാറ്റലോഗിൽ കണ്ടുപിടിച്ച് അതിന്റെ വെറും കാഴ്ചക്കാരാകുന്നതാണു സ്വതവേ ആളുകളുടെ ഒരു ശീലം. പക്ഷേ നമ്മൾ ചെന്നുപറ്റുന്ന ഏതൊരു ഇടവും അതിന്റെ വഴിക്ക് ഒരു ജീവിതത്തിന്റെ തുടർച്ചയും സജീവതയും ഉള്ള ഇടമാണ് എന്ന് അപ്പോൾ നമ്മൾ മറന്നുപോകും. അപ്പോഴാണ്‌ നമ്മൾ പുതിയ ഒരിടത്തേക്ക് പോയാലും വന്ന ഇടത്തിന്റെ ആൾ മാത്രമായി നിന്നുപോകുന്നത്. പഠിച്ചുവച്ച ചരിത്രം വച്ച് ചെന്ന നാടിനെ അളക്കലും അപ്പോൾ സംഭവിക്കാം. ഇതൊന്നുമല്ല ചാർലിയും ഹിലരിയും നടത്തിയ ഇന്ത്യാ സന്ദർശനത്തിന്റെ രീതികൾ. 

2Display-of-Matchboxes-at-Merzbarn-UK-(1)

കലാകാരനെന്ന നിലയിൽ ചാർലി ഒരു ദാദായിസ്റ്റ് പദ്ധതിക്കാരനാണെന്നു പറയാമെന്നു തോന്നുന്നു. കല പരിപൂർണമായും സ്വന്തം നിർമിതിയെന്നു വിശ്വസിക്കാത്തയാൾ. പൊതുവേ കലാലോകത്തുള്ള വിശ്വാസം കലാസൃഷ്ടിയുടെ പണിയാളും ഉടമയും ദാർശനികനും ഒക്കെ കലാകാരൻ തന്നെ ആണെന്നാണ്‌. ആ വിശ്വാസത്തെ പിൻ തുടരാത്തവിധം അപ്രതീക്ഷിതമായ ചില സന്ദർഭങ്ങളിലാണ് ചാർലിയുടെ കണ്ണു പരത്തി നടക്കുക. തെരുവിൽ നിന്നോ വീട്ടകത്തുനിന്നോ, ഉയർന്ന കലാസന്ദർഭമെന്നോ താഴ്ന്ന കലാ സന്ദർഭമെന്നോ ഒന്നുമുള്ള ഭേദമില്ലാതെ,  താൻ കണ്ടുപിടിക്കുന്ന ചില വാക്കുകളും ഇമേജുകളും തമ്മിലുള്ള സ്വതന്ത്രമായ ബന്ധമാണു ചാർലിയുടെ കലാപ്രവർത്തനത്തിന്റെ ആത്മാവ്. ദൃശ്യങ്ങൾക്ക് യാദൃശ്ചികമായ അനുഭൂതിയുണർത്തും ശേഷിയുണ്ട്. ഒരാൾക്ക് പ്രതീകം ആകുന്നത്, മറ്റൊരാൾക്ക് വെറും ചിത്രം ആകാം. ഒരാൾക്ക് ഓർമിക്കത്തക്ക ചരിത്രബന്ധമുള്ള ഒരു ഫോട്ടോഗ്രാഫ് മറ്റൊരാൾക്ക് ആരുടെയോ ഫോട്ടോഗ്രാഫ് ആകാം.  അതുകൊണ്ട് ഒരു സുന്ദരമായ ദൃശ്യം കണ്ടുപിടിച്ച് ഫോട്ടോ എടുക്കൽ അല്ല അദ്ദേഹത്തിന്റെ രീതി. പലതരം ജീവിത മുഹൂർത്തങ്ങളെ, അതു മനുഷ്യനും മൃഗങ്ങളും അക്ഷരങ്ങളും വർണങ്ങളും ഒക്കെ കടന്നുപോകുന്ന മുഹൂർത്തങ്ങളെ അദ്ദേഹം വലിയ മുന്നൊരുക്കമില്ലാതെ പകർത്തുന്നു. പിന്നെ അതിൽ തന്റെ അനുഭൂതിക്കണ്ണു പായിച്ച് പുതിയ ചേർപ്പുകൾ ചെയ്യുന്നു. കീറിയെടുത്തും ഫോട്ടോഷോപ്  ചെയ്തും പൊതുവേ ചേരാത്ത പടി ചേർത്തുവച്ച്, ചാർലി ഒരു നിർമിതിയിൽ എത്തുന്നു. പിന്നെ അവയുടെ  പ്രിന്റുകളും എടുക്കും. ചാർലി അച്ചടിയുടെ കൂടി ആളാണ്‌. വാക്കുകളുടെ അച്ചടിച്ച ഒരു ദൃശ്യസംസ്ക്കാരം എന്തെന്ന് അറിയാം. 

