Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു പുരുഷൻ പെൺവസ്ത്രം അണിയുന്നു; ലോകം കണ്ണാടി പിടിക്കുന്നു

ഡോ. കവിത ബാലകൃഷ്ണൻ
Author Details
Follow Facebook
british-diary-Liverpool-city

ലൈവർ എന്ന പക്ഷിയാണത്രേ ലിവർപൂൾ എന്ന കടൽത്തീര നഗരത്തെ കാത്തുരക്ഷിക്കുന്നത്. ഹിലരി ഒരു കെട്ടിടത്തിന്റെ മുകളിലെ പക്ഷികളെ ചൂണ്ടിക്കാട്ടി എന്നോടു  പറഞ്ഞു. അവർ പറന്നുപോയാൽ ഈ നഗരത്തിൻറെ കഥ തീരുമെന്നും ഹിലാരി  അറിയിച്ചു. ‘അങ്ങനെയോ, എങ്കിൽ ആ പക്ഷികൾ അതാ അവിടെ അങ്ങനെ ശിൽപമായതു നന്നായി’ എന്നു ഞാൻ. പക്ഷേ ശിൽപങ്ങൾ എന്നാൽ പ്രതീകങ്ങൾ ആണെന്നും അവയെ പ്രതീകാത്മകമായി ഇളക്കിയിടുന്ന മനുഷ്യരുടെ യുദ്ധമൂർച്ചയിൽ നിന്ന് ഒരു നഗരവും മനുഷ്യാധ്വാനവും സുരക്ഷിതമല്ലെന്നും ആലോചിച്ചപ്പോൾ എന്തിനെന്നില്ലാതെ ഉള്ളൊന്നു കുടഞ്ഞു. ഇത്തരം കഥകൾ മനുഷ്യൻ ജനപഥങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയ കാലം മുതൽക്കേ ഉള്ളതാണല്ലോ. എന്തായാലും അത്യന്തം ഉയരത്തിൽ ഒരു കെട്ടിടത്തിന്റെ ഉച്ചിയിൽ ഇരുന്നു നഗരത്തെയും തങ്ങളെയും, അവിടത്തെ കച്ചവടത്തെയും നോക്കുന്ന രണ്ടു ഇണപ്പക്ഷികളെ നിർമിച്ച ഭാവനയ്ക്ക് നമസ്കാരം ! അത്രേ പറഞ്ഞുകൂടു. ഞങ്ങൾ കാറിൽ ലിവർപൂൾ ടെയ്റ്റ് ഗാലറിയിലേക്ക് പോകുകയായിരുന്നു. 

  

ലിവർപൂൾ ഒരു കാലത്ത് അടിമക്കച്ചവടത്തിനു കുപ്രസിദ്ധിയാർജ്ജിച്ച ഒരിടം ആയിരുന്നു. വ്യാപാരത്തുറമുഖനഗരം എന്ന നിലയിൽ ലോകവുമായി ബന്ധപ്പെടുന്ന ഇടവുമാണ്. അതുകൊണ്ടു തന്നെ ഈ നഗരത്തിന്റെ ഓർമകളുമായി നേരിട്ടല്ലാതെയും ബന്ധപ്പെടുന്ന വിധമാണ്, ഈ ആർട് ഗാലറിയിൽ പ്രദർശിപ്പിക്കുന്ന കലയും. ചെന്ന് ആദ്യം കണ്ടത് ഒരു അമേരിക്കൻ കലാചരിത്രസന്ദർഭമാണ്.

1960കളിൽ അമേരിക്കൻ ആധുനികതയുടെ കലാവിചാരങ്ങളെ പൊട്ടിത്തെറിപ്പിച്ച ഒരു ലോകമായിരുന്നു പോപ് ആർട് (POP Art) പ്രസ്ഥാനക്കാരുടേത്. എങ്ങനെയാണെന്നു വച്ചാൽ, വർണങ്ങളുടെ ഒരു പ്രതലം മാത്രമായിക്കാണിക്കുന്ന പെയിന്റിങ്ങുകൾ കൊണ്ട്, ‘കളർ ഫീൽഡ് അബ്സ്ട്രക്ഷൻ’ എന്ന പേരിൽ നിറഞ്ഞ ഒരു കാലമായിരുന്നു അമേരിക്കൻ ആധുനികത ആയിരത്തി തൊള്ളായിരത്തി അൻപതുകളിൽ. 

