Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെന്റിൽ താമസം, രുചിയൂറും ആദിവാസി ഭക്ഷണം, മാനന്തവാടിയിലേക്കൊരു ടീ ടൂർ!

ഷിജോ ജോൺ
Author Details
Follow Facebook
13tea-tour

ഇതൊരു ടീ ടൂറാണ് (Tea Tour). വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിലേക്കുള്ള ടൂർ. മുപ്പത് രൂപയ്ക്ക് ഒരു ഒന്നൊന്നര ചായ കുടിക്കാം. കേരളത്തിൽ വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പ്രിയദർശിനി ടീ എസ്റ്റേറ്റിൽ മാത്രമേയിത് ലഭിക്കുകയുള്ളൂ.

എന്താണ് ടീ ടൂർ 

9tea-tour

ടീ ടൂറിൽ പങ്കെടുക്കാൻ ഒരാൾ നൽകേണ്ടത് മുപ്പതു രൂപയാണ്. രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ഇവിടുത്തെ പ്രവർത്തന സമയം. ഈ സമയത്തിനുള്ളിൽ എപ്പോൾ വന്നാലും ടീ ടൂറിൽ പങ്കെടുക്കാൻ സാധിക്കും. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് തേയില ഉൽപാദനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകാം. തേയില നുള്ളുന്ന കർഷകരോടൊപ്പം തേയില തോട്ടത്തിൽ പോയി തേയില കൊളുന്ത് നുള്ളാം. തേയില ഉണ്ടാക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഉത്പാദന രീതി കണ്ടു മനസ്സിലാക്കുവാനും, താൽപര്യമുള്ളവർക്ക് അത് മനസ്സിലാക്കി ചെയ്യുവാനും അവസരമുണ്ട്. നമ്മൾ ഉണ്ടാക്കിയ തേയില ഉപയോഗിച്ച് നമുക്ക് തന്നെ ചായ ഉണ്ടാക്കി കുടിക്കാനും സാധിക്കുന്നത് പോലൊരു ഭാഗ്യം ചിലപ്പോൾ മറ്റെങ്ങും കിട്ടില്ല. 

5tea-tour

ആറുതരത്തിലുള്ള തേയിലകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. മാർക്കറ്റ് വിലയുടെ പകുതി വിലയ്ക്ക് അതായത് കിലോയ്ക്ക് 130/- രൂപയ്ക്ക് ഇവിടെ തേയില ലഭിക്കും, അതും ഫ്രഷ്!.

പ്രിയദര്‍ശിനി ടീ ടൂറിന്റെ മറ്റു പ്രത്യേകതകൾ

തേയില തോട്ടത്തിന് നടുവിലായി മൂന്ന് കോട്ടേജുകൾ ഇവിടെ സ്ഥിതി ചെയ്യുന്നു. 1000 രൂപ മുതൽ 15,000  രൂപവരെയുള്ള കോട്ടേജുകൾ ഇവിടെയുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്താൽ സ‍ഞ്ചാരികൾക്ക് ഇവിടെ താമസിക്കാം. 1000 രൂപയ്ക്ക് ഡബിൾ റൂമും 15,000 രൂപയ്ക്ക് ഒരു കോട്ടേജ് മുഴുവനായും ലഭ്യമാണ്. കോട്ടേജിൽ 15 പേർക്ക് താമസിക്കാൻ സാധിക്കും. കൂടാതെ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

6tea-tour

താമസിക്കാൻ വരുന്ന സഞ്ചാരികൾക്ക് ടീ ടൂർ ഒരുക്കിയിരിക്കുന്നത് ബിശ്വാസ് മേത്ത വ്യൂ പോയിന്റിലേക്കുള്ള ജീപ്പ് സഫാരിയും ട്രക്കിങ്ങുമാണ്. നാലര കി.മീ ആണ് ഓഫ് റോഡ് ജീപ്പ് സഫാരിയുടെ ദൂരം. നടന്നാണ് പോകുന്നതെങ്കിൽ ഒന്നേമുക്കാൽ കിലോമീറ്റർ ദൂരം കൊണ്ടെത്താം. ജീപ്പ് സഫാരിയ്ക്ക് അഞ്ചു പേർ അടങ്ങുന്ന ടീമിന് 1500 രൂപയാണ് നിരക്ക്.

4tea-tour

ബിശ്വാസ് മേത്ത വ്യൂ പോയിന്റിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് അതിസുന്ദരമായ കാഴ്ചകളാണ്. 2014–2015 International Mountain Terrain Bike Track ഇവിടെയാണ് ഉള്ളത്. 4 കിലോമീറ്ററാണ് ഈ ട്രാക്കിന്റെ ദൂരം. ഇവിടെ വരുന്ന സഞ്ചാരികൾക്ക് സൈക്ലിങ്ങിന് അവസരവും ഉണ്ട്. ഒരു മണിക്കൂറിന് 250 രൂപ നിരക്കിൽ രാജ്യാന്തര നിലവാരത്തിലുള്ള സൈക്കിള്‍ ഇവിടെ നമുക്ക് വാടകയ്ക്ക് കിട്ടും.