പക്ഷേ അറിവധികാരത്തിൻറെ മുഴുമുതൽ എന്ന് നാം കരുതുന്ന പുസ്തകങ്ങളിൽ എന്നതേക്കാൾ ആ സംസ്ക്കാരം ചാർലി കണ്ടെത്തുന്നത് തെരുവിലെ ചുവരെഴുത്തിലും പോസ്റ്ററുകളിലും ഒക്കെയാണെന്നു മാത്രം. തന്റെ ചേർപ്പുകളെ ഏതിടത്തും പ്രദർശിപ്പിക്കാൻ അദ്ദേഹം ഒരുക്കവുമാണ് ; അത് ചെന്നുപറ്റുന്ന ഇടത്തെ വായനശാലയിലും, പുസ്തകശാലയിലും തെരുവിലും ആയിക്കോട്ടെ, പ്രശ്നമില്ല. താൻ ഒരു ഗാലറി ആർട്ടിസ്റ്റ് ആണ് എന്ന ആഢ്യമനോഭാവമില്ല. സാംസ്ക്കാരികമായിട്ടോ രാഷ്ട്രീയമായിട്ടോ ചാർലി ഒന്നും നേരിട്ട് അർഥമാക്കുന്നില്ലെന്നു തോന്നാം പലപ്പോഴും. പക്ഷേ മൗലികമായ ഒന്ന് ഈ ലോകത്ത് ഇനി സാധ്യമാണെങ്കിൽ അത് ഒറ്റച്ചിത്രത്തിലൂടെ സംവദിക്കുക സാധ്യമല്ല, കാരണം അതു ജീവിതത്തിൽ പലപ്പോഴും പല നിമിഷങ്ങളുടെ കൂട്ടിചെർപ്പുകളുടെ (കൊളാഷുകളുടെ) ‘നോൺസെൻസിൽ’ കുടി കൊള്ളുന്നു എന്ന പക്ഷമാണ് അദ്ദേഹത്തിന്.  ആദിമധ്യാന്തപ്പൊരുത്തമുള്ള ഭാഷയിൽ അടുക്കി പേപ്പറിൽ എഴുതിവച്ച ഒരു കവിത പിച്ചിച്ചീന്തി കാറ്റിൽ പറത്തിയിട്ട് നിലത്ത് വീണപ്പോൾ യാദൃശ്ചികമായി ഉണ്ടായ പദബന്ധമെന്തോ അതു  കവിതയാണെന്നു കാണിച്ച ‘ജോണ് കേജ്’ പോലുള്ളവർ തിരിച്ചറിഞ്ഞ പോലുള്ള ഒരു ‘ദാദായിസ്റ്റ്’ ബോധം ആണ് അത്. അക്കാലത്ത് അത് കലയിലെ വരേണ്യതയോടുള്ള പ്രതിഷേധം ആയിരുന്നു. ഇന്ന് അതു മാത്രമല്ല. സാങ്കേതികവിദ്യയിലും ഗ്ലോബൽ സാമ്പത്തികബന്ധങ്ങൾ മൂലം സാംസ്ക്കാരികമായി ഉണ്ടായ അത്യന്തം ശിഥിലമായ അനുഭവങ്ങളിലും കടന്നുകൂടുന്ന നമ്മുടെ കാഴ്ചകൾ പിച്ചിയെറിയുന്നതു പഴയ കാലത്തിൻറെ ഒരു ഒറ്റച്ചിത്രമാണ്. ചുറ്റിനും പല തരം സത്യങ്ങൾ. പലതരം മൂല്യങ്ങൾ. കവിതയെഴുത്തിലും ചിത്രം വരപ്പിലും പഴയ മട്ടുകൾ പിൻ തുടരുമ്പോൾ പോലും അവയ്ക്ക് കാര്യമായ ‘അനുഭൂതിക്കുറ’ സംഭവിക്കുന്നു. തുടർന്നുവന്ന ‘കവിഭാവന’കൾ പലതും കാലത്തിൻറെ പുതിയ അനുഭവത്തെ തൊടുന്നില്ല. കാരണം പുതിയ കാലത്തിൻറെ അനുഭവം പലതരം ഓർമ്മകൾ കൊണ്ടും നിമിഷങ്ങൾ കൊണ്ടും ഒട്ടിച്ചെടുത്ത ചിത്രമാണ് !