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ ലോകത്തിൽ  അമേരിക്കൻ അബ്സ്ട്രാക്റ്റ് പെയിന്റിങ്ങുകൾ മിക്കതും ചരിത്രത്തിന്റെയോ  കാലത്തിന്റെയോ അടയാളങ്ങൾ ഒന്നുമേയില്ലാത്ത  ‘ശുദ്ധരൂപം’ ആയി, ലോകോത്തരമെന്നു സ്വയം മേനി നടിക്കുകയായിരുന്നു. അത് അങ്ങനെ വിദഗ്ധമായി സമൂഹത്തിൽ നിന്നും കാലത്തിൽ നിന്നും അകന്നുമാറിയും നടക്കുകയായിരുന്നു. 

അങ്ങനെയിരിക്കവേയാണ്  അമേരിക്കൻ ജനങ്ങൾ ധാരാളം വായിക്കുന്ന കോമിക് സ്ട്രിപ്പിലും വ്യാപാരപരസ്യചിത്രങ്ങളിലും എന്തിനധികം മറ്റുള്ള കലാകാരന്മാരുടെ വർക്കിൽ പോലും നോക്കിയാൽ, ഒരു കലാകാരൻ എന്ന നിലയ്ക്ക് തനിക്ക് കലാത്മകമായി ഉപയോഗിക്കാവുന്ന ഒരു വൈകാരികഭാഷയുണ്ടെന്നു റോയ് ലിച്ചൻസ്റ്റീൻ (Roy Litchenstein) എന്ന ആർട്ടിസ്റ്റ് തന്റെ  വർക്കിലൂടെ തെളിയിക്കുന്നത്. അച്ചടിച്ച്ചിത്രങ്ങളിൽ സൂക്ഷിച്ചു നോക്കിയാൽ നമ്മൾ കാണുന്ന Ben Day ഡോട്ടുകളെ അനുകരിക്കുന്ന പെയിന്റിങ് രീതി കൊണ്ട് ചിത്രങ്ങൾ ചെയ്യുന്ന ലിച്ചൻസ്റ്റീൻ അക്കാരണം കൊണ്ടുതന്നെ വൻ പ്രശസ്തി നേടി. അമൂർത്തതയുടെ ചിത്രഭാഷയ്ക്ക് കേവലം ഒരു പ്രതലം മാത്രമായി ചുരുങ്ങേണ്ട കാര്യമില്ലെന്നും ലോകത്തിൽ ചുറ്റും കാണുന്ന വസ്തുക്കളെ വരച്ചു കാണിച്ചുകൊണ്ടു തന്നെ ജീവിതത്തിൽ നിന്നും അതിലെ പരിചയത്തിൽനിന്നും തന്നെ, അമൂർത്തത കുറേക്കൂടി സംവേദനക്ഷമമായ ഭാഷയായി സ്വരൂപിക്കാം എന്നും ലിച്ചൻസ്റ്റീൻ അറിഞ്ഞു എന്നതാണുകാര്യം. അതു യുദ്ധാനന്തരം ഉണ്ടായ ഒരു പുതിയ ഉപഭോഗ സമൂഹത്തിന്റെ  ജീവിതാവിഷ്ക്കാരം കൂടിയായിരുന്നു.

ഏതു കലാസൃഷ്ടിയും ആധുനികമായ ഒരർഥത്തിൽ മൗലികമാകാൻ നമ്മൾ പൊതുവേ ബലം പിടിച്ച് ക്ലീഷേകളെ ഒഴിവാക്കിക്കാണാം. പക്ഷേ നമ്മൾ പറയുന്നത് ആരും പറയാത്തത് ആകണമെന്നില്ല, ഒരു കാര്യ പറഞ്ഞു പഴകിയതായാലും വേണ്ടില്ല, സ്വാഭാവികമായി അതു പറയാറില്ലാത്ത ഇടത്തു പോയി പറഞ്ഞാൽ മതി. പുതുതായി മാറും. ക്ലീഷേക്ക് പോലും അസ്ഥാനത്ത് ആവർത്തിച്ചാൽ പുതിയൊരു ഉന്മേഷസ്ഥാനം കിട്ടും എന്നതു ലിച്ചൻസ്റ്റീൻറെ ഏറ്റവും കാലികമായ തിരിച്ചറിവായി. അദ്ദേഹത്തിന്റെ വഴിയിൽ, കോമിക്കുകൾ പോലും അതിന്റെ യഥാർഥ തുടർച്ചയിൽ നിന്ന് അടർത്തിമാറ്റിയെടുത്ത് ആർട് ഗാലറിയിലെ കലാവസ്തുവായി പ്രതീക്ഷിക്കപ്പെടുന്ന ഒരു ഇടത്ത്  അനുകരിച്ചുകാണിക്കുമ്പോൾ കാണിക്കുമ്പോൾ വിചിത്രമായ ഗൗരവവും മൗലികമായ ഭാവവും നേടുന്നു. 

british-diary2

ഇങ്ങനെയെല്ലാമുള്ള ലിച്ചൻസ്റ്റീൻ സൃഷ്ടികളുടെ ഒരു നല്ല ശേഖരം കാണാൻ കഴിഞ്ഞതു വലിയ ഭാഗ്യമായി തോന്നി. 

