നാലുമണിയുടെ നാട്ടുരുചികൾ

nimi-sunilkumar
SHARE

‘വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടിയ പ്രിയ സുഹൃത്തിനെയെന്നപോലെ, നിമീ എന്നു വിളിച്ച് ഓടിയെത്തി, ഇത്ര സ്നേഹത്തോടെ തന്നെ ചേർത്തുപിടിക്കുന്ന ഈ വിദേശവനിത ആരാണ്....?’

എത്ര ആലോചിച്ചിട്ടും നിമിക്ക് പിടികിട്ടിയില്ല. മദാമ്മയ്ക്കൊപ്പം അവരുടെ ഭർത്താവുമുണ്ടായിരുന്നു. നിറഞ്ഞ വാൽസല്യത്തോടെ കൈപിടിച്ച് അദ്ദേഹവും അരികിൽ നിന്നു.

കഴിഞ്ഞ ഒക്ടോബർ മാസം, ജർമനിയിലെ വിഖ്യാതമായ ഫ്രാങ്ക്ഫുർട്ട് പുസ്തകമേളയായിരുന്നു വേദി. അഞ്ഞൂറു വർഷത്തെ പാരമ്പര്യമുണ്ട് ഫ്രാങ്ക്ഫുർട്ട് മേളയ്ക്ക്. ലോകമെങ്ങുനിന്നുമുള്ള പ്രസാധകരും അവരെത്തേടിയെത്തുന്ന ലക്ഷക്കണക്കിനു പുസ്തകപ്രേമികളും പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള. അവിടെ പുസ്തകങ്ങൾ പ്രകാശിപ്പിക്കാനും പ്രദർശിപ്പിക്കാനും ക്ഷണം ലഭിക്കുക എന്നതുപോലും ചെറിയ കാര്യമല്ല.

നിമി സ്വന്തം പുസ്തകങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന സ്റ്റാളിനു മുന്നിൽ നിൽക്കുമ്പോഴാണ് പേരെടുത്തു വിളിച്ച് ആ ദമ്പതിമാർ കടന്നുവന്നത്.

‌‘‘പുസ്തകത്തിലൂടെയേ ഞങ്ങൾക്ക് നിമിയെ പരിചയമുള്ളൂ. ഞങ്ങളുടെ മകൾ ഫ്ലോറൻസിന് ഏറെ പ്രിയപ്പെട്ട പുസ്തകമാണിത്. അവളെ സന്തോഷവതിയാക്കുന്ന അപൂര്‍വ വസ്തുക്കളിലൊന്ന്. നിമി അവളെ ഓർക്കുന്നുണ്ടോ...’’ സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്ന പുസ്തകം ചൂണ്ടി അവർ ചോദിച്ചു.

വായിക്കാം ഇ - കർഷകശ്രീ

ഒരു നിമിഷം നിമിയുടെ മനസ്സിലേക്ക് വിഷാദം വഴിയുന്ന നീലക്കണ്ണുകളും നിഷ്കളങ്കമായ ചിരിയുമുള്ള ഫ്ലോറൻസ് കടന്നുവന്നു; അവളുണ്ടാക്കിയ മാമ്പഴപ്പുളിശ്ശേരി രുചിച്ച് കൊള്ളാമെന്നു തല കുലുക്കിയപ്പോൾ ആഹ്ലാദംകൊണ്ടു വിടർന്ന മുഖം മനസ്സിലുണ്ട്. മൂന്നാറിലെ തന്റെ അടുക്കളയിലിരുന്ന് ഉണ്ണിയപ്പത്തിന്റെയും ഏലാഞ്ചിയുടെയും തരിപ്പോളയുടെയും രുചിക്കൂട്ടുകൾ സ്വന്തം കൈകൊണ്ടവൾ കുഴച്ചെടുത്തു. അത്രമേൽ പ്രിയങ്കരമായിരുന്നു അവൾക്കു കേരളവും കേരളീയ വിഭവങ്ങളും.

food

ഫ്ലോറൻസിനെപ്പോലെ ഒട്ടേറെപ്പേർക്ക് പ്രിയപ്പെട്ട ഈ ഇംഗ്ലിഷ് പുസ്തകങ്ങളുടെ ഉള്ളടക്കം എന്താണ്. കഥയോ കവിതയോ തത്ത്വചിന്തയോ ഒന്നുമല്ല. ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ ബെസ്റ്റ് സെല്ലറുമല്ല. രണ്ടു പാചകപ്പുസ്തകങ്ങൾ, അത്ര മാത്രം.