ഇത്തരം ഒരു കാലത്തിൽ ആണ് ഞാനിരിക്കുന്നത് എന്നറിയിക്കാൻ എൻറെ കവിതയെഴുത്തിലും ചിത്രം വരപ്പിലും ഇത്തിരി വ്യഗ്രതയുണ്ടെന്നു തോന്നിയിട്ടുണ്ട്, അതിപ്പോൾ നല്ലതിനായാലും ചീത്തയ്ക്കായാലും, എന്നു സ്വയം തിരിച്ചറിയുന്നു.  പലപ്പോഴും കൊളാഷുകളുടെ നോൺ സെൻസ് സംഭവിക്കാറുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായും മലയാള സാഹിത്യത്തിന്റെയോ പെയിന്റിങ് ശിൽപം  എന്നു മിതപ്പെട്ട കലയുടെയോ പരിധിക്ക് പുറത്തുള്ള സിഗ്നലുകളും അതിനകത്തേക്കിട്ടുനോക്കാൻ എനിക്കിഷ്ടമാണ്. അങ്ങനെ ഒരു ഘട്ടത്തിൽ ഞാൻ ചെയ്തു വച്ചതാണ് ഒരു തീപ്പെട്ടിയുടെ രൂപവും അതിനകത്ത് പ്രിൻറ് ചെയ്ത് ഇട്ട് വച്ച കൈ കൊണ്ട് വരച്ചെഴുതിയ ചില കവിതകളും (Matchbox Poems). അങ്ങനെയിരിക്കെ ഒരു ദിവസം തൃശൂരുള്ള ഞാൻ ജോലി ചെയ്യുന്ന ഫൈൻ ആർട്സ് കോളേജിൽ ചാർലി വന്നപ്പോൾ ആ ‘മാച്ബോക്സ് പോയംസ്’ എന്റെ മേശപ്പുറത്ത് കണ്ടതാണ് പിന്നെ പല കൂട്ടുപ്രദർശനങ്ങളിലേയ്ക്ക് വികസിച്ച ഈ സാഹോദര്യത്തിന്റെ പശ്ചാത്തലം.  

5british-diary

നമ്മൾ മലയാളികൾക്ക് പൊതുവേ അച്ചടിവ്യവഹാരങ്ങൾ സാംസ്ക്കാരിക ജീവിതത്തിന്റെ ഭാഗമായി ഉണ്ടെങ്കിലും അതിലൂടെ ശക്തിപ്പെട്ട ഒരു ദൃശ്യസംസ്ക്കാരത്തിന്റെയോ മൗലികത എന്ന മൂല്യത്തെ എഴുത്തുകാര / കലാകാര വ്യക്തിയിൽ നിന്നും സാമൂഹിക അനുഭവത്തിലേക്കു കൂടി വികസിപ്പിക്കുന്ന ഏതെങ്കിലും ദർശനത്തിന്റെയോ മികച്ച ചരിത്രം ഇല്ല. ക്ലിപ്തമായ ചില മുദ്രാവാക്യങ്ങളിലും പ്രകടനങ്ങളിലും, സാഹിതീയ ഭാഷയിലും, കണ്ടത് അതുപോലെ വരയ്ക്കുന്ന റിയലിസത്തിലും മാത്രം വിഹരിക്കുകയാണു നമ്മുടെ പൊതു രീതി. അത് ജീവിതത്തിന്റെ യാദൃശ്ചിക അനുഭൂതികളെ ഭയക്കുകയും ചെയ്യുന്ന രീതിയാണ്. പക്ഷേ ചരിത്രപരമായ കാരണങ്ങൾ കൊണ്ടാകാം, ഇംഗ്ലണ്ടിലേത് ദൃശ്യപരമായി കുറേക്കൂടി പരിണമിച്ച, അവരെ സംബന്ധിച്ച് സ്വാഭാവികമായ ഒരു ആധുനികതയാണ്. 