മഹിമയുള്ള മൗലികരെല്ലാം പഴയവരാണ് എന്നൊരു വിചാരം നമുക്കു  പൊതുവേ ഉണ്ട്.  ‘മൗലികമായ കലാസൃഷ്ടി നേരിട്ടുകാണുക എന്ന സൗഭാഗ്യ’ത്തിനുള്ള ഉൽക്കർഷമോഹം പലപ്പോഴും എത്ര പൊളിച്ചെഴുതാൻ നോക്കിയിട്ടും വളരെ വരേണ്യമായിട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഉയർന്ന കലയും ജനപ്രിയ കലയും തമ്മിലുള്ള അതിരുകൾ ഭേദിച്ചവർ മിക്കവാറും ഇരുപതാംനൂറ്റാണ്ടിന്റെ മധ്യകാലത്തിനുശേഷം കാണപ്പെടുന്നവരാണ്.

പക്ഷേ എന്തൊക്കെ പറഞ്ഞാലും ഒരു വാൻഗോഗിന്റെയോ (Vincent Van Gogh) കാത്തെ കോൾവിറ്റ്സിന്റെയോ (Kathe Kolwitz)  ഗോയയുടെയോ (Francesco de Goya) ഒക്കെ ഒറിജിനൽ ചിത്രങ്ങൾ കണ്ടില്ലെന്ന ഖിന്നത പോലെയല്ല, ലിച്ചൻ സ്റ്റീനെപ്പോലെ ഒരു കലാകാരന്റെ  ഒറിജിനൽ കാണുക എന്നത് അത്ര വലിയൊരു വൈകാരികാവശ്യമായി എന്റെ  ഉള്ളിലും അതുവരെ ഉണ്ടായിരുന്നില്ല എന്നു സമ്മതിക്കാതെ വയ്യ. എന്നാൽ അച്ചടിഭാഷയെ അനുകരിച്ചവനെ അതുവരെ ഒറിജിനൽ ആയി കാണാൻ അദ്ദേഹം അർഹിക്കുന്ന വൈകാരികതയോടെ ആഗ്രഹിക്കാഞ്ഞതിൽ എനിക്ക്  ശരിക്കും ദുഃഖം തോന്നിയത് ലിച്ചൻസ്റ്റിനിൻറെ ഒരു പ്രത്യേക വർക്ക് കണ്ടിട്ടാണ്.  . 

സ്റ്റെയിൻലെസ്സ് സ്റ്റീലിന്മേൽ ഇനാമലിന്മേൽ സ്ക്രീൻ പ്രിൻറ് ചെയ്ത ‘Water Lilly Pond and Reflections’ കണ്ടാൽ ആരും ഒരു നിമിഷം ചിന്താമഗ്നരാകും. പ്രശസ്തമാണ് ഇപ്രംഷനിസ്റ്റ് ആയിരുന്ന ക്ലോഡ് മോനെയുടെ ‘വാട്ടർ ലില്ലി’സീരീസ്. അതോർമ വരും. നല്ലൊരു ലില്ലിപ്പൂവിന്റെയോ കുളത്തിന്റെയോ വ്യക്തതയാർന്ന ദൃശ്യമേന്നതെക്കാൾ, അവയിലേക്ക് നോക്കലിന്റെ ഒരനുഭവം – ഇംപ്രഷൻ - ആയിരുന്നു മോനെയുടെ ചിത്രം. സത്യത്തിൽ നോക്കലിൽ നാം എല്ലാം കാണുന്നില്ല. കാരണം അതിൽ കണ്ണും തലച്ചോറും ബന്ധിപ്പിക്കുന്ന  ഒരു ചലനം ഉണ്ട്. ധൃതിയുണ്ട്. ഒരു മുഹൂർത്തത്തിന്റെ  പിടിച്ചെടുക്കലുണ്ട്. പ്രതിഫലനമുണ്ട്. ഇംപ്രഷനിസ്റ്റ്കൾ നിശ്ചലപ്രകൃതിദൃശ്യത്തിന്റെ ആൾക്കാരല്ല. വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന ഓളങ്ങൾ പിടിച്ചെടുക്കാൻ മോനെ ബ്രഷു കൊണ്ട് ആവതു ശ്രമിച്ചിരുന്നു. 

