കരികണ്ടൻപാറയിലെ കാന്താരി റോമിയോ

romeo-in-tunnel
SHARE

ഇപ്പോഴാണ് കാര്യങ്ങള്‍ ശീർഷാസനത്തിൽനിന്ന് സുഖാസനത്തിൽ എത്തിയതെന്ന് റോമിയോ പറയും. യോഗ പഠിക്കാനും പഠിപ്പിക്കാനുമായി മറുനാടുകളിലായിരുന്നു അഞ്ചെട്ടു കൊല്ലം. പ്ലസ്ടുവിനു ശേഷം ബിഹാറിലേക്കാണ് ആദ്യം പോയത്. ബന്ധുവിന്റെ നിർദേശപ്രകാരം യോഗയിൽ ബേസിക് കോഴ്സ് ചെയ്യുകയായിരുന്നു ലക്ഷ്യം. യോഗയിൽ താൽപര്യമേറിയതോടെ ബെംഗളൂരുവിൽനിന്നു ഡിഗ്രിയും നേടി.

ഗോവയിലൊരു റിസോർട്ടിൽ ജോലി ചെയ്യുമ്പോൾ ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗ ഇൻസ്ട്രക്ടറായി ജോലി ലഭിച്ചു. ഏഴു വർഷത്തെ വിദേശവാസം മതിയാക്കി കഴിഞ്ഞ വർഷം നാട്ടിലേക്കു മടങ്ങുമ്പോൾ ഒന്നര ലക്ഷത്തിനടുത്ത് ശമ്പളമുണ്ടായിരുന്നു റോമിയോയ്ക്ക്.

നല്ല ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു വിമാനം പിടിക്കാൻ റോമിയോയ്ക്കു ‘പ്രചോദന’മായതു ജോലി ചെയ്യുന്ന ഹോട്ടൽ തന്നെയായിരുന്നുവെന്നു പറ‍ഞ്ഞാൽ ആ പ്രയോഗത്തിൽ എന്തോ പന്തികേട് തോന്നുന്നില്ലേ. പക്ഷേ സംഗതി സത്യം.

ദുബായിയുടെ തെക്കുപടിഞ്ഞാറൻ തുറമുഖനഗരമായ ജെബൽഅലിയിൽനിന്ന് അറുപതു കിലോമീറ്റർ വണ്ടിയോടിച്ചാലാണ് റോമിയോ ജോലിചെയ്തിരുന്ന ഹോട്ടലിലെത്തുക. അങ്ങോട്ടുള്ള യാത്രയിലെവിടെയും ആകർഷകമായ കാഴ്ചകളോ വിനോദ ഇടങ്ങളോ ഇല്ല. എന്നിട്ടും നഗരത്തിൽനിന്നു ഹോട്ടലിലേക്ക് ഒട്ടേറെപ്പേർ വന്നു. രുചികരമായ ഭക്ഷ്യവിഭവങ്ങളാണ് ആളുകളെ അങ്ങോട്ട് ആകർഷിച്ചത്. വ്യത്യസ്തവും വൈവിധ്യവുമാർന്ന രുചികൾ ആസ്വദിക്കാൻ ആളുകൾ കിലോമീറ്ററുകൾ സഞ്ചരിച്ചെത്തി. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി എഴുനൂറു മൈൽ താണ്ടിയെത്തും എന്നു പറഞ്ഞപോലെ.

വായിക്കാം ഇ - കർഷകശ്രീ

‘അങ്ങനെയെങ്കിൽ, വ്യത്യസ്ത ജൈവഭക്ഷ്യവിഭവങ്ങളും നാട്ടുഭംഗി ആസ്വദിക്കാനുള്ള അവസരവും നൽകിയാൽ കരികണ്ടൻപാറയിലെ സ്വന്തം കൃഷിയിടത്തിലേക്കും ആളുകളെ എത്തിക്കാമല്ലോ...’ റോമിയോയുടെ ആലോചന ആ വഴിക്കു തിരിഞ്ഞു. ഒറ്റപ്പെട്ട ഈ ഹോട്ടലിൽ അന്യനാട്ടുകാരെ ആസനങ്ങൾ പഠിപ്പിക്കുന്നതിനു പകരം ഗ്രാമീണ ടൂറിസത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തിയാൽ മികച്ച വരുമാനം തനിക്കു നാട്ടിൽത്തന്നെ നേടാം.

romeo-keerthichandran-tapioca-harvest
റോമിയോയും അച്ഛൻ കീർത്തിചന്ദ്രനും

മുകളിലത്തെ തട്ടിൽനിന്നൊരു കല്ലിട്ടാൽ എങ്ങും തട്ടാതെ താഴത്തെ തട്ടിൽ വീഴുമെന്നതുപോലെ കുത്തനെ കിടക്കുന്ന സ്വന്തം കൃഷിയിടവും അകലെക്കാണുന്ന പാറമുതുകു കുന്നും മൊട്ടന്തറ താഴ്വാരവുമെല്ലാം ഒരു നിമിഷംകൊണ്ട് ഒന്നാന്തരം ഗ്രാമീണക്കാഴ്ചകളായി റോമിയോയ്ക്കു തോന്നി. അച്ഛൻ കീർത്തിചന്ദ്രനെ വിളിച്ച് ആശയം പങ്കുവച്ചു. സംഗതി കൊള്ളാമെന്നു ജൈവകർഷകനായ അച്ഛനും സമ്മതിച്ചു. അതോടെ റോമിയോ നാട്ടിലേക്ക്.

പെരുവണ്ണാമൂഴിയിൽനിന്നു കോഴിക്കോട്ടേക്കു പോകാവുന്ന, അന്യനാട്ടുകാര്‍ക്ക് അത്ര പരിചിതമല്ലാത്ത റോഡാണ് വീട്ടിനു മുന്നിലൂടെ കടന്നുപോകുന്നത്. വീടിനോടു ചേർന്ന് കാന്താരി എന്ന പേരിൽ തട്ടുകട തുടങ്ങുകയാണ് ആദ്യം ചെയ്തത്. തട്ടുകടയ്ക്കുള്ളിൽ വരുന്ന മരങ്ങൾ അങ്ങനെതന്നെ നിലനിർത്തി. വഴിയാത്രക്കാരുടെ ശ്രദ്ധ ആകർഷിക്കാൻ അടുത്ത് ഒരു കളിമൺ‌ശിൽപവും വച്ചു. വാരപ്പറമ്പിലെ പറമ്പിൽ വിളഞ്ഞ വിഭവങ്ങൾകൊണ്ടു റോമിയോയുടെ അമ്മയും ഭാര്യയുമുണ്ടാക്കിയ ചക്കപ്പുഴുക്കും കപ്പപ്പുഴുക്കും ആസ്വദിക്കാൻ വാഹനങ്ങൾ വഴിയിലൊതുക്കുന്നവരുടെ എണ്ണം കൂടി. അതോടെ സന്ദർശകർക്കു കൂടുതൽ സമയം ചെലവിടാനുള്ള സന്നാഹങ്ങളിലേക്കായി ശ്രമം. മുറ്റത്തു നിന്ന മാവിൽ ഏസി ഏറുമാടം ഒരെണ്ണം തീർത്തു. ഭക്ഷ്യവിളക്കൃഷി വിപുലമാക്കാമെന്നും അച്ഛനും മകനും തീരുമാനിച്ചു.

രണ്ടരയേക്കറിൽ 35 വർഷം പ്രായമെത്തിയ 300 റബറാണുണ്ടായിരുന്നത്. മഴക്കാലത്ത് റെയിൻഗാർഡ് ഇടുന്നത് ഒഴിവാക്കി, കാടു തെളിക്കാതെ, തീയിടാതെ തീർത്തും ജൈവരീതിയിലായിരുന്നു പത്തിരുപതു വർഷമായി കീർത്തിചന്ദ്രന്റെ കൃഷി. അതുകൊണ്ട് കഴിഞ്ഞ വർഷം റബർ വെട്ടിനീക്കുന്ന നാളുകളിലും മൂന്നു ദിവസത്തിലൊരിക്കൽ ടാപ്പിങ് നടത്തുമ്പോൾ 45–50 ഷീറ്റ് ലഭിച്ചിരുന്നു. കിഴങ്ങുവിളകൾ, പഴം–പച്ചക്കറി എന്നിവയുടെ കൃഷിക്കായാണ് റബർ മുറിച്ചു നീക്കിയത്. റബറിനു വിലയിടിവായതിനാൽ തെല്ലും മനസ്താപമുണ്ടായില്ല.

keerthichandran-romeo-in-ropeway
ഏറുമാടത്തിലേക്ക് റോപ് വേ

മണ്ണിനടിയിലൂടെ 25 മീറ്റർ വരുന്ന തുരങ്കം തീർത്തും, മലഞ്ചെരുവിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഇരുപൂൾ മരത്തിലെ ഏറുമാടത്തിലേക്ക് മുകൾത്തട്ടിൽ നിൽക്കുന്ന തേക്കിൽനിന്നു റോപ് വേ വഴി വന്നു കായണ്ണയുടെ വിദൂരഭംഗി ആസ്വദിക്കാൻ സൗകര്യമൊരുക്കിയും ഗ്രാമീണടൂറിസത്തിന്റെ പുതിയ സാധ്യത കണ്ടെത്തി. കോഴിക്കോടുനിന്നു ഖലാസികളെ വരുത്തി മികച്ച സുരക്ഷാസംവിധാനത്തോടെയാണ് റോപ് വേ നിർമിച്ചത്. കാവസാക്കി ബജാജിന്റെ എന്‍ജിൻ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ റോപ് വേ നിയന്ത്രിക്കാമെന്ന ബുദ്ധിയും റോമിയോയുടേതു തന്നെ. കൂടുതൽ വിനോദോപാധികൾ ഒരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

നിലവിൽ തട്ടുകടയിൽനിന്നു മാത്രം മാസം മുപ്പതിനായിരം രൂപയിൽ കുറയാതെ ലാഭമുണ്ട്. കൃഷി വിപുലമാവുകയും സന്ദർശകർക്കുള്ള ഹോംസ്റ്റേ സംവിധാനങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ ഒരുങ്ങുകയും ചെയ്യുന്നതോടെ ഗൾഫിൽ കിട്ടിയിരുന്നതിലേറെ വരുമാനം ഇവിടെ ലഭിക്കുമെന്ന കാര്യത്തിൽ റോമിയോയ്ക്കു സംശയമില്ല.

ഫോൺ: 9656616655

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM TOURISM
SHOW MORE
FROM ONMANORAMA