ഒന്നുവിശദീകരിക്കട്ടെ. 1960കളിൽ നമ്മുടെ വാരികകളിൽ ഒരു ഡ്രോയിംഗ് അല്ലെങ്കിൽ ഫോട്ടോഗ്രാഫ് അച്ചടിക്കാൻ വേണ്ടി പ്രസാധനത്തിന്റെ വലിയൊരു സമയം നീക്കിവെച്ച് എച്ചിങ് ബ്ലോക്കുകൾ എടുക്കാറുണ്ടായിരുന്നു. പക്ഷേ അച്ചടിച്ചുവരുമ്പോൾ ഈ പ്രക്രിയകളൊന്നും ആരും ശ്രദ്ധിക്കാറില്ല. ചിത്രം മാസികയെ ശ്രദ്ധിപ്പിക്കാനുള്ള ഒരു അലങ്കാരം മാത്രമായിട്ടോ, അല്ലെങ്കിൽ എഴുതപ്പെട്ട അറിവ് /സാഹിത്യം കുറേക്കൂടി മനസ്സിലാക്കാനായിട്ടുള്ള ഒരു ചിത്രീകരണം ആയിട്ടോ മാത്രമേ കാണാറുള്ളൂ. അതു പ്രസാധനവ്യവസായത്തിനകത്തു കാണപ്പെടുന്ന അച്ചടിചിത്രത്തിൻറെ പ്രശ്നമാകാം. എന്നാൽ അച്ചടി അതിന്റെ  നിലയ്ക്കു തന്നെ ഒരു സൗന്ദര്യവുമാണ് എന്നു കണ്ടാലോ? എന്നാൽ ലിവർപൂൾ ടെയ്റ്റ് ഗാലറിയിൽ കാണാൻ കഴിഞ്ഞ ഒരു റോയ് ലിച്ചൻസ്റ്റീൻ പ്രിൻറ് (Polystyrene ) ൽ സ്ക്രീന്പ്രിന്റ് ചെയ്ത Sandwich and Soda എന്ന ചിത്രം)  യഥാർഥത്തിൽ അച്ചടിച്ചിത്രത്തിന്റെ തന്നെ ഒരു സവിശേഷ സന്ദർഭത്തിന്റെ സൃഷ്ടിയാണ്. വ്യവസായത്തിലേക്കല്ലാതെ കലയുടെതായ ഒരു ചെറിയ ആൾക്കൂട്ടത്തിന്റെ ഭാഗമാകുന്ന സൗന്ദര്യാത്മകതയിലേക്ക് അച്ചടിയും ചിത്രവും കടക്കുന്നതാണ് ആ സന്ദർഭം. കലാകാരന്മാരും പ്രസാധകരും ഒരുമിച്ച് വികസിപ്പിച്ച അത്തരം ഇടങ്ങൾ, നമുക്കു നല്ല അച്ചടിവിദ്യകൾ ഉണ്ടായിട്ടും അവയിൽ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങൾ ചരിത്രപരമായി വികസിച്ചില്ല. അതാണു ഞാൻ മേൽസൂചിപ്പിച്ചത്. 

എന്തായാലും ഇന്ത്യയുടെ സമകാലിക ജീവിതത്തിൽ കാണുന്ന ബഹുലതയിലും സജീവതയിലും ചാർലിക്കും ഹിലരിക്കും വലിയ കൗതുകവും ഉണ്ട്. ഇവിടെയുള്ള നൈസർഗികവും ബഹളമയവും വർണ-ബിംബാദി സമൃദ്ധവുമായ ജനജീവിതം അവർക്ക് പുതിയ ഉൾക്കാഴ്ചയാണ്. എന്നാൽ സമകാലിക കലാരംഗത്ത് ഈ വ്യത്യസ്തതകൾ എങ്ങനെയാണ് ഒരു അ-സമാനതയുടെ സൗന്ദര്യമുള്ള ഒരു ഇടം തെളിച്ചുകാട്ടുക എന്നതാണ് ഞങ്ങളുടെ കൂട്ടുപ്രദർശനങ്ങൾ മുന്നോട്ടുവയ്ക്കുന്ന അന്വേഷണം. കവിതയും കാലിഗ്രാഫിക് എഴുത്തുചിത്രങ്ങളും അച്ചടിഭാഷാപാഠങ്ങളും കൊളാഷും ഒക്കെയാണ് ഞങ്ങളുടെ ഭാഷകൾ എന്നു പറയാം.   