ഇവിടെയിതാ ലിച്ചൻസ്റ്റീൻ ആ വെട്ടിത്തിളക്കം പുതിയ കാലത്തിന്റെ  വ്യാപാര-മാധ്യമ-വൈദഗ്ധ്യം ഉപയോഗിച്ച് അനുഭവപ്പെടുത്തുന്നു. ഇവിടെ കലയോ സൗന്ദര്യമോ ഇല്ലെന്നു കരുതപ്പെടുന്ന ഭാഷയിലാണ് ഏറ്റവും സുന്ദരമായ ചിത്രോപമത കാണിക്കുന്നത് എന്നതാണ് കാര്യം. 

Saff Tech Arts എന്ന പേരിൽ സ്റ്റുഡിയോ നടത്തുന്ന ഡോണാൾഡ സാഫു അടക്കമുള്ള പ്രിന്റ്  മേയ്ക്കർമാരുമോത്ത് സഹകരിച്ചാണ് അദ്ദേഹം ആ ഒളിവീശിയ ഓളം പോലുള്ള മോട്ടിഫ് ചെയ്തെടുത്തത്. 1920കളിലെ കാറുകളുടെ മെറ്റൽ ഡാഷ്ബോർഡുകളിൽ കാണുന്ന ഒരു ടെക്സ്ച്ചർ ആണ് അത്. പ്രതലത്തിൽനിന്നു കുഴിഞ്ഞു കാണുന്ന ഓരോ കുഴിയിലും വെളിച്ചം തട്ടിപ്രതിഫലിക്കുന്ന ആ swirl പ്രതിഭാസം വളരെ പണിയെടുത്തു ചെയ്യുന്ന ഒരു പ്രോസസ് ആണ്. 

സത്യത്തിൽ ദാദായിസ്റ്റ്കളുടെ വരവ് ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിൽ തന്നെ യൂറോപ്പിൽ ഒരു സവിശേഷ അവസ്ഥ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. ഒരു കലാസൃഷ്ടി എന്നാൽ അതിൽ ഒരൊറ്റ കലാകാരന്റെ പ്രതിഭയാർന്ന കൈക്കുറ്റപ്പാടു മാത്രം തെളിയുന്ന ഒരു കാര്യമാകണം എന്നു നിർബന്ധമില്ലാത്ത അവസ്ഥയാണത്. അതുകൊണ്ടാകാം, ലിച്ചൻസ്റ്റീൻ തന്റെ  ഉള്ളിലെ വിഷ്വൽ ഇഫക്ടിനു വേണ്ടി സമകാലികമായ ഏതു ജീവിതപരിസരങ്ങളെയും, അവ മഹത്തരമെന്നോ താഴ്ന്നതെന്നോ ഭേദമില്ലാതെ എന്തും പ്രയോജനപ്പെടുത്തുവാൻ തോന്നി. 

കോമിക് ബുക്കുകളിലെ ക്ലീഷേ സൂചകങ്ങൾ ലിച്ചൻസ്റ്റീൻ ആവർത്തിച്ച് പുതിയ മാധ്യമത്തിൽ ചെയ്യുമ്പോൾ അവയുടെ തന്നെ ഒരു പോർട്രെയ്റ്റ് ആകുന്ന പോലെയുണ്ട്. ഠേ, വ്രൂം തുടങ്ങിയ ശബ്ദങ്ങൾ എഴുതിക്കാണിക്കുമ്പോൾ തന്നെ കാതടഞ്ഞുപോകുന്നു ! അക്ഷരം ഒരു ഒച്ച വയ്ക്കുന്ന വസ്തു തന്നെയാകുന്നു. 