നിമിയുടെ ലിപ് സ്മാക്കിങ് ഡിഷസ് ഓഫ് കേരള (Lip Smacking Dishes of Kerala) എന്ന ആദ്യ പുസ്തകവും ഫോർ ഒ ക്ലോക്ക് ടെംപ്റ്റേഷൻസ് ഓഫ് കേരള (4’0 Clock Temptations of Kerala) എന്ന രണ്ടാമത്തെ പുസ്തകവും ശ്രദ്ധേയമാകുന്നത് കേരളത്തിന്റെ പാരമ്പര്യരുചികളെ പരിചയപ്പെടുത്തുന്നു എന്നതുകൊണ്ടു മാത്രമല്ല, അടുക്കളച്ചിത്രങ്ങളിലൂടെയും ആസ്വാദ്യകരമായ ആവിഷ്കാരത്തിലൂടെയും അത് കേരളത്തിന്റെ രുചിചരിത്രത്തിലൂടെ സഞ്ചരിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്.

nimi-receives-gourmand-award
ഗോർമണ്ട് പുരസ്കാരം സ്വീകരിക്കുന്നു.

രണ്ടു പുസ്തകങ്ങളും ‘ഓസ്കാർ’ അവാർഡിന് അർഹമായതും അങ്ങനെതന്നെ. പാചകകലയുടെ ഓസ്കാർ എന്നാണ് ഗോർമണ്ട് വേൾഡ് കുക്ക്ബുക്ക് പുരസ്കാരം (Gourmand World Cook Book Award) വിശേഷിപ്പിക്കപ്പെടുന്നത്. നിമിയുടെ ആദ്യ പുസ്തകം 2013ൽ 187 രാജ്യങ്ങളിൽനിന്നുള്ള പുസ്തകങ്ങളെ പിന്തള്ളി Best Local Cuisine Book in the World പുരസ്കാരം നേടിയെങ്കിൽ 2015ൽ രണ്ടാമത്തെ പുസ്തകം 209 രാജ്യങ്ങളിൽനിന്നുള്ള പുസ്തകങ്ങളെ മറികടന്ന് Best Indian Cook Book in the World പുരസ്കാരവും സ്വന്തമാക്കി.

വെൽകം ടു കേരള, നൈസ് ടു മീറ്റ് യു എന്ന രണ്ട് പല്ലവികളുടെ ഇടവേളയിൽ ടൂർ ഓപ്പറേറ്റർമാരും ഗൈഡുകളും നൽകുന്ന വിവരണത്തിനപ്പുറം തൊട്ടും മണത്തും രുചിച്ചും കേരളത്തെ അറിയാനാഗ്രഹിക്കുന്ന ചില സഞ്ചാരികളുണ്ടാവും. ഇങ്ങനെ, കേരളീയ ജീവിതത്തെയും സംസ്കാരത്തെയും കണ്ണിലൂടെ പോരാ, നാവിലൂടെ അറിയണം എന്നാഗ്രഹിക്കുന്നവർക്കുള്ളതാണ് മൂന്നാർ നഗരമധ്യത്തിലുള്ള നിമി സുനിൽകുമാറിന്റെ അടുക്കള.

മുപ്പതിലേറെ രാജ്യങ്ങളിലായി ഫ്ലോറൻസിനെപ്പോലെ നൂറുകണക്കിന് ശിഷ്യകളും ശിഷ്യന്മാരുമുണ്ട് നിമിക്ക്. അധ്യാപകരും കലാകാരന്മാരും എൻജിനീയർമാരും, എന്തിന്, വിദേശികളായ പ്രമുഖ ഷെഫുമാർവരെ നിമിയുടെ ഇത്തിരിവട്ടത്തിലുള്ള അടുക്കളയിൽ കേരളീയ നളപാചകത്തിന്റെ പ്രാക്ടിക്കൽ ക്ലാസിലിരിക്കാനെത്തുന്നു.

കേരളീയരുചികൾ പഠിക്കാനെത്തിയ വിദേശികളെല്ലാംതന്നെ നിമിയോടു ചോദിക്കും, ‘എന്താണ് ഈ 4’0 Clock Temptations? നാലുമണിയുടെ പേരിലും പലഹാരമോ? നിങ്ങളുടെ നാലുമണിക്കെന്താ ഇത്ര പ്രത്യേകത?’

‘ഞങ്ങളുടെ നാലുമണിക്ക് ഒത്തിരി പ്രത്യേകതയുണ്ടെന്ന് മറുപടി കൊടുക്കുമ്പോൾ ഒരുപിടി ഓർമച്ചിത്രങ്ങൾ കാലിഡോസ്കോപ്പിലെന്നപോലെ നിമിയുടെ മനസ്സിലൂടെ കടന്നുപോവും.... ‘നാലുമണിക്ക് മക്കൾ സ്കൂൾ വിട്ടു വിശന്നു വരും, ഇതുവരെ ഒന്നും ഉണ്ടാക്കിയില്ലല്ലോ ദൈവമേ എന്നു വേവലാതിപ്പെടുന്ന അമ്മമാർ...’ നാലുമണി മുഴങ്ങാൻ ചെവിയോർത്ത് അവസാന പീരിയഡിൽ ഇരിക്കുമ്പോൾ അമ്മയിന്നെന്താവും ഉണ്ടാക്കി വച്ചിട്ടുണ്ടാവുക എന്നു ചിന്തിക്കുന്ന കുരുന്നുകൾ...’ അതെ, ഞങ്ങളുടെ നാലുമണി വെറും മണിയല്ല...

അമ്മമ്മയുടെ അടുക്കള

തൃശൂർ പൂങ്കുന്നം സ്വദേശിയായ നിമി വളർന്നതും പത്തുവരെ പഠിച്ചതും അബുദാബിയിലാണ്. പിന്നീട് നാട്ടിൽ പ്രീഡിഗ്രിയും കോയമ്പത്തൂരിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ ഉപരിപഠനവും. പഠിക്കുന്ന കാലത്ത് കഥയും കവിതയുമൊക്കെയായിരുന്നു പ്രിയം. പാചകമോ ഫൊട്ടോഗ്രഫിയോ ഇഷ്ടങ്ങളുടെ പട്ടികയിൽ പെട്ടതേയില്ല.

മൂന്നാറിലെ ഹോട്ടൽ വ്യവസായിയായ സുനിൽകുമാറിന്റെ ഭാര്യയായെത്തിയപ്പോഴാണ് നിമി സ്വന്തം പാചകവൈഭവം എത്ര പരിമിതമാണെന്ന് മനസ്സിലാക്കിയത്. വിമർശിച്ചും അഭിനന്ദിച്ചും സുനിൽതന്നെയാണ് നിമിയെ പാചകവിദഗ്ധയാക്കി മാറ്റിയതും.

രുചിയുടെ രഹസ്യങ്ങളും രസതന്ത്രങ്ങളും തേടിയിറങ്ങിയപ്പോൾ നിമി പക്ഷേ ഒരു നിധിവേട്ടക്കാരിയെപ്പോലെ ആവേശഭരിതയായി. കണ്ടശ്ശാംകടവിലെ തറവാട്ടിൽ അമ്മമ്മ തയാറാക്കുന്ന മാങ്ങാക്കറിയുടെയും കൈപ്പത്തിരിയുടെയും മാത്രമല്ല, പരിചിതമായ അടുക്കളകളിലെല്ലാം ഒളിഞ്ഞിരിക്കുന്ന പാരമ്പര്യ രുചികളുടെയും നിധി തേടിയിറങ്ങി നിമി. അവ സ്വന്തം അടുക്കളയിൽ പരീക്ഷിച്ചു, ഡെയറിയിൽ കുറിച്ചുവച്ചു.

ഭക്ഷണം രുചിക്കാനുള്ളതു മാത്രമല്ല, കണ്ട് ആസ്വദിക്കാൻ കൂടിയുള്ളതാണെന്നും മികച്ച ഒരു ഫൊട്ടോഗ്രഫറുടെ ക്യാമറയിൽ പതിയുമ്പോൾ അതിന് കലാസൃഷ്ടിയുടെ ചാരുത കൈവരുന്നുണ്ടെന്നും നിമി തിരിച്ചറിഞ്ഞു. ‘‘വിശേഷിച്ചും കേരളീയ ഭക്ഷ്യവിഭവങ്ങളിൽ നിറങ്ങളുടെ അതിമനോഹരമായ വിന്യാസമുണ്ട്. നമ്മുടെ സദ്യതന്നെ നോക്കൂ... വയർ നിറയ്ക്കും മുമ്പേ മനസ്സു നിറയ്ക്കാനുള്ള ഭംഗിയുണ്ടതിന്’’, നിമിയുടെ വാക്കുകൾ.

nimis-cook-book

ഫ്രെയ്മിനുള്ളിൽ ഭക്ഷണത്തെ ഒരു പെയിന്റിങ് എന്നപോലെ ആകർഷകമാക്കുകയും ക്യാമറകൊണ്ട് ഒപ്പിയെടുത്ത് അതിനെ വിസ്മയചിത്രങ്ങളാക്കി മാറ്റുകയും ചെയ്യുന്ന സിദ്ധി അനായാസം നിമി സ്വന്തമാക്കി. 2009ൽ തന്റെ ആദ്യപുസ്തകമായ Lip Smacking Dishes of Kerala പുറത്തിറങ്ങുമ്പോൾ അത് പാചകപുസ്തകങ്ങളുടെ പതിവുവഴക്കങ്ങളെ ലംഘിച്ചത് അങ്ങനെ.

കേരളത്തിന്റെ പാരമ്പര്യരുചികൾ മാത്രമേ പുസ്തകമാക്കൂ എന്നു നിമി മുമ്പേ നിശ്ചയിച്ചിരുന്നു. ‘‘വിദേശികളോട് ഇന്ത്യൻ വിഭവങ്ങളെക്കുറിച്ചു ചോദിച്ചാൽ നാനും ദാലും പനീറുമൊക്കെയാവും പറയുക. അതു പോരാ, കേരളത്തിന്റെ രുചിപ്പെരുമ ലോകമറിയണം’’. കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ മൂന്നാർ കാണാതെ മടങ്ങുന്നവർ അപൂർവം. അങ്ങനെ 2012 മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്തു വരുന്ന വിദേശികൾക്ക് മൂന്നാറിലെ സ്വന്തം അടുക്കളയിൽ നിമി പാചകക്ലാസും എടുത്തു തുടങ്ങി. ഇന്ന് ലോകത്തിലെ പ്രമുഖ ട്രാവൽ സൈറ്റായ ട്രിപ് അഡ്വൈസറിലെ സഞ്ചാരികൾ നൽകുന്ന റാങ്കിങ്ങിൽ മൂന്നാറിലെ ഏറ്റവും ആകർഷകമായ 40 കാര്യങ്ങളിൽ ഒന്നാം സ്ഥാനം നിമിയുടെ പാചകക്ലാസിനാണ്.

പിന്നീട്, ആയിരത്തിനടുത്തു കുട്ടികൾ പഠിക്കുന്ന മൂന്നാറിലെ ടാറ്റാ ഹൈറേഞ്ച് സ്കൂളിലെ ഡയറ്റീഷ്യനാവാൻ ക്ഷണം വന്നപ്പോഴേക്കും ആയിരം പേർക്ക് സദ്യ ഒരുക്കേണ്ടിവന്നാലും പതറില്ല എന്ന ധൈര്യത്തിലെത്തി നിമി.

‘‘നമ്മുടെ കുട്ടികളെല്ലാംതന്നെ വീട്ടുരുചികളോടു താൽപര്യമില്ലാത്തവരും ചോറും പച്ചക്കറികളുമെല്ലാം ഒഴിവാക്കി ആരോഗ്യകരമല്ലാത്ത ബേക്കറി പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്. പാരമ്പര്യ കറിക്കൂട്ടുകളും വിഭവങ്ങളും ബാല്യത്തിലേ അവരെ ശീലിപ്പിക്കുകതന്നെ വേണം. അവയെ ആകർഷകവും രുചികരവുമാക്കാനായി ചില്ലറ മാറ്റങ്ങളൊക്കെ അമ്മമാർതന്നെ പരീക്ഷിച്ചാൽ മതി. നമ്മുടെ വിഭവങ്ങളിൽ ഒട്ടേറെയും ആവിയിൽ പുഴുങ്ങുന്നതും ചുട്ടെടുക്കുന്നതുമാണ്. പുട്ടും ഇടിയപ്പവും പോലെ, ഓട്ടടയും അരിപ്പത്തിരിയും പോലെ. ഏറ്റവും ഗുണകരമായ പാചകരീതിയാണത്. അതൊന്നും നഷ്ടപ്പെട്ടുകൂടാ’’, നിമി പറയുന്നു.

‘‘ഇനിയുമെത്രയോ തനിമയാർന്ന രുചികളുണ്ട് നമ്മുടെ ഭക്ഷ്യസംസ്കാരത്തിൽ. ഓരോ വീടിനുമുണ്ട് ഓരോ രുചി. ചമ്മന്തി അരയ്ക്കുമ്പോൾ മുതൽ ബിരിയാണിയുണ്ടാക്കുമ്പോൾവരെ ഓരോ വീട്ടമ്മയും അവരുടേതു മാത്രമായ പൊടിക്കൈകളും കൈപ്പുണ്യവുംകൊണ്ട് അതിനെ വ്യത്യസ്തമാക്കുന്നു. വടക്കേ മലബാറിലെ ഒരമ്മൂമ്മയെ മറക്കാനാവില്ല, ഫോണിലൂടെയായിരുന്നു അമ്മൂമ്മയുമായുള്ള ബന്ധം. തരിപ്പോളയുടെയും കായ്പ്പോളയുടെയുമെല്ലാം അനന്യമായ രുചിക്കൂട്ടുകൾ ഫോണിലൂടെ പറഞ്ഞുതന്ന അമ്മൂമ്മയെ ഒരിക്കൽ നേരിൽക്കാണാൻ പോയി. ഒന്നും മനസ്സിൽ തെളിയാതെ മറവിരോഗത്തിലേക്കു വീണിരുന്നു അവർ... പാചകക്കൂട്ടുകൾ ഓർക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന അവരെ നോക്കിയിരുന്നപ്പോൾ എന്റെ കണ്ണുനിറഞ്ഞു. മറവി മനുഷ്യരുടെ കുറെ ഓർമകളെ മാത്രമല്ല ഇല്ലാതാക്കുന്നത്, ഓരോ ദേശത്തിന്റെയും സാംസ്കാരിക ചരിത്രത്തെക്കൂടിയാണ്.’’

നിമിയുടെ പുസ്തകങ്ങള്‍ മറവിക്കെതിരെ ഓർമകൾകൊണ്ടു തീർക്കുന്ന പ്രതിരോധമായി മാറുന്നത് അങ്ങനെയാണ്.

ഇ-മെയിൽ: nimi@nimirecipes.com
വെബ്സൈറ്റ്: www.nimirecipes.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM TOURISM
SHOW MORE
FROM ONMANORAMA