എന്റെ ‘തീപ്പെട്ടിക്കവിതകൾ’ ചാർളി Lake ജില്ലയിലെ മേഴ്സ് ബാനിൽ  മാത്രമല്ല, മാഞ്ചസ്റ്റര്‍ർ, എഡ്ഗേഹില്‍ തുടങ്ങിയ സർവകലാശാലകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. . ലിവര്‍ർപൂള്‍ ഹോപ്  കലാശാലയിലെ അധ്യാപകനായിരുന്നു ചാർലി.

ഹിലരിയും കവി കുഴൂർ വിത്സനും ചാർലിയും ഞാനും ചേർന്നു ഫോർട്ട്‌കൊച്ചിയിൽ ലോഫെഴ്സ് കഫെയിൽ മൂന്നാമത് ബിനാലെ കാലത്ത് ഒരു പ്രദർശനം നടത്തിയിരുന്നു. 

3with-charley-in-his-studio

ഇപ്പോൾ ഇത്രയും അടുപ്പമുള്ള ഈ കലാകാര ദമ്പതികളെ അവരുടെ മടയിൽ ചെന്നു കാണുന്നതിന്റെ സന്തോഷാതിരേകത്തിലാണ് ഞാൻ പെട്ടിരിക്കുന്നത്. ചാർലിയുടെ സ്റ്റുഡിയോ, ഹിലരിയുടെ ഇടപെടലുകൾ, എല്ലാം അടുത്തുനിന്നു കാണാനുള്ള അവസരം.      

ഈ യാത്രയിൽ ഇനി മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ‘സ്പെഷൽ കലക്ഷൻസ്’ എന്ന ആർക്കൈവ്സിൽ ചെലവഴിക്കുന്ന ഏതാനും ദിവസങ്ങൾ ഒഴികെ എല്ലാം അനൗദ്യോഗികമാണ്. ജീവിതാനുഭവങ്ങൾ കൊണ്ടും ദേശചരിത്രം കൊണ്ടും എത്രമേൽ വ്യത്യസ്തരായ മനുഷ്യരെ തമ്മിലും അവരുടെ കലാപ്രവർത്തനം ആഴത്തിൽ ബന്ധിപ്പിക്കുന്നതിന്റെ ഇന്ദ്രജാലമാണ് പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അനുഭവിക്കാനിരുന്നത്.

ലണ്ടനിൽ നിന്നും പ്രസ്റ്റണിലേക്കുള്ള യാത്ര ഒരു ലോകത്തുനിന്നും മറ്റൊന്നിലേക്കുള്ളതായി അനുഭവപ്പെട്ടു. നഗരത്തിരക്കിൽ നിന്നും പ്രശാന്തമായ ഗ്രാമാന്തരങ്ങളിലേക്കാണ് പോകുന്നത്. ലിവർപൂളിലെയും മാഞ്ചെസ്റ്ററിലെയും ദേശീയ മ്യൂസിയങ്ങളിലേക്കു മാത്രമല്ല, ചരിത്രം അതാതു സമൂഹത്തിൽ തന്നെ ഉറഞ്ഞും ഉണർന്നും നിൽക്കുന്ന കമ്യുണിറ്റി മ്യുസിയങ്ങളിലേക്കും പോകാനുണ്ട് എനിക്ക്. പിന്നെ ഒറ്റയ്ക്കും തെറ്റയ്ക്കും പല വിധത്തിൽ അവിടെ പ്രവർത്തിക്കുന്ന ചില കലാകാരന്മാരുടെ സ്റ്റുഡിയോകളിലേക്കും, മഞ്ഞുകാലം വരാൻ പോകുന്നതിന്റെ ലക്ഷണം ആദ്യം കാണിക്കാൻ തുടങ്ങിയ മലമ്പ്രദേശങ്ങളിലേക്കും, അങ്ങനെ ചില ഇംഗ്ലീഷ് വ്യത്യസ്തതകളിലേക്കു കൂടി പടർന്ന ഒരു സന്ദർശനത്തിനായാണു  ഞാൻ നീങ്ങുന്നുണ്ടായിരുന്നത്. 

