കാശുണ്ടാക്കാൻ കരിമീനും കക്കയും കണ്ടൽക്കാഴ്ചകളും

ambali-baburaj-fish-harvest
SHARE

ചെമ്മ‍ീൻകൃഷി നശിച്ചു ലക്ഷങ്ങൾ കടം വന്നപ്പോൾ ബാബുരാജിന്റെ മുന്നിൽ ഒറ്റവഴിയേ ഉണ്ടായിരുന്നുള്ളൂ– നാടുവിടുക. ആരോടും പറയാതെ ബാബുരാജ് ട്രെയിൻ കയറി. എന്നാൽ അന്യനാടുകളിൽ ആളുകൾ ജീവിതം കരുപ്പിടിപ്പിക്കാൻ കഷ്ടപ്പെടുന്നതു കണ്ടപ്പോൾ ബാബുരാജിന് അതിന്റെ വില മനസ്സിലായി. അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ ആരുടെ മുന്നിലും തോറ്റുകൊടുക്കേണ്ടിവരില്ലെന്ന തിരിച്ചറിവിൽ നാട്ടിൽ തിരിച്ചെത്തി വീണ്ടും കൃഷിയിറക്കി. വിജയത്തിനൊപ്പം ഇപ്പോൾ മികച്ച മീൻ‌വളർത്തലുകാരനുള്ള ദേശീയ അവാർഡും നേടി.

കോഴിക്കോട് കടലുണ്ടി ചെറിയതിരുത്തിയിൽ അമ്പാളി ബാബുരാജിനു ലഭിച്ചത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ദീന ദയാൽ ഉപാധ്യായ കൃഷിപുരസ്കാരം. കരീമീൻ വിത്തുൽപാദനത്തിലെ വേറിട്ട മാതൃകയാണ് അരലക്ഷം രൂപയുടെ പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് കടക്കാർ മാത്രമാണ് തേടിവന്നിരുന്നതെങ്കിൽ ഇന്ന് ബാബുരാജ് എന്ന ജേതാവിനെ കാണാൻ എത്രയെത്ര പേർ.

അച്ഛന്റെ മാർഗത്തിലൂടെ

പരമ്പരാഗത ഉൾനാടൻ മത്സ്യത്തൊഴിലാളിയായ ഇമ്പിച്ചിയുടെയും അമ്മ‍ുക്കുട്ടിയുടെയും മകന്റെ ജീവിതം അച്ഛന്റെ പാതയിൽ തന്നെയായിരുന്നു. കടലുണ്ടി അഴിമുഖത്തിനടുത്തുള്ള ചെറിയ തുരുത്തിൽ ഇരുപതോളം കുടുംബങ്ങൾ. നാലു ഭാഗവും പുഴയായതിനാൽ ധാരാളം മത്സ്യസമ്പത്ത്. മഴക്കാലത്ത് പുഴമത്സ്യങ്ങൾ ധാരാളം. ഉപ്പുവെള്ളം കയറുന്ന സീസണാകുമ്പോൾ കക്ക (എരുന്ത്) വാരി വിറ്റു ജീവിക്കാം. തൊട്ടടുത്തു കാക്കത്തുരുത്തിൽനിന്നും ബാലാതിരുത്തിയിൽനിന്നും ചെറുപ്പക്കാർ ഗൾഫിലേക്കു പോയപ്പോഴും ബാബുരാജിനു സ്വന്തം മണ്ണുവിടാൻ തോന്നിയില്ല. ചെറുപ്പത്തിൽ കക്ക വാരിയെടുത്ത് വിൽപന നടത്തി. മുതിർന്നപ്പോൾ അച്ഛന്റെ മാർഗനിർദേശത്തിൽ മീൻപിടിത്തം. കഷ്ടപ്പെടാൻ മടിക്കാത്ത ബാബുരാജ് സദാസമയം പുഴയിൽ ചെലവിട്ടു. പുഴ മത്സ്യങ്ങൾ അനായാസം വിറ്റുപോയി. അത്യാവശ്യം പണം സമ്പാദിക്കാനും സാധിച്ചു.

വായിക്കാം ഇ - കർഷകശ്രീ

ചെമ്മ‍ീൻ വളർത്തലി‍ലേക്കു തിരിയുന്നത് 1994ൽ. സ്വന്തമായി വാങ്ങിയ ഒരേക്കർ സ്ഥലത്തായിരുന്നു ഫാം. കൃഷി എളുപ്പമായിരുന്നു. എന്നാൽ വിളവെടുപ്പാകുമ്പോഴേക്കും എല്ലാം ചത്തൊടുങ്ങും. മൂന്നുവർഷംകൊണ്ട് വിലയൊരു തുകയ്ക്കു കടക്കാരനായി. ഓരോ തവണ നശിക്കുമ്പോഴും അടുത്ത തവണ ലാഭമുണ്ടാകുമെന്നു പ്രതീക്ഷിച്ചു. മൂന്നാം വർഷവും കൃഷി നശിച്ചു. കടക്കാർ വീട്ടിൽ തിരഞ്ഞെത്തി. 20 സെന്റ് സ്ഥലവും തോണികളും വിറ്റു. എന്നിട്ടും കടം തീർന്നില്ല. അങ്ങനെയാണ് ഭാര്യ പ്രസീതയോടുപോലും പറയാതെ നാടുവിട്ടത്.