ഇരുപതാംനൂറ്റാണ്ടിന്റെ പാതി കഴിഞ്ഞു വന്ന ഓരോ പുതിയ കലയിലും, മലികത എന്നത് ഒരു സൂക്ഷ്മഗുണമാണ്‌. മഹാന്മാരുടെ സൃഷ്ടികളിൽ അത്യുദാത്തതയിൽ എത്തിയെന്നും അതിനാൽ തീർന്നെന്നും  കരുതിയ നമ്മുടെ അനുഭവസീമയെ തകർത്തു പുതുക്കിയ ചിലർ ഓരോ കാലത്തും ഉണ്ടാകുന്നു. അവർ എങ്ങനെ മൗലികമായി അനുഭവം വിടർത്തുന്നു എന്നത് നോക്കാൻ ക്ഷമ വേണം.

british-diary-Roy-Litchestein---water-lilly-pond

നമുക്കറിയാം, ഈ ഉപഭോഗ സമൂഹത്തിനു മാനവികതാമൂല്യങ്ങളിൽ താൽപര്യമില്ല. കലാകാരൻ മാനവികതയുടെ അപ്പോസ്തലൻ ആയി നിന്നിരുന്ന ആ വൈകാരികകാലം അസ്തമിച്ചിരിക്കുന്നു. ഇനി നമുക്കു ഉപഭോഗികൾക്കു പരിചയമുള്ള ഭാഷയിൽ, ആ പഴയ മാനവിക മൂല്യങ്ങളെ, അവയ്ക്കു വേണ്ടിയല്ലെങ്കിലും, പുതിയ കാലത്തിന്റെ  ചിഹ്നമായിട്ടെങ്കിലും  വീണ്ടും ആവിഷ്കരിക്കാവുന്നതാണ്. ഇതാണ് ഒരു പക്ഷേ ലിച്ചൻസ്റ്റീൻ ആഗ്രഹിച്ചത്.  

എങ്കിലും ആ ലില്ലിപ്പോണ്ടിലെ ഓളം എന്നിൽ അപൂർവമായ ഒരു കാഴ്ചയായി. ഇത് ഏതു പുസ്തകത്തിൽ ചിത്രമായി കണ്ടാലും പോരായിരുന്നു എന്ന് എനിക്ക് ബോധ്യമായി. ഇങ്ങനെ ചിത്രത്തിനു മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞും ചെരിഞ്ഞും നോക്കി അനുഭവിക്കാനുള്ളതാണ് അതിന്റെ  ദൃശ്യാനുഭൂതി. പെട്ടെന്നു ഞാനോർത്തത്, എൺപതുകളിൽ ഒക്കെ സ്കൂൾ കാലത്ത് എനിക്കും കൂട്ടുകാർക്കും കിട്ടാറുള്ള ഒരു ഗൾഫ് ഇറക്കുമതിയായ   സ്കെയിലാണ്. പിന്നെ ചിലപ്പോൾ അൽപം  വില കൂടിയ കലണ്ടർചിത്രങ്ങളും. അവ സത്യത്തിൽ ലെന്റിക്കുലാർ പ്രിന്റുകൾ (Lenticular Prints) ആണ്. ഓർമയില്ലേ അവ? സ്കെയിലിലെ ബഹുവർണ ത്രീ-ഡി ചതുരങ്ങൾ. സ്കെയിൽ ഒന്ന് ചെരിച്ചു പിടിച്ചാൽ നേരത്തെ ഒരു ചതുരത്തിൽ കണ്ട പന്ത് ഒരു പൂ ആകും. പിന്നെയും ചെരിച്ചാൽ പൂ തിരിച്ചു പന്താകും. ചിലപ്പോൾ ഇരിക്കും ഗണപതി, നിൽക്കും പരമശിവൻ ആകും. ചിലപ്പോൾ ഇങ്ങോട്ടു നോക്കുന്ന സുന്ദരി കണ്ണടയ്ക്കും. അടുത്ത അനക്കത്തിന് ഇങ്ങോട്ട് തന്നെ നോക്കും. കൗതുകമായിരുന്നു അവ. ലെന്റിക്കുലർ പ്രിന്റുകളുടെ സൂത്രം വ്യാപാരാടിസ്ഥാനത്തിൽ പ്രയോജനപ്പെട്ടതാണ്. സ്ക്രീൻ പ്രിന്റിങ് പോലെത്തന്നെ വേറൊരു തരം പ്രിന്റിങ്. അതു മഹത്തരമായ ഒന്നല്ലായിരിക്കാം. പക്ഷേ നമ്മുടെ ഉള്ളിൽ കാഴ്ചയുടെ എത്രയോ കൗതുകങ്ങൾ അത് ഉണർത്തി. ഉദാത്തമായ പ്രകൃതിയെ, അതേ ഉദാത്തതയോടെ ആവിഷ്ക്കരിച്ച കലാസൃഷ്ടി കാണൽ മാത്രമല്ല കലാത്മകം.   