നാഷനൽ എക്സ്പ്രസിന്റെ ബസിൽ രാവിലെ എട്ടിനു കൃത്യം കയറി ഇരുന്നു. വഴിയരികിൽ ഒരു ചായയ്ക്കു പോലും നിർത്താതെ വണ്ടിയങ്ങു പോയ്‌ക്കൊണ്ടിരുന്നു. കൈയിൽ കരുതിയ കുറച്ചു പ്രോട്ടീൻ ബാറുകളുടെ സഹായത്താൽ ഉച്ച കഴിയുംവരെ പിടിച്ചുനിന്നു. 

ഞാൻ കയറിയ ബസിൽ ആകെ മൂന്നു പേർ മാത്രം ! എനിക്കെതിർവശത്തെ സീറ്റിൽ ഇരുന്ന സ്ത്രീ ‘ബർമിങാം’ വരെയാണ് പോകുന്നത്. അത് കഴിഞ്ഞും പോകണം എനിക്ക്. ഉച്ചയ്ക്ക് ഒന്നരയ്ക്ക്  പ്രസ്റ്റൺ ബസ് സ്റ്റേഷനിൽ എത്തി. വരുംവഴി ഇംഗ്ലണ്ടിൻറെ ഗ്രാമാന്തരങ്ങൾ കണ്ടു. പച്ചപ്പുതപ്പിൽ മുത്തു ചിതറിയ പോലെ ചെമ്മരിയാടുകൾ തിളങ്ങുന്നുണ്ടായിരുന്നു. ശാന്തമായി കറങ്ങിത്തിരിഞ്ഞ് നിൽക്കുന്ന കാറ്റാടിയന്ത്രങ്ങൾ. 

6british-diary

പ്രസ്റ്റനിൽ നിന്നും ക്രോസ്റ്റൻ എന്ന ഗ്രാമത്തിലേക്ക് 11 മൈൽ ദൂരമുണ്ട്. ചാർലിയുടെ വീടെത്തി. ഏതൊരു ഇംഗ്ലീഷ് വീട്ടിലും കയറിച്ചെല്ലുന്നിടത്ത് തന്നെ കോട്ടുകൾ അഴിച്ചു തൂക്കാനുള്ള ഇടവും ഷൂവിലെ ചളി കളഞ്ഞ് അഴിച്ചുവയ്ക്കാനുള്ള ചവിട്ടികൊണ്ടുള്ള സാമാന്യം വലിയ ഒരു ചതുരവും ഉണ്ടാകും. പഴയ വില്യം മോറിസ് ഡിസൈൻ ഓർമിപ്പിക്കുന്ന മോട്ടിഫുകൾ ഉള്ള വാൾപേപ്പർ കൊണ്ടാണ് ഇവരുടെ വീട്ടിലെ അതിഥിമുറി അലങ്കരിച്ചിരിക്കുന്നത്. 

ഈ നാട്ടിലെ ആളുകളുടെയെല്ലാം വീടുകൾ ഇതുപോലെ ഓരോ മ്യുസിയങ്ങൾ ആണോ ആവോ, എന്ന് തോന്നിപ്പോയി ഇവിടെ എത്തിയപ്പോൾ. സ്വീകരണമുറി മുതൽ കുളിമുറി വരെ ഒരേ ശ്രദ്ധയോടെ യോജിച്ച വസ്തുക്കൾക്ക് സ്ഥാനം കണ്ടെത്തിയിരിക്കുന്നു! ചുവരിൽ ഒരു ഫോട്ടോ ആർക്കൈവ് ആണ് ഉള്ളത്. ഹിലരിയുടെ പോർച്ചുഗലിൽ ചില വേരുകൾ ഉള്ള മാതാപിതാക്കളും അമ്മൂമ്മമാരും മുതുമുത്തച്ചൻമാരുമാണ് ആ കാണുന്നത്. 

പുതിയ കാലത്തിൻറെ സൗകര്യമായി മഞ്ഞുകാലത്തുപയോഗിക്കാനുള്ള ഹീറ്ററുകൾ എത്തും മുൻപ് എല്ലാ വീട്ടിനകത്തും തീകായും ഇടം ഉണ്ടായിരുന്നു. ഒരു കാലത്തിന്റെ സ്മരണ ഉണർത്തിക്കൊണ്ട് ഈ വീട്ടിലും ആ ഇടം ഇപ്പോൾ അവിടെത്തന്നെ ഉണ്ട്. ഇപ്പോഴും ഇവരൊക്കെ അത് ഉപയോഗിക്കുന്നുമുണ്ട്. ഇടയ്ക്ക് തോന്നുമ്പോൾ ഹിലരി അതിൽ തീക്കനലിട്ടു പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. അപ്പോഴാണ്‌ ഞാൻ ഓർമിച്ചത്, വരും വഴിക്ക് ഒരു സുപ്പർ മാർക്കറ്റിൽ ചെറു ചാക്കിൽ കെട്ടിയ വിറകുകൾ കണ്ടിരുന്നു. ഇവിടെ ഈ ‘തീ കായുംഇട’ത്തിന്റെ ആവശ്യത്തിനാണ് അത്. ആ ഇടത്തിനുചുറ്റുപാടും സുന്ദരമായ ചിത്രപ്പണി ചെയ്ത  മൊസൈക് ടൈലുകൾ പാകിയിരിക്കുന്നു. പക്ഷേ ഏറ്റവും രസകരമായ ഒരു സംഗതി ഞാൻ കണ്ടു. ഒരു പഴയ ക്ലോക്ക് ഉണ്ട് ഇതോടു ചേർന്ന ചുവരിൽ. അതിലെ സൂചിക്കനുസരിച്ചു പൊങ്ങുകയും താഴുകയും ചെയ്യുന്ന ഒരു നീണ്ട ‘തുണി വിരിപ്പ് സൂത്രം’ (cloth liner) കൂടി ഉണ്ട്. മഞ്ഞുകാലത്തേക്കുള്ള ഓരോ ഉപകരണങ്ങൾ തന്നെ. ഇപ്പോൾ അതു പ്രവർത്തിക്കുന്നില്ല. അതിന്രെ  ടിക്  ടിക്  ശബ്ദം കുട്ടികൾക്ക് ഇഷ്ടവുമല്ലത്രേ. അതിന്മേൽ ഇപ്പോൾ തൂങ്ങിക്കിടക്കുന്നത് ഉണങ്ങിയ കല്യാണ ബൊക്കെകളാണ് ! ചാര്‍ർലിയുടേതും  ഹിലരിയുടേതും, മകൾ സസ്ക്കിയയുടേതും  മെക്സിക്കോക്കാരനായ ഭർത്താവ് ബൈറന്റേതും , പിന്നെ മകൻ സാമിന്റേതും ഭാര്യ ലൂസിൻഡായുടേതും ! 

പല തരം മീനുകളുടെ രൂപങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന കുളിമുറിയിൽ ഏറെ നേരം അതുനോക്കി പോയിക്കിട്ടി. ഒടുവിൽ ഒരുവിധം യാത്രാക്ഷീണം മാറ്റി ഉന്മേഷമായ ശേഷം  ഞാനും ഹിലരിയും ഒന്നു നടക്കാനിറങ്ങി. കുട്ടിക്കാലം മുതൽ ഇന്നോളം ഇടയ്ക്കിടെ നടവരമ്പ് ഗ്രാമത്തിൽ പാടവരമ്പിലൂടെ ചളി ചവിട്ടി നടക്കുന്നപോലെത്തന്നെ ഞാൻ ഹിലാരിയോടൊത്ത് ചളിയും വഴുക്കലും ഒക്കെയുള്ള ചില കുറുക്കുവഴികളിലൂടെ നടന്നുകയറി, ഒരു മുഖ്യപാതയിലെത്തി. പോകും വഴി ഒരു കനാലിനരികെ  ചാർലിയുടെ സ്റ്റുഡിയോ ഹിലരി കാണിച്ചുതന്നു. പിറ്റേന്ന് ഉള്ളിൽ കയറി നോക്കാമെന്ന് പറഞ്ഞു, കാരണം തൽക്കാലം ഹിലരി എനിക്ക് ആ നാട്ടിന്‍ൻപുറത്തെ ‘ഗ്രേയ്പ്സ്’ എന്ന കോഫീഷോപ്പിൽ വിശദമായ ഒരു സൽക്കാരം നടത്താൻ പോകുന്നുവത്രെ. പലതരം കേക്കുകളും, പുഡിങ്ങുകളും, സാന്‍ഡ്​വിച്ചുകളും സൂപ്പും സാലഡും വൈനും കബാബും ഒക്കെ ഭംഗിയിൽ നിരത്തിവച്ച് മരം കൊണ്ടുള്ള ഒരു മിനിയേച്ചർ അടുക്കള ഷെൽഫ് തന്നെ മേശമേൽ വന്നു എന്നല്ലേ പറയേണ്ടൂ.