മറുനാട്ടുകാരുടെ അധ്വാനമികവും കൃഷിനേട്ടവും കണ്ടതാണ് തിരിച്ചുവരാൻ പ്രേരകമായതെന്നു ബാബുരാജ്. വീണ്ടും ചെമ്മ‍ീൻ വളർത്തൽ. ഇക്കുറി കൊയിലാണ്ടിയിൽ പാട്ടത്തിനെടുത്ത ചെമ്മീൻ കെട്ടിലാണ് കൃഷിയിറക്കിയത്. കാലം ബാബുരാജിന് അനുകൂലമായിരുന്നു. നഷ്ടപ്പെട്ടതെല്ലാം ഓരോന്നായി തിരിച്ചുപിടിച്ചു.

കരിമീൻ വളർത്തൽ തുടങ്ങിയതാണ് വഴിത്തിരിവ്. ഫിഷറീസ് വകുപ്പിന്റെ 85 ശതമാനം സബ്സിഡിയുള്ള തീരമൈത്രി പദ്ധതിയിൽ സംഘകൃഷിക്കാണ് ഫണ്ട് അനുവദിച്ചത്. ബാബുരാജും ഭാര്യയും കുറച്ചു കൂട്ടുകാരും ചേർന്ന് സംഘം രൂപീകരിച്ചു. ആലപ്പുഴയിൽ പരിശീലനം. ഒരു വർഷത്തിനു ശേഷം ബാബുരാജ് സ്വന്തമായി കരിമീൻ വളർത്തൽ ആരംഭിച്ചു.

കരിമീൻ സുലഭമായ സ്ഥലമായിരുന്നു ചെറിയ തിരുത്തിക്കടുത്തുള്ള കണ്ടൽക്കാടുകൾ. വളർത്താനുള്ള കുഞ്ഞുങ്ങളെ അവിടെനിന്നു ലഭിക്കും. തോണിയിൽ പാത്രവുമായി പോയി മീൻകുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുവന്ന് സ്വന്തം ഫാമിൽ നിക്ഷേപിക്കും. പൂർണവളർച്ചയെത്തിയ മീൻ മുട്ടയിട്ടാൽ രണ്ടായിരം മുതൽ നാലായിരം കുഞ്ഞുങ്ങൾ വരെ വിരിയും. ഒരു മാസം വളർച്ചയെത്തിയ കുഞ്ഞുങ്ങളെയാണ് വിൽപന നടത്തുന്നത്. ടൂറിസം രംഗത്ത് ആവശ്യം കൂടിയതോടെ ഒട്ടേറെ പേർ കരിമീൻ വളർത്താൻ തുടങ്ങി. അവർക്ക് കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചുകൊടുക്കുന്നതിൽ മാത്രം ശ്രദ്ധിച്ചതോടെ ബാബുരാജിന്റെ ഫാം വളർന്നു. ഇപ്പോൾ മൂന്നു ഫാമിലാണ് കരിമീൻ‌ വളർത്തുന്നത്. ജൂൺ–ജൂലൈ, നവംബർ–ഡിസംബർ സീസണിൽ ഇവ മുട്ടയിടുന്നു. അഞ്ചു സെന്റ‍ീമീറ്റർ വളർച്ചയെത്തിയ ഒരു കുഞ്ഞിന് ഇപ്പോൾ 12 രൂപയാണു വില. 20 സെന്റ് ഫാമിൽ 200 തള്ളമത്സ്യങ്ങൾ. ചോറും കാലിത്തീറ്റയുമാണ് ഭക്ഷണം. ഒരു ദിവസം 100 മീനുകൾക്ക് രണ്ടുകിലോ തീറ്റ വീതം നൽകിയാൽ മതി.

ambali-baburaj-and-son-fish-harvest
മീൻ വിളവെടുപ്പ്. ഫോട്ടോ: റസൽ ഷാഹുൽ

പുഴയോടു ചേർന്നുള്ള ഫാമുകളിലോ കുളത്തിലോ മാത്രമേ കരിമീനുകളെ വളർത്ത‍ാൻ കഴിയൂ എന്നാണ് ബാബുരാജ് പറയുന്നത്. പൂർണ വളർച്ചയെത്തിയ കരിമീനിനു 300 ഗ്രാം വരെ തൂക്കമുണ്ടാകും. 10 മാസം കൊണ്ട് വിളവെടുക്കാം. തീറ്റക്കാര്യത്തിലും ചെലവു കുറവാണ്. ആവശ്യം കൂടിവരികയാണ്. അതുകൊണ്ടുതന്നെ വിൽപന പ്രയാസമാകില്ല.

ചെന്നൈയിലെ ദേശീയ ഓരുജല മത്സ്യകൃഷി കേന്ദ്രത്തിന്റെ (സിബ) സാങ്കേതിക സഹായത്തോടെയാണ് ഇപ്പോൾ കൃഷി. സിബയുടെ പുതിയൊരു മീൻവളർത്തൽ പദ്ധതിക്കായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

ലാഭമുണ്ടാക്കാൻ ചെമ്പല്ലിയും കല്ലുമ്മക്കായയും

മറ്റൊരു ഫാമിൽ ചെമ്പല്ലിയെ വളർത്തുന്നു. ആറു കിലോ വരെ തൂക്കമുള്ള ചെമ്പല്ലിയെ കിട്ടിയിട്ടുണ്ടെന്ന് ബാബുരാജ്. 600 കുഞ്ഞുങ്ങളെയാണ് ഒരു തവണ നിക്ഷേപിക്കുക. പുഴയിൽനിന്നു തന്നെയാണ് ഈ കുഞ്ഞുങ്ങളെയും കണ്ടെത്തുന്നത്.

കല്ലുമ്മക്കായ വളർത്തലാണു മറ്റൊരു വരുമാനം. പുഴയിൽ കുഞ്ഞുങ്ങളെ വിതയ്ക്കും. നാലുമാസംകൊണ്ട് വളർച്ചയെത്തും. കടലുണ്ടിക്കു സമീപമുള്ള ചാലിയത്തുനിന്നാണ് മുൻപ് കുഞ്ഞുങ്ങളെ കൊണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോൾ ഏജന്റുമാർ വഴി കുഞ്ഞുങ്ങളെ കൊണ്ടുവരികയാണ്. 20,000 കുഞ്ഞുങ്ങളുള്ള ഒരു ബോക്സിന് 2600 രൂപയാണു വില. മൂന്നുമാസംകൊണ്ട് ഒരു ബോക്സിലെ കുഞ്ഞുങ്ങൾ 600 കിലോ വരെ തൂക്കമെത്തും.

കഴിഞ്ഞ രണ്ടു തവണ സംരംഭം നഷ്ടമായിരുന്നു. പുഴയിലെ മാലിന്യം കാരണം വിളവെടുക്കാറാകുമ്പോഴേക്കും എല്ലാം ചത്തൊടുങ്ങി. ഇക്കുറി കാര്യമായ നഷ്ടമുണ്ടാകില്ലെന്നാണ് ബാബുരാജ് പറയുന്നത്.

കടലുണ്ടി പക്ഷിസങ്കേതത്തിനു സമീപമായതിനാൽ ടൂറിസത്തിനു വലിയ സാധ്യതയുള്ള സ്ഥലമാണിത്. അതു കണ്ടാണ് ബാബുരാജും മകൻ ഷംജിത്ത് രാജും ചേർന്ന് അയലൻഡ് ടൂറിസം എന്ന പദ്ധതി തുടങ്ങിയത്. തോണിയിൽ മൂന്നു മണിക്കൂർ യാത്ര. പക്ഷിസങ്കേതം, കണ്ടൽക്കാട് എന്നിവയിലൂടെ യാത്ര ചെയ്ത് കടലുണ്ടി അഴിമുഖത്തെത്തി തിരിച്ചുവരാം. യാത്രക്കാർക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം. മീനിനു പുറമേ ഞണ്ട്, കക്ക, മുരു എന്നിവയുടെ പലതരം വിഭവങ്ങളും. നാലുപേരടങ്ങുന്ന സംഘത്തിന് 4350 രൂപയാണ് ചാർജ്. ടൂറിസ്റ്റുകൾക്കുള്ള ഭക്ഷണമൊരുക്കുന്നത് ബാബുരാജിന്റെ ഭാര്യ പ്രസീതയാണ്. മൂത്ത മകൻ ഷമീർ‌ രാജും സഹായത്തിനുണ്ട്.

മുന്നിൽ അവസരങ്ങൾ ധാരാളമുണ്ട്. അതു മുതലാക്കാൻ സാധിക്കുക എന്നതാണ് കാര്യം. അവിടെയാണ് അമ്പാളി ബാബുര‌ാജ് എന്ന യുവാവിന്റെ വിജയം.

ഫോൺ– 9895298726

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM TOURISM
SHOW MORE
FROM ONMANORAMA