‘റോയ് ലിച്ചൻസ്റ്റീനെ എനിക്കിപ്പോൾ കൂടുതൽ നന്നായി മനസ്സിലാകുന്നു’, ഞാൻ ചാർലിയോട് പറഞ്ഞു.അപ്പോൾ ചാർലി അവിടെ സന്ദർശകർക്കായി വച്ചിട്ടുള്ള Make and Create Station’ൽ ചെന്ന് ലഭ്യമായ വസ്തുക്കൾ കൊണ്ട് ഒരു കൊളാഷ് പരീക്ഷിക്കുകയായിരുന്നു. അനശ്വരമായ മാസ്റ്റർപീസുകളുടെ, തൊടാൻ പാടില്ലാത്ത മൗലിക വസ്തുക്കളുടെ, ചലിക്കാത്ത ചിത്രങ്ങളുടെയൊക്കെ മാത്രം കാര്യമല്ല കലാപരമായ കാഴ്ച. കാണുക എന്നത് ഓർക്കുക എന്നുമാണ് അർഥമാക്കുന്നത്. ഓർക്കുക എന്നത്, വീണ്ടും ചിലതൊക്കെ ഉണ്ടാക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു.  

ഒരു സമകാലകലയുടെ മ്യൂസിയത്തിൽ അതിന്റെ വ്യക്തിത്വം എന്നത് അതിന്റെ  പ്രദർശന സംവിധാനമാണ്. സംവിധാനമെന്നാൽ തിരഞ്ഞെടുപ്പും അവതരിപ്പിക്കലും  ഒക്കെ കലർന്ന ഒരു സവിശേഷഭാഷയാണ്‌. മ്യൂസിയം സ്വയം എന്ത് അർഥം വഹിക്കുന്നു, സാമൂഹിക ജീവിതത്തിൽ അത് ഉണ്ടാക്കുന്ന ആഘാതമെന്ത് എന്നൊക്കെ അതിലുണ്ടാകും.   ഇപ്പോൾ ഞാൻ കാണുന്ന ഇവിടത്തെ ഈ മ്യൂസിയംസംവിധാനത്തിൽ മനുഷ്യരാശിയുടെ സമീപകാലത്തെ  നൈതികമായ ചോദ്യങ്ങളും പരീക്ഷണങ്ങളും വസ്തുക്കളും നിർമിതികളും ഒരു ‘സമാന്തര പ്രപഞ്ച’ത്തിന്റെ ആവിഷ്കാരമായി പലവിധത്തിലുണർന്നു നിൽക്കുന്നു. 

Parallel Universe. ഇന്നു വളരെ സജീവമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ആർട്ടിസ്റ്റ് ഗ്രെയ്സൻ പെറിയുടെ (Grayson Perry) പ്രയോഗമാണത്. പെറി സൃഷ്ടിക്കുന്ന ലോകം സവിശേഷമാണ്. തന്റെ ഫാന്റസി കഥാപാത്രങ്ങളിലൂടെ പലതും പെറി വരച്ചുകാണിക്കുന്നത് സെറാമിക് പാത്രങ്ങളിന്മേലാണ്. പിന്നെ തന്രെ  തന്നെ ഒരു ‘പെൺ മറുഗുഹാന്തരം’ (Alter Ego) ആയി ക്ലെയർ എന്ന കഥാപാത്രമായും പെറി ജീവിക്കുന്നു. അപ്പോഴൊക്കെ അവളുടെ ഉടുപ്പ് അണിയുന്നു. ആ ഉടുപ്പുകൾ പ്രത്യേകം അദ്ദേഹം ഡിസൈൻ ചെയ്ത് തയ്പ്പിക്കുന്നവയാണ്. പെറിയുടെ പ്രശസ്തമായ സെറാമിക് കുടങ്ങളും പെണ്ണുടുപ്പുകളുമൊക്കെ അവിടെ കാണുകയുണ്ടായി. 

തന്റെ ബാല്യത്തിൽ തന്നെ അച്ഛനമ്മമാർ വേർപിരിയുകയും അമ്മ വേറെ വിവാഹം കഴിക്കുകയും ചെയ്തപ്പോൾ ഒരു കുഞ്ഞെന്ന നിലയിൽ പെറി അസാധാരണമായി ലോകത്തെ കണ്ടു. അച്ഛനുമമ്മയും ചേർന്ന് നിർമിക്കുന്ന ആദർശ-സുരക്ഷിത കുടുംബത്തിലെ കുഞ്ഞിന്റെ ജീവിതമാണല്ലോ നമ്മൾ സാധാരണം എന്നു പറയുക. അതല്ലാത്ത ഒരു സംവിധാനത്തിലെ ജീവിതത്തെ, അതിജീവനത്തിന്റെ വഴികളെ എന്തു വിളിക്കും? അസാധാരണം? വിചിത്രം? വഴി പിഴച്ചത്? ശരിയല്ലാത്തത്? എങ്കിൽ ഇതൊക്കെയാണുപെറിയുടെ കലയിൽ ഉള്ളതെന്നു സാമാന്യേന ഒരാൾക്കു  തോന്നാം. 

ഭിന്ന ശേഷിയും ആവശ്യങ്ങലുമുള്ള കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയായ വെൻഡി ജോൺസ് എന്ന തന്റെ ജീവിതാഖ്യായികാകാരിയോടു  പെറി മനസ്സു തുറക്കുന്ന ഒരു പുസ്തകമുണ്ട്. Portrait of the Artist as a Young Girl. ടെയ്റ്റിന്റെ  വിൽപനശാലയിൽനിന്ന് അത് വാങ്ങി. പിന്നെ ആ രാത്രി ഞാൻ ഉറങ്ങിയില്ല. ലിവർപൂളിൽ നിന്നു തിരിച്ചെത്തി ചാർലിയും ഹിലരിയുമൊത്ത് അവരുടെ തൊട്ടടുത്ത് താമസിക്കുന്ന മകളുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കും വരെയും ഈ പുസ്തകം എന്നെ ഭ്രമിപ്പിക്കുകയായിരുന്നു. വായന തുടങ്ങിയതേ അറിഞ്ഞുള്ളൂ. ക്രോസ്റ്റണിലെ പ്രശാന്തമായ ആകാശം നോക്കിയും, ചാർലിയുടെ കൊളാഷുകൾ നിരന്നിരിക്കുന്ന ആ വാൾ പേപ്പർ ഒട്ടിച്ച ചുവരുനോക്കിയും അൽപ്പാൽപ്പം കണ്ണു വിശ്രമിച്ചുകൊണ്ട് ആ പുസ്തകം വായിച്ചുതീർത്തു. 

പരസ്പരം സ്നേഹരഹിതമായി വിയോജിച്ചുകൊണ്ടെയിരിക്കുന്ന അച്ഛനമ്മമാർ, വീട്ടിൽ വരുന്ന പാൽക്കാരനെ പ്രേമിച്ചു പോയ അമ്മ, പുതിയ അച്ഛൻ അടിച്ചു ചോര ചീറ്റിച്ച ഒരു ആറു വയസ്സുകാരന്റെ മൂക്ക്. തനിക്ക് സാധിക്കാത്തതെല്ലാം സാധിക്കുന്ന അലൻ മീസല്സ് എന്ന കരടിപ്പാവയും അവന്റെ പട്ടാളവും, കുട്ടിമുറിയുടെ ചുവർ നിറഞ്ഞ വിമാനങ്ങൾ, അവന് ഒരു കോക്ക്പിറ്റ് തന്നെയാകുന്ന ബെഞ്ച്‌, പെങ്ങളുടെ ഉടുപ്പുകൾ, മകന്റെ  മുന്നിലും സ്വന്തം നഗ്നതയിൽ കൂസലില്ലാതെ പെരുമാറുന്ന അമ്മ, പൈജാമ കൊണ്ടു കട്ടിൽക്കാലിൽ സ്വയം കെട്ടിയിട്ട് പന്ത്രണ്ടു വയസ്സിൽ പെറി പരീക്ഷിക്കുന്ന തന്റെ  ലിംഗത്തിന്റെ ഉണർവുകൾ, അതുമായി ബന്ധപ്പെട്ട് വായിച്ച കഥകൾ ഇങ്ങനെ അവസാനിക്കാത്ത തന്റെ നിഷ്ക്കളങ്കതയ്ക്കുള്ളിൽ കെട്ടിയിടപ്പെട്ട  വലിയ ലോകത്തിന്റെ  രീതികളും ജിജ്ഞാസകളും നിഷ്ക്കാസനങ്ങളും കൊണ്ട് ഒരാൾ ഈ ലോകത്ത് എങ്ങിനെയെല്ലാം ജീവിക്കുന്നു എന്നതിന്റെ ഏറ്റവും സത്യസന്ധമെന്ന് തോന്നിയ വിവരണം. 

2003ൽ ബ്രിട്ടനിൽ കലാകാരർക്ക് നൽകുന്ന ഏറ്റവും വിശിഷ്ട പുരസ്ക്കാരമായ ടർണർ പ്രൈസ് വാങ്ങാൻ പെറി പോയത് താൻ രൂപകൽപന ചെയ്തതിൽ ഏറ്റവും സുന്ദരമായ നീല നിറത്തിലുള്ള ഒരു പെൺവസ്ത്രം അണിഞ്ഞുകൊണ്ടാണ്. അതവിടെ ഗാലറിയിലെ ചില്ലുകൂട്ടിൽ ഒരു വിശിഷ്ട വസ്ത്രമായി ഇപ്പോൾ ഇരിക്കുന്നു. അതേ ഉടുപ്പിട്ട് സൈക്കിളിൽ പോകുന്ന പെറിയുടെ ഫോട്ടോ ആണ് ഈ ജീവിതാഖ്യാനപുസ്തകത്തിന്റെ  മുഖചിത്രം. 

എന്തുകൊണ്ടാണ് ഒരു പുരുഷൻ എന്ന നിലയിലും താൻ പെൺ വസ്ത്രം അണിയുന്നത് എന്നതിനെപ്പറ്റി പെറി വളരെ വ്യക്തമായി എഴുതുന്നുണ്ട്.            

For many cross dressers their fantasy of outward femininity only becomes a reality when they pass unnoticed. The sole attention a transvestite usually wants is the same attention a woman would get….If a man puts on a little girl’s dress, he wants to be treated as a little girl and handled with care….we want to be surrounded by the emotions we associate woth the clothes we are wearing. Little girls can just be and are worshipped for being… I love it if a woman treats me like a little girl. I take a lot of troubles for my clothes to be authentic.  

ലൈംഗികമായ ഉണർവുകൾക്കായി പരിശ്രമിക്കുമ്പോൾ, തന്റെ ശരീരം കെട്ടിയിട്ട് നോവിക്കാൻ ഒരു ഇണയെ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നും പെറി പറയുന്നുണ്ട്. ഇണയെ കിട്ടിയില്ലെങ്കിൽ തന്റെ പെൺ മറുഗുഹാന്തരത്തെ ഉള്ളാലെ വിളിച്ചുണർത്തിക്കൊണ്ടു വരുന്നതെന്തുകൊണ്ട് എന്നും. 

ആ കാരണം വായിച്ചപ്പോഴാകട്ടെ, മനുഷ്യകുലത്തിന്റെ തന്നെ രക്ഷാകർതൃഭാവത്തെ പെറി സ്വന്തം നിലയ്ക്ക് ഭാവന ചെയ്തു വ്യാഖ്യാനിക്കുകയാണെന്നും എനിക്കു തോന്നി. അമ്മയോ വളർത്തച്ഛനോ തന്നെ ഒന്നു പുണർന്നിട്ടുള്ളതോ സ്നേഹാവേശത്താൽ സ്പർശിച്ചതായോ ഉള്ള ഓർമ പോലും തനിക്കില്ലെന്നു പെറി പറയുന്നു. ‘The two requisites for a parent are love plus boundaries: I think sex is the physical embodiment of love and bondage is the physical embodiment of boundaries. The pressure on my body from the restriction and immobilisation, then using my mind to imagine being humiliated or subjugated in cages, reminded me that I was alive’ 

british-diary4

വൈകൃതങ്ങൾ എന്ന പേരിൽ പൊതുസമൂഹം അറയ്ക്കുന്ന കാര്യങ്ങളിൽ ഫലത്തിൽ മനുഷ്യന്റെ  വൈകാരികമായ അതിജീവന കഥകൾ ഉണ്ടായിരിക്കാം. അവ ഒരൊരുത്തരിലുമുണ്ടാകാം. ഒരൽപം ക്ഷമിച്ച് അവയ്ള്ളിൽ കടന്നാൽ അതു മനസ്സിലാകുമായിരിക്കും. അതു സാംസക്കാരികവുമാണ്. അതാണ് പെറിയെപ്പോലുള്ള ചിലരുടെ കലയായി പുറത്തുവരുന്നതും. കല ചിലപ്പോഴൊക്കെ ഇങ്ങനെ മനുഷ്യർ ആവിഷ്ക്കരിക്കുന്ന പലതരം സമ്മർദ്ദങ്ങൾക്ക് ഒരിടം കൊടുക്കുന്ന സവിശേഷ മേഖലയാകുന്നു. അങ്ങനെയാണ് ഇന്നത്തെ ബ്രിട്ടീഷ് സാംസ്ക്കാരികജീവിതത്തിന്റെ  ഒരു വിഗ്രഹമായി പെറി മാറിയതും. 

  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.