7tea-tour

 കാട്ടുകിഴങ്ങ്, മുളയരിയുടെ ചോറ്, മുളങ്കൂമ്പിന്റെ തോരൻ

12tea-tour

എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇവിടെ ലഭ്യമാകുന്ന ഭക്ഷണ പദാർത്ഥങ്ങളെക്കുറിച്ചാണ്. പ്രിയദർശിനി ടീ എസ്റ്റേറ്റിലെ ജീവനക്കാർ മുഴുവൻ അടിയ, പണിയ വിഭാഗത്തിൽ പെട്ട നൂറോളം ആദിവാസി കുടുംബങ്ങളാണ്. മുൻകൂട്ടി ബുക്കു ചെയ്താൽ ആദിവാസികളുടെ നാടൻ ഭക്ഷണം അവർ തന്നെ നമുക്ക് പാചകം ചെയ്തു തരുന്നതാണ്. അതിൽ ചിലത് ചുരുള ചപ്പ് മെഴുക്കുപുരട്ടി, കാട്ടുകിഴങ്ങ്, മുളയരിയുടെ ചോറ്, മുളങ്കൂമ്പിന്റെ തോരൻ, കാട്ടരുവിയുടെ തീരത്ത് വളരുന്ന പ്രത്യേക തരം ഞണ്ടിന്റെ റോസ്റ്റ്, ഗന്ധകശാല അരിയുടെ ചോറ് എന്നിവയാണ്. അഞ്ചു പേരടങ്ങുന്ന സംഘത്തിന് ഇത്രയും വിഭവങ്ങൾക്ക് 1500 രൂപയാണ് ചാർജ് വരുന്നത്.

8tea-tour

പ്രിയദർശിനി ടീ എസ്റ്റേറ്റിന്റെ കുന്നുകളുടെ മുകളിൽ ടെന്റിൽ താമസിക്കാൻ അവസരമുണ്ട്. 25 പേരുടെ സംഘത്തിനു വരെ ടെന്റിൽ താമസിക്കാം. ഒരാൾക്ക് രാത്രി ഭക്ഷണം ഉൾപ്പെടെ 1500 രൂപ. ടെന്റ് സൗകര്യമുള്ള കുന്നിലേക്ക് നടന്നോ ജീപ്പിലോ പോകാം. നടക്കാൻ ബുദ്ധിമുട്ടുള്ളവർ ജീപ്പ് തന്നെ ആശ്രയിക്കുന്നതാകും നല്ലത്.

14tea-tour

ടെന്റിൽ താമസിക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യുകയും വൈകുന്നേരം മൂന്നു മണിക്ക് മുൻപായി എത്തിച്ചേരേണ്ടതുമാണ്. ടെന്റിൽ താമസിക്കുന്നവർക്ക് എല്ലാ രീതിയിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഏതൊരു സഹായത്തിനും ഗാർഡുകളുടെ സേവനം ലഭ്യമാണ്.

ഇത്രയും വ്യത്യസ്തമായ ടൂർ പാക്കേജ് ഇവിടെ ആരംഭിച്ചത് സബ്കളക്ടറായിരുന്ന സാംബശിവ റാവു ആണ്. നിലവില്‍ DTPCയും മാനന്തവാടി ട്രൈബൽ സൊസൈറ്റിയും സംയുക്തമായി  ചേർന്നാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്.

പ്രിയദർശിനി  ടീ എസ്റ്റേറ്റിലേക്ക് എത്തിച്ചേരേണ്ടത്

വയനാട്ടിൽ നിന്നും മാനന്തവാടിയിൽ കണിയാരം ജംഗ്ഷൻ അവിടെ നിന്നും തിലാക്കാവ് വഴി പ‍ഞ്ചാരക്കൊല്ലി അവിടെ നിന്ന് നേരെ പ്രിയദർശിനി ടീ എസ്റ്റേറ്റ്. മാനന്തവാടിയിൽ നിന്നും പ്രിയദർശിനി  ടീ എസ്റ്റേറ്റിലേക്ക് 9 കിലോമീറ്റർ ദൂരമുണ്ട്.

സഞ്ചാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രിയദർശിനി ടീ എസ്റ്റേറ്റിന്റെ വിവിധ ഭാഗത്തും ബിഎസ്എൻഎൽ, വോ‍ഡഫോൺ, ഐഡിയ എന്നീ നെറ്റ്്വർക്കുകൾ ലഭ്യമാണ്.

പവർബാങ്ക്, ടോർച്ച് എന്നിവയും, നവംബർ ഡിസംബർ, ജനുവരി മാസമാണെങ്കിൽ തണുപ്പിൽ നിന്നും രക്ഷനേടാനുള്ള ജാക്കറ്റും കൈയിൽ കരുതുക.

മുൻകൂട്ടി ബുക്കു ചെയ്യേണ്ട നമ്പർ: 9947